നിർത്തി കൂടെ ഈ നാടകം...
പ്രവാസി ഭാരതീയ ദിവസമെന്ന സംഭവം ആഗോളതലത്തിൽ ആഘോഷിച്ച ദിവസമായിരുന്നവല്ലോ ഇന്നലെ. ഏതെങ്കിലും ഒരിടത്ത് ഒത്തുചേരാതെ പ്രവാസികൾ എവിടെയാണോ അവിടെ തന്നെ പരസ്പരം ഒത്തുചേർന്നുകൊണ്ടുള്ള ആദ്യത്തെ പ്രവാസി ഭാരതീയ സമ്മേളനമായിരുന്നു ഈ വർഷത്തെ ഹൈലൈറ്റ്. ഇതോടൊപ്പം പ്രവാസികൾക്ക് വേണ്ടി പ്രവാസികളെ പോലെ സഞ്ചരിക്കുന്ന മന്ത്രിമാർ നയിച്ചിരുന്ന പ്രവാസികാര്യവകുപ്പിന് പൂട്ട് വീഴുകയാണെന്ന സന്തോഷ വിവരവും ഈ വർഷം കേന്ദ്ര സർക്കാർ നമ്മെ അറിയിച്ചിരിക്കുന്നു. ഇനി മുതൽ നമ്മളാരും പ്രവാസികളല്ല, മറിച്ച് വിദേശികളായി മാറുമെന്ന് അർത്ഥം. ചെറിയ സർക്കാർ, മെച്ചപ്പെട്ട സേവനം എന്ന മോദി നയത്തിന്റെ ഭാഗമായിട്ടാണത്രെ കോടികണക്കിന് രൂപ വിദേശനാണ്യമായി ഇന്ത്യാ മഹാരാജ്യത്തിന് നൽകി വരുന്ന വലിയൊരു ജനവിഭാഗത്തെ ഒതുക്കി, മടക്കി ഇങ്ങിനെ മൂലയ്ക്കിടുന്നത്.
പ്രവാസി വകുപ്പ് പ്രത്യേകിച്ച് ഒരു പണിയും എടുക്കുന്നില്ലെന്നും മിക്ക ജോലികളും വിദേശ കാര്യമന്ത്രാലയം തന്നെയാണ് ചെയ്യുന്നതെന്നുമുള്ള കണ്ടുപിടുത്തമാണ് വിദേശകാര്യ മന്ത്രി സുഷമാജിയും നടത്തിയിരിക്കുന്നത്. 2004 മെയിൽ യു.പി.എ സർക്കാരാണ് ഇങ്ങിനെയൊരു വകുപ്പ് ആരംഭിച്ചത്. അതുവരേയ്ക്കും വിദേശ കാര്യവകുപ്പിന്റെ കീഴിൽ ഒരു ജോയിന്റ് സെക്രട്ടറിയായിരുന്നു പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങളൊക്കെ കൈകാര്യം ചെയ്തിരുന്നത്. ഇത് അത്ര കണ്ട് ഫലപ്രദമല്ലെന്ന കണ്ടത്തലാണ് പുതിയ മന്ത്രാലയത്തിന്റെ ജന്മത്തിന് കാരണമായത്.
രാജ്യത്തിന് പുറത്ത് കഴിയുന്ന വരെ മാതൃരാജ്യവുമായിബന്ധപ്പെടുത്തുവാനും, അവർക്ക് ജോലി ചെയ്യുന്ന ഇടങ്ങളിൽ സുരക്ഷിതത്വം ഉറപ്പ് വരുത്താനുമാണ് പ്രവാസി മന്ത്രാലയം കൊണ്ട് പ്രധാനമായും ഉദ്ദേശിച്ചത്. കഴിഞ്ഞ പന്ത്രണ്ട് വർഷത്തെ പ്രവർത്തനം കൊണ്ട് ഈ മന്ത്രാലയത്തിന് ചില കാര്യങ്ങളൊക്കെ ചെയ്യാൻ സാധിച്ചിട്ടുണ്ടെങ്കിലും, സീസൺ സമയത്ത് ഉയരുന്ന വിമാന ടിക്കറ്റ് നിരക്കുകളെ പറ്റിയോ, എമിഗ്രേഷൻ ക്ലിയറൻസിലെ പ്രയാസങ്ങൾ, കാർഗോ ക്ലിയറൻസിന് നേരിടേണ്ടി വരുന്ന കാല താമസം, പ്രവാസികളുടെ പുനരധിവാസം, വോട്ടവകാശം, ഇരട്ട നികുതി, തടവുകാരുടെ കൈമാറ്റം തുടങ്ങിയ പല പ്രശ്നങ്ങൾക്കും ഇപ്പോഴും പരിഹാരം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഗൾഫ് നാടുകളിൽ താമസിക്കുന്ന പ്രവാസികളാണ് സത്യത്തിൽ ഈയൊരു മന്ത്രാലയത്തിൽ വലിയ പ്രതീക്ഷകൾ അർപ്പിച്ചിരുന്നത്. പ്രത്യേകിച്ച് ഇവിടെ ജോലി സാധ്യത കുറഞ്ഞു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതോടൊപ്പം സ്വദേശിവത്കരണവും, എണ്ണ വിലയിടിവിനെ തുടർന്നുണ്ടായിരിക്കുന്ന സാന്പത്തിക മാന്ദ്യവും ഒക്കെ ലക്ഷക്കണക്കിന് വരുന്ന ഗൾഫ് പ്രവാസികളെ ആശങ്കയിലാഴ്്്ത്തി കൊണ്ടിരിക്കുകയാണ്.
ആ ഒരു അവസ്ഥയിൽ തങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയ ഒരു മന്ത്രാലയം വീണ്ടും പഴയപടി ഒരു ജോയിന്റ് സെക്രട്ടറിയുടെ കൈയിൽ ഏൽപ്പിക്കുന്പോൾ സ്വാഭാവികമായും അത് വേദനിപ്പിക്കുന്നത് പാവപ്പെട്ട പ്രവാസികളെ തന്നെയാണ്. കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന വരുമാനമത്രയും നാട്ടിലേക്കയച്ചു കൊടുത്തു ആ സന്പദ്‌വ്യവസ്ഥയെ തന്നെ താങ്ങിനിർത്തുന്ന പ്രവാസികളെ പരമാവധി ഉപയോഗപ്പെടുത്തുകയും പല വിധേനയും ചൂഷണം ചെയ്യുകയുമല്ലാതെ മാറിമാറി രാജ്യം ഭരിച്ച സർക്കാറുകളൊന്നും അവർ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നത്തെയും പരിഹരിക്കാൻ ശ്രമിക്കുന്നില്ല എന്ന് തെളിയിക്കുന്നതാണ് ഈ ഒരു നീക്കവും.
ചില മന്ത്രിമാർക്ക് വിദേശരാജ്യത്ത് കറങ്ങാനുള്ള ഒരു പാലമായിട്ട് മാത്രം എന്തിനാണ് ഈ വകുപ്പ് എന്ന് ചോദിക്കുന്നവരും ധാരാളമുണ്ട്. ശരിയായിരിക്കാം, പക്ഷെ ആ ഒരു കാര്യം കൊണ്ട് മാത്രം ഒരു മന്ത്രാലയത്തെ തന്നെ ഇല്ലാതാക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. മോഡിക്കൊപ്പം പ്രഗത്ഭർ ഉണ്ടെങ്കിൽ അവരെ ഈ വകുപ്പ് ഏൽപ്പിച്ച് നേരത്തേ സൂചിപ്പിച്ച അപാകതകളും, പോരായ്മകളും പരിഹരിച്ച് മുന്പോട്ട് പോകുന്നതല്ലേ ഉചിതം. പ്രധാനമന്ത്രിയുടെ ആഗ്രഹമായ ചെറിയ മന്ത്രിസഭ എന്നത് വല്ലാതെ മൂത്തു പോയാൽ ഇനി മന്ത്രിമാരെ വേണ്ട, ഞാൻ തനിച്ച് ഭരിച്ചോളാം എന്ന അവസ്ഥയിലെത്തുമോ എന്നും നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു.
അതു പോലെ തന്നെ കഴിഞ്ഞ ദിവസം ബഹ്റിനടക്കമുള്ള രാജ്യങ്ങളിൽ നടത്തിയ പ്രവാസി ഭാരതീയ ദിനത്തിന്റെ ചടങ്ങുകൾ കൊണ്ട് എന്ത് ഗുണമാണ് പ്രവാസികൾക്ക് ലഭിച്ചത് എന്നു കൂടി വിലയിരുത്തപ്പെടേണ്ടതുണ്ട്. സിനിമാറ്റിക്ക് ഡാൻസും, പാട്ടും കേൾക്കാൻ ഈ രാജ്യങ്ങളിലൊക്കെ എന്നും നല്ല േസ്റ്റജ് ഷോകൾ നടക്കുന്നുണ്ട്. അതിനൊപ്പം ആളൊഴിഞ്ഞ കസേരകളുമായി കുറേയേറെ പണം ചിലവഴിച്ച് പ്രവാസികളുടെ മഹാസമ്മേളനം മാറുന്പോൾ, ഇത്തരമൊരു നാടകം കൂടി നമുക്ക് ആവശ്യമുണ്ടോ എന്നതാണ് എന്റെ ചിന്ത !!