ക്രിസ്ത്്−മസ് ഓർമ്മിപ്പിക്കുന്നത്..
ഡിസംബറിന് ഏറെ പ്രത്യേകതകളുണ്ട്. നമ്മുടെ നാട്ടിലും ഗൾഫ് നാടുകളിലും ഒരുപോലെ മഞ്ഞുപൊഴിയുന്ന നേരമാണിത്. പതിനൊന്ന് മാസങ്ങൾ സമ്മാനിച്ച ജീവിതസംഘർഷങ്ങളെ ഈ മഞ്ഞുതുള്ളികൾ അലിയിച്ചു കളയുന്നു. ചുറ്റിലുമുള്ള തണുപ്പ് ശരീരത്തിലേയ്ക്കും പടർന്നുകയറുന്പോൾ അകലെ എവിടെയെങ്കിലും ജിംഗിൾ ബെല്ലും പാടി ഒരു കരോൾ സംഘം വരുന്നുണ്ടാകും. പഞ്ഞികെട്ട് പോലെയുള്ള താടിയും വെച്ച് തലയിൽ ചുകന്ന തൊപ്പിയുമായി പ്രിയപ്പെട്ട അപ്പൂപ്പനും കുട്ടി
കളും പാട്ടും പാടിവരുന്പോൾ വീണ്ടും മനസൊന്ന് തണുക്കും. വെറുതെ ഇരുന്ന് ടെൻഷൻ അടിക്കാൻ മാത്രമല്ല, ഇടയ്ക്കൊക്കെ ആടാനും പാടാനും കൂടിയാണീ ജീവിതം എന്ന് ഓർമ്മിപ്പിക്കുന്നു അവർ.
ഡിസംബറിന്റെ അവസാനത്തോടെ ക്രിസ്തുമസ് ദിനം എത്തുന്പോഴേക്കും ലോകമെന്പാടും ആഘോഷത്തിന്റെ ലഹരിയിലേയക്ക് കൂടുമാറും. ദിവസങ്ങൾക്കപ്പുറത്ത് ഒരു കലണ്ടർ വർഷം കൂടി മാറി മറയുന്പോൾ പുതിയത് നേടാനും എത്തിപിടിക്കാനുമൊക്കെയുള്ള പ്രത്യാശ മനസ്സുകളിൽ പടരുന്നു.
മാറുന്നത് വെറും ഒരു അക്കമാണെങ്കിലും ആ മാറ്റത്തെ നമ്മൾ പരസ്പരം ആഘോഷിക്കുന്നു. ഇതുവരെയുണ്ടായതിൽ നിന്നും എന്തെങ്കിലുമൊക്കെ വ്യത്യസ്തത പുതിയ വർഷം തൊട്ടുണ്ടാകുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നു.
നിങ്ങളെന്താണോ വിചാരിക്കുന്നത് നിങ്ങൾ അതായി തീരുമെന്നാണ് ഉപനിഷത്തുകൾ നമ്മോട് പറയുന്നത്. സന്തോഷത്തെ പറ്റി വിചാരിച്ചാൽ സന്തോഷമാണ്, ദുഃഖത്തെ പറ്റി വിചാരിച്ചാൽ ദുഃഖവും. പ്രകാശത്തിലേയ്ക്ക് നോക്കുന്പോൾ മനസ് പ്രകാശിക്കുന്നതായി തോന്നും, ഇരുട്ടാണെങ്കിൽ മനസ് മടുത്തുപോകും. ഒരു ക്രിസ്തുമസ് കേക്കിന്റെ കഷ്ണത്തിലേയ്ക്ക് നോക്കുന്പോൾ നമ്മുടെ നാവിൻ തുന്പിൽ മധുരം വന്നുനിറയും. ഇതൊക്കെ കൊണ്ട് തന്നെയാണ് മനസ് എന്നത് നമ്മുടെ തന്നെ സ്വയം സൃഷ്ടിയാണെന്ന് പറയുന്നത്.
സാധാരണ മനുഷ്യനെ പോലെ ജനിച്ചുവളർന്ന ഒരു മനുഷ്യൻ തന്നെയായിരുന്നു യേശുവും. എന്നാൽ കോടിക്കണക്കിന് പേർ അദ്ദേഹത്തെ ദൈവപുത്രനെന്ന് വിളിച്ച് ആരാധിക്കുന്നു. അതിന്റെ കാരണങ്ങൾ വളരെ ലളിതമാണ്. സാധാരണ മനുഷ്യൻ കാണുന്നത് പോലെയായിരുന്നില്ല അദ്ദേഹം ഈ ലോകത്തെ കണ്ടിരുന്നത്. വയലിലെ ഒരു ലില്ലി ചെടി കണ്ടാൽ അതിന്റെ പൂർണമായ സൗന്ദര്യത്തെ ഉൾക്കൊളുവാൻ ആ കണ്ണുകൾക്ക് കഴിഞ്ഞിരുന്നു. ആകാശത്തിലെ പറവകളുടെ സന്തോഷം കണ്ട് കവിതകൾ ചൊല്ലാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. നാളെയ്ക്ക് തിന്നാനുള്ളത് നേരം വെളുക്കുന്പോൾ ആ പറവകൾക്ക് ദൈവം എത്തിച്ചുകൊടുക്കുമെന്ന് ആത്മാർത്ഥമായി അദ്ദേഹം ഉറപ്പിച്ചിരുന്നു.
യേശുവിന് മുന്പ് ഇവിടെ ബുദ്ധൻ ഉണ്ടായിരുന്നു. ഈ ലോകത്തുള്ള ദുഃഖങ്ങളുടെ കാരണം നമ്മൾ തന്നെ നമ്മുടെ മനസിലേയ്ക്ക് സൃഷ്ടിച്ചു കൊടുത്തിരിക്കുന്ന തൃഷ്ണകൾ ആണെന്ന് അദ്ദേഹം ബോധ്യപ്പെടുത്തി. ഇങ്ങിനെ ഈ ലോകം കണ്ടിട്ടുള്ള മഹാൻമാരായ പ്രവാചകരൊക്കെ നമ്മോട് പറഞ്ഞിരിക്കുന്നത് നമ്മുടെ മനസിനെ സ്വസ്ഥമാക്കി വെക്കാനാണ്. അതുകൊണ്ടാണ് ഇവരൊക്കെ കേവലം ചരിത്ര പുരുഷൻമാരായി മാറാതെ കാലാതീതരായി മാറിയത്. നമുക്ക് സങ്കൽപ്പിക്കാൻ പോലും പറ്റാത്ത വലിയൊരു ലോകത്തിന്റെ ചെറിയൊരുമൂലയിലുള്ള താരവ്യൂഹത്തിന്റെ ഇടയിലെ ഒരു കൊച്ചുസൂര്യന്റെ ചുറ്റിലും കറങ്ങുന്ന വെറുമൊരു മൺകട്ടയാണ് ഈ ഭൂമിയെന്നത് പലപ്പോഴും നമ്മൾ മറന്നുപോകുന്നു. ഈ മൺകട്ടയുടെ ഒരു മൂലയിൽ ദൈവമെന്ന് വിളിക്കപ്പെടുന്ന പ്രപഞ്ചശക്തിയെ തളച്ചിടാനാണ് കേവലം വർഷങ്ങളുടെ ആയുസ് മാത്രമുള്ള നമ്മൾ മനുഷ്യരുടെ ശ്രമം. ഇന്ന് നമ്മൾ പരസ്പരം കതകുകൾ അടച്ചിട്ടാണ് ജീവിക്കുന്നത്. നമ്മൾ കരുതുന്നത് പ്രപഞ്ചത്തിന്റെ ഈ വലിയ സൃഷ്ടാവ് നമ്മുടെ ഈ ചെറിയ കതകുകൾക്കുള്ളിൽ സുരക്ഷിതനാണെന്നാണ്. അവനെ ആരും ഉപദ്രവിക്കില്ലെന്നാണ്. എല്ലായിടത്തും മതിലുകൾ കെട്ടിപൊക്കിയിരിക്കുന്നു.
പരിശുദ്ധ ഖുറാനിൽ ഒരു വാക്യമുണ്ട്. നിങ്ങളുടെഹൃദയത്തിനുള്ളിലെ ഞരന്പിനെക്കാൾ നിങ്ങളോട് അടുത്തിരിക്കുന്നവനാണ് അള്ളാഹുവെന്ന്. പലപ്പോഴും ഇത്തരം വാക്കുകളെ അതിന്റെ സൂക്ഷ്മമായ അർത്ഥത്തിൽ അല്ല നമ്മൾ എടുക്കുന്നത് എന്ന് മാത്രം. ഈ ഒരു തിരിച്ചറിവാണ് ഇന്നത്തെ മാനവരാശിക്ക് വേണ്ടതെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് എല്ലാവർക്കും ക്രിസ്തുമസിന്റെയും, നബിദിനത്തിന്റെയും സ്നേഹം നിറഞ്ഞ ആശംസകൾ നേരുന്നു.