സ്വസ്തി ഹേ, സൂര്യ, തേ സ്വസ്തി...

ഒരു മനുഷ്യ ജന്മത്തിന്റെ ഏറ്റവും വലിയ ഭാഗ്യം താൻ ജീവിക്കുന്ന അതേ കാലയളവിൽ കാലത്തിനൊരിക്കലും മായ്ക്കാൻ സാധിക്കാത്ത ചിലരുടെയൊപ്പം ജീവിക്കുവാൻ സാധിക്കുക എന്നതാണ്. ഓരോ തലമുറയിലും അത്തരത്തിലുള്ള ചില മഹാൻമാർ ഈ ഭൂമി സന്ദർശിക്കാനായി വരും. അത്തരമൊരു മഹാമനീഷിയെയാണ് നമ്മുടെ മലയാളത്തിന് ഇന്നലെ നഷ്ടമായത്. ഇംഗ്ലീഷിലെ ത്രയാക്ഷരങ്ങൾകൊണ്ട് ഓരോ മലയാളിയും തിരിച്ചറിഞ്ഞിരുന്ന കാവ്യ ലഹരി, ശ്രീ ഒ.എൻ.വി കുറുപ്പ്. അദ്ദേഹം ഇനി നമ്മുടെ അരികിലില്ല.
ഓരോ മരണവും നികത്താനാവാത്ത നഷ്ടമാണെന്ന് പറയുന്പോൾ തന്നെ ഓരോ ജന്മവും അവന്റെ ജീവിത കാലയളവിൽ ബാക്കിവെക്കുന്ന ചിലത് ഈ മണ്ണിൽ ഉണ്ടാകും. ലോകമുള്ളിടത്തോളം കാലം ഇടക്കിടെ ആ വിത്തുകൾ മണ്ണിലും മനസ്സിലും മുളച്ച് പൊന്തും. എന്നാൽ ചിലർ ജീവിച്ചിരിക്കുന്പോൾ തന്നെ വടവൃക്ഷമായി മാറും. കൽപ്പാന്തകാലത്തോളം ആ ദേവതാരുക്കൾ മനുഷ്യ മനസ്സിന്റെ ഉള്ളറകളിൽ ഉയർന്നു പുഷ്പിച്ച് നിൽക്കും. അത്തരമൊരു അഭൗമ വ്യക്തിത്വമാണ് ശ്രീ ഒ.എൻ.വി.
വളരെ ചെറുപ്പം മുതൽ കവിതകളിലൂടെയും സിനിമാ ഗാനങ്ങളിലൂടെയുമാണ് ഒ.എൻ.വിയെ ഞാൻ പരിചപ്പെടുന്നത്. ഒരിക്കൽ നാട്ടിലെ ഒരു വായനശാലയുടെ വാർഷികത്തിന് കവി സമ്മേളനം നടന്നിരുന്നു. അന്നാണ് ഇദ്ദേഹത്തെ ആദ്യമായി കാണുന്നത്. പരിപാടിയുടെ മുഖ്യ സംഘാടകരിൽ ഒരാൾ എന്റെ അച്ഛനായതു കാരണം എന്റെ ഓട്ടോഗ്രാഫിന്റെ താളുകളിൽ അദ്ദേഹത്തിന്റെ ഒരു കയ്യൊപ്പ് നേടാനായത് എത്രയോ കാലത്തെ എന്റെ അഹങ്കാരമായിരുന്നു. പിന്നീട് വർഷങ്ങൾ കഴിഞ്ഞ് റേഡിയോയിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചപ്പോൾ ഞാൻ അവതരിപ്പിച്ച പരിപാടിയുടെ പേരും അദ്ദേഹത്തിന്റെ ഒരു കവിതയുടെ ഭാഗം തന്നെയായിരുന്നു. രാത്രിയിൽ പൂക്കുന്ന ആ പുഷ്പത്തിന്റെ, നിശാഗന്ധിയുടെ പരിമളം എന്റെ മനസ്സിനുള്ളിലേയ്ക്ക് കടന്നുകയറിയത് അദ്ദേഹത്തിന്റെ ശബ്ദസൗകുമാര്യംകൊണ്ട് തന്നെയായിരുന്നു. അഞ്ചരവർഷത്തോളം അവതരിപ്പിച്ച ആ പരിപാടിയിൽ ഏറ്റവും അധികം കടന്നുവന്നത് അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ, ഒരു വട്ടം കൂടിയെൻ, ശരബിന്ധു, വാതിൽ പഴുതിലൂടെ തുടങ്ങി ഗാനങ്ങളായിരുന്നത് യാദൃശ്ചികമായിരുന്നില്ല. എല്ലാം എന്റെ ഹൃദയത്തിലേറ്റിയ അക്ഷര മയൂരങ്ങൾ. ഒരു നവരാത്രികാലത്ത് അദ്ദേഹം ബഹ്റിനിലെത്തിയപ്പോഴാണ് വീണ്ടും അദ്ദേഹത്തെ കാണുവാൻ ഭാഗ്യം ലഭിച്ചത്. ബാല്യത്തിൽ ഭയാശങ്കയോടെ ഓട്ടോഗ്രാഫ് വാങ്ങാൻ അദ്ദേഹത്തിന്റെ മുന്നിൽ നിന്ന അവസ്ഥയിൽ നിന്നും ഒട്ടും മാറ്റമുണ്ടായിരുന്നില്ല അന്നേരവും. എന്റെ മൂത്തമകളുടെ നാവിൽ അദ്ദേഹം ഹരിശ്രീ കുറിച്ചപ്പോൾ അത് പകർന്ന് തന്നത് ജന്മസുകൃതം. കവി വലിയച്ഛന്റെ കാര്യം ഓർമ്മിപ്പിച്ചപ്പോൾ അടുത്ത ബന്ധുവിനെ കണ്ടതിന്റെ സന്തോഷം, നിറഞ്ഞ സ്നേഹം ആ മുഖത്ത് പടർന്നു.
പിന്നീട് പത്രമാരംഭിച്ചപ്പോൾ കോളത്തിന്റെ പേരും കണ്ടെത്തിയത് അദ്ദേഹത്തിന്റെ കവിതാ സമാഹാരങ്ങളിൽ നിന്നു തന്നെ, തോന്ന്യോക്ഷരം.
ഇന്നലെ വൈകുന്നേരം ആ സൂര്യൻ മലയാളത്തെ വിട്ട് പോയെന്ന് കേട്ടപ്പോൾ, അരിയിലെഴുതിച്ച ആ അപ്പൂപ്പൻ മരിച്ചുപോയെന്ന് അറിഞ്ഞപ്പോൾ മൂത്ത മകളുടെ മുഖത്തും അടുത്തൊരാൾ അരങ്ങൊഴിഞ്ഞതിന്റെ സങ്കടം. അക്ഷരങ്ങളെ സ്നേഹിക്കുന്ന ഓരോ ഇതളിനും ഇന്ന് വേദനയുടെ ദിനമാണ്. അടിമുടി കവിയായിരുന്ന ആ മനുഷ്യ സ്നേഹിക്ക് കോടി കോടി പ്രണാമം. അങ്ങ് ശാന്തി കവാടത്തിൽ എരിഞ്ഞ് തീരുന്പോഴും അകലെ കേൾക്കാം ആ കവിതയുടെ മാറ്റൊലി.
സ്വസ്തി ഹേ, സൂര്യ, തേ സ്വസ്തി...