അനുഭവിച്ച് തന്നെ...

“സ്തംഭിപ്പിക്കും സ്തംഭിപ്പിക്കും എല്ലാം ഞങ്ങൾ സ്തംഭിപ്പിക്കും.” വടികന്പിന്റെ അറ്റത്ത് ഒരു തുണി ചുരുട്ടി, അതിൽ ചെറുതായി തീ പടർത്തി ആകെ മൊത്തം ഒരു പതിനാലാളുകൾ ചേർന്ന് ഇന്നലെ വൈകീട്ട് ഈ മുദ്രാവാക്യവും വിളിച്ച് എന്റെ മുന്പിലൂടെ നടന്നു നീങ്ങിയപ്പോൾ ശ്രീനിവാസന്റെ സന്ദേശം സിനിമ തന്നെയാണ് വീണ്ടും ഓർമ്മ വന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഇന്ന് നടന്നുകൊണ്ടിരിക്കുന്ന കടയടപ്പ് സമരത്തിന്റെ സൂചനയായിരുന്നു ആ ജാഥ. ഈ പതിനാല് പേരാണോ രാജ്യത്തെ സ്തംഭിപ്പിക്കാൻ പോകുന്നതെന്ന് വഴിയെ പോയ ഒരാൾ കമന്റടിച്ചത് കേട്ട് ഞാനും ചിരിച്ചു.
വാണിജ്യ നികുതി നയം തിരുത്തുക, വാണിജ്യ നികുതികമ്മീഷണറുടെ അന്യായ ഉത്തരവു റദ്ദാക്കുക, ക്ഷേമനിധി പ്രവർത്തനം കാര്യക്ഷമമാക്കുക, വാടക നിയന്ത്രണ നിയമത്തിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്നത്തെ സമരം. ഏകദേശം ഒരു ലക്ഷത്തോളം പേർ ഇന്ന് ഇതുമായി ബന്ധപ്പെട്ട് തൃശ്ശൂരിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുമത്രെ.
കഴിഞ്ഞ കുറച്ച് ദിവസമായി തെരഞ്ഞെടുപ്പ് അടുക്കുന്നത് കൊണ്ടാകാം രാഷ്ട്രീയ പാർട്ടികളൊന്നും ഹർത്താൽ നടത്തി ജനങ്ങൾക്ക് ഒരു സൗജന്യ അവധി തരുന്നില്ല. അതിന്റെ വിഷമം ഇന്ന് നടക്കുന്ന സമരത്തോടെ കുറച്ചൊക്കെ മാറി കിട്ടുമെന്നാണ് തോന്നുന്നത്. നാട്ടിലെ സമരങ്ങളൊക്കെ വിജയിക്കുന്നതിന്റെ പ്രധാന കാരണം നമ്മുടെ ജനങ്ങളുടെ അലസ മനോഭാവം തന്നെയാണ്. ഏതെങ്കിലും ഒരാൾ ഒരു സമരത്തിന് ആഹ്വാനം ചെയ്താൽ ഉടൻ സർവാത്മനാ അതിനോട് ഐക്യദാർഡ്യം പ്രഖ്യാപ്പിച്ച് നമ്മൾ വീട്ടിൽ കയറി കിടക്കും. നല്ല പൊരിച്ച കോഴിയും, പറ്റുമെങ്കിൽ രണ്ടെണ്ണവും അകത്താക്കി ഒന്ന് എൻജോയ് ചെയ്യും.
ഏറ്റവും എളുപ്പത്തിൽ സംഘടിപ്പിക്കാവുന്നതും വിജയിപ്പിക്കാവുന്നതുമായ സമരമാർഗ്ഗമെന്ന നിലയിലാണ് ഹർത്താലുകളും ബന്ദുകളും കടയടപ്പ് സമരങ്ങളും നമ്മുടെ നാട്ടിലെ നേതാക്കൾക്ക് പ്രിയപ്പെട്ടവയായി മാറുന്നത്. ആഹ്വാനം ചെയ്യുന്ന നേതാവിന് ഒരു ആയാസവുമില്ലാതെ ഇത് സംഘടിപ്പിക്കാം. വിഷമിക്കുന്ന പൊതുജനത്തിന് ഈ സമരരീതി ശീലമായിക്കഴിഞ്ഞു. അവർ ഉറപ്പായും വഴങ്ങിത്തരും. സംഘാടകന്റെ പണി ഒരു പത്രക്കുറിപ്പിറക്കുന്നതിലോ പത്രസമ്മേളനം വിളിക്കുന്നതിലോ അവസാനിക്കും. ഇത്തരം ഹർത്താൽ − ബന്ദ് കടയടപ്പ് ആചരണങ്ങൾ സത്യത്തിൽ സമരങ്ങൾ തന്നെയാണോ എന്ന് പോലും അതിനോട് സഹകരിക്കുന്ന സമൂഹം ചിന്തിക്കുന്നില്ല. രാഷ്ട്രീയപാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിന്റെ ചിന്താപരവും ആശയപരവുമായ പാപ്പരത്തത്തെ എടുത്തു കാണിക്കുന്നവയാണ് ഇത്തരം സമരങ്ങൾ.
വികസനത്തെക്കുറിച്ചും പുരോഗതിയെക്കുറിച്ചും വലിയ വായിൽ നിലവിളിക്കുന്നവർ തന്നെ തൊഴിൽദിനങ്ങൾ നിഷ്ഫലമായി നഷ്ടപ്പെടുത്തുന്ന വൈരുദ്ധ്യം നമുക്കു മുന്നിൽ ഇത്തരം സമരങ്ങളിലൂടെ നിർല്ലജ്ജം അവതരിപ്പിക്കപ്പെടുകയാണ്. സംഘബലത്തിന്റെ മുഷ്ക്കിൽ നിശ്ശബ്ദമാക്കപ്പെട്ട ഒരു ജനതയായി കഴിഞ്ഞ എത്രയോദശാബ്ദങ്ങളിലൂടെ നാം മാറിയിരിക്കുന്നു എന്ന യാഥാർത്ഥ്യത്തെ പോലും നമുക്ക് ഇന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ല.
ഭരണവർഗ്ഗത്തിന്റെ തെറ്റായ നടപടികളെ എതിർക്കാനും തിരുത്താനും സഹായകമല്ലാത്ത ഏത് സമരവും സമരാഭാസമാണെന്ന് ഇനിയെങ്കിലും നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. നമ്മുടെ രാജ്യതലസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന സമരങ്ങളെ പറ്റി അനുകൂലിച്ചും പ്രതികൂലിച്ചും ആശയങ്ങളും ചിന്തകളും പരസ്പരം പകരുന്ന നേരത്താണ് ഇത്തരമൊരു കുറിപ്പ് എഴുതുന്നത്. ആ സമരങ്ങളുെട അജണ്ടകൾ എന്തായാലും അതിന് ഒരർത്ഥമുണ്ടെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പക്ഷെ അതേസമയം നമ്മുടെ നാട്ടിൽ അരങ്ങേറുന്ന മിക്ക സമരങ്ങൾക്കും പ്രകടനങ്ങൾക്കും സാധരണക്കാരനെ ഏറ്റവും നന്നായി ദ്രോഹിക്കുക എന്ന ഒരേ ഒരു അജണ്ട മാത്രമാണ് ഉള്ളത്.
കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ നാട്ടിൽ തലങ്ങും വിലങ്ങും നടന്ന യാത്രകൾ സത്യത്തിൽ എന്ത് ഉപകാരമാണ് ഈ നാടിന് നൽകിയതെന്ന് ചിന്തിക്കേണ്ടതല്ലേ. എത്രയോ മനുഷ്യൻമാരുടെ ഊർജ്ജവും പണവും ഇതിനായി പാഴാക്കിയത് ഏതാനും ചിലർക്ക് പിന്നീട് നേതാക്കളാകാൻ വേണ്ടി മാത്രമായിരുന്നില്ലേ. തന്റെ സ്വന്തം ചിന്താശേഷി പോലും ആർക്കൊക്കെയോ പണയം വെച്ചു മുന്നേറുന്ന മലയാളി ഇതു കൊണ്ടൊന്നും പഠിക്കില്ല. കൊണ്ടേ പഠിക്കൂ, പണ്ടുള്ളവർ പറയാറുള്ളത് പോലെ അനുഭവിക്കേണ്ടത് അനുഭവിച്ച് തന്നെ തീരണം...
വാൽകഷ്ണം: സാറെ ഭക്ഷണം റെഡിയാണ്്ട്ടോ.. ഓഫീസിനരികിലെ കാന്റീൻ ജീവനക്കാരൻ മുട്ടി വിളിക്കുന്നു. മുന്പിലെ ഷട്ടർ അടച്ചിട്ടുണ്ടെന്നും, ഭക്ഷണം കഴിക്കാൻ പുറകിലൂടെ വന്നാൽ മതിയെന്നും സമരക്കാർ കണ്ടാൽ തന്റെ കാര്യം കഷ്ടമാകും എന്നും ആ ഹോട്ടൽ സുഹൃത്തിന്റെ ആത്മഗതം. സത്യത്തിൽ ഇതല്ലെ ശരിക്കും ജീവിത സമരം!! ഒപ്പം കേട്ടു, നാളെയും എറണാകുളത്ത് ഹർത്താലാണത്രേ... എന്താല്ലേ... !!