ഇതെന്താണ് ഭായി...


നമ്മുടെ കൊച്ചുകേരളവും പതുക്കെ പ്രതിമ രാഷ്ട്രീയത്തിലേയ്ക്ക് നടന്നുകയറുന്ന സുന്ദരമുഹൂർത്തമാണല്ലോ ആഗതമായിരിക്കുന്നത്. മുൻമുഖ്യമന്ത്രിയുടെ പ്രതിമ മാലോകർക്ക് തുറന്ന് കാണിക്കാൻ ബഹുമാന്യ പ്രധാനമന്ത്രി തന്നെ എത്തുന്നു. പങ്കെടുക്കാൻ ആദ്യം ക്ഷണിച്ചിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രിയോട് ആ ഭാഗത്തേയ്ക്ക് തന്നെ അടുത്തു പോകരുതെന്ന് കീലേരി അച്ചു ൈസ്റ്റലിൽ സംഘാടകന്റെ അപേക്ഷ നിറഞ്ഞ ഭീഷണി. എന്നാലും എന്നോട് അങ്ങിനെ പറഞ്ഞല്ലോ എന്ന നീട്ടി പിടിച്ച കരച്ചിലുമായി ചാണ്ടി സാർ. ഇന്നലെ വരെ ഇയാൾക്കെന്ത് യോഗ്യത എന്ന് ചോദിച്ചവർ, എന്താ നമ്മുടെ മുഖ്യന് ഒരു യോഗ്യതകുറവെന്ന് ചോദിച്ച് പിന്നാലെ. ഇങ്ങിനെ സംഭവബഹുലമായ മറ്റൊരു രാഷ്ട്രീയനാടകത്തിന് കൂടി തിരശ്ശീല ഉയരുകയാണ് ദൈവത്തിന്റെ സ്വന്തം നാട്ടിൽ. 

എന്തായാലും സാധാരണക്കാരന്റെ രോമത്തിൽ പോലും തൊടാത്ത ഇത്തരം അളിഞ്ഞുനാറിയ വിഷയങ്ങളിലേയ്ക്കൊന്നും കടക്കാൻ ഇപ്പോൾ തോന്ന്യാക്ഷരത്തിനും താത്പര്യമില്ല. പകരം മലയാളികളെ പ്രത്യേകിച്ച് ഗൾഫ് പ്രവാസികളെ ചിന്തിപ്പിക്കേണ്ട ഒരു വിഷയത്തിലേയ്ക്കാണ് നമ്മുടെ സഞ്ചാരം. മുന്പും ഇതേ വിഷയത്തെ പറ്റി ചർച്ച ചെയ്തിട്ടുണ്ടെങ്കിലും എന്നും ഇത് കാലികപ്രസക്തം തന്നെയാണ്്. നമ്മുടെ നാട്ടിൽ തൊഴിൽ എടുത്ത് ജീവിക്കുന്നവരുടെ എണ്ണത്തിൽ മൂന്നിലൊന്ന് പേർ അന്യസംസ്ഥാന തൊഴിലാളികളായി മാറിയിട്ടുണ്ട് എന്ന സന്തോഷ വിവരമാണ് നിങ്ങളെ ഏവരെയും അറിയിക്കാനുള്ളത്. ആസൂത്രണ ബോർഡ് നടത്തിയ പഠനത്തിലാണ് ഈ വിവരം തെളിഞ്‍ഞിട്ടുള്ളത്. നാട്ടിലേയ്ക്ക് കഷ്ടപ്പെട്ട് പണം അയക്കുന്നവരാണ് ഗൾഫ് മലയാളികൾ എന്ന് ആവർത്തിച്ച് പറഞ്ഞ് സ്വയം ആശ്വസിക്കുന്നവരാണല്ലോ നമ്മൾ പ്രവാസികൾ. എന്നാൽ സാധാരണക്കാരനായ ഗൾഫ് മലയാളി അയക്കുന്നതിനേക്കാൾ വലിയ തുകയാണത്രെ നമ്മുടെ നാട്ടിലെ അന്യസംസ്ഥാന തൊഴിലാളികൾ അവരുടെ നാട്ടിലേയ്ക്ക് ഇപ്പോൾ അയച്ചു കൊണ്ടിരിക്കുന്നത്. 

പച്ചക്കറി, പഴം, പലവ്യഞ്ജനം, മീൻ എന്നീ കടകളിലും, ലോണ്ടറികൾ, ബ്യൂട്ടി പാർലർ, വഴിയോര തട്ടുകടകൾ തൊട്ട് ഫൈവ് സ്റ്റാർ ഹൊട്ടലുകൾ വരെയുള്ള സ്ഥാപനങ്ങളിലും, വീട്ടുപണി, കൈക്കോട്ട് പണി, മരപ്പണി തുടങ്ങി മേലനങ്ങി ചെയ്യേണ്ട എല്ലാ ജോലികളിലും ഇപ്പോൾ കൂടുതലും അന്യസംസ്ഥാന ഭായിമാരാണത്രെ നമ്മുടെ നാട്ടിൽ ജോലി ചെയ്യുന്നത്. മെഡിക്കൽ സ്റ്റോറുകൾ, സ്വർണ്ണകടകൾ, മൊബൈൽ ഷോപ്പുകൾ തുടങ്ങിയ അൽപ്പം ചില സ്ഥലങ്ങളിൽ മാത്രമാണ് ഇപ്പോൾ ഇവരുടെ അസാന്നിദ്ധ്യം അനുഭവപ്പെടുന്നത്. സാങ്കേതിക പരിജ്ഞാന കുറവും, ഇംഗ്ലീഷ് പറയാനുള്ള ബുദ്ധിമുട്ടുമാണ് ഇതിൽ നിന്ന് അവരെ മാറ്റിനിർത്തുന്ന പ്രധാന ഘടകം. പക്ഷെ സമീപ ഭാവിയിൽ തന്നെ ഇവരിലെ രണ്ടാം തലമുറ അതു പഠിച്ചെടുത്തേക്കാം. 

ഇവരിൽ മഹാഭൂരിപക്ഷവും ബംഗാളിൽ നിന്നാണ് ഇവിടെ എത്തുന്നത്. കൂടാതെ ജാർഖണ്ഡ്, അസം, ബിഹാർ, യു.പി, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നും ധാരാളം പേർ ഇവിടെ ജോലി ചെയ്യുന്നു. ഇവരിൽ 97 ശതമാനം പേരും അവരുടെ നാട്ടിലേയ്ക്ക് പണമയക്കുന്നവരാണ്. മാസം കുറഞ്ഞത് പതിനായിരം മുതൽ 15000 വരെയാണ് മിക്കവരും അയക്കുന്നത്. ഗൾഫിൽ ഇത്തരം ജോലി ചെയ്യുന്നവർ നാട്ടിലേയ്ക്ക് അയക്കുന്നതും ഏകദേശം ഇതേ തുകയാണ്. 

ഇതാണ് ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥയെങ്കിൽ കുടുംബങ്ങളിൽ നിന്ന് അകന്ന് എന്തിനാണ് പ്രവാസലോകത്ത് ഇപ്പോഴും വലിയ വരുമാനം ഉണ്ടാക്കാൻ സാധിക്കാത്തവർ അവിടെ തന്നെ പിടിച്ചുനിൽക്കുന്നതെന്ന് ചിന്തിച്ചുപോയാൽ തെറ്റ് പറയാൻ സാധിക്കുമോ. ബഹ്റിനിൽ ഇപ്പോൾ പൊതുമാപ്പിന്റെ സമയമാണ്. ഈ മാസം 31ന് ആ സുവർണ്ണാവസരത്തിന്റെ കാലാവധിയും തീരും. അപ്പോഴും നമ്മുടെ കൂട്ടത്തിൽ ചിലരുണ്ടാകും, വിസയും രേഖകളും ഒന്നുമില്ലാതെ. കുറച്ചു കാലം കൂടി ഇവിടെ പിടിച്ചുനിൽക്കാം എന്ന വ്യാമോഹവുമായി. നമ്മുടെ നാട്ടിൽ പുറത്ത് നിന്ന് വന്ന തൊഴിലാളികൾ അയക്കുന്ന പൈസയുടെ പകുതി പോലും രണ്ട് മാസം കൂടുന്പോൾ വരെ അയക്കാൻ സാധിക്കാത്ത ഇവരെയാണ് പ്രവാസി സംഘടനകൾ കണ്ടെത്തി നാട്ടിലേയ്ക്ക് അയക്കാൻ ശ്രമിക്കേണ്ടത്. കാരണം ഇവർ നഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നത് അൽപ്പം കുറച്ച് നാണയതുട്ടുകൾ മാത്രമല്ല, മറിച്ച് അവരുടെ വിലയേറിയ ജീവിതനിമിഷങ്ങൾ തന്നെയാണ്് !!

You might also like

Most Viewed