മാനസമിത്രത്തിന്റെ മിത്രങ്ങൾ...

“നിവിൻ പോളി പറഞ്ഞത് പോലെ ആ കുന്ത്രാണ്ടം എടുത്ത് ചെവിയിലേയ്ക്ക് വെച്ചു കഴിഞ്ഞാൽ പിന്നെ ചുറ്റുമുള്ളതെല്ലാം നമ്മൾ മറന്നുപോകും. രാവിലെ മുതൽ സായിപ്പിന്റെ തെറി വിളിയാ. വൈകുന്നേരം കിടക്കപ്പായയിൽ വീഴുന്നത് മാത്രമാ പിന്നെ ഓർമ്മ. പാവം മക്കൾ. അമ്മേ എന്ന് വിളിച്ചാൽ പോലും ഞാൻ ഇപ്പോൾ കേൾക്കാറില്ല. എന്നും എപ്പോഴും ചിരിച്ചു കൊണ്ട് ബൊമ്മയെ പോലെ നമ്മളിങ്ങിനെ യെസ് സാർ ഹൗ ക്യാൻ ഐ ഹെൽപ്പ് യു എന്ന് ചോദിച്ചുകൊണ്ടേയിരിക്കണം...” ഇൻഫോർക്കിലെ കാൾസെന്ററിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന തൊട്ടപ്പുറത്തെ ഫ്ളാറ്റിലെ ചേച്ചി എന്റെ ഭാര്യയോട് പറഞ്ഞുകൊണ്ടേയിരുന്നു.
നമ്മുടെ നാട് ഇന്ന് ഔട്ട്സോഴ്സിങ്ങ് ജോലികൾക്ക് ഏറെ പ്രിയങ്കരമായ ഇടമാണ്. ലോകമെന്പാടുമുള്ള രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി ജോലികളാണ് ഇത്തരത്തിൽ നമ്മുടെ നാട്ടിൽ ചെയ്തു തീർക്കുന്നത്. കേരളത്തിൽ തിരുവനന്തപുരവും, കൊച്ചിയുമാണ് പ്രധാനമായും ഐടി തൊഴിലാളികളുടെ ആസ്ഥാനങ്ങൾ. സാധാരണ ലഭിക്കുന്നതിനേക്കാൾ അൽപ്പം മെച്ചപ്പെട്ട ശന്പളമാണ് ഇത്തരം ജോലികളുടെ പ്രധാന ആകർഷണം. പക്ഷെ ഈ ജോലികൾ ചെയ്യുന്നവർക്ക് ശാരീരകമായും മാനസികമായും പലവിധ പ്രശ്നങ്ങളെ നേരിടേണ്ടി വരുന്നുണ്ടെന്നത് സത്യമാണ്. അതിൽ പ്രധാനപ്പെട്ടത് ജോലിയുടെ സ്ഥിരതയില്ലായ്മ തന്നെയാണ്. പുറംപണി ജോലിയായതുകൊണ്ട് തന്നെ സത്യത്തിൽ ഇവിടെ ഔട്ട് സോഴ്സിങ്ങ് ജോലി നൽകുന്ന കന്പനികൾക്കും തങ്ങളുടെ ജീവനക്കാരോട് ജോലി സ്ഥിരതയെ പറ്റി ഉറപ്പ് പറയാൻ സാധിക്കില്ല. വളർച്ച കൂട്ടാനായി തങ്ങൾ ജീവനക്കാരെ ട്രിം ചെയ്യുന്നു എന്ന് പറഞ്ഞാണ് മിക്കവരും ഏറെ വർഷം ജോലി ചെയ്തവരെ പുറത്താക്കുന്നത്. ചിലപ്പോഴൊക്കെ പെർഫോമൻസ് കുറഞ്ഞുപോയെന്ന കാരണവും കന്പനികൾ കണ്ടെത്തുന്നു.
ഇത്തരം കന്പനികളിൽ മഹാഭൂരിപക്ഷത്തിനും തൊഴിൽ കരാറുകൾ ഉണ്ടാവുമെങ്കിലും കന്പനിക്ക് എന്ന് വേണമെങ്കിലും തൊഴിലാളിയെ പിരിച്ചുവിടാനോ, തൊഴിലാളിക്ക് തന്നെ മറ്റൊരിടത്തേയ്ക്ക് എപ്പോൾ വേണമെങ്കിലും പോകാനോ സാധിക്കുന്ന തരത്തിലുള്ള കരാറായിരിക്കും അത്. തൊഴിലാളി രാജിവെയ്ക്കാനോ അതോ അവരെ പുറത്താക്കാൻ കന്പനിയോ തീരുമാനിച്ചാൽ എത്രയും പെട്ടെന്ന് ആ കർമ്മം നടത്താനാണ് മിക്കവരും താത്പര്യപ്പെടുന്നത്. അതുകൊണ്ട് തന്നെ നോട്ടീസ് പിരിഡിലെ ശന്പളം അങ്ങോട്ടോ ഇങ്ങോട്ടോ മുൻകൂർ നൽകി പിരിയുകയാണ് പതിവ്.
ഔട്ട് സോഴ്സിങ്ങ് മേഖലയിൽ പ്രവർത്തിക്കുന്നവരിൽ ഭൂരിഭാഗവും വിദ്യാഭ്യാസപരമായി നല്ല യോഗ്യതയുള്ളവരും തൊഴിൽപരമായി വളർച്ച ആഗ്രഹിക്കുന്നവരുമാണ്. അവർ ഒരു കന്പനിയിൽ തന്നെ വർഷങ്ങളോളം നിന്ന് പോകണമെന്ന തോന്നലിൽ നിൽക്കുന്നവരല്ല. ഇപ്പോൾ കിട്ടുന്നതിനേക്കാൾ അൽപ്പം കൂടുതൽ കിട്ടിയാൽ എത്രയും പെട്ടന്ന് അതിനെ പറ്റി തീരുമാനമെടുക്കുന്നവരാണ് അവർ. അതു പോലെ തന്നെയാണ് കന്പനികളും. വലിയ ശന്പളം വാങ്ങുന്നവർ യഥാർത്ഥത്തിൽ അതിന് യോഗ്യരാണോ എന്ന സംശയം പലപ്പോഴും കന്പനികൾക്കും ഉണ്ടാവുന്നു. തന്റെ യൗവ്വന കാലത്ത് ഒരു ദിവസം പതിനാറും, പതിനെട്ടും മണിക്കൂറുകൾ ജോലി ചെയ്ത് ആത്മാർത്ഥത പ്രകടിപ്പിച്ച ആൾക്ക് വയസ് കൂടുന്പോൾ ആ സ്പീഡ് നിലനിർത്താൻ കഴിയണമെന്നില്ല. അപ്പോൾ അദ്ദേഹത്തെ പിരിച്ച് വിട്ടാൽ പതിനാറ് മണിക്കൂർ ജോലി ചെയ്യുന്ന ചുറുചുറുക്കുള്ള മൂന്ന് ജൂനിയർ ജോലിക്കാരെ ആ ഒരു ശന്പളം കൊണ്ട് എടുക്കാമെന്ന് കന്പനികളും കരുതുന്നു എന്ന് ചുരുക്കം.
ജോലി സ്ഥിരത ഇല്ലാത്തത് കൊണ്ട് പ്രധാനമായും ഇവരെ അലട്ടുന്ന പ്രശ്നം തൊഴിൽ സുരക്ഷ എന്ന മിത്തിൽ വാങ്ങിക്കൂട്ടിയ ലോണുകൾ എന്നിവയാണ്. വാഹന വായ്പ, ഹോം ലോൺ, ഒപ്പം ക്രെഡിറ്റ് കാർഡിലെ തിരിച്ചടവുമൊക്കെ എങ്ങനെ കൈകാര്യം ചെയ്യും എന്ന് തന്നെയാണ് ആ പ്രശ്നം. പിരിച്ചുവിടപ്പെട്ടവരാണെങ്കിൽ പെർഫോർമൻസ് കുറഞ്ഞവർ എന്ന ചാപ്പയും കൂടി ഇവരുടെ പുറത്ത് പതിയും. അതു കൊണ്ട് തന്നെ അടുത്ത ജോലി ലഭിക്കലിനെപ്പറ്റി
യും ഇവർ ആശങ്കപ്പെടുന്നു.
സ്മാർട്ട് സിറ്റി കൊച്ചിയിൽ 2016 ആദ്യം വരുമെന്നാണ് കേൾക്കുന്നത്. അപ്പോഴെക്കെങ്കിലും ഈ ഒരു തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മതിയായ പരിഗണനയും, നിയമപരിരക്ഷയും ആവശ്യമാണെന്ന് തന്നെയാണ് ആദ്യം സൂചിപ്പിച്ച സങ്കടംപറച്ചിൽ പോലും നമ്മോട് പറയുന്നത്. ഒടുവിൽ ശുഭരാത്രി പറഞ്ഞ് അവർ പോകു
ന്പോൾ തമാശയ്ക്ക് ഒരു ഗുളികയെ പറ്റി പറഞ്ഞു. മാനസമിത്രമെന്നാ
ണ് അതിന്റെ പേര്. അത് കഴിച്ചില്ലെങ്കിൽ ഇവർക്കൊന്നും ഉറക്കം പോലും കിട്ടില്ലത്രെ!!