തിരിച്ചറിവിന്റെ കാലം
വ്യവസ്ഥിതികൾക്കെതിരെയുള്ള പോരാട്ടങ്ങളെയാണ് നമ്മൾ വിപ്ലവമെന്ന് വിശേഷിപ്പിക്കുന്നത്. ആധുനിക മനുഷ്യൻ ഉണ്ടായകാലം മുതൽ വ്യവസ്ഥിതികളും ഉണ്ടായികാണും. അന്ന് ബാഹുബലമായിരുന്നു വ്യവസ്ഥിതികളുണ്ടാക്കുന്നവരെ നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതെങ്കിൽ പിന്നീട് അതിന്റെ അളവുകോൽ സന്പത്തായി മാറി. കൂടുതൽ ക്രയവിക്രയങ്ങൾ ചെയ്യാൻ ശേഷിയുള്ളവർ പറയുന്നത് കേട്ട് പ്രവർത്തിക്കുവാൻ മഹാഭൂരിപക്ഷവും തയ്യാറായി. തനിക്ക് കൂടുതൽ ലാഭം വേണമെന്ന ആഗ്രഹം വർദ്ധിച്ചപ്പോൾ സന്പത്തുള്ളവൻ ഇല്ലാത്തവനെ ചൂഷണം ചെയ്തു തുടങ്ങി. അവന്റെ പരമാവധി അദ്ധ്വാനത്തെ പിഴിഞ്ഞെടുക്കുവാൻ സന്പന്നൻ അല്ലെങ്കിൽ വ്യവസ്ഥിതി നിർണ്‍ണയിക്കുന്നവൻ ശ്രമം ആരംഭിക്കുന്നതോടെ എതിർശബ്ദങ്ങൾ പതിയെ ഉയർന്ന് തുടങ്ങും. അതിന് വിപ്ലവമെന്ന് കാലം പേരിടും. നിലനിൽക്കുന്ന വ്യവസ്ഥിതിക്കെതിരെ കലാപക്കൊടി ഉയർത്തിയവരാണ് ലോകം കണ്ട എല്ലാ പ്രവാചകന്‍മാരുമെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. പക്ഷെ പിന്നീട് വിപ്ലവകാരികൾ എന്തിന് എതിരേയാണോ സമരം ചെയ്തതും ജീവൻ ബലി നൽകിയതും അതേ പാതയിലേയ്ക്ക് അദ്ദേഹത്തിന്റെ അല്ലെങ്കിൽ അവരുടെ പിൻതലമുറക്കാർ സഞ്ചരിച്ചു തുടങ്ങുമെന്നത് ചരിത്രത്തിന്റെ മറ്റൊരു വിരോധാഭാസം.
നമ്മുടെ മുന്പിൽ ഇത്തരം ധാരാളം ഉദാഹരണങ്ങൾ ഇന്നും ദിനം പ്രതി വന്നുകൊണ്ടിരിക്കുന്നു. സമൂഹത്തിൽ മാത്രമല്ല, വ്യക്തി ജീവിതത്തിലും പലപ്പോഴും ഇത്തരമൊരു മാറ്റം മിക്കവർക്കും സംഭവിക്കുന്നുണ്ട്. ചെറുപ്പത്തിൽ വ്യവസ്ഥിതികൾക്കെതിരെ പോരാടുവാൻ മനസ് കൊണ്ടും ശരീരം കൊണ്ടും പ്രവർത്തിച്ചവർ തലയിൽ നര വെള്ളിവരയിട്ടു തുടങ്ങുന്പോൾ പതിയെ വിപ്ലവചിന്താഗതികളെ തന്നെ തള്ളി പറയുകയും, ചെറുപ്പത്തിൽ എന്തിനെയൊക്കെ എതിർത്തോ അതേ പാളയത്തിന്റെ അമരക്കരായി മാറുന്നതും നമ്മൾ കാണുന്നു. ഇതിനെ തന്നെയാണ് കാലചക്രത്തിന്റെ വികൃതികൾ എന്ന് വിളിക്കേണ്ടത്.
ഒരു നൂറ്റാണ്ട് മുന്പ് നമ്മുടെ നാട്ടിൽ കുത്തഴിഞ്ഞ വ്യവസ്ഥിതികളും മാമൂലുകളും കാരണമാണ് ആ വ്യവസ്ഥിതിക്കെതിരെ പൊരുതാൻ കമ്മ്യൂണിസത്തിനും, മാർക്സിസത്തിനും ഇവിടെ പ്രസക്തി ലഭിച്ചത്. അന്നുള്ള ദരിദ്രജനകോടികൾക്ക് അത് പ്രത്യാശയുടെ സന്ദേശമാണ് നൽകിയത്. വർഗ്ഗബോധത്തിൽ അധിഷ്ഠിതമായ പ്രസ്ഥാനത്ഥിന്റെ നേതാക്കളെ സാധാരണ ജനങ്ങൾ അവരുടെ ഹൃദയത്തിലേറ്റി നടന്നു. അവർക്ക് വേണ്ടി ജീവനും സ്വത്തും ദാനം ചെയ്തു. തങ്ങളുടെ വരും തലമുറയ്ക്കെങ്കിലും ഇവിടെ നല്ലൊരു ജീവിതമുണ്ടാകണമെന്ന അദമ്യമായ ആഗ്രഹം തന്നെയായിരിക്കണം അവരെ അന്ന് ഈ പ്രസ്ഥാനങ്ങളോട് അടുപ്പിച്ചത്.
പക്ഷെ കാലം മാറി മറിഞ്ഞപ്പോൾ സന്പത്തുള്ളവർ നടത്തുന്ന ചൂഷണങ്ങൾക്കെതിരെ പോരാടിയ പ്രസ്ഥാനം സന്പത്ത് സ്വരുക്കൂട്ടിവെക്കുന്ന അവസ്ഥയിലേയ്ക്ക് മാറി. സ്വരുക്കൂട്ടി തുടങ്ങിയപ്പോൾ സാധാരണ മനുഷ്യനെ പോലെ അത്യാഗ്രഹവും കൂടി. ഇന്ന് ഒന്നെങ്കിൽ നാളെ രണ്ടാകണമെന്നും, മറ്റന്നാൾ അത് പത്താകണമെന്നുമുള്ള ചിന്ത നേതാക്കന്മാർക്കും ഉണ്ടായിതുടങ്ങി. ഇങ്ങിനെ ഉണ്ടാക്കി വെക്കുന്ന സന്പത്ത് പ്രസ്ഥാനത്തിന്റെ ലക്ഷ്യപ്രാപ്തികൾക്ക് വേണ്ടി ചിലവഴിക്കുന്നതിന് പകരം കെട്ടിടങ്ങളിലും സ്ഥലകച്ചവടത്തിനും വേണ്ടി ചിലവാക്കിയപ്പോഴാണ് പ്രസ്ഥാനങ്ങളുടെ പുതിയ വ്യവസ്ഥിതികൾക്കെതിരെ അതിനെ അത്രയും കാലം വിശ്വസിച്ചവർ എതിർത്തുതുടങ്ങിയതും, കൊഴിഞ്ഞുപോകാൻ ആരംഭിച്ചതും.
തങ്ങൾക്ക് തെറ്റുകൾ പറ്റിയെന്ന് ഏറ്റുപറയാനും തിരുത്താനുമുള്ള മനസ് പതുക്കെ ഈ കൊഴിഞ്ഞ് പോക്കിനെ തുടർന്ന് വളരെ വൈകിയാണെങ്കിലും പ്രസ്ഥാനങ്ങൾക്കുണ്ടാകുന്നു എന്നത് വളരെ നല്ല കാര്യമാണ്. ജനകീയ പ്രശ്നങ്ങളെ നിസ്സാരവത്കരിച്ചതും, അധികാരത്തിന് വേണ്ടി ആരുടെയും കൂടെ കൈകോർക്കാമെന്ന് തീരുമാനിച്ചതും, സന്പത്ത് കൂടിയപ്പോൾ പരസ്പരം വിശ്വാസം നഷ്ടമായതും തന്നെയാണ് സമീപ കാലത്ത് പ്രസ്ഥാത്തിനുണ്ടായ തളർച്ചയ്ക്ക് കാരണമെന്ന് പാർട്ടി വേദിയിൽ തന്നെ പറയുന്പോൾ അതിന് തീർച്ചയായും ഒരു തുറന്ന് പറച്ചിലിന്റെ സുഖമുണ്ട്.
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കാൻ സമയമായിരിക്കുന്നു. ഇന്നത്തെ ഒരു അവസ്ഥ വെച്ച് വലിയ പ്രവചനങ്ങൾ നടത്താനുള്ള അവസരം കുറവാണെങ്കിലും, മുൻ മുഖ്യമന്ത്രിയും പാർട്ടിയിലെ ജനകീയനുമായ വി.എസ് തന്നെ തന്റെ പിൻഗാമിയായി പിണറായി വിജയനെ അവരോധിക്കാനുള്ള സാധ്യതയാണ് രാഷ്ട്രീയകേരളം കണ്ടുകൊണ്ടിരിക്കുന്നത്. അതും ഒരു തുറന്നുപറച്ചിലിലൂടെ ആയാൽ ബഹുകേമം. നമ്മൾ കാണാനിരിക്കുന്ന നാടകങ്ങൾ ഇനിയെത്ര എന്ന ചിന്തയോടെ...