ഇരുട്ടിനെ സ്നേഹിക്കുന്നവർക്കായി...
ഇന്ത്യയുടെ രാഷ്ട്രപതിയായ പ്രണബ് മുഖർജ്ജി കഴിഞ്ഞ ദിവസം അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ നടത്തിയ മനോഹരമായ ഒരു പ്രസംഗമാണ് ഈ കോളത്തിൽ നൽകുന്നത്. ഇന്ന് ഏറ്റവും പ്രസക്തമാണ് ആ പ്രസംഗമെന്ന് മനസ് പറയുന്നു. അതിൽ തന്നെയുള്ള ഏറ്റവും
പ്രധാനപ്പെട്ട വാചകങ്ങളാണ് താഴെ നൽകുന്നത്.
‘ഹൃദയകുഞ്ജി’ന്റെ വരാന്തയിൽ മുന്പും ഞാൻ ഇരുന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ശക്തമായ സാമ്രാജ്യത്തെ മുട്ടുകുത്തിച്ച ആ മെലിഞ്ഞ മനുഷ്യൻ ജീവിച്ച ഇടമാണിത്. ഈ കുടിലിന്റെ വരാന്തയിലിരിക്കുന്പോൾ വലിയ പ്രതീക്ഷകളും പുതിയ സ്വപ്നങ്ങളും എന്റെ മനസ്സിൽ നിറഞ്ഞിട്ടുണ്ട്, എന്നും.
ഗാന്ധിജിയെ ലോകത്തിന് ഏറ്റവുമധികം ആവശ്യമുള്ള ഒരു കാലത്താണ് ഇന്നു നമ്മൾ ജീവിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളും സന്ദേശവും ലോകമാകെ പ്രചരിപ്പിക്കുക എന്ന നമ്മുടെ ഉത്തരവാദിത്തം ഇന്ന് മറ്റെന്നത്തേക്കാളുമേറെ പ്രസക്തമാണ്, പ്രധാനമാണ്. എല്ലാ വിഭാഗങ്ങൾക്കും തുല്യതയുള്ള, എല്ലാ ജനങ്ങൾക്കും ഒരേ പോലെ അവസരങ്ങൾ കിട്ടുന്ന ഇന്ത്യയാണ് ഗാന്ധിജി വിഭാവനം ചെയ്തത്. വൈവിധ്യങ്ങളെ ആഘോഷിക്കുന്ന, സമഭാവന വേരോടിയ, ജനങ്ങൾ ഏകമനസ്സോടെ മുന്നോട്ടു സഞ്ചരിക്കുന്ന രാജ്യമായി അദ്ദേഹം ഇന്ത്യയെ കണ്ടു.
രാജ്യത്തെ ഏറ്റവും അടിത്തട്ടിലുള്ള ആളെ എങ്ങനെ ബാധിക്കുന്നുവെന്നാലോചിച്ചു വേണം നമ്മുടെ ഓരോ പ്രവൃത്തികളുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യയിൽ ആ വ്യക്തി മിക്കപ്പോഴും ഒരു സ്ത്രീയോ ദലിതനോ ആദിവാസിയോ ആയിരിക്കും. നമ്മൾ ചെയ്യുന്നത് അയാളെ സംബന്ധിച്ച് അർത്ഥവത്താണോ എന്നു നമ്മൾ നിരന്തരം ചോദിച്ചുകൊണ്ടിരിക്കണം. കരുതലിന്റെ ഈ പാഠമാണ് ഗാന്ധിജി നമുക്കു നൽകിയ ഏറ്റവും പ്രധാനപ്പെട്ട പൈതൃകമെന്നു ഞാൻ കരുതുന്നു. ഏറ്റവും ദരിദ്രരായവരെ ശാക്തീകരിക്കാനുള്ള ദൗത്യം നമ്മൾ ഒറ്റക്കെട്ടായി ഏറ്റെടുക്കണം. രാജ്യത്തെ എല്ലാവരുടെയും ക്ഷേമവും നന്മയും ഉറപ്പുവരുത്താൻ നമ്മൾ പരസ്പരം ചുമതലപ്പെട്ടിരിക്കുന്നു.
മനുഷ്യനായിരിക്കുക എന്നതിന്റെ സത്ത പരസ്പരവിശ്വാസമാണ്. നമുക്കു ചുറ്റും ഇന്നു കാണുന്ന പലവിധമായ നാശങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നതും അതാണ്. പരസ്പര വിശ്വാസത്തിന്റെയും അപരനോടുള്ള ചുമതലാബോധത്തിന്റെയും ആവശ്യകതയെക്കുറിച്ച്. മുൻപില്ലാത്തവിധമുള്ള സംഘർഷങ്ങളും ഹിംസയുമാണ് ഓരോദിവസവും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഹിംസകളുടെയും ആക്രമണങ്ങളുടെയും ഉള്ളിലുള്ളത് ഇരുട്ടും ഭയവും പരസ്പരമുള്ള അവിശ്വാസവുമാണ്. സംഘർഷങ്ങളെയും ഹിംസയെയും നേരിടാൻ ആധുനികമായ മാർഗ്ഗങ്ങളും ആയുധങ്ങളുമൊക്കെ കണ്ടെത്തുന്പോഴും നമ്മൾ മറക്കരുത്; അഹിംസയുടെയും വിവേചനബുദ്ധിയുടെയും സംവാദത്തിന്റെയും ശക്തി, ഗാന്ധി കാണിച്ചു തന്ന വഴിയുടെ തെളിച്ചം.
അഹിംസ എന്നാൽ മുറിപ്പെടുത്താതിരിക്കുക എന്നു മാത്രമല്ല. ഇരുട്ടിനെ അകറ്റി പ്രകാശം പരത്താൻ ശേഷിയുള്ള ധാർമ്മികമായ വെളിച്ചം കൂടിയാണത്. ആ വെളിച്ചമാവണം നമ്മളെ ഇനിയും മുന്നോട്ടു നയിക്കേണ്ടത്. സത്യത്തിൽ ജീവിക്കുന്നവർക്ക്, സത്യത്തെ ദൈവത്തെയെന്ന പോലെ ഉപാസിക്കുന്നവർക്ക്, മറ്റുള്ളരുടെ ജീവനെടുക്കാൻ കഴിയില്ല, പകരം സ്വന്തം ജീവൻ ബലി നൽകാനേ കഴിയൂ. ആ പാഠം നമ്മെ മുന്നോട്ടു നയിക്കണം. സമൂഹത്തിലെ എല്ലാത്തരം ഹിംസയും, നേരിട്ടുള്ളതും വാക്കുകൾ കൊണ്ടുള്ളതും, തുടച്ചു നീക്കണം. അത്തരം സമൂഹത്തിൽ മാത്രമേ, ഏറ്റവും ദുർബ്ബലരായവർക്കും ജനാധിപത്യത്തിൽ പങ്കാളികളാകാൻ കഴിയൂ.
ഇന്ത്യയിൽ യഥാർത്ഥ മാലിന്യമുള്ളത് തെരുവുകളിലല്ല, നമ്മുടെ മനസ്സുകളിലാണ്. സമൂഹത്തെ ‘അവരും നമ്മളും’ എന്നും ‘ശുദ്ധവും അശുദ്ധവും’ എന്നും വേർതിരിക്കുന്ന കാഴ്ചപ്പാടുകളെ തള്ളിക്കളയാൻ കഴിയാത്ത മനസ്സുകളിലാണ് മാലിന്യം. ‘സ്വച്ഛ് ഭാരത് മിഷൻ’ നമ്മൾ ആരംഭിച്ചിട്ടുണ്ട്. അതു വിജയമാക്കാൻ നമ്മളെല്ലാം പരിശ്രമിക്കണം. കൂടുതൽ വിശാലവും തീവ്രവുമായ ഒരു ശ്രമത്തിന്റെ തുടക്കമായി വേണം നമ്മൾ സ്വച്ഛ് ഭാരതിനെ കാണാൻ, അത് മനസ്സുകളെ ശുദ്ധീകരിക്കാനുള്ള ശ്രമം കൂടിയാകണം. ഗാന്ധിജി ഒരിക്കൽ ടഗോറിന് എഴുതി: ‘നാലുചുറ്റും ചുമരുകളാൽ അടയ്ക്കപ്പെട്ട വീടല്ല എനിക്കു വേണ്ടത്. എന്റെ വീട്ടിൽ എല്ലാ നാടിന്റെയും സംസ്കാരങ്ങൾ സ്വതന്ത്രമായി കാറ്റുപോലെ കയറിയിറങ്ങണം’. സ്വന്തം വിശ്വാസങ്ങളിൽ അത്രമേൽ ഉറപ്പുള്ളവർക്കും സ്വന്തം സംസ്കാരത്തിൽ അത്രമേൽ വേരൂന്നി നിൽക്കുന്നവർക്കും മാത്രമേ ഇത്തരത്തിൽ തുറന്ന വീടുകളിൽ, സ്വതന്ത്ര സമൂഹത്തിൽ ജീവിക്കാൻ കഴിയൂ. ചിന്തകളുടെയും കാഴ്ചപ്പാടുകളുടെയും സംസ്കാരങ്ങളുടെയും വൈവിധ്യങ്ങൾക്കെല്ലാം നേരെ വാതിലടക്കുകയാണു നമ്മൾ ചെയ്യുന്നതെങ്കിൽ ഒരിക്കലും പുതുകാറ്റ് കടക്കാത്ത, അടഞ്ഞ ഇരുട്ടുമുറികൾക്കുള്ളിൽ കഴിയാനാണ് നമ്മൾ തീരുമാനിക്കുന്നത് എന്നാണ് അതിനർത്ഥം.
സംസ്കാരം എന്നതിനു സവിശേഷമായ ഒരു വാക്കാണ് ഗാന്ധിജി ഉപയോഗിച്ചത്-സുധാർ. നല്ല പാതയെന്നോ ശരിയായ പാതയെന്നോ മാത്രമല്ല ‘സുധാർ’ എന്ന വാക്കിന്റെ അർത്ഥം, എല്ലാ സംസ്കൃതികളെയും ഒന്നായി കാണുന്നത് എന്നു കൂടിയാണ്. ഗാന്ധിജി സ്വപ്നം കണ്ട സുധാറിന്റെ യഥാർത്ഥ മാതൃകയായി ഇന്ത്യയെ മാറ്റിയെടുക്കാൻ നമുക്കു കൈകൾ കോർക്കാം, അതിനായി പ്രതിജ്ഞ ചെയ്യാം.