കേരളമെന്ന് കേട്ടാൽ
അങ്ങിനെ കെ.ബാബു തത്കാലം മന്ത്രികസേരിയിൽ നിന്ന് കൈയെടുത്തു. അല്ലെങ്കിലും ഇനി കൂടി പോയാൽ രണ്ട് മാസം കൂടിയല്ലേ ഇരിക്കാൻ പറ്റൂ എന്ന ചിന്തയായിരിക്കാം അദ്ദേഹത്തിനെ കൊണ്ട് ഈ തീരുമാനം ഒടുവിൽ എടുപ്പിച്ചത്. രാജിവെച്ച ശേഷം ടു കണ്ട്രീസ് എന്ന സിനിമ കാണാനാണത്രെ അദ്ദേഹം പോയത്. കേരളത്തിലെ കണ്‍ട്രികളായ ജനങ്ങളെയൊക്കെ നിരന്തരം പറ്റിച്ച് പൊട്ടി ചിരിക്കുന്ന ഇത്തരം രാഷ്ട്രീയ നേതാക്കളെ സാറെ എന്ന് വിളിച്ച് ബഹുമാനിക്കേണ്ടി വരുന്ന പാവം ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ദുരവസ്ഥയെ പറ്റിയാണ് ചിന്തിച്ച് പോകുന്നത്.
രാഷ്ട്രീയം നമ്മുടെ നാട്ടിൽ ഇന്ന് ശരിക്കും വലിയൊരു കോമഡി ഷോ തന്നെയാണ്. സ്പോൺസേർഡും അല്ലാതെയും നടക്കുന്ന കോമഡിഷോ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മുടെ നാട് കാണുന്നത് ചിരിച്ച് മണ്ണ് കപ്പേണ്ട തരത്തിലുള്ള കോമഡി ഷോകളാണ്. അതിലൊന്നായിരുന്നു കോട്ടയത്തിന്റെ യുവ എംപിയും, പാലാ മാണിക്യത്തിന്റെ പുത്രനുമായ ജോസ് കെ മാണിയുടെ നിരാഹാര പെർഫോമൻസ്. സമരം നിർത്താതെ പട്ടിണിയിലാകുമോ റബ്ബർ പ്രേമിയായ ഈ നേതാവെന്ന് കേരളം മുഴുവൻ കൗതുകത്തോടെ നോക്കി നിന്നു. ഒരു നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം വിനോദ പരിപാടികൾ അരങ്ങേറി വരുന്നതെന്ന് മനസിലാക്കാൻ തലയിൽ വലിയ ആൾതാമസം വേണ്ട തന്നെ. സത്യത്തിൽ ഇതൊക്കെ കാണുന്പോഴാണ് നമ്മുടെ നാടിന്റെ തൊലിക്കട്ടിയെ പറ്റി ആലോചിച്ച് അഭിമാനപുളകിതമാകുന്നത്. കേരളമെന്ന് കേൾക്കുന്പോൾ വെറുതെ തിളയ്ക്കുകയല്ല, മറിച്ച് തിളച്ച് മറിയുകയാണ് ഇപ്പോൾ.
മറ്റൊരു കാര്യം കേരളത്തിൽ ഈ രണ്ട് മാസത്തിനുള്ളിൽ ഉണ്ടാകാൻ പോകുന്ന വികസനപരിപാടികളുടെ ഉദ്ഘാടന കർമ്മങ്ങളാണ്. ഒന്ന് പൂർത്തിയായില്ലെങ്കിലും ആയത് വെച്ച് പരിപൂർണ്ണമാക്കുന്നത് പോലെയുള്ള മഹാമായാജാലം ആണിത്. അതിൽ വിദഗ്ദ്ധനുമാണ് നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി. മെട്രോ നാളെ മുതൽ ഓടി തുടങ്ങുമെന്നും, കണ്ണൂരിൽ വിമാനത്താവളം ഇപ്പോ ശരിയാകുമെന്നും, സ്മാർട്ട് സിറ്റിയിൽ കന്പ്യൂട്ടറുകളും ഉദ്ഘാടനത്തിന് പിന്നാലെ നിറഞ്ഞു കവിയുമെന്നും അദ്ദേഹം നമ്മുക്ക് ഉറപ്പ് തരുന്നു. ആന തരുന്നിലെങ്കിലും ആശയെങ്കിലും തന്ന് നമ്മുടെ മനസ് നിറയ്ക്കുന്ന അദ്ദേഹത്തിനും അഭിവാദനങ്ങൾ. ഒരു തവണ കൂടി മുഖ്യമന്ത്രി കസേരയിൽ അമർന്നിരിക്കാൻ ഈ നാടകങ്ങൾ അദ്ദേഹത്തെ സഹായിക്കുമോ എന്നത് കാലത്തിന് വിട്ടുകൊടുക്കാം.
രാഷ്ട്രീയ മഹാരഥന്‍മാർ നടത്തിവരുന്ന യാത്രകളാണ് ഈ നേരത്തുള്ള മറ്റൊരു കൗതുകം. യാത്രകൾ യാഥാർത്ഥത്തിൽ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഫണ്ട് പിരിവ് ജാഥകളാണെന്ന് മനസ്സിലാക്കാൻ പറ്റാത്തവരല്ല മലയാളികളാരും. ഓരോ പ്രദേശത്തുള്ള മുഖ്യന്‍മാരുടെയും പോക്കറ്റ് കാലിയാക്കുന്ന യാത്രകളാണ് മിക്കതും. അനുനയം മുതൽ ഭീഷണി വരെ കക്ഷി വ്യത്യാസമില്ലാതെ കേരളക്കരയിലെ ബിസിനസുകാർക്ക് നേരിടേണ്ടി വരുന്ന സമയമാണിത്. കഴിഞ്ഞ ദിവസം ബഹ്റിനിലെ ഒരു ബിസിനസുകാരനെ കണ്ടപ്പോൾ അദ്ദേഹത്തിന് നാട്ടിൽ നിന്നും വന്നുകൊണ്ടിരിക്കുന്ന ഇത്തരം ഭീഷണി കോളുകളെ പറ്റി സൂചിപ്പിക്കുകയുണ്ടായി. യു.ഡി.എഫെന്നോ, എൽ.ഡി.എഫെന്നോ, ബി.ജെ.പിയെന്നോ ഉള്ള ഒരു വ്യത്യാസവും ഇവിടെയില്ല. തെരഞ്ഞെടുപ്പാണ്, മറക്കരുത് എന്ന് തുടങ്ങിയുള്ള വിളി, നാട്ടിൽ വരേണ്ടയാളാണ് അതും മറക്കരുത് എന്ന ഭീഷണിയോടെയാണ് അവസാനിക്കുന്നതത്രെ.
എന്തായാലും നാടകങ്ങൾ തുടരട്ടെ, പാവം പാവം കണ്‍ട്രികളായി നമുക്ക് അരങ്ങിലേയ്ക്ക് നോക്കിയിരിക്കാം.