മത്സ്യത്തെ നീന്തൽ പഠിപ്പിക്കാം...

ഒരിക്കൽ ഒരു മനഃശാസ്ത്രജ്ഞൻ ഒരു തവളയെ പാത്രത്തിലെ തിളച്ച വെള്ളത്തിലിട്ടു. പൊടുന്നനെ ചൂട് സഹിക്കവയ്യാതെ ആ തവള അതിൽ നിന്നും പുറത്ത് ചാടി. പിന്നീട് അതേ ശാസ്ത്രജ്ഞൻ അതേ തവളയെ ഒരു പാത്രം വെളളത്തിലിട്ട് അത് സാവധാനം ചൂടാക്കാൻ തുടങ്ങി. ക്രമപ്രകാരം വളരെ സാവധാനത്തിൽ താപനില ഉയർത്തികൊണ്ടിരുന്നത് കാരണം തവള പതിയെ ആ അവസ്ഥ സ്വീകരിക്കാൻ തുടങ്ങി. സഹിക്കാവുന്ന ചൂടിൽ തവള പൂർണമായും ആ ചുറ്റുപാടുമായി സമരസപ്പെട്ടു. ഒടുവിൽ വെള്ളം തിളയ്ക്കാൻ തുടങ്ങിയപ്പോഴും താപവ്യത്യാസത്തെ ആ തവളയ്ക്ക് മനസിലാക്കാൻ സാധിച്ചില്ല. ഒടുവിൽ കൊടുംചൂടിൽ അത് ചത്ത് മലച്ചു. തന്റെ ചുറ്റും ഉയർന്നുവന്ന ചൂടിന്റെ ശക്തി സ്വയം തിരിച്ചറിയാൻ പോലുമാകാതെ അതിന് സ്വന്തം ജീവൻ നഷ്ടമായി. ഒരു സൂഫി കഥയാണിത്.
ഇതുപോലെ തിരിച്ചറിവിന് പോലും അവസരം നൽകാതെ, നമ്മെ തന്നെ ഉപയോഗപ്പെടുത്തി നമ്മെ തന്നെ ഇല്ലാതാക്കുന്ന രീതിയാണ് ആധുനിക ഭരണാധികാരികൾ മിക്കപ്പോഴും അവരുടെ ജനസമൂഹത്തിന് നേരെ ഇന്നത്തെ കാലത്ത് പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്. അവശ്യവസ്തുക്കളുടെ വില വർദ്ധനവ് മുതൽ നമ്മുടെ ചുറ്റും ഓരോ നിമിഷവും വർദ്ധിച്ചു കൊണ്ടിരിക്കുന്ന നിയന്ത്രണങ്ങളുടെ കെട്ടുപാടുകൾ പോലും ഇതിന്റെ ഭാഗമാണ്. ഇന്ന് വിവരങ്ങളുടെ മഹാലോകമാണ് നമ്മുടെ ചുറ്റിലും. ഒരു വിരൽ അമർത്തിയാൽ വേണ്ടതെന്തും കൺമുന്പിൽ വരുന്നു. പക്ഷെ ഈ വിവര ധാരാളിത്തം കാരണം സ്വതന്ത്രമായ സന്ദേഹങ്ങളും, ചിന്തകളും, നിഗമനങ്ങളും എല്ലാം നമുക്ക് ഇല്ലാതായികൊണ്ടിരിക്കുന്നു. വിവരങ്ങൾക്ക് മുകളിൽ അന്വേഷിച്ച് കണ്ടത്തേണ്ട വിജ്ഞാനമുണ്ടെന്ന് നാം അറിയാതെ പോകുന്നു. ഒരിക്കൽ ഒരു ഗുരുവിനോട് എന്താണ് അജ്ഞാനം എന്ന് ശിഷ്യൻ ചോദിച്ചപ്പോൾ അറിവില്ലായ്മയല്ല, മറിച്ച് തെറ്റായ അറിവാണ് അജ്ഞാനം എന്ന് ഉത്തരം നൽകിയതോർക്കട്ടെ.
അതുപോലെ മഹാചിന്തകനായിരുന്ന സോക്രട്ടീസ് വാർദ്ധക്യാവസ്ഥയിലെത്തിയപ്പോൾ കുറേ ആളുകളെ വിളിച്ചുകൂട്ടി ഒരു പ്രഖ്യാപനം നടത്തിയ കഥ ഓർമ്മവരുന്നു. തന്നെ ഇനിയാരും ജ്ഞാനിയെന്ന് വിളിക്കരുതെന്നായിരുന്നു ആ പ്രഖ്യാപനത്തിലെ ആവശ്യം. ചെറുപ്പമായിരുന്നപ്പോൾ അറിവുണ്ടെന്ന മിഥ്യാധാരണയിലായിരുന്നു താൻ ജീവിച്ചതെന്നും എന്നാൽ കാര്യങ്ങൾ ശരിയാവിധം അറിഞ്ഞുതുടങ്ങിയപ്പോഴാണ് തന്നെക്കാൾ അറിവ് കുറഞ്ഞവരായി ആരുമില്ലെന്ന് തിരിച്ചറിഞ്ഞതെന്നും അദ്ദേഹം അന്ന് പറഞ്ഞു. ഇങ്ങിനെ സ്വന്തം അറിവില്ലായ്മയെ തിരിച്ചറിയുന്നതാണ് യത്ഥാർത്ഥ അറിവെന്ന് അദ്ദേഹം നമ്മെ ഓർമ്മപ്പെടുത്തി.
നമ്മുടെ രാജ്യം ഇന്ന് പല പ്രതിസന്ധികളിലൂടെയും കടന്നുപോകുന്നുണ്ട് എന്നത് ഒരു യാത്ഥാർത്ഥ്യമാണ്. ചുറ്റും അരങ്ങേറുന്ന ശബ്ദകോലാഹലങ്ങൾക്ക് അപ്പുറത്ത് എവിടെയൊക്കെയോ വല്ലാത്തൊരു മൗനം തിളച്ചുമറിയുന്നുണ്ട്. അക്ഷരത്തിന്റെ ആത്മാവ് അറിഞ്ഞവർക്ക് മാത്രമേ ആ മൗനത്തിനെ ഹൃദയത്തിലറിയാൻ സാധിക്കൂ. ആ മൗനത്തിന്റെ ഭാഷയോളം ഔന്നത്യവും ആഴവും മറ്റൊരു ഭാഷയ്ക്കുമില്ല. ഏറ്റവും ശക്തമായി സംവദിക്കുന്ന ആ മൗനം തന്നെയാണ് ശരിയായ വർത്തമാനവും. എല്ലാ വഴികളും അടയുന്പോൾ ശരിയായൊരു വഴി തുറക്കുമെന്ന് വിശ്വസിക്കുന്നവരാണ് അവർ. സ്വർണ പാത്രത്തിൽ ഒളിപ്പിച്ചു വെച്ചാലും വിഷം വിഷം തന്നെയാണെന്ന് തിരിച്ചറിയുന്ന ഒരു ദിവസം അവർ മൗനത്തിന്റെ ജാലകങ്ങൾ തുറക്കും. അതു വരേയ്ക്കും ഇവിടെ വേണ്ടത് കാത്തിരിപ്പാണ്. ക്ഷമയാണ്. ഇതിലും തീവ്രമായ ദിനങ്ങളെ സ്വീകരിക്കാനുള്ള നിശബ്ദമായ തയ്യാറെടുപ്പുകളാണ്.
ഒടുവിലായി മുല്ല നസ്രുദ്ദീന്റെ ഒരു കഥ കൂടി പറയട്ടെ. ഒരിക്കൽ ഒരു സ്വകാര്യ വ്യക്തിയുടെ കുളത്തിൽ നിന്ന് അദ്ദേഹം ചൂണ്ടയിട്ട് മീൻ പിടിക്കുകയായിരുന്നു. ഇവിടെ മീൻ പിടിക്കുന്നത് കുറ്റകരമാണെന്നും അതിക്രമിച്ച് കടക്കുന്നവർ ശിക്ഷിക്കപ്പെടുമെന്നും അവിടെ എഴുതി വെച്ചിരുന്നു. എന്നാൽ ഇത് കാര്യമാക്കാതെ മുല്ല തന്റെ ജോലി തുടർന്നു. ഒടുവിൽ ഉടമ അദ്ദേഹത്തെ കൈയോടെ പിടികൂടി. എന്താണ് ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ചോദിച്ചപ്പോൾ മുല്ല പറഞ്ഞ അതേ മറുപടിയാണ് ഇന്ന് നമ്മളിൽ പലർക്കും പറയാൻ സാധിക്കുക. “ഞാൻ ഈ മത്സ്യങ്ങളെ നീന്താൻ പഠിപ്പിക്കുകയാണ്.” !!