സ്മാർട്ട് ഗവൺമെന്റും വേണം...
ഒടുവിൽ കൊച്ചിയിൽ സ്മാർട്ട് സിറ്റി വന്നിരിക്കുന്നു. തിരഞ്ഞെടുപ്പിന് മുന്പുള്ള ഉദ്ഘാടന മഹാമഹങ്ങളാണെന്ന് പൊതുവെ വിലയിരുത്താമെങ്കിലും, സമീപ ഭാവിയിൽ തന്നെ സ്മാർട്ട് സിറ്റിയടക്കമുള്ള കേന്ദ്രങ്ങൾ നമ്മുടെ നാട്ടിൽ പൂർണമായും പ്രവർത്തന സജ്ജമാകുമെന്ന് നമുക്ക് ഉറപ്പിക്കാം. തീർച്ചയായും ഈ സ്വപ്ന പദ്ധതി അതിന്റെ പൂർണാവസ്ഥയിൽ എത്തിയാൽ കേരളത്തിന് ഏറെ നേട്ടങ്ങൾ ഉണ്ടാക്കുെമന്ന് ഉറപ്പ്. നൂറ്റാണ്ടുകളുടെ ബന്ധമുള്ള അറബ് രാജ്യങ്ങളുമായിട്ടുള്ള ക്രയവിക്രയങ്ങൾക്ക് പുതിയൊരു മാനമാണ് ഇതിലൂടെ വരാൻ പോകുന്നത്. പണ്ട് ഉരുവിലും പായ് കപ്പലിലും ഏറെ ബുദ്ധിമുട്ടുകൾ സഹിച്ച് അവിടെയെത്തിയ മലയാളി ഇനി ഗൾഫ് നാടുകളിൽ എത്താൻ പോകുന്നത് സ്മാർട്ട് സിറ്റി പോലെയുള്ള കേന്ദ്രങ്ങൾ ഒരുക്കുന്ന സാങ്കേതികവിദ്യകളുടെ ചിറകിലേറിയാണ്.
ദേശീയ തലത്തിൽ തന്നെ കടുപ്പമേറിയ മത്സരങ്ങളെ അതിജീവിച്ചു കൊണ്ടാണ് കേരളം ഈ നേട്ടം സ്വന്തമാക്കുന്നത്. കാക്കനാട് 246 ഏക്കർ സ്ഥലത്ത് പദ്ധതി നടപ്പാക്കുന്പോൾ ഐടി മേഖലയിൽ മാത്രമായിട്ടല്ല നിക്ഷേപം വരുന്നത്. 2020ൽ ഈ സംരഭം പരിപൂർണതയിൽ എത്തുന്പോൾ ഏകദേശം ഒരു ലക്ഷത്തോളം പേർക്കാണ് ജോലി ലഭിക്കുക. അയ്യായിരം കോടി രൂപയുടെ ഈ പദ്ധതിയിൽ സ്മാർട്ട് സിറ്റിക്ക് 84 ശതമാനം ഓഹരിയും, കേരള സർക്കാരിന് 16 ശതമാനം ഓഹരിയുമാണുള്ളത്.
ഈ നേട്ടങ്ങളുടെ നടുവിലും സംസ്ഥാനത്തിന്റെ ഐടി മേഖലയിൽ വൻ കുതിപ്പ് ലക്ഷ്യമിട്ട് 2004ൽ വിഭാവനം ചെയ്തു തുടങ്ങിയ സ്മാർട്ട് സിറ്റിയുടെ ഉദ്ഘാടനത്തിന് ഒരു ദശാബ്ദത്തിനുപ്പുറം സമയമെടുത്തു എന്നത് നമ്മുടെ നാടിന്റെ മാത്രം വലിയൊരു ദുര്യോഗമായി കണക്കാക്കി സമാധാനിക്കാം. 2005 സപ്തംബറിൽ യു.ഡി.എഫ് സർക്കാർ ടീകോമുമായി ധാരണാപത്രം ഒപ്പിട്ടത് മുതൽ വിവാദങ്ങളായിരുന്നു ഈ പദ്ധതിക്ക് പിറകിലുണ്ടായിരുന്നത്. പിന്നീട് എൽ.എഡി.എഫ് സർക്കാർ 2007 നവംബറിൽ കരാറിൽ മാറ്റം വരുത്തി പദ്ധതിക്ക് തറക്കലിട്ടു. പക്ഷെ അതിന് ശേഷം നാല് വർഷത്തോളം ഒരില പോലും ഇവിടെ അനങ്ങിയില്ല. ടീകോമിന്റെ കടുംപിടുത്തവും അതിന് കാരണമായെന്ന് പറയാം. പിന്നീട് വീണ്ടും 2011ലാണ് രണ്ടാം യുഡിഎഫ് ഗവൺമെന്റിന്റെ കാലത്ത് നടപടിക്രമങ്ങൾ പുനരാംരഭിച്ചത്. പക്ഷെ ഉദ്ദേശിച്ച സമയത്തൊന്നും കാര്യങ്ങൾ നടത്താൻ സാധിച്ചില്ല. ഒടുവിൽ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയപ്പോൾ സർക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയിലേയ്ക്ക് തള്ളികയറ്റാൻ ഒരു ഉദ്ഘാടനം കൂടി നടന്നു എന്ന് തത്കാലം പറയാം.
ഇന്നലെ ഉദ്ഘാടനം ചെയ്ത സ്മാർട്ട് സിറ്റിക്ക് തൊട്ടടുത്ത് താമസിക്കുന്ന ഒരാളെന്ന നിലയിൽ തീർച്ചയായും ഈ നേട്ടങ്ങളിൽ അഭിമാനിക്കുന്നുണ്ടെങ്കിലും, അതേ സമയം ഇപ്പോഴും ഈ പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിക്കാത്തത് ഏറെ പ്രയാസമുണ്ടാക്കുന്നു. ഉദ്ഘാടനം പ്രമാണിച്ചായിരിക്കണം തിരക്കിട്ട് കഴിഞ്ഞ രണ്ട് മാസം കൊണ്ട് കുഴപ്പമില്ലാത്ത ഒരു റോഡിന്റെ പണി തീർന്നിട്ടുണ്ട്. പക്ഷെ അടുത്ത മഴയെത്തുന്പോൾ പഴയ കുഴപ്പങ്ങൾ ഇരട്ടിയായി മാറുമോ എന്നത് കണ്ടറിയണം. അതു പോലെ ഇപ്പോൾ തന്നെ ഇതിന് സമീപത്തുള്ള പല റോഡുകളും ഏറെ ഇടുങ്ങിയതാണ്. ഒരു പത്ത് വർഷത്തിനപ്പുറം ഇവിടെയുണ്ടാകാൻ സാധ്യതയുള്ള ജന ബാഹുല്യം കണക്കിലെടുത്തു കൊണ്ടുള്ള റോഡിന്റെ വീതി കൂട്ടൽ ഇപ്പോൾ ചെയ്യേണ്ടതാണ്. വളരെയേറെ ആളുകൾ ജോലി ചെയ്യുന്ന ഇൻഫോ പാർക്ക് മേഖലയിലാണ് സ്മാർട്ട് സിറ്റിയും പ്രവർത്തിക്കുന്നത്. ഓഫീസുകൾ തുറക്കുന്ന നേരത്ത് ഇവിടെയുണ്ടാകുന്ന ജന തിരക്ക് ഇപ്പോൾ തന്നെ നിയന്ത്രണാധീതമാണ്. ഇവിടെയൊക്കെ ജോലി ചെയ്യുന്നവരുടെ ഫ്ളാറ്റുകളും സമീപത്താണ്. ചെറിയ കുട്ടികൾ അടക്കം നിരവധി പേർ എപ്പോഴും വഴി നടക്കുന്ന ഇവിടെ മതിയായ റോഡ് സുരക്ഷയോ, പോലീസിന്റെ സേവനമോ, ട്രാഫിക്ക് സിഗ്നലുകളോ ഇല്ല.
അതു കൊണ്ട് തന്നെ സ്മാർട്ട് സിറ്റിക്ക് വേണ്ടി ബഹുനില കെട്ടിടങ്ങൾ ഉയർത്തുന്നതിനോടൊപ്പം തന്നെ ഇവിടെയുള്ള അടിസ്ഥാന വികസന സൗകര്യങ്ങളും ഏറെ വർദ്ധിപ്പിക്കേണ്ടതുണ്ട്. അങ്ങിനെയൊക്കെയാണെങ്കിൽ പ്രഖ്യാപ്പിച്ച സമയത്തിനുള്ളിൽ പൂർണമായും പദ്ധതി മുന്പോട്ട് പോയാൽ അത് കേരളത്തിന്റെഭാവിയെയും സ്മാർട്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. പക്ഷെ അതിനുള്ള ഇച്ഛാശക്തി ഇനി വരുന്ന ഗവൺമെന്റിനും ഉണ്ടാകണമെന്ന് മാത്രം!!