ഇതും നല്ല നാടാണ്...


മനുഷ്യനായാൽ അവന് യാത്രകൾ എന്നും കൂട്ടായിരിക്കും. ഒരിടത്ത് തന്നെ തന്റെ ജീവിതം ജീവിച്ച് തീർക്കാൻ അവന് ഒരിക്കലും താത്പര്യം കാണില്ല. പുതിയ കാഴ്ച്ചകൾ, പുതിയ അനുഭവങ്ങൾ, പുതിയ മുഖങ്ങൾ അതൊക്കെ ഈ യാത്രയിൽ ഒന്നിച്ച് ചേരുന്നു. ജനിച്ച നാടിനെയും, സ്നേഹിച്ച വീട്ടുകാരെയും, എന്തിനും കൂടെ നിൽക്കുന്ന സുഹൃത്തുക്കളെയും, അത്യാവശ്യം വഴക്കുണ്ടാക്കുന്ന ആജന്മ ശത്രുക്കളെയും വിട്ട് ഒരാൾ ദൂരെെയവിടെയെങ്കിലും അൽപ്പകാലത്തേയ്ക്കെങ്കിലും ജോലിയും ജീവിതവും തേടി യാത്ര പോകുന്പോഴാണ് അയാൾക്കൊപ്പം  പ്രവാസിയെന്ന പേര് തുന്നി ചേർക്കപ്പെടുന്നത്. അത് ഏഴ് കടലുകൾക്ക് അക്കരെയായാലും, ഒരു രാത്രിയുടെ തീവണ്ടിയാത്രയിൽ എത്താൻ സാധിക്കുന്ന ഇടമായാലും, അതിർത്തികളിൽ ഉറക്കമൊഴിഞ്ഞ് കാവൽ നിൽക്കേണ്ട സ്ഥലമായാലും എല്ലാം ഒന്ന് തന്നെ. 

പ്രവാസത്തിന്റെ പ്രധാന ഇടമായ ഗൾഫ് രാജ്യങ്ങളിൽ നിന്ന് അവിടുത്തെ സാന്പത്തിക സ്ഥിതി മോശമാകുന്നത് കാരണം ജനസഹസ്രങ്ങൾ മടങ്ങുമെന്ന് ഓരോ അവധി കാലമെത്തുന്പോഴും വാർത്തകളിൽ നമ്മൾ കണ്ടു തുടങ്ങാറുണ്ട്.  എയർപ്പോർട്ടുകളിൽ ഒന്നിച്ച് നൂറ് പേർ ഗൾഫ് പ്രവാസം മതിയാക്കി മടങ്ങി വരുന്പോൾ നമ്മുടെ ചാനലുകളിൽ കണ്ണീർ മഴ പെയ്തു തോരും. ഒരു സുപ്രഭാതത്തിൽ ഇങ്ങിനെ വെറുതെ ഒരു മഴയ്ക്ക് ഒലിച്ചു പോകുന്ന വിത്തുകളാണോ ഗൾഫിലെ പ്രവാസികൾ എന്ന് ആരും ചിന്തിക്കാറില്ല. പിടിച്ച് നിൽക്കാൻ തീരെ പറ്റാത്തവരും, ആരോഗ്യം ഇല്ലാതായെന്ന് തോന്നുന്പോഴും, അത്യാവശ്യം സാന്പത്തികം കൈയിലായി എന്ന് തോന്നുന്പോഴും തിരികെ നാട്ടിലെത്തുന്നത് സാധാരണയാണ്. അത് അല്ലാതെ എത്ര പേരാണ് നാട്ടിലെത്തുന്നത് എന്ന് അന്വേഷിക്കേണ്ടതുണ്ട്. 

തങ്ങളെ വിട്ടുനിൽക്കുന്ന കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കണം എന്നാഗ്രഹിക്കുന്നവർ തന്നെയാണ് എല്ലാവരും. അലാറം വെയ്ക്കാതെ പുതുച്ച് മൂടി ഉറങ്ങിയും, പുറത്ത് പെയ്യുന്ന ചാറ്റൽ മഴയെ ഉമ്മറ കോലായിൽ ഇരുന്ന് കട്ടൻ ചായയും കുടിച്ച് കണ്ടിരിക്കാനും, ഒരു ലുങ്കിയുമുടുത്ത് കവലയിലേയ്ക്ക് നടന്നു പോകാനും ഒക്കെ പ്രവാസികളായ ആരും കൊതിച്ചു പോകും. പക്ഷെ പലപ്പോഴും ഇത് രണ്ട് മാസത്തെ അവധിക്കായി വരുന്പോൾ മാത്രം നടക്കുന്ന കാര്യമാണെന്ന് പലരും ചിന്തിക്കാറില്ല. ഇതുപോലെ ഭൂരിഭാഗം ഗൾഫ് പ്രവാസികളും അവധി കാലത്ത് ഇവിടെയെത്തുന്പോൾ കാണുന്നത് നല്ല കാര്യങ്ങൾ മാത്രമാണ്. ഗൾഫ് നിർത്തി നാട്ടിലേയ്ക്ക് തിരികെ വരാൻ ചിന്തിക്കുന്ന അത്തരം ആളുകൾക്കുള്ള ചില ടിപ്സാണ് ഇന്ന് പങ്കുവെക്കാനാഗ്രഹിക്കുന്നത്. 

നാട്ടിലേയ്ക്ക് വരാൻ തീരുമാനിച്ചു കഴിഞ്ഞാൽ ഒറ്റയടിക്ക് വരാൻ നിൽക്കരുത്. ഏറ്റവും കുറഞ്ഞത് ഒരു വർഷത്തിനിടയിൽ ഒരു നാല് തവണയെങ്കിലും ഒന്നോ രണ്ടോ ആഴ്ച്ചയുടെ അവധിക്ക് ഇവിടെ വരിക. ആദ്യത്തെ വരവിൽ ബന്ധുമിത്രാദികളിൽ നിന്നും കിട്ടുന്ന പരിചരണം പതിയെ പതിയെ അടുത്ത വരവുകളിൽ കുറയും. ഒടുവിൽ വലിയ ഡിമാൻഡ് ഇല്ലാത്ത അവസ്ഥയിൽ വേണം ഇവിടെ തിരിച്ചെത്താൻ. അതോടൊപ്പം നാടിന്റെ സ്പന്ദനങ്ങളും, ചലനങ്ങളും, തട്ടിപ്പും വെട്ടിപ്പുമൊക്കെ ഏകദേശം ഈ കാലയളവിൽ മനസിലാവുകയും ചെയ്യും.  ഇത് സ്ഥിരമായി ഇവിടെ നിൽക്കുന്പോൾ മാനസികമായി ഏറെ ശക്തി നൽകും. 

നാട്ടിൽ വന്ന് ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവരും തീർച്ചായായും മുകളിൽ പറഞ്ഞ രീതിയിൽ വേണം ഇവിടെ വരാൻ. അവിടെയും ഇവിടെയും ചെയ്യുന്നത് കച്ചവടം തന്നെയാണെങ്കിലും, അവിടുത്തെ പരിചയസന്പന്നതയ്ക്ക് നാട്ടിൽ യാതൊരു  വിലയുമില്ല. ചിലപ്പോൾ അത് ദോഷം വരെ ചെയ്തേക്കാം. അവധിക്ക് വരുന്പോൾ രണ്ട് മാസം അനുഭവിക്കുന്ന സ്നേഹബന്ധങ്ങൾ പെട്ടിയിലെ കാശ് തീർന്നാൽ ഇല്ലാതാകുമെന്ന് ഉറപ്പ്. അതുകൊണ്ട് കൂടെ സഹായിക്കാനൊന്നും ആരുമുണ്ടാകില്ലെന്ന തോന്നലിൽ തന്നെ വേണം ഇവിടെ വരാൻ. മറ്റുള്ളവരെ സഹായിക്കാനുള്ള മഹാമനസ്കത നല്ലത് തന്നെ. പക്ഷെ അത്യാവശ്യം ജീവിച്ചു പോകേണ്ട പണം സ്വന്തം പേരിൽ എവിടെയെങ്കിലും കരുതി വെയ്ക്കുക. അല്ലെങ്കിൽ പെട്ടന്ന് തന്നെ കൈ നീട്ടി തുടങ്ങേണ്ടി വരും. കൈയിലെ പണം തീരാൻ ഏറ്റവും നല്ല സ്ഥലമാണ് നമ്മുടെ നാട്. അതുകൊണ്ട് പണം കണക്ക് പറഞ്ഞു തന്നെ കൈകാര്യം ചെയ്യുക. വീട്ടുജോലി ചെയ്യാൻ വരുന്നവർക്കും ആയിരത്തിന്റെ നോട്ടെടുത്ത് കൊടുത്താൽ കൈയിൽ നോട്ട് പോയിട്ട് പിന്നീട് നാണയം പോലുമില്ലാത്ത അവസ്ഥ വരും. നാട്ടിലേയ്ക്ക് വരാൻ തീരുമാനിക്കുന്ന അന്ന് മുതൽ ആഡംബരവും, പൊങ്ങച്ചവും, അനാവശ്യ ആഘോഷങ്ങളും, ധൂർത്തും ഒഴിവാക്കി തുടങ്ങുക. കൊക്കിൽ ഒതുങ്ങുന്നത് മാത്രം കൊത്തുക. ക്രെഡിറ്റ് കാർഡ്, ബാങ്കിലെ ലോൺ എന്നിവ തീർക്കുക, നാട്ടിലെ സാധ്യതകൾ സ്വന്തമായി തന്നെ മനസ്സിലാക്കി വെക്കുക. 

വാൽക്കഷ്ണം: ഇത് ഗൾഫ് പ്രവാസം നിർത്തിപോകുന്നവരെ നിരുത്സാഹപ്പെടുത്താൻ എഴുതിയതല്ല. പക്ഷെ പ്രവാസം നിർത്തി തിരികെ വന്നവരിൽ വലിയൊരു വിഭാഗം ആളുകൾ പിന്നെയും വിസ അന്വേഷിക്കുന്നത് ഇതൊക്കെ കാരണമാണ്. മനസ് കൊണ്ടും ശരീരം കൊണ്ടും ഇതിനെയൊക്കെ നേരിടാൻ തയ്യാറെടുത്ത് കഴിഞ്ഞാൽ കെട്ടു മുറുക്കികൊള്ളൂ. ഒപ്പം ധൈര്യത്തോടെ തിരികെ വന്നോളൂ... ഇതും നല്ല നാടാണ്!!

 

You might also like

Most Viewed