ഇവിടെ പരസ്യം പതിക്കരുത്

ഇവിടെ പരസ്യം പതിക്കരുത് എന്ന നിർദ്ദേശം കണ്ടിട്ടും അത് അവഗണിക്കാൻ ഇഷ്ടപ്പെടുന്ന പ്രവണതയാണ് നമ്മുടെ നാട്ടിൽ കൂടുതലായും കണ്ടു വരുന്നത്. നിർദ്ദേശങ്ങളെ പാലിക്കാതിരിക്കുകയാണ് നായകന്റെ കടമ അല്ലെങ്കിൽ അതു മാത്രമേ ഒരാളെ ശ്രദ്ധാകേന്ദ്രമാക്കി നിലനിർത്തു എന്ന അധമമായ ധാരണയാണ് ഇത്തരം കർമ്മങ്ങൾക്ക് കാരണമാകുന്നത്.
എറണാകുളത്ത് തയ്യാറായി കൊണ്ടിരിക്കുന്ന മെട്രോ റെയിൽ പാതയുടെ തൂണുകളിൽ നിന്ന് പരസ്യങ്ങൾ നീക്കി മാറ്റിയ വാർത്ത ശ്രദ്ധയിൽ പെട്ടതാണ് ഈ കുറിപ്പിന്റെ കാരണം.ഒരു കാര്യം പരസ്യപ്പെടുത്തുവാൻ വ്യവസ്ഥാപിതമായ നിരവധി മാധ്യമങ്ങൾ നമ്മുടെ നാട്ടിലുണ്ട്. പക്ഷെ പലപ്പോഴും അതൊന്നും ഉപയോഗപ്പെടുത്താതെയാണ് പൊതുഇടങ്ങളെ നമ്മുടെ സമൂഹത്തിലെ വലിയവരെന്ന് ധരിക്കുന്നവർ ദുരുപയോഗം ചെയ്യുന്നത്. രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും ആരാധനാലയങ്ങളുടെയുമെല്ലാം അനധികൃതമായ പരസ്യങ്ങൾ ഇക്കൂട്ടത്തിലുണ്ട്. കൊച്ചിയിൽ വരും വർഷങ്ങളിൽ നടക്കാനിരിക്കുന്ന വികസന പ്രവർത്തനങ്ങൾ വലിയ തട്ടുകേടില്ലാതെ നടന്നുപോയാൽ ഇവിടേയ്ക്ക് ജോലി ചെയ്യാൻ വരുന്നവർ മലയാളികൾ മാത്രമായിരിക്കില്ല. ഇപ്പോൾ തന്നെ വിദേശികൾ അടക്കമുള്ള നിരവധി പേർ എറണാകുളം നഗരത്തിൽ ജോലി ചെയ്യുന്നുണ്ട്. വിദ്യാഭ്യാസം, ഐ.ടി മേഖല, ആരോഗ്യം എന്നീ മേഖലകളിലാണ് നമ്മുടെ നാട് ഇനി വളരാൻ പോകുന്നത്. അത്തരം സ്ഥാപനങ്ങളാണ് ഏറ്റവുമധികമായി എറണാകുളം പോലെയുള്ള നഗരത്തിൽ പുതുതായി പ്രവർത്തനമാരംഭിക്കുക. അത് മനസ്സിൽ കണ്ടു കൊണ്ട് തന്നെ വേണം ഇവിടെയുള്ള ജനവും റോഡ് വക്കിൽ അനുവാദമില്ലാതെ പരസ്യം പതിക്കുന്ന തരത്തിലുള്ള പഴയ ദുശീലങ്ങളെ ഒഴിവാക്കാൻ.
ഇത് കൊച്ചിയുടെ കാര്യം മാത്രമല്ല. നമ്മുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇന്ന് റോഡുകൾ, റോഡിന്റെ വശങ്ങൾ, മീഡിയനുകൾ, ഫുട്പാത്തുകൾ, ട്രാഫിക് ഐലന്റുകൾ എന്നിവിടങ്ങളിൽ അനധികൃതമായും, നിയമവിരുദ്ധമായും പ്രദർശിപ്പിച്ചിട്ടുളള നിരവധി പരസ്യപലകകൾ ഉണ്ട്. ഇത് ഇല്ലാതാക്കാനുള്ള ഒരു തുടക്കം കുറിക്കാനെങ്കിലും കഴിഞ്ഞ ദിവസം നടന്ന നടപടി സഹായകമാകുമെന്ന് കരുതാം. ഇതു പോലെ തന്നെ അമിതമായ പരസ്യങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ഒരു സ്ഥലമാണ് നമ്മുടെ നാട്ടിലെ റെയിൽവെ േസ്റ്റഷനുകൾ. അവിടെ ഉത്പന്നങ്ങളുടെയോ ബ്രാൻഡിന്റെയോ പരസ്യമായിരിക്കില്ല, പക്ഷെ റെയിൽവെ ജീവനക്കാരുടെ യൂണിയൻ നേതാക്കളുടെ വലിയ ചിത്രങ്ങളാണ് കാണാൻ സാധിക്കുക. അതുവഴി യാത്ര ചെയ്യുന്ന സാധാരണ ജനങ്ങൾക്ക് എന്ത് താത്പര്യമാണ് ഇവരുടെ കാര്യത്തിൽ ഉണ്ടാകേണ്ടത് എന്ന ചോദ്യം പോലും ആരും ചോദിക്കുന്നില്ല. അവരുടെ ചിത്രത്തിന് മുകളിൽ തന്നെ സ്വച്ഛ ഭാരത അഭിയാന്റെ ആഹ്വാനവും ഉണ്ടാകും.
ഇത്തരം സ്ഥലങ്ങളെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ പറ്റുന്ന രീതിയിലേയ്ക്ക് മാറ്റുവാനാണ് ഗവണ്‍മെന്റ് ശ്രദ്ധിക്കേണ്ടത്. വാൾ ഗ്രാസും, ചെടികളും ഉപയോഗിച്ച് കൊണ്ട് മെട്രോയുടെ തൂണുകളെ ഗ്രീൻ തൂണുകൾ ആക്കാൻ സാധിക്കും. അത് ചെറിയ രീതിയിലെങ്കിലും നഗരത്തിനെ പച്ച പുതപ്പിക്കും. അതു മൂലം അത്രയെങ്കിലും പ്രകൃതിവായു ഇവിടെയുള്ളവർക്കും ലഭിക്കും. അല്ലെങ്കിൽ റെയിൽവെ േസ്റ്റഷൻ പോലെയുള്ള പൊതു ഇടങ്ങളിലെ ചുമരുകൾ നല്ല വിലയ്ക്ക് പരസ്യം പതിക്കാനായി നൽകണം. കിട്ടുന്ന വരുമാനം ചുറ്റുമുള്ള പരിസ്ഥിതി പ്രവർത്തനങ്ങൾക്കോ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കോ വേണ്ടി വിനിയോഗിക്കണം.
ഇതോടൊപ്പം അനധികൃതമായി ഇത്തരം പരസ്യങ്ങൾ പതിക്കുന്നവർക്കെതിരെ കർശ്ശനമായ നടപടികൾ എടുക്കണം. ആദ്യം സ്നേഹത്തോടെ പറഞ്ഞും, അതിന് ശേഷം പിഴ ചുമത്തിയും ഈ ഒരു ദുശീലം തീർച്ചയായും നമുക്ക് മാറ്റാൻ സാധിക്കും.