അവർക്കും പണം ആവശ്യമുണ്ട്...


ഇന്ന് രാവിലെ എറണാകുളത്തേയ്ക്ക് വരുന്ന വഴിയിലാണ് മുകളിലെ ചിത്രമെടുത്തത്. മേൽ വസ്ത്രമൊന്നുമില്ലാതെ പ്രായമായ ഒരമ്മൂമ പതിയെ വടിയും കുത്തി വരുന്നു. തികച്ചും ഗ്രാമീണയായ അവർ അങ്ങിനെ തപ്പിതടഞ്ഞ് വരുന്നത് കണ്ടപ്പോഴാണ് നമ്മുടെയൊക്കെ വീട്ടിലെ അമ്മൂമ്മാരെ പറ്റി ചിന്തിച്ചു തുടങ്ങിയത്. പ്രായമായവരെ പറ്റി നിരവധി തവണ തോന്ന്യാക്ഷരത്തിൽ ഇതിനു മുന്പും എഴുതിയിട്ടുണ്ടെങ്കിലും  ഓരോ തവണയും ചുക്കിചുളിഞ്ഞ് തൊലിയുമായി, കുഴിഞ്ഞ കണ്ണുകളിൽ വല്ലാത്തൊരു വേദന നിറച്ച്, പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന, നടക്കാൻ ബുദ്ധിമുട്ടുന്ന ഈ ബഹുമാന്യരെ കാണുന്പോൾ അവരെ പറ്റി എഴുതാതിരിക്കാൻ സാധിക്കുന്നില്ല.

കഴിഞ്ഞ ഒരാഴ്ച്ചയോളമായി കാസർഗോഡ് മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലൂടെയും യാത്ര ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു. ഓരോ ഇടത്തും പരിചയക്കാരുടെയും ബന്ധുക്കളുടെയും വീടുകൾ കയറിയിറങ്ങിയായിരുന്നു യാത്ര. ഇവിടെയൊക്കെ പ്രായമായവരെയാണ് കൂടുതലായി കണ്ടതും, സംസാരിച്ചതും. മക്കൾ വിദേശത്തുള്ളവർ, അവർ നാട്ടിൽ തന്നെയുണ്ടായിട്ടു പോലും കാണാൻ സാധിക്കാത്തവർ, ജീവിത പ്രാരബ്ധങ്ങളുടെ കെട്ടുപാടുകളിൽ പെട്ട് എന്ത് ചെയ്യണമെന്നറിയാത്തവർ, രോഗാതുരമായ ശരീരങ്ങളെ കൊണ്ടുനടക്കുന്നവർ അങ്ങിനെ പല  പല അവസ്ഥകളിൽ കഴിയുന്നവർ. അതിൽ തന്നെ ഏറിയ പങ്കും സ്ത്രീകളായിരുന്നു. എഴുപതും, എൺപതും വയസ് കഴിഞ്ഞവർ. പകൽ നേരങ്ങളിൽ ചോറ് വെച്ച് തരാൻ വരുന്ന ജോലിക്കാരെ മാത്രം കണ്ടു സംസാരിക്കേണ്ടി വരുന്നവരായിരുന്നു മിക്കവരും. 

ഇവരിൽ പലരോടും സംസാരിച്ചപ്പോൾ അവരുടെ പ്രധാന ദുഃഖം ഏകാന്തതയാണെങ്കിലും മറ്റൊരു വിഷമം സാന്പത്തികമായി ശേഷിയില്ലാത്തതാണ്. ചെറുപ്പകാലത്ത് ഏറെ സന്പാദിച്ചവരും, വളരെ ഉയർന്ന സാന്പത്തിക നിലയുള്ള മക്കൾ ഉള്ളവർ പോലും അവരുടെ അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി ബുദ്ധിമുട്ടുന്ന കാഴ്ച്ചയാണ് പലയിടത്തും കണ്ടത്. പ്രായമായി കഴിഞ്ഞാൽ മാതാപിതാക്കൾക്ക് ഭക്ഷണവും, താമസവും, വേണ്ട വസ്ത്രവും നൽകിയാൽ തങ്ങളുടെ ഉത്തരവാദിത്വം തീർന്നുവെന്ന് കരുതുന്ന  തെറ്റായ കാഴ്ച്ചപ്പാടാണ് ഇതിന് കാരണമാകുന്നത്. പലപ്പോഴും വിദ്യാഭ്യാസം കഴിഞ്ഞ് ജോലിയൊക്കെയായി, വിവാഹം കഴിച്ച് കുടുംബമായി കഴിഞ്ഞാൽ പ്രായമായ മാതാപിതാക്കൻമാരെ ഇടയ്ക്ക് ഒന്ന് സന്ദർശിച്ച് നമ്മളിൽ പലരും കടമകളും ഉത്തരവാദിത്വങ്ങളും ഒതുക്കി വെയ്ക്കുന്നു. ചെറുമക്കളോടൊപ്പം കളിച്ചും ചിരിച്ചും കുറച്ച് നേരം നടന്നാൽ അവർക്ക് വലിയ സന്തോഷമാകുമെന്ന് നമ്മളും തെറ്റിദ്ധരിക്കുന്നു. എന്നാൽ ഒരിക്കലും അവരോട് പണമാവശ്യമുണ്ടോ എന്ന് ചോദിക്കാൻ പലരും മെനക്കെടാറില്ല. 

അവർക്ക് എന്തെങ്കിലും പണമായി കൊടുത്താൽ തന്നെ അത് നമ്മുടെ ആവശ്യത്തിന് വേണ്ടിയുള്ളതായിരിക്കും. നമ്മുടെ പേരിലുള്ള സ്ഥലം വൃത്തിയാക്കി വെക്കാനോ, ഇൻഷൂറൻസ് പ്രീമിയം അടക്കാനോ ഒക്കെ അവർ ആ പണം ഉപയോഗിക്കുന്നു. എന്നാൽ വയസായ അമ്മയ്ക്കോ അച്ഛനോ മാസം തോറും പെൻഷൻ പോലെ ഒരു നിശ്ചിത തുക നൽകാൻ മിക്കവരും തയ്യാറാകുന്നില്ലെന്ന സത്യമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ യാത്രകൾ എന്നോട് വിളിച്ച് പറഞ്ഞത്. ചിലർ അവരുടെ മക്കളുടെ വിദ്യാഭ്യാസം നടത്താനും, വീട് വെയ്ക്കാനുമൊക്കെ എടുത്ത  ലോണുകൾ  അവരുടെ ജീവിത സായന്തനത്തിലും വളരെ ബുദ്ധിമുട്ടി തിരിച്ചടച്ചു കൊണ്ടിരിക്കുന്നു. 

ഈ സ്ഥിതി മാറേണ്ടതുണ്ട്. ഇന്നത്തെ കാലത്ത് എന്നും മാതാപിതാക്കളുടെ അടുത്ത് തന്നെ ഇരിക്കണമെന്ന് ആരും പറയുകയില്ല. എന്നാൽ മക്കളുടെ വരുമാനത്തിന്റെ അഞ്ച് ശതമാനമെങ്കിലും അവരുടെ മാതാപിതാക്കൾക്കും, മുത്തച്ഛൻ, മുത്തശ്ശി എന്നിവർക്കും നൽകാൻ സാധിച്ചാൽ അതായിരിക്കും അവർ ചെയ്യുന്ന ഏറ്റവും വലിയ പുണ്യ പ്രവർത്തി എന്നാണ് എന്റെ തോന്നൽ. ചെറിയൊരു തുകയാണെങ്കിൽ പോലും അതവർക്ക് നൽകുന്ന സുരക്ഷിതത്വം ഏറെ വലുതായിരിക്കും. ഇടയ്ക്ക് അവരുടെ ഇഷ്ടപ്പെട്ട ആഹാരം കഴിക്കാനും, അവരുടെ പ്രിയപ്പെട്ട വസ്ത്രം വാങ്ങുവാനും, അവർക്ക് ആഗ്രഹമുള്ള സിനിമ കാണാനും, ഒക്കെ ഈ ചെറിയ തുക അവർക്ക് ഉപകാരപ്പെടും. അതുകൊണ്ട് മാതാപിതാക്കൾക്ക് എത്ര തന്നെ പണമുണ്ടെന്ന് നിങ്ങൾക്ക് തോന്നിയാലും, അവർക്ക് ചെറിയൊരു പോക്കറ്റ് മണി മക്കളായ നമ്മളും കൊടുത്തു തുടങ്ങുക. ഇതാക്കട്ടെ ഈ വർഷത്തെ തീരുമാനം !!

You might also like

Most Viewed