കളയേണ്ടത് ഉദാസീനത


ഗൾ‍ഫ് ലോകത്ത് ആശങ്ക പരത്തുന്ന വാർ‍ത്തകൾ‍ ആണ് എങ്ങും. എന്നാൽ‍ ഈ വാർ‍ത്തകൾ‍ക്കുപ്പുറത്തേയ്ക്കുള്ള യാഥാർ‍ത്ഥ്യങ്ങളെ കൂടി നമ്മൾ‍ പ്രവാസികൾ‍ എന്ന നിലയിൽ‍ കാണേണ്ടതുണ്ട് എന്ന ചിന്തയാണ് ഇന്നത്തെ തോന്ന്യാക്ഷരത്തിന്റെ വിഷയം. എത്രയോ പതിറ്റാണ്ടുകൾ‍ നമ്മെ ഒക്കെ തീറ്റിപോറ്റിയ ഗൾ‍ഫ് ലോകത്ത് സാന്പത്തികമായി ചെറിയ രീതിയിലുള്ള മാറ്റങ്ങൾ‍ സംഭവിക്കുന്പോൾ‍ വല്ലാതെ മാനസിക സംഘർ‍ഷമനുഭവിക്കുന്ന ലക്ഷകണക്കിന് പേർ‍ നമ്മുടെ നാട്ടിലും ഇവിടെയുമായി കഴിയുന്നുണ്ട്. ഈ പ്രശ്നങ്ങളിൽ‍ പെട്ട്  ഇനിയെന്ത് ചെയ്യും എന്ന ചിന്തയിൽ‍ ആലോചിച്ച് വേവലാതിപ്പെടുന്നവരാണ് വലിയൊരു വിഭാഗവും. 

‍സത്യത്തിൽ‍ എന്താണ് പ്രശ്നം എന്ന് തിരിച്ചറിയാനും അതിനെ മനസ്സിലാക്കാനും ശ്രമിക്കേണ്ട സമയമാണിത്. ഇന്ന് അറബ് ലോകം നേരിടുന്ന പ്രതിസന്ധി അവരുടെ ഇത്രയും കാലത്തെ മുഖ്യ വരുമാന മാർ‍ഗ്ഗമായ ക്രൂ‍ഡ് ഓയിലിന്റെ വില അന്താരാഷ്ട്ര വിപണിയിൽ‍ വല്ലാതെ കുറഞ്ഞു പോയതാണ്. അതിന് പല കാരണങ്ങളുമുണ്ടാകാം. ഏറെ കാലമായി വലിയ പ്രയാസമില്ലാതെ ലഭിച്ചു പോരുന്ന ഒരു വരുമാനം പെട്ടന്ന് നിലയ്ക്കുന്പോൾ‍ ഉണ്ടാകുന്ന ഒരു തരം ഷോക്കിലാണ് ഈ രാജ്യങ്ങളും ഇവിടെ ജീവിക്കുന്ന സമൂഹവും. ഈ ഷോക്കിൽ‍ നിന്ന് എത്രയും പെട്ടന്ന് മുക്തരാവുകയും, മറ്റ് വരുമാന മാർ‍ഗ്ഗങ്ങൾ‍ കണ്ടു പിടിക്കുകയുമാണ് ഏതൊരു സർ‍ക്കാരും ഈ നേരത്ത് ചെയ്യുക. അത്തരം ചില നടപടികൾ‍ അതുതന്നെ ഏറ്റവും ചുരുങ്ങിയ നിലയിൽ‍ നടപ്പാക്കാനാണ് ബഹ്റിൻ‍ അടക്കമുള്ള രാജ്യങ്ങൾ‍ ഇപ്പോൾ‍ ശ്രമിക്കുന്നത്. ഇതിനെ കുറ്റം പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമില്ല.

സ്വാഭാവികമായും ഈ രാജ്യങ്ങളിൽ‍ ഉള്ള ജനങ്ങളും മറ്റ് വരുമാന മാർ‍ഗ്ഗങ്ങൾ‍ കണ്ടെത്തും. അത് ഇതുവരെ ചെയ്ത രീതികൾ‍ ആയിരിക്കണമെന്നില്ല. നമ്മുടെ നാട്ടിലേത് പോലെ കൃഷി ചെയ്ത് വരുമാനമുണ്ടാക്കാൻ‍ ഇവിടുത്തെ മരുഭൂമിയ്ക്ക് സാധിക്കണമെന്നില്ല. അതുകൊണ്ട് തന്നെ ഭക്ഷണത്തിന് വേണ്ടിയുള്ള ഉത്പന്നങ്ങൾ‍ അവർ‍ക്ക് ഇറക്കുമതി ചെയ്യേണ്ടി വരും. പക്ഷെ ഇവിടെ റിട്ടെയിൽ‍ വ്യാപാരവും, ബാങ്കിങ്ങ് മേഖലയും, ഐടി മേഖലയും ശക്തമാകാൻ‍ നല്ല സാധ്യതയുണ്ട്. ഇതിൽ‍ മൂന്നിലും ഉണ്ടാകാൻ‍ പോകുന്ന ഒരു കാര്യം കടുത്ത മത്സരമായിരിക്കും. നേരത്തേ വളരെ ഉദാസീനത കാണിച്ച് ജോലി ചെയ്തിരുന്നവർ‍ക്ക് ഇത്തരം അവസ്ഥയിൽ‍ നിൽ‍ക്കാൻ‍ സാധിക്കണമെന്നില്ല. അവർ‍ക്കായിരിക്കും ഇവിടെ നിന്ന് കൊഴിഞ്ഞുപോകേണ്ടി വരിക.

പ്രവാസികൾ‍ എന്ന നിലയിൽ‍ രണ്ട് രീതിയിൽ‍ ഇതിനെ സമീപിക്കാം. അതിൽ‍ ഒന്ന് നമുക്ക് ഈ സാഹചര്യത്തിൽ‍ ഇവിടെ നിൽ‍ക്കാൻ‍ സാധിക്കില്ലെന്ന തിരിച്ചറിവോടെ വന്നയിടത്തേയ്ക്ക് തിരികെ പോകാം. അവിടെയും സാഹചര്യങ്ങൾ‍ എത്രത്തോളം അനുകൂലമാണെന്ന് അറിയാൻ‍ കുറച്ച് സമയമെടുക്കും. അതുവരേക്കും കഴിഞ്ഞു കൂടാനുള്ള വക കൈയിൽ‍ കരുതി വേണം ആ മടക്കയാത്ര. രണ്ടാമത്തേത് ഇപ്പോഴത്തെ വിഷമ ഘട്ടത്തെ അതിജീവിക്കാൻ‍ മാനസികമായും ശാരീരികമായും തയ്യാറെടുത്ത് ഇവിടെ തന്നെ നിൽ‍ക്കുക എന്നതാണ്. അങ്ങിനെ തീരുമാനിച്ച് കഴിഞ്ഞാൽ‍ ഉദാസീനത ഒഴിവാക്കേണ്ടി വരും. അദ്ധ്വാനിക്കുന്നവന് അവകാശപ്പെട്ടതാണ് അഭിവൃദ്ധി എന്ന ആപ്തവാക്യത്തെ മനസ്സിലേറ്റേണ്ടിയും വരും.

പരസ്പരം സഹകരിച്ചും, സഹായിച്ചും കൈകോർ‍ത്ത് പിടിക്കേണ്ട സമയമാണിത്. മലയാളിയുടെ ജീവിതത്തെ നിറപകിട്ടാക്കി തീർ‍ത്തത് ഈ ലോകമാണ്. ആ ലോകത്തിന്റെ നിറം കെടുന്നത് വെറുതെ നോക്കിനിൽ‍ക്കാൻ‍ സമ്മതിച്ചു കൊടുക്കാൻ‍ അനുവദിക്കുന്നത് തന്നെ ആത്മഹത്യാപരമാണെന്ന് പറയാതിരിക്കാൻ‍ വയ്യ.

 

You might also like

Most Viewed