വേണ്ടത് ശാശ്വതപരിഹാരം...


എണ്ണവിലയിടിവും, അരക്ഷിതമായ സാന്പത്തികാവസ്ഥയും, മാറി മാറി വരുന്ന രാഷ്ട്രീയകാലാവസ്ഥയും ബഹ്റിനടക്കമുള്ള പല ഗൾഫ് രാജ്യങ്ങൾക്കും ഇന്ന് സമ്മാനിക്കുന്നത് അത്ര നല്ല വാർത്തകളല്ല. അത്തരം ഭയപ്പാടിന്റെ നിഴലിൽ നിൽക്കുന്പോൾ തന്നെയാണ് ഇവിടെ താമസിക്കുന്ന വലിയൊരു ശതമാനം വിദേശികളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന പല തീരുമാനങ്ങളും അണിയറയിൽ തയ്യാറായി കൊണ്ടിരിക്കുന്നത്.

ഇത്രയും കാലം പ്രവാസികൾക്ക് അനുവദിച്ചിരുന്ന മാംസ സബ്സിഡി പോലെയുള്ള ചില കിഴിവുകൾ എടുത്തു കളഞ്ഞു കൊണ്ടായിരുന്നു പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്താനുള്ള നീക്കം ഗവൺമെന്റ് ആരംഭിച്ചത്. ഇതോടൊപ്പം വൈദ്യുതി, വെള്ളം തുടങ്ങിയ വിവിധ സേവനങ്ങൾക്ക് വിദേശികൾക്ക് നികുതി ചുമത്താനും വിവിധ രാഷ്ട്രീയകക്ഷിനേതാക്കൾ ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിരയിൽ  ഏറ്റവും ഒടുവിലായി വന്നത് ബഹ്റിൻ റോഡിൽ സ്വകര്യവാഹനങ്ങൾ ഉപയോഗിക്കുന്ന വിദേശികൾക്ക് പ്രത്യേകമായി നൂറ് ദിനാർ വാർഷിക നികുതി ഇടാക്കണമെന്ന നിർദേശമാണ്.

വർദ്ധിച്ച ജീവിത ചിലവ് കാരണം ഇപ്പോൾ തന്നെ വല്ലാതെ ബുദ്ധിമുട്ടുന്ന പ്രവാസികളിലെ മധ്യവർഗം ഇത്തരം ചിലവുകളെ എങ്ങിനെ നേരിടും എന്ന ആശങ്കയിലാണ് ഇപ്പോൾ കഴിയുന്നത്.  

ബഹ്റിൻ എന്ന ഈ രാജ്യത്തിന്റെ സർവോൻമുഖമായ പുരോഗതിക്ക് വേണ്ടി ആഹോരാത്രം കഷ്ടപ്പെടുന്ന വിഭാഗമാണ് ഇവിടെയുള്ള ഓരോ വിദേശിയും. അവരെ സംബന്ധിച്ചടുത്തോളും മാതൃരാജ്യം മറ്റൊന്നാണെങ്കിൽ തന്നെയും എത്രയോ വർഷമായി 
അവരുടെ പോറ്റമ്മയാണ് ബഹ്റിൻ. ഈ രാജ്യത്തിന് വേണ്ടി വിദേശികൾ ചെയ്തിട്ടുള്ള സേവനങ്ങളെ പറ്റി എത്രയോ തവണ ഏറെ പ്രശംസിച്ചിട്ടുള്ളവരാണ് ഇവിടെയുള്ള നന്മ നിറഞ്ഞ ഭരണാധികാരികൾ. അതു പോലെ തന്നെ ഇവിടെയുള്ള  ഒരു വിദേശി പോലും ഈ രാജ്യത്തിന്റെ തകർച്ചയോ, ബുദ്ധിമുട്ടോ കാണാൻ തയ്യാറാവില്ലെന്നുറുപ്പാണ്. അതിനുവേണ്ടി  പൊതുവായി ഗവൺമെന്റ് ആസൂത്രണം ചെയ്യുന്ന എന്ത് തരം ചിലവ് നിയന്ത്രണ പരിപാടികളിലും അവരും പങ്കാളികളാകും എന്ന് തന്നെ ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു. എന്നാൽ അതേ സമയത്ത് ഇത്തരം നിയന്ത്രണങ്ങൾ ഇവിടെയുള്ള വിദേശികൾക്ക് വേണ്ടി മാത്രമായി ചുരുക്കപ്പെടുന്പോൾ അവരിൽ അതുണ്ടാക്കുന്നത് വല്ലാതൊരു വേദനയും, ഒറ്റപ്പെടലിന്റെ അനുഭവവുമായിരിക്കും എന്നത് ഉറപ്പാണ്. 

ഈ രാജ്യം പ്രവാസികളെ പഠിപ്പിച്ചിരിക്കുന്നത് പരസ്പരം പങ്ക് വെക്കുവാനും ഒന്നിച്ച് നിൽക്കുവാനുമാണ്. അതിന് കടകവിരുദ്ധമായ നിലപാടായിരിക്കും അത്തരം തീരുമാനങ്ങൾ ഉണ്ടാക്കുക. ഇവിടെ ഇപ്പോൾ കഴിയുന്ന ബഹുഭൂരിപക്ഷം പ്രവാസികളും വലുതായി ഒന്നും സന്പാദിക്കാത്തവർ തന്നെയാണ്. അവരുടെ സന്പത്തിന്റെ അറുപത് മുതൽ എഴുപത് ശതമാനം വരെ അവർ ഇവിടെ തന്നെ ചിലവഴിക്കുന്നു. പലർക്കും ഇവിടെ ലഭിക്കുന്ന വരുമാനം അവരുടെ നാട്ടിൽ ജോലി ചെയ്താലും ലഭിക്കുമെങ്കിലും അവിടെയുള്ള നികുതി കാരണമാണ് എത്രയോ പേർ ബഹ്റിൻ പോലുള്ള രാജ്യങ്ങളിലേയ്ക്ക് കുടിയേറിയത്. സമാനമായ നികുതികൾ ഇവിടെയും ആരംഭിച്ചാൽ പിന്നെ വിദേശികൾ ഈ രാജ്യത്തേയ്ക്ക് വരാനോ, ഇവിടെ തങ്ങാനോ മടിക്കും. ഈ രാജ്യത്തിന്റെ മിക്ക മേഖലകളിലും ഇന്നും പണം ഏറ്റവും അധികം ചെലവഴിക്കുന്നത് വിദേശികളാണ്. എത്രയോ കെട്ടിടങ്ങളിൽ വാടകയ്ക്ക് താമസിക്കുന്നവരും വിദേശികൾ തന്നെ. ഇതൊക്കെ നേരിട്ടോ അല്ലാതെയോ ഇവിടെയുള്ള നല്ലവരായ സ്വദേശികൾക്ക് ഗുണം ചെയ്യുന്നവയാണ് എന്നു കൂടി കണക്കിലെടുക്കേണ്ടതുണ്ട്. 

കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന തരത്തിലുള്ള ക്രിയാത്മകമായ നിർദ്ദേശങ്ങളാണ് ഈ നേരത്ത് ഉയർന്നുവരേണ്ടത് എന്നാണ് ഭൂരിപക്ഷം വിദേശികളും വിശ്വസിക്കുന്നത്. ഉത്പാദന രംഗത്ത് ഇപ്പോഴും വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കാത്ത രാജ്യമാണ് ബഹ്റിൻ. ഉപഭോക്ത രാജ്യമായി ഒതുങ്ങി പോയാൽ ഭാവിയിൽ ഈ രാജ്യം നേരിടാൻ പോകുന്നത് ഇപ്പോഴുള്ളതിനേക്കാൾ വലിയ പ്രശ്നമായിരിക്കും. സാന്പത്തിക ബുദ്ധിമുട്ട് എന്നത് കാലികമായിട്ടുള്ള ഒരു കാര്യമാണ്. അത് ഒരു ചക്രം പോലെ കറങ്ങിയും തിരിഞ്‍ഞും വരും. അതിനെ നേരിടാൻ കുറച്ച് സബ്സിഡി കുറച്ചത് കൊണ്ടോ പുതിയ നികുതികൾ ഏർപ്പെടുത്തിയത് കൊണ്ടോ ശാശ്വത പരിഹാരം ഉണ്ടാകണമെന്നില്ല. നവീനമായ ആശയങ്ങൾ കൊണ്ട് എന്നും അതിശയിപ്പിച്ചിട്ടുള്ള ബഹ്റിൻ്റെ പ്രിയ ഭരണാധികാരികൾ ഇത്തരം ഞെട്ടിപ്പിക്കുന്ന  തീരുമാനങ്ങളെടുക്കില്ലെന്ന പ്രത്യാശയോടെ... 

You might also like

Most Viewed