നിയന്ത്രണത്തിൽ അല്ലാത്ത ഇറക്കങ്ങൾ...


നഗരത്തിരക്കിൽ നിന്നും മാറി പ്രകൃതിയുടെ മടിത്തട്ടിലേയ്ക്ക് ഇടയ്ക്കൊക്കെ നടത്താറുള്ള യാത്രകളാണ് ജീവിതത്തിലെ തന്നെഏറ്റവും നല്ല അനുഭവങ്ങളായി പിന്നീട് മാറിയിട്ടുള്ളത്. വൃശ്ചികമാസത്തിന്റെ കുളിര് പരന്ന് തുടങ്ങുന്പോൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അങ്ങിനെ നടത്താറുള്ള ഒരു പതിവ് പ്രക്രിയയാണ് ശബരിമല യാത്ര. ഇത്തവണ കൊച്ചിയിൽ നിന്ന് കെ.എസ്.ആർ.ടി.സി നടത്തുന്ന സ്പെഷ്യൽ ബസ് സർവ്വീസിൽ കയറി തനിച്ച് നടത്തിയ യാത്രയും നല്ല ഓർമ്മകളാൽ സന്പന്നമായി എന്ന് തന്നെ പറയാം. 

ഇന്നത്തെ കാലത്ത് ഭൂരിഭാഗം മനുഷ്യരുടെയും ജീവിതം ഒരുയന്ത്രത്തിന് സമാനമാണെന്ന് പറഞ്ഞാൽ അതിൽ തെറ്റില്ല എന്നുതന്നെയാണ് എന്റെ വിശ്വാസം. കൃത്യസമയത്ത് ഉണരുകയും, ഉറങ്ങുകയും, ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്യുന്ന ഈ യന്ത്രങ്ങൾക്കും ഇടയ്ക്കൊക്കെ ഒരു സർവ്വീസ് ആവശ്യമാണ്. ശരീരത്തിനെയും മനസ്സിനെയും ഒന്ന് റീഫ്രെഷ് ചെയ്യാൻ ഈ സർവ്വീസ് സഹായിക്കുന്നു. കംപ്യൂട്ടർ ഭാഷയിൽ വൈറസുകളെ ഇല്ലാതാക്കി ലോഗൗട്ട് ചെയ്ത് വീണ്ടും ഒന്ന് റീസ്റ്റാർട്ട് ചെയ്യുന്ന പ്രക്രിയകളാണ് ഇത്തരത്തിലുള്ള ഒരിടവേള നൽകുന്നത്. മൊബൈൽ ഫോണൊക്കെ ഓഫാക്കി വെച്ചിട്ടായിരുന്നു ഇത്തവണത്തെ യാത്രയെങ്കിലും ഇ‍ടയ്ക്കൊക്കെ ആ ഫോണിന് വേണ്ടി ബാഗിനുള്ളിലേയ്്ക്ക് ഞാൻ പോലുമറിയാതെ എന്റെ കൈകൾ നീളുന്പോഴാണ് ഈ ഒരു യന്ത്രം നമ്മുടെ ശരീരത്തിന്റെ തന്നെ ഭാഗമായി മാറി പോകുന്ന ദുരവസ്ഥയെ പറ്റി ചിന്തിച്ചുപോയത്്. 

വാർത്തകളിൽ കേട്ടത് പോലെ അത്ര മലിനമല്ലാത്ത പന്പാനദിയിൽ പുലർച്ചെയുള്ള മുങ്ങിക്കുളിയും കഴിഞ്ഞ്, മലമുകളിലേയ്ക്കുള്ള നടത്തത്തിൽ കൂടെ മലയാളികൾ കുറവായിരുന്നു. കൂടുതലും തെലുങ്ക്, തമിഴ് ഭാഷ സംസാരിക്കുന്നവർ. അൽപ്പം വയസ്സായ ഒരു കന്യാകുമാരി സ്വദേശിയെ വഴിനീളെ സംസാരിക്കാൻ കിട്ടി. നിരന്തരമായി എല്ലാ വർഷവും ഇവിടെ വരുന്നയാൾ. ഇപ്പോൾ മലകയറ്റമൊന്നും അതികഠിനമല്ലാതായി എന്ന് തമിഴ് കലർന്ന മലയാളത്തിൽ പറഞ്ഞ അദ്ദേഹം, കല്ലും മുള്ളും കാലുക്ക് മെത്തൈ എന്നൊക്കെ പറഞ്ഞ കാലമൊക്കെ പോയി എന്ന അഭിപ്രായക്കാരനായിരുന്നു. മൂന്ന് മണിക്കൂറോളം അൽപ്പം കിതച്ചും ഇടയ്ക്കിടെ വിശ്രമിച്ചും നടന്നതിന് ശേഷമായിരുന്നു വളരെ നീണ്ട ക്യൂ ആരംഭിച്ചത്. വിവിധ വർഗ്ഗം, വേഷം, ഭാഷ, ജാതി, മതം, സന്പത്ത് തുടങ്ങി മനുഷ്യൻ സൃഷ്ടിച്ച വേർതിരിവുകൾ ഒന്നും തന്നെ കണക്കിലെടുക്കാതെ പരസ്പരം തൊട്ടുരുമ്മി ആർക്കും ആരോടും പരിഭവമില്ലാതെ നിൽക്കുന്ന ആ ക്യൂ എന്തിനും ഏതിനും വ്യത്യാസങ്ങൾ മാത്രം കണ്ടെത്താൻ ശ്രമിക്കുന്ന ഇന്നത്തെ സമൂഹത്തോട് തീർച്ചയായും പലതും വിളിച്ചു പറയുന്നുണ്ട്. പുലർച്ചകൾ മാത്രം സമ്മാനിക്കുന്ന ഒരു പ്രത്യേക മണമുണ്ട്. ആ ഗന്ധവും ആസ്വദിച്ച്, കാടിന്റെ വന്യതയിൽ ഇടയ്ക്കിടെ ദൂരത്ത് വലിയ മരച്ചില്ലകളിൽ ഇളകിയാടുന്ന കുരങ്ങൻമാരെയും, മലയണ്ണാനെയും ഒക്കെ നോക്കി ഏകദേശം മൂന്നര മണിക്കൂറോളമായിരുന്നു ആ ക്യൂ. ഒടുവിൽ പതിനെട്ട് പടിയും പോലീസുകാരുടെ സഹായത്തോടെ പിടിച്ചുകയറി ഞാൻ തന്നെ നീ എന്ന് ഓരോ നിമിഷവും ഉരുവിട്ട് പഠിപ്പിക്കുന്ന തത്വമസിയുടെ മുന്നിൽ. നിറഞ്ഞൊഴുകുന്ന ഭക്തൻമാർക്കിടയിലൂടെ ക്യാമറകളുടെ ബഹളവുമായി ചാനൽ പ്രവർത്തകർ ഓടി നടക്കുന്നു. കൂടെ ഭഗവാന് പാറാവ് നിൽക്കാൻ പല നിറത്തിലുള്ള യൂണിഫോം ധരിച്ച പോലീസുകാരും. രണ്ട് മണിക്കൂറോളം അവിടെ കഴിഞ്ഞതിന് ശേഷം മലയിറക്കം. 

മലകയറ്റത്തെക്കാൾ കഠിനമാണ് മലയിറക്കം എന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു ആ യാത്ര. വഴിക്ക് വെച്ച് പരിചയപ്പെട്ട സുഹൃത്ത് പറഞ്ഞത് പോലെ കയറ്റം നമ്മുടെ നിയന്ത്രണത്തിലായിരിക്കും. എന്നാൽ ഇറങ്ങുന്പോൾ യാതൊരു നിയന്ത്രണവും നമുക്കുണ്ടായിരിക്കില്ല. വലിയൊരു ജീവിതദർശനമാണത്. കഴിഞ്ഞ ദിവസം ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തനായ ഒരു സിനിമാ സംവിധായകൻ ചെന്നൈയിലെ മഴക്കെടുതി കാരണം ഒരു കുപ്പിവെള്ളത്തിനായി ക്യൂ നിൽക്കുന്ന ചിത്രം കാണുകയുണ്ടായി. അദ്ദേഹത്തിന്റെ ആ അവസ്ഥ ആരെയും ചിന്തിപ്പിക്കേണ്ടതാണ്. ഒരു മല കയറികൊണ്ടിരിക്കുന്പോൾ, അവിടെയുള്ള ഓരോ കൊടുമുടിയും കീഴടക്കി മുന്നേറുന്പോൾ പലപ്പോഴും മലയുടെ താഴെ സംഭവിക്കുന്ന കാര്യങ്ങൾ പലരും അറിയാറില്ല. അവിടെ ചിലപ്പോൾ ചിലർ ഒരു തുരങ്കം പണിഞ്ഞുകൊണ്ടേയിരിക്കുന്നുണ്ടാകും. നമ്മൾ അഹങ്കരിച്ചുകൊണ്ടിരിക്കുന്ന മലയുടെ അസ്തിവാരം പോലും ഇളക്കുന്ന തരത്തിൽ വലിയൊരു തുരങ്കം! അതുകൊണ്ട് തന്നെ ജാഗ്രതൈ!!

You might also like

Most Viewed