ക്രൂഡ് ചിന്തിപ്പിക്കേണ്ടത്


അന്താരാഷ്ട്ര വിപണിയിൽ‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞിട്ടും നമ്മുടെ നാട്ടിൽ‍ പെട്രോളിനോ ഡീസലിനോ വില കുറയ്ക്കാത്തതിനെ പറ്റി മുന്പ് എഴുതിയപ്പോൾ‍ കുറെയേറെ സുഹൃത്തുക്കൾ‍ അതിന്റെ മറ്റൊരു വശത്തെ പറ്റി കൂടി സൂചിപ്പിച്ചിരുന്നു. കേവല രാഷ്ട്രീയത്തിനുപരിയായി ഇതിനെ കാണേണ്ടതാണെന്നാണ് അവരുടെ അഭിപ്രായം.

ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണിയിൽ‍ വില കുറയുന്നതിന്റെ പ്രധാന കാരണം പുതിയ ഇന്ധന ഉറവിടങ്ങൾ‍ ഉണ്ടായത് തന്നെയാണെന്ന് നമുക്കറിയാം. ഇത്തരം പുതിയ ഉറവിടങ്ങൾ‍ കൂടുതലായി കണ്ടെത്താനുള്ള ശ്രമവും ഊ‍ർ‍ജ്ജിതമായി നടക്കുന്നു. ഇന്ന് അന്താരാഷ്ട്ര വിപണിയിൽ‍ വന്നിരിക്കുന്ന ക്രൂഡ് ഓയിൽ‍ വില കുറവിന്റെ അതേയളവിൽ‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ‍ എണ്ണ വില കുറച്ചുകഴിഞ്ഞാൽ‍ ഉണ്ടാകുന്ന പ്രധാനപ്പെട്ട പ്രശ്നം കൂടുതൽ‍ പേര്‍ സ്വകാര്യ വാഹനങ്ങൾ‍ വാങ്ങിച്ചുകൂട്ടുമെന്നത് തന്നെയാണ്.  ഇന്ന് ഏഴ് മുതൽ‍ എട്ട് ലക്ഷം രൂപ വരെയാണ് നമ്മുടെ നാട്ടിൽ‍ ഒരു ഫാമിലി കാറിന്റെ വില. കുറഞ്ഞത് അ‍ഞ്ച് വർ‍ഷം വരെയാണ് മിക്കവരും ഒരു കാർ തന്നെ ഉപയോഗിക്കുന്നത്. അതായത് ഏകദേശം 1,40,000 രൂപ വർ‍ഷത്തിൽ‍, അല്ലെങ്കിൽ‍ 12000ത്തോളം രൂപ ഓരോ മാസവും വാഹന ഉടമ തന്റെ കാർ നില നിർ‍ത്താനായി ചെലവഴിക്കുമെന്ന് അർ‍ത്ഥം. അങ്ങിനെ ചെലവാക്കണമെങ്കിൽ‍ അയാളുടെ വരുമാനം ഏറ്റവും കുറഞ്ഞത് മാസം അന്പതിനായിരം രൂപയെങ്കിലും ആകേണ്ടതുണ്ട്. ഇതു കൂടാതെ ചെറു വാഹനങ്ങളുടെ എണ്ണം ഇന്ത്യ പോലെയുള്ള രാജ്യത്ത് വളരെയേറെ കൂടിയാൽ‍ നിലവിലെ റോഡ് സൗകര്യങ്ങൾ‍ വലിയ തോതിൽ‍ വർ‍ദ്ധിപ്പിക്കേണ്ടി വരും. അതൊടൊപ്പം തന്നെ മലീനകരണ പ്രശ്നങ്ങളും വർ‍ദ്ധിക്കും. അതുകൊണ്ട് തന്നെ ഈ നേരത്ത് എണ്ണ വില കുറയ്ക്കാതെ സർ‍ക്കാർ ഉണ്ടാക്കുന്ന അധിക വരുമാനം പൊതുജനങ്ങളുടെ അറിവോടെ തന്നെ ഇന്ത്യയിലെ അടിസ്ഥാന മേഖല വിപുലീകരിക്കാൻ‍ ഉപയോഗിച്ചാൽ‍ അത് നമ്മുടെ രാജ്യത്തിന് നൽ‍കുന്ന ഗുണങ്ങൾ‍ ഏറെയായിരിക്കുമെന്നാണ് പല പ്രമുഖ സാന്പത്തിക വിദഗ്ദ്ധരുടെയും അഭിപ്രായം.

പ്രവാസികൾ‍ നാട്ടിലേയ്ക്ക് തിരിച്ചു പോകാൻ‍ ചിന്തിച്ചു തുടങ്ങുന്പോൾ‍ നമ്മൾ‍ മലയാളികൾ‍ എന്നും ഓർ‍ത്തെടുക്കുന്ന ഒരു ചിത്രമുണ്ട്. ഗൾ‍ഫ് മോട്ടോഴ്‍സ് എന്ന ബസ് സർവ്വീസ് ആരംഭിച്ച് പൊട്ടി പൊളിഞ്ഞ് പാളീസായ സേതു എന്ന കഥാപാത്രത്തിന്റെ കഥ പറഞ്ഞ വരവേൽ‍പ്പ്. ആ ചിത്രത്തിൽ‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു സംഭാഷണമുണ്ട്. സഞ്ചരിക്കാൻ‍ കാര്‍ ഉണ്ടോ എന്ന ചോദ്യത്തിന് നമുക്ക് പോകാൻ‍ പത്ത് ലക്ഷത്തിന്റെ വലിയ ബസ് ഉണ്ടല്ലോ എന്ന ഡയലോഗ്. പൊതു ഗതാഗതത്തിന്റെ വലുപ്പം മനോഹരമായി പറഞ്ഞു തന്ന ഒരു സംഭാഷണ ശകലമായിരുന്നു അത്. 

നമ്മുടെ കേരളത്തിൽ‍ വലിയൊരു വിഭാഗം ജനങ്ങൾ‍ പൊതുഗതാഗതത്തെ ആശ്രയിക്കുന്നുണ്ടെങ്കിൽ‍ പോലും മദ്ധ്യവർ‍ഗ്ഗവും, അതിന് മുകളിലുള്ളവരും ശ്രമിക്കുന്നത് തങ്ങളുടെ സ്വന്തം വാഹനങ്ങളുടെ എണ്ണം വർ‍ദ്ധിപ്പിക്കാൻ‍ തന്നെയാണ്. മുന്പ് ഒരു കാർ‍ ഷെഡിൽ‍ ഒതുങ്ങിയിരുന്ന മദ്ധ്യവർ‍ഗത്തിന്റെ വീടുകളിൽ‍ അത് ഇന്ന് രണ്ടും മൂന്നുമായി മാറിയിരിക്കുന്നു. ആ ഒരു സാഹചര്യം മാറേണ്ടതുണ്ട്. ഇത് ജനങ്ങൾ‍ക്ക് മാത്രമായി പരിമിതപ്പെടുത്തേണ്ടതില്ല. രാഷ്ട്രീയക്കാർ‍ക്കും, സാഹിത്യനായകന്‍മാർക്കും, സിനിമാ താരങ്ങൾ‍ക്കുമൊക്കെ പൊതുഗതാഗത സൗകര്യങ്ങൾ‍ ഉപയോഗിച്ച് മാതൃക കാണിക്കാവുന്നതാണ്. ലോകത്ത് പല വികസിത രാജ്യങ്ങളിലെയും ഭരണാധികാരികൾ‍ പോലും ബസ്സിൽ‍ കയറി ഓഫീസുകളിൽ‍ പോകുന്ന ചിത്രങ്ങളും വാർ‍ത്തകളും വന്നത് ഓർ‍ക്കട്ടെ. ഇതോടൊപ്പം പൊതുഗതാഗത ശൃംഖലയുടെ സൗകര്യങ്ങൾ‍ മെച്ചപ്പെടുത്തുകയും വൃത്തിയുള്ള മെട്രോ റെയിൽ‍, ട്രാം, റെയിൽ‍വെ, ബസ്, അതു പോലെ തന്നെ ചെറു വിമാന സർ‍വ്വീസുകൾ‍ എന്നിവ വർ‍ദ്ധിപ്പിക്കുകയും, സ്കൂൾ‍ വിദ്യാഭ്യാസ കാലഘട്ടം മുതൽ‍ക്ക് തന്നെ പൊതുഗതാഗതസൗകര്യങ്ങൾ‍ ഉപയോഗിക്കാൻ‍ പൊതുസമൂഹത്തെ പ്രേരിപ്പിക്കുകയും വേണം.  ശ്രീ. പിണറായി വിജയനെ പോലെയുള്ള നേതാക്കൾ‍ വരെ അതിവേഗ പാതകളെ പറ്റി സംസാരിച്ച് തുടങ്ങിയിരിക്കുന്നു എന്നത് ഏറെ ആശാവഹമായ കാര്യം തന്നെയാണ്. നല്ല ഗതാഗതസൗകര്യങ്ങൾ‍ ഒരു നാടിന്റെ വളർച്ചയുടെ നാഡീ ഞരന്പുകളാണ് എന്ന് തിരിച്ചറിയുകയും ഇപ്പോഴുണ്ടാക്കുന്ന നേട്ടങ്ങൾ‍ വളരെ പ്രായോഗികമായി നാടിന് ഗുണകരമാകുന്ന രീതിയിൽ‍ വഴിതിരിച്ചുവിടാനും സാധിക്കേണ്ടതുണ്ട്. 

സർ‍ക്കാർ ഈ നേരത്ത് ചേയ്യേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം ആദായ നികുതി കുറയ്ക്കണം എന്നു തന്നെയാണ്. ഗൾ‍ഫ് രാജ്യങ്ങളടക്കമുള്ള വിദേശരാജ്യങ്ങളിൽ‍ ലഭിക്കുന്ന അതേ ശന്പളം ഇപ്പോൾ‍ നമ്മുടെ കൊച്ചു കേരളത്തിൽ‍ പോലും ലഭിക്കുന്നുണ്ടെങ്കിലും, കിട്ടുന്ന വരുമാനത്തിന്റെ വലിയൊരു ഭാഗം ആദായനികുതിയായി നൽ‍കേണ്ടി വരുന്നതാണ് ലക്ഷകണക്കിന് പേരെ ഇപ്പോൾ‍ പ്രവാസികളായി തുടരാൻ‍ പ്രേരിപ്പിക്കുന്ന പ്രധാന കാരണം. ഇന്നലെ ഡൽ‍ഹിയിൽ‍ ആരംഭിച്ച സ്റ്റാർ‍ട്ട് അപ്പ് പദ്ധതി ഇന്ത്യൻ‍ യുവതയ്ക്ക് ഏറെ പ്രതീക്ഷകൾ‍ നൽ‍കുന്ന ഒന്നാണ്. തൊഴിൽ‍ അന്വേഷകർ എന്ന നിലയിൽ‍ നിന്ന് തൊഴിൽ‍ ദാതാക്കൾ‍ എന്ന നിലയിലേയ്ക്ക് രാജ്യത്തെ യുവജനങ്ങൾ‍ മാറണമെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിയുടെ പ്രസ്താവനയും ഏറെ ശ്രദ്ധേയം തന്നെ. സ്റ്റാർ‍ട്ട് അപ്പ് സംരഭകർ‍ക്ക് ആദ്യ മൂന്ന് വർ‍ഷത്തേയ്ക്ക് ആദായനികുതി കൊടുക്കേണ്ടതില്ല എന്നതാണ് ഇന്നലെ ഉണ്ടായ പ്രഖ്യാപനങ്ങളിൽ‍ ഏറ്റവും പ്രധാനപ്പെട്ടത്. ഈ ഒരു പ്രഖ്യാപനം പ്രാവർ‍ത്തികമായാൽ‍ അതുണ്ടാക്കാൻ‍ പോകുന്ന ഗുണഫലങ്ങൾ‍ ഏറെയായിരിക്കും എന്നതിൽ‍ സംശയമില്ല. ഇത്തരം പ്രവൃത്തികളിൽ‍ രാഷ്ട്രീയം കാണേണ്ട ആവശ്യവും ഉണ്ടെന്നും തോന്നുന്നില്ല.

You might also like

Most Viewed