അതിജീവിക്കാം, ആസ്വദിക്കാം നമുക്കൊന്നിച്ച്


പ്രവാസലോകത്ത് വീണ്ടുമൊരു മഞ്ഞുകാലം പെയ്തിറങ്ങുകയാണ്. മഴക്കാലം പോലെ തന്നെ മ‍ഞ്ഞുകാലവും ഏറെ രസമുള്ള അവസ്ഥയാണ്. നമ്മുടെ മനസ്സുകളിലെ കാൽ‍പ്പനികമായ ചിന്തകളെ വിളിച്ചുകൊണ്ടുവരാൻ ഈ രണ്ട് കാലാവസ്ഥയും ഏറെ സഹായിക്കുന്നു എന്നാണ് എന്റെ തോന്നൽ‍. ബാല്യത്തിൽ‍ രാവിലെയെഴുന്നേറ്റ് മഞ്ഞുകാലത്ത് മുറ്റത്തെ കരിയിലകൾ‍ കൂട്ടിയിട്ട് തീക്കാഞ്ഞിരുന്ന ഒരു ഓർ‍മ്മയും ചിലരുടെയെങ്കിലും മനസ്സിന്റെ ഏതോ ഒരു കോണിൽ‍ പുകയുന്നുണ്ടാകും ഇപ്പോൾ‍. മഞ്ഞുകാലത്ത് മൂടി പിടിച്ച് കിടന്നുറങ്ങാൻ‍ താത്പര്യം ഇല്ലാത്തവരുണ്ടാകുമെന്നും തോന്നുന്നില്ല. ആവി പറക്കുന്ന കട്ടൻ‍ ചായയുമായി, പുലർ‍കാലങ്ങളിൽ‍ ഇവിടെയുള്ള മുൾ‍ചെടികളുടെ മുകളിൽ‍ വീണു കിടക്കുന്ന മഞ്ഞുതുള്ളികളെ കാണുന്പോൾ‍ മഴതുള്ളി വീണാൽ‍ നാണിച്ച് തലകുന്പിട്ടിരിക്കുന്ന  ചേന്പിൻ‍തണ്ടിനെയും നമുക്ക് ഓർ‍മ്മവരും. 

പുലർ‍ച്ചകളിൽ‍ പ്രവാസലോകത്തെ വിശാലമായ റോഡുകളിലൂടെ കാറോടിച്ച്  യാത്ര ചെയ്യുന്പോൾ‍ തൊട്ടുമുന്പിലെന്താണെന്ന് പോലും മനസിലാകാത്ത രീതിയിലാണ് ഇവിടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഞ്ഞ് പെയ്തുകൊണ്ടിരിക്കുന്നത്. യാത്രകളിൽ‍ മഞ്ഞ് മനസ്സിൽ‍ സൃഷ്ടിക്കുന്നത് സത്യത്തിൽ‍ ഒരു അരക്ഷിതാവസ്ഥയാണ്. അടുത്ത ഓരോ നിമിഷത്തിലും പുതിയ ചിത്രങ്ങൾ‍ തെളിയുന്നു. ഒരു പാലം, ഒരു സിഗ്നൽ‍ അങ്ങിനെ അങ്ങിനെ പോകുന്നു യാത്രയിലെ ആ വ്യത്യസ്ത ചിത്രങ്ങൾ‍. നമ്മുടെ മുന്പിലെ പുകമറ മാറി എന്തായിരിക്കും നമ്മെ കാത്തിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് വാഹനത്തിലെ ഓരോ യാത്രക്കാരനും. ഒപ്പം മുന്പിലെ വാഹനത്തെ ഒന്ന് മുട്ടി അപകടം ഉണ്ടാകുമോ എന്ന ഭയവും അതു പോലെ തന്നെ പിന്നാലെ വരുന്ന വാഹനങ്ങൾ‍ നമ്മെ തലോടി പോകുമോ എന്ന ആശങ്കയും ഒരു പോലെ വാഹനമോടിക്കുന്നയാളെയും വേവലാതിപ്പെടുത്തുന്നു. പക്ഷെ ഈ ബുദ്ധിമുട്ടുകൾ‍ക്കുപരിയായി നമ്മളിൽ‍ മിക്കവരും ഈ ഒരു കാലാവസ്ഥ ആസ്വദിക്കുന്നുണ്ടുതാനും. ഇത്തരമൊരു ഒരു ചിന്തയാണ് പ്രവാസലോകത്ത് ഈ പ്രത്യേക കാലഘട്ടത്തിലും ഉണ്ടാകേണ്ടത്.  

ലോകത്തിന്റെ തന്നെ വികസന ചരിത്രം മാറ്റി മറിച്ച ഗൾ‍ഫ് രാഷ്ട്രങ്ങൾ‍ ഇപ്പോൾ‍ കടന്നുപോകുന്നത് ഇത്തരമൊരു ഘട്ടത്തിലൂടെ തന്നെയാണ്. തൊട്ടുമുന്പിലെന്താണെന്ന് പോലും മനസ്സിലാക്കാൻ‍ പറ്റാത്ത ഒരു മഞ്ഞുകാലത്തിലൂടെ. പുകകൊണ്ട് മൂടിയ റോഡുകളിൽ‍ പരസ്പരം സഹകരിച്ച് കൊണ്ട് വളരെ പതുക്കെ ഏറെ ശ്രദ്ധിച്ച് മുന്പോട്ട് പോകുന്ന വാഹനങ്ങളെ പോലെ നമ്മൾ‍ പ്രവാസികളും ഇവിടെയുള്ളവരും ഒന്നിച്ച് കൈകോർ‍ത്ത് പിടിച്ച്  ഈ പുകമറകളെ കണ്ട് ആസ്വദിച്ച്  പ്രതിസന്ധികളെ നേരിട്ട് മുന്പോട്ട് നീങ്ങുകയാണ് ഇപ്പോൾ‍ വേണ്ടത്. യാത്രയിൽ‍ തിരക്ക് കൂട്ടുന്നവർ‍ക്ക്  മഞ്ഞുകാലത്ത് പലയിടങ്ങളിലും കാണാറുള്ളത് പോലെ കൂട്ടിയടിച്ച് ഒരു വശത്തേയ്ക്ക് മാറേണ്ടി വരും. യാത്രകളെ പേടിച്ച് പുറത്തിറങ്ങാതെ മടിപിടിച്ച് പുതച്ചുമൂടി ഉറങ്ങുന്നവരെയും ഉറക്കം നടിക്കുന്നവരെയും ഇതേ അവസ്ഥ തന്നെയാണ് കാത്തിരിക്കുന്നത്. 

വളരെ സുഖകരമായ അവസ്ഥ മനുഷ്യനിൽ‍ സൃഷ്ടിക്കുന്ന ഒരലസതയുണ്ട്. അത്തരം ഒരു  വല്ലാത്തൊരു കംഫേർ‍ട്ട് സോണിൽ‍ നമ്മൾ‍ എത്തി കഴിഞ്ഞാൽ‍ പിന്നെ അതിന് പുറത്തേയ്ക്ക് വരാൻ‍ ആർ‍ക്കും തന്നെ താൽ‍പര്യം കാണില്ല. അതാണ് ഇന്ന് പ്രവാസലോകത്ത് തന്നെ ജീവിക്കുവാൻ‍ നിശ്ചയിച്ചിരിക്കുന്ന എല്ലാവരും മറികടക്കേണ്ടത്. ഇസ്തിരിയിട്ട് ചുളിവ് വീഴാതെ ധരിക്കുന്ന വസ്ത്രങ്ങൾ‍ ചിലപ്പോൾ‍ ഉലഞ്ഞുപോയെന്നിരിക്കും. ഒരു തുള്ളി വിയർ‍പ്പ് പോലും വീഴാതെ കാത്തുസൂക്ഷിച്ച ശരീരങ്ങളിൽ‍ അൽ‍പ്പം വിയർ‍പ്പ് പൊടിഞ്ഞെന്നിരിക്കും. എല്ലാ ദിവസവും കഴിക്കുന്ന വിഭവസമൃദ്ധമായ ഭക്ഷണങ്ങളിൽ‍ നിന്ന് അൽ‍പ്പം മാറിനിൽ‍ക്കേണ്ടി വന്നേക്കാം. നല്ല വെളിച്ചം കയറുന്ന മുറിയിൽ‍ നട്ടുച്ചയ്ക്ക് പോലും ആവശ്യമില്ലാതെ വെളിച്ചം തെളിച്ച് കണ്ണ് മഞ്ഞളിപ്പിക്കുന്നതും കുറയ്ക്കാം. അത്യാവശ്യം നടന്നു പോകേണ്ട ദൂരമാണെങ്കിൽ‍ സിക്സ് സിലിണ്ടർ‍ വാഹനം എടുക്കണമെന്നില്ല. അത് ആരോഗ്യത്തിനും നല്ല
തായിരിക്കും. ഇങ്ങിനെയൊക്കെ ആണെങ്കിലും‍ തീർ‍ച്ചയായും ഈ രാജ്യങ്ങൾ‍ ഇപ്പോഴും മനുഷ്യന് ജീവിക്കാൻ‍ സാധിക്കുന്ന ഏറ്റവും നല്ല ഇടങ്ങൾ‍ തന്നെയാണെന്നതിന് യാതൊരു സംശയവുമില്ല.

You might also like

Most Viewed