കഴിവും ജോലിയാക്കാം...


“അന്ന് കുറച്ച് തിത്തിതൈ പഠിച്ചത് കൊണ്ട് ജീവിതം നന്നായി പോകുന്നു. ഇല്ലെങ്കിൽ ശരിക്കും പെട്ടുപോയേനെ. ഇവിടെ വന്ന കാലത്ത് വെറുതെ ഇരുന്ന് ബോറടിച്ചപ്പോഴാ ഇങ്ങിനെയൊന്ന് എന്റെ മനസിൽ ഉണ്ടല്ലോ എന്നോർത്തതും അതിനെ പൊടിതട്ടിയെടുത്തതും. ഇപ്പോൾ ആവശ്യത്തിലധികം ക്ലാസുകളായി. പിടിച്ചുനിൽക്കാനും പറ്റുന്നു.” വളരെയേറെ ആത്മവിശ്വാസത്തോടെ ആ എഞ്ചിനീയറിങ്ങ് ബിരുദധാരിയായ സുഹൃത്ത് പറഞ്ഞുകൊണ്ടേയിരുന്നു. ദുബായിൽ ആണ് ഇപ്പോൾ അവർ ജീവിക്കുന്നത്. വിവാഹം കഴിച്ചതിന് ശേഷം അവിടെ എത്തിയപ്പോൾ  ഭർത്താവിനെ പരിചരിക്കലും, അതിനിടയിൽ അമ്മയായതുമൊക്കെ ഒരു ജോലി കിട്ടാൻ തടസമായി. അങ്ങിനെയിരിക്കുന്പോഴാണ് ചെറുപ്പം മുതൽ പഠിച്ചിരുന്ന നൃത്തവിദ്യ ഗുണകരമായത്. ഗൂഗിളും, യൂ ട്യൂബും ഇതിനെ ഓർത്തെടുക്കാൻ ഏറെ സഹായിച്ചുവെന്ന് മടിയില്ലാതെ തന്നെ അവർ പറഞ്ഞു. ഇപ്പോൾ ഏകദേശം 40ഓളം കുട്ടികൾ ക്ലാസിന് വരുന്നുണ്ട്. ജോലിക്ക് പോയിരുന്നെങ്കിൽ ലഭിക്കുമായിരുന്ന വരുമാനത്തേക്കാൾ അധികം തുകയും ലഭിക്കുന്നു. 

മക്കളെ ‍ഡോക്ടറും എഞ്ചിനീയറും മാത്രമേ ആക്കൂ എന്ന് വാശി പിടിക്കുന്ന മാതാപിതാക്കളുടെ കണ്ണ് തുറക്കേണ്ട ഒരു കാര്യമാണ് ആ സുഹൃത്ത് എന്നോട് പറഞ്ഞത്. കുട്ടികളെ ഒരു പ്രത്യേക കോഴ്സ് തന്നെ പഠിപ്പിച്ച് അതിൽ തന്നെ ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നത് എത്ര മാത്രം റിസ്ക്കുള്ള സംഭവമാണെന്ന് പലപ്പോഴും നമ്മൾ ഓർക്കാറില്ല. ഇന്നിന്റെ ലോകത്ത് പിടിച്ചുനിൽക്കാനോ, ഒപ്പമോടാനോ കഴിവില്ലെങ്കിൽ ആ കുട്ടി പിന്നാക്കം തള്ളപ്പെടുന്നു. അതുവരേയ്ക്കും പഠിച്ച ഒറ്റ വിഷയമല്ലാതെ മറ്റൊന്നും അറിയാത്ത അവസ്ഥ കൂടിയാകുന്പോൾ മുന്പോട്ടുള്ള ജീവിതം തന്നെ വഴിമുട്ടുന്നു. മുന്പ് സൂചിപ്പിച്ച സുഹൃത്തിന്റെ അഭിപ്രായത്തിൽ ഓരോ കുട്ടിക്കും എന്തിലെങ്കിലും ഒരു പ്രത്യേക അഭിരുചിയുണ്ടായിരിക്കും. അത് നൃത്തമാകാം, പാട്ടാകാം, ചിത്രം വരയാകാം, അതുമല്ലെങ്കിൽ എഴുത്താകാം. ആ കഴിവുകളെ ചെറുപ്പത്തിൽ തന്നെ തിരിച്ചറിയാനുള്ള ഒരു പ്രക്രിയ നമ്മുക്കിടയിൽ ഉണ്ടാകണം. സ്വാഭാവികമായ പഠനത്തിന് പുറമേ, ഇത്തരം ഒരു കലയെങ്കിലും പഠിച്ചെടുത്താൽ അവർക്ക് ജീവിതത്തിൽ എവിടെയും തന്നെ തോറ്റ് പിൻമാറേണ്ടി വരില്ല. 

ഇന്ന് സത്യത്തിൽ അവസരങ്ങളുടെ ലോകമാണ്. പക്ഷെ പലരും അത് തിരിച്ചറിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം.  കരിയർ കൗൺസിലിങ്ങ് മേഖലയിൽ സേവനമനുഷ്ടിക്കുന്ന സുഹൃത്തുക്കൾ പറയുന്നത് ഓരോ മേഖലയിലും ഇന്ന് ആയിരക്കണക്കിന് വിവിധ തൊഴിലുകൾ ലഭ്യമാണെന്നതാണ്. പക്ഷെ പലപ്പോഴും ഉപരിതലത്തിലുള്ള ചില തൊഴിലുകളെ പറ്റി മാത്രമേ നമ്മുടെസാധാരണ സമൂഹത്തിന് ഇന്നും അറിവുള്ളൂ. ഇത് മാറേണ്ടതുണ്ട്. വിദ്യാർത്ഥികൾക്കായി നടക്കുന്ന കലാ കായിക മാമാങ്കങ്ങൾ കേവലമൊരു ചടങ്ങായി മാറ്റാതെ, അതിൽ പങ്കെടുക്കുന്നവരുടെ പ്രതിഭ മനസ്സിലാക്കാനും, അവർക്ക് അത് ജീവിതോപാധിയായി പിന്നീട് കൊണ്ട് നടക്കാൻ പറ്റുന്ന തരത്തിലുമുള്ള കൗൺസിലിങ്ങ് ഇത്തരം വേദികളിൽ നിന്ന് തന്നെ നൽകേണ്ടതാണ്. ഒരു യുവജനോത്സവത്തിന് കൂടി തിരശ്ശീല വീണ സാഹചര്യത്തിൽ ഈ ഒരു വിഷയത്തിന് ഏറെ പ്രസക്തിയുണ്ടെന്നാണ് തോന്നുന്നത്. വലിയ ആവേശത്തോടെ വാങ്ങിച്ച് വീട്ടിലെ ചില്ലുകൂട്ടിൽ പൊടിപിടിച്ച് ഇരിക്കുന്ന ട്രോഫികളെ പോലെയാകരുത് ഇവരുടെ ജീവിതം. തങ്ങളുടെ കൈവശം ഉള്ള സർട്ടിഫിക്കേറ്റുകൾ പോലെ തന്നെ വിലയുള്ളതാണ് ജന്മസിദ്ധമായി കിട്ടിയ കഴിവുകളെന്നും അവർ തിരിച്ചറിയണം. 

വിവരസാങ്കേതിക വിദ്യ അതിന്റെ ഏറ്റവും വേഗതയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. തങ്ങളുടെ കഴിവുകളെ ലോകത്തിന് മുന്പാകെ തുറന്ന് കാണിക്കാൻ വെറുമൊരു വിരൽതുന്പിന്റെ ആവശ്യം മാത്രമേ ഇന്നുള്ളൂ. അനാവാശ്യങ്ങൾക്കും, സമയം കൊല്ലാനും ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് പകരം, തങ്ങളുടെ കഴിവുകളെ മാലോകർക്ക് മുന്പിൽ പരിചയപ്പെടുത്താൻ വരും തലമുറയ്ക്ക് സാധിച്ചാൽ ജീവിതവഴിത്താരകളിൽ അവർക്ക് കാലിടറില്ല എന്നത് തീർച്ചയാണ്. ഗൾഫിന്റെ സാന്പത്തികാവസ്ഥയെ പറ്റി പരിതപിച്ചു കൊണ്ടിരിക്കുന്നവർക്കും ഇത് പരീക്ഷിക്കാവുന്നതാണ്. തീർച്ചയായും നിങ്ങളെ കാത്ത് നിൽക്കുന്നത് വിജയം തന്നെയായിരിക്കും എന്നതിൽ സംശയമില്ല. 

You might also like

Most Viewed