വെറും വെറുതെ...


“ചേട്ടാ ആ വണ്ടി കുറച്ചൊന്ന് സൈഡാക്കി വെച്ചാൽ വലിയ ഉപകാരമാകും.” ഓ അതിനെന്താ ഇപ്പോ തന്നെ മാറ്റി ഇടാമെന്ന് പറഞ്ഞപ്പോൾ ആ കൊന്പൻമീശക്കാരന്റെ കണ്ണുകളിൽ സ്നേഹം നിറഞ്ഞ സന്തോഷം. “മാനേജർ കണ്ടാൽ അപ്പോൾ കട്ട് ചെയ്യും ഇരുന്നൂറ് രൂപ. ആകെ കിട്ടുന്നത് 7000 രൂപയാ. അതു കൊണ്ടാ...  വേറൊന്നും വിചാരിക്കരുത്.” 

തൃശ്ശൂർ ടൗണിൽ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാന്റിന് സമീപത്തുള്ള നക്ഷത്ര ഹോട്ടലിന് മുന്പിൽ ഒരു സുഹൃത്തിനെ ഇറക്കിവിടാൻ ചെന്നതായിരുന്നു ഞാൻ. ഇപ്പോൾ വരാമെന്ന് പറഞ്ഞ് ഹോട്ടൽ റിസപ്ഷനിലേയ്ക്ക് പോയ അദ്ദേഹത്തെ കാത്ത് രണ്ട് മിനിട്ട് നേരം ഹോട്ടലിന് മുന്പിൽ വാഹനം നിർത്തിയപ്പോഴാണ് പാറാവുകാരൻ ചേട്ടന്റെ സങ്കടം കേൾക്കേണ്ടി വന്നത്. തലയിൽ തൊപ്പിയും പോലീസിനെപോലെ യൂണിഫോമും ഒക്കെ ധരിച്ച് അറുപ്പത്തിയഞ്ചിന് മുകളിൽ പ്രായമുള്ള ആ ചേട്ടൻ തന്നെ വാഹനം ഒരു വശത്തേയ്ക്ക് ഒതുക്കി വെക്കാനുള്ള നിർദേശങ്ങളും എനിക്ക് തന്നു. 

സംസാരിച്ച് വന്നപ്പോൾ മുൻ പട്ടാളക്കാരനാണ് കക്ഷി എന്ന് മനസ്സിലായി. വലിയ റാങ്കൊന്നുമില്ലാത്ത പാവം ഒരു പട്ടാളക്കാരൻ. വിരമിച്ചതിന് ശേഷം കുറച്ച് കാലം വീട്ടിൽ വെറുതെ ഇരുന്നു. മക്കളൊക്കെ ഇപ്പോൾ വിദേശത്താണ്. ഭാര്യയാണെങ്കിൽ മരിച്ചും പോയി. വീട്ടിൽ തനിയെ ഇരുന്നിട്ട് എന്ത് ചെയ്യാൻ എന്ന തോന്നലിൽ നിന്നാണ് നക്ഷത്ര ഹോട്ടലിലെ പാറാവുകാരൻ എന്ന തൊഴിൽ സ്വീകരിച്ചത്. രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് ഡ്യൂട്ടി. ചിലപ്പോഴൊക്കെ അത് രാത്രിയിലേയ്ക്കും മാറും. മറ്റ് അവധികൾ ഒന്നുമില്ല. ജോലി വലിയ കുഴപ്പമില്ലെങ്കിലും മാനേജർമാരെയാണ് സഹിക്കാൻ കഴിയാത്തതെന്ന് അദ്ദേഹം പറഞ്ഞു. എന്തിനും ഏതിനും വഴക്ക് പറയും. പ്രായം ഇത്രയും ആയ ആളാണെന്ന് വരെ നോക്കില്ല. ചെയ്യുന്നതിലൊക്കെ കുറ്റം കണ്ടുപിടിച്ച് ശന്പളത്തിൽ നിന്ന് കട്ട് ചെയ്യും. 

അതിഥികൾ വന്നാൽ അവർക്ക് നീട്ടി പിടിച്ച് ഒരു സല്യൂട്ട് കൊടുത്താൽ മാത്രം പോര, ചിലപ്പോഴോക്കെ അവരുടെ ബാഗേജുകൾ മുറിയിൽ കൊണ്ടുവെയ്ക്കുകയും വേണം. കാരണം ഹോട്ടലിലാണെങ്കിൽ ആവശ്യത്തിന് സ്റ്റാഫുമില്ല. അതു കൊണ്ട് ഉള്ളവരെ കൊണ്ട് ആകുന്നത്ര ജോലി ചെയ്യിപ്പിക്കാനാണ് ഉടമകളുടെയും മാനേജർമാരുടെയും ശ്രമം. തന്റെ വിഷമങ്ങൾ പറഞ്ഞു തുടങ്ങിയപ്പോൾ രാജ്യത്തിന് വേണ്ടി ഒരിക്കൽ ജീവൻ പണയം വെച്ചും അതിർത്തി കാത്ത ആ മുൻ പട്ടാളക്കാരന്റെ കണ്ണുകളിൽ ചെറിയ നനവ്.  ശരിചേട്ടാ, എല്ലാം ശരിയാകും എന്ന് പറഞ്ഞു യാത്ര പറഞ്ഞപ്പോൾ, “സാറെ ഇവിടെയിതൊന്നും പറഞ്‍ഞേക്കല്ലെ, പണി പോകും” എന്ന അപേക്ഷയും അദ്ദേഹം മുന്പോട്ട് വെച്ചു. 

നമ്മുടെ നാട്ടിൽ വിരമിച്ച  ബഹുഭൂരിപക്ഷം പട്ടാളക്കാരും ഒടുവിൽ എത്തിപ്പെടുന്നത് ഇത്തരത്തിലുള്ള നക്ഷത്ര ഹോട്ടലുകളുടെയും, ബാറുകളുടെയും തിരുമുറ്റത്തേയ്ക്കാണ്. അവിടെയുള്ള ചെറിയ സ്റ്റൂളിൽ ഒരു വടിയും നീട്ടി പിടിച്ച് ഇത്തരം മനുഷ്യർ ഇരിക്കുന്ന കാഴ്ച്ച കാണാത്തവരായി നമ്മളിൽ ആരുമുണ്ടാകില്ല. ഏത് വയസ്സിലും ജോലി ചെയ്യുന്നത് വളരെ നല്ല കാര്യം തന്നെയാണ്. പക്ഷെ അവർ ചെയ്യുന്ന ജോലിക്ക് സമൂഹമോ, ജോലി നൽകുന്നവരോ അംഗീകാരമോ അഭിനന്ദനമോ നൽകാതിരുന്നാൽ അത് വേദനകൾ മാത്രം നൽകുന്നതായി മാറും. 

രാത്രി ഏറെ വൈകിയിട്ടും ഫ്ളാറ്റിലേയ്ക്ക് കയറി വരുന്പോൾ യാതൊരു മുറുമുറുപ്പുമില്ലാതെ ഗേറ്റ് തുറന്ന് നൽകുന്നവർ മുതൽ, ലക്ഷക്കണക്കിന് രൂപയുടെ വിശ്രമകേന്ദ്രങ്ങളായ എ.ടി.എമ്മുകളുടെ മുന്പിൽ ചെറിയൊരു വടിയുമായി കാവൽ നിൽക്കാൻ വിധിക്കപ്പെട്ടവർ ആണ് ഇവർ. ശീതീകരിച്ച ഷോപ്പിങ്ങ് കോപ്ലംക്സുകൾക്ക് മുന്പിൽ കൊതുകടിയിൽ നിന്ന് രക്ഷപ്പെടാൻ കടലാസുകൾ വരെ കൂട്ടിയിട്ട് കത്തിക്കേണ്ടി വരുന്ന ഹതഭാഗ്യർ. തന്റെ ഉപജീവനത്തിന് വേണ്ടി ആരുടെയെക്കെയോ കോടിക്കണക്കിന് വരുന്ന ആസ്തികൾക്ക് ഇവർ കാവൽ നിൽക്കുന്പോൾ നമ്മൾ മറന്ന് പോകുന്നത് ഇത്തരം മനുഷ്യരുടെ സുരക്ഷയെ പറ്റിയും, ആത്മനൊന്പരങ്ങളെ പറ്റിയുമാണ്. ഇവർക്ക് ന്യായമായ വരുമാനം നൽകുന്നുണ്ടോ എന്ന് പോലും അന്വേഷിക്കാൻ സർക്കാരും തയ്യാറാകുന്നില്ല. 

ഓരോ തവണയും തന്റെ മുന്പിലേയ്ക്ക് വരുന്ന അതിഥികൾക്ക് സല്യൂട്ട് നൽകുന്പോൾ, അവർക്കൊക്കെ നമുക്ക് ചിലവില്ലാതെ തിരിച്ച് കൊടുക്കാൻ സാധിക്കുന്ന ഒന്നാണ് ഒരു സ്നേഹം നിറഞ്ഞ പുഞ്ചിരി. ഒപ്പം സുഖമല്ലേ എന്നൊരു ചോദ്യവും ആ മനസ്സുകളെ നിറയ്ക്കും. ഇന്നലെ പ്രശസ്ത എഴുത്തുക്കാരൻ വി.ആർ. സുധീഷിന്റെ ഒരു കുറിപ്പ് വായിച്ചു. നമ്മൾ ഒരിക്കലും പേര് പോലും ചോദിക്കാത്ത നിത്യപരിചയക്കാരെ പറ്റിയാണ് അദ്ദേഹം ആ കുറിപ്പിൽ സൂചിപ്പിച്ചത്. ഫ്ളാറ്റ് വൃത്തിയാക്കാൻ വരുന്ന തൂപ്പുക്കാരി മുതൽ, തന്റെ വീടിന് കാവൽ നിൽക്കുന്ന മുൻ പട്ടാളക്കാരൻ വരെ ഈ ലിസ്റ്റിൽ പെടുന്നു. ഇനി തൃശ്ശൂർ പോകുന്പോൾ തീർച്ചയായും ആ കാവൽക്കാരൻ കൊന്പൻ മീശക്കാരന്റെ പേര് ഞാനും ചോദിച്ചിരിക്കും, തീർച്ച. എന്തിനാണെന്ന് ചോദിച്ചാൽ വെറും വെറുതെ എന്ന് മാത്രം ഉത്തരം... 

You might also like

Most Viewed