ചടങ്ങുകളാവരുത് ആഘോഷങ്ങൾ...
ഡിസംബർ മാസത്തിൽ ഈ കഴിഞ്ഞുപോകുന്ന ദിവസങ്ങൾക്ക് വല്ലാത്തൊരു പ്രത്യേകതയുണ്ടെന്ന് തോന്നുന്നു. ആദ്യദിവസം മുഹമ്മദ് നബിയുടെ ജന്മദിനം, രണ്ടാമത്തെ ദിവസം യേശു ക്രിസ്തുവിന്റേത്, മൂന്നാമത്തേത് പരമശിവന്റേത്. അപൂർവ്വമായി മാത്രം കണ്ടുവരാറുള്ള ഒരു കാഴ്ച്ചയാണിത്. നബിദിനവും, ക്രിസ്തുമസും, തിരുവാതിരയും എല്ലാം ഒരു പോലെ നമ്മെ തേടിവരുന്പോൾ ഇതൊക്കെ ഒരു പോലെ ആഘോഷിക്കാനും ആചരിക്കാനും നമുക്ക് സാധിക്കണം. നമ്മുടെ ഇടയിൽ വ്യത്യസ്ത മതങ്ങളും വിശ്വാസങ്ങളും ഉണ്ടെന്ന സത്യത്തെ അംഗീകരിച്ചുകൊണ്ട് തന്നെ നമുക്കൊക്കെ പരസ്പരം ഈ നേരത്ത് സന്തോഷിക്കാം, ആശംസിക്കാം. കാലം നമ്മോട് ആവശ്യപ്പെടുന്നതും ഇതൊക്കെ തന്നെയാണ്.
ആഘോഷങ്ങൾ പലപ്പോഴും വെറും ചടങ്ങുകളായി മാറുന്പോഴാണ് അത് ആവർത്തന വിരസതയുണ്ടാകുന്നത്. അതുകൊണ്ട് തന്നെ ആഘോഷങ്ങൾ ആഘോഷങ്ങളായും, മനസിന് സ്വസ്ഥത തരുന്നതുമായി തന്നെ നിലനിൽക്കണം. നല്ല ഭക്ഷണം കഴിക്കുന്നതും നല്ല വസ്ത്രം ധരിക്കുന്നതും മാത്രമല്ല ഇത്തരം ദിവസങ്ങളിൽ നമ്മൾ ചെയ്യേണ്ടത്. കുറഞ്ഞത് ആ ദിവസമെങ്കിലും നന്മ നിറഞ്ഞ മനസ്സുകളുടെ ഉടമകളായി മാറുകയും വേണം. തന്റെ ചുറ്റപാടും ആരെങ്കിലും ഭക്ഷണം ലഭിക്കാതെ കഷ്ടപ്പെടുന്നുണ്ടെങ്കിൽ അവന് ഒരുപിടി ചോറ് വാങ്ങി കൊടുത്തോ, ഉടുക്കാൻ ഒരു കീറ് തുണികഷ്ണമില്ലാത്തവനെ നല്ല വസ്ത്രം ധരിപ്പിച്ചോ ആകണം ഇത്തരം ആഘോഷങ്ങളെ നമ്മൾ കൊണ്ടുനടക്കേണ്ടത്.
മുന്പ് സൂചിപ്പിച്ചത് പോലെ തന്നെ നമ്മുടെ കുടുംബങ്ങളിലും മുകളിലെ ആഘോഷങ്ങൾ പോലെ നിരവധി ആചാരനുഷ്ടാനങ്ങൾ നടക്കാറുണ്ട്. ഓരോ ചടങ്ങിനും കൈയയച്ച് നമ്മൾ പണം ചിലവഴിക്കുന്നു. ഇതുകൊണ്ടൊക്കെ ഉദ്ദേശിച്ച ഫലം ലഭിക്കാറുണ്ടോ എന്ന് പോലും നമ്മൾ പിന്നീട് ചിന്തിക്കാറില്ല. ഇന്ന് മലയാളി ഏറ്റവുമധികം ചിലവഴിക്കുന്നത് വിവാഹത്തിനും, വീടുവെപ്പിനുമാണ്. അതിൽ കേവലം ഒരുദിവസത്തെ ചടങ്ങായ വിവാഹങ്ങൾക്ക് വേണ്ടിയാണ് ഏറ്റവുമധികം പണം നമ്മൾ ചിലവഴിക്കുന്നത്. വിവാഹത്തിന് ക്ഷണിച്ച ആളെ നേരിൽ കണ്ട് കൈ കൊടുക്കുക എന്നതിൽ കവിഞ്ഞ് ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് ഒരു ലക്ഷ്യവും അതിഥികളായി എത്തുന്നവർക്കില്ല എന്നതല്ലെ സത്യം. ഫോട്ടോഗ്രാഫർമാരുടെയും, വീഡിയോഗ്രാഫർമാരുടെയും മുഖ്യ കാർമികത്വത്തിൽ കഴിയുന്ന വിവാഹത്തിന് ശേഷം ഉടനെ തന്നെ അടുത്ത ചടങ്ങായ ആഹാരം കഴിക്കലിലേയ്ക്ക് ഓടിപോകുന്നു. പരസ്പരം ഉന്തിയും തള്ളിയും ചതഞ്ഞരഞ്ഞിട്ടാണ് ഒരു നേരത്തേ ആഹാരത്തിനായി മിക്കവരും ഹാളിൽ എത്തുന്നത്. പലരുടെയും തിരക്ക് കണ്ടാൽ ഇത്രയും കാലമായി പട്ടിണിയിൽ ആയിരുന്നുവെന്ന് തോന്നിപോകും. പരസ്പരം കുടുംബങ്ങൾ ഒത്ത് ചേരേണ്ട, മനസിലാക്കേണ്ട ഇത്തരം പരിപാടികളിൽ പോലും ആരും ആരെയും അറിയാതെ അപരിചതരെ പോലെ പിരിഞ്ഞുപോകുന്ന ഒരു അവസ്ഥ ഏറെ സങ്കടകരമാണ്. ആഹാരം കഴിക്കാൻ വേണ്ടി മാത്രമല്ല ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നതെന്ന് തിരിച്ചറിയാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. കേവലം ഫോർമാലിറ്റികളായി ജീവിതത്തിലെ ഓരോ പരിപാടികളും മാറുന്പോഴാണ് യന്ത്ര മനുഷ്യനും നമ്മളും തമ്മിൽ വലിയ വ്യത്യാസ
മില്ലാതെയാകുന്നത്.
കേരളത്തിൽ കഴിഞ്ഞ ദിവസം ധാരാളം നബിദിനറാലികളും, ക്രിസ്തുമസ് ആഘോഷജാഥകളും കണ്ടു കൺനിറഞ്ഞവരാണ് നമ്മൊളൊക്കെ. തീർച്ചയായും ഇതൊക്കെ നല്ലത് തന്നെ. പക്ഷെ ഇത്തരം റാലികളും, ജാഥകളും ആഘോഷചടങ്ങുകളും സംഘടിപ്പിക്കുന്നവർ സാധാരണ ജനസമൂഹത്തിന്റെ ആവശ്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ടെന്നാണ് എന്റെ അഭിപ്രായം. എറാണകുളം പോലെയുള്ള നഗരങ്ങളിൽ ഇത്തരം പ്രകടനങ്ങൾ നടക്കുന്പോൾ മണിക്കൂറുകളോളമാണ് ഗതാഗത തടസമുണ്ടാകുന്നത.് ഇതിൽ പെട്ട് ചിലപ്പോൾ പ്രസവ വേദനയെടുത്ത് പിടയുന്ന പൂർണ ഗർഭിണി മുതൽ, ആബുലൻസിൽ അവസാന ശ്വാസം വലിക്കുന്ന അപ്പച്ചൻമാർ വരെ ഉണ്ടാകാം. അതുകൊണ്ട് തന്നെ ഇത്തരം ജാഥകളെ റോഡിന്റെ ഒരു വശത്തേക്ക് മാറ്റി നടത്തിക്കാനുള്ള സംവിധാനം സംഘാടകർ തന്നെയുണ്ടാക്കണം. ഇത് ഏത് പാർട്ടിയായാലും, മതമായാലും, വർഗ്ഗമായാലും ചെയ്യേണ്ടതുണ്ട്. ജാഥ നടത്താനുള്ള സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനമാണ് വഴി നടക്കാനുള്ള സ്വാതന്ത്ര്യവും എന്ന് ഓർമ്മിപ്പിക്കട്ടെ..