മഴ കൊണ്ട് മാത്രം...
“എന്റെ പേര് പ്രസന്ന വെങ്കിട്ട് റാം എന്നാണ്. അമേരിക്കൻ സോഫ്റ്റ് വെയർ കന്പനിക്ക് വേണ്ടി സിസ്റ്റം അനാലിസ്റ്റ് ആയി ചെന്നൈയിൽ ജോലി ചെയ്യുന്നു. ഇരുപത് ലക്ഷത്തോളം രൂപയാണ് എന്റെ വാർഷിക വരുമാനം. കൂടാതെ ചെന്നൈയിൽ തന്നെ എനിക്ക് സ്വന്തമായി ഒരു ത്രീ ബെഡ്റൂം ഫ്ളാറ്റുണ്ട്. ഒരു ലക്ഷം രൂപയുടെ ക്രൈഡിറ്റ് ലിമിറ്റ് ഉള്ള രണ്ട് ക്രെഡിറ്റ് കാർഡുകളും, ബാങ്ക് ബാലൻസായി ഇപ്പോൾ 6,50,000 രൂപയും ഉണ്ട്. ഇന്നലെ വരെ ഞാൻ എന്റെ ശന്പളം പതിനഞ്ച് ശതമാനമെങ്കിലും കൂട്ടുന്നതിനെപറ്റിയായിരുന്നു വേവലാതിപ്പെട്ടിരുന്നത്. എന്നാൽ ഈ നിമിഷം ഞാൻ ആഗ്രഹിക്കുന്നത് കുടിക്കാൻ അൽപ്പം ശുദ്ധജലവും, കഴിക്കാൻ എന്തെങ്കിലും ഭക്ഷണവുമാണ്. കാരണം ഞാൻ ഇപ്പോൾ നിൽക്കുന്നത് എന്റെ തന്നെ ഫ്ളാറ്റിന്റെ ടെറസിലാണ്. ഫ്ളാറ്റിന് പുറത്തേയ്ക്ക് ഒന്നിറങ്ങാൻ പോലും വല്ലാതെ പെയ്തുകൊണ്ടിരിക്കുന്ന മഴ സമ്മതിക്കുന്നില്ല.”
കഴിഞ്ഞ ദിവസം ചെന്നൈയിലെ മഴ ദുരിതവുമായി ബന്ധപ്പെട്ട് ബഹ്റിനിലെ പ്രിയപ്പെട്ട ഒരു സുഹൃത്ത് ഫോർവേർഡ് ചെയ്ത സന്ദേശമാണിത്. പ്രകൃതിയുടെ വിക−ൃതികൾക്ക് മുന്പിൽ മനുഷ്യൻ എത്ര മാത്രം ചെറുതാണെന്ന് വളരെ ചെറിയ വാക്കുകളിൽ വിവരിക്കുന്ന ഈ സന്ദേശത്തിന് വലിയ മാനങ്ങളാണ് ഈ കാലത്ത് നമ്മൾ നൽകേണ്ടത്. ജലദൗർലഭ്യം രൂക്ഷമായ, വലിയ പ്ലാസ്റ്റിക് കുടങ്ങളുമായി മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട, ചുട്ടു പൊരിയുന്ന കാലവസ്ഥയുള്ള ഒരു സ്ഥലമാണ് നമ്മൾ മലയാളികൾക്ക് ചെന്നൈ അല്ലെങ്കിൽ മദിരാശി പട്ടണം. അവിടെ ഒരു നൂറ്റാണ്ടിനു ശേഷം ഉണ്ടായിരിക്കുന്ന മഹാമാരി ആ നഗരത്തിന്റെ ചിന്താഗതിയെ തന്നെ മാറ്റിയിരിക്കുന്നു എന്നതിന്റെ സൂചനയാണ് മുകളിലെ സന്ദേശം. പലതും നേടിയെന്ന് അഹങ്കരിച്ച് മദിച്ച് നടക്കുന്പോൾ പ്രകൃതിയുടെ തിരിച്ചടികൾക്ക് മുന്നിൽ ഇപ്പോഴും മനുഷ്യൻ എത്ര മാത്രം നിസ്സഹായനാണ് എന്നതിന് മറ്റൊരു ഉദാഹരണമാണ് ഈ മഴപെയ്ത്ത്. ഒരുനിമിഷവും പാഴാക്കാതെ സന്പാദിച്ച് കൂട്ടുന്ന പണത്തിന് പോലും ഇവിടെ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. പണം കെട്ടികിടന്നിരുന്ന എ.ടി.എം കൗണ്ടറുകൾ പോലും വെള്ളം നിറഞ്ഞു നശിച്ചിരിക്കുന്നു. പണം കൈയിലുള്ളവർ ആണെങ്കിൽ പുറത്തേക്കു ഇറങ്ങാൻ കഴിയാതെ, ഇറങ്ങിയാൽ ആ പണം ഉപയോഗിച്ച് ഒരു കുഞ്ഞുമെഴുകുതിരി പോലും വാങ്ങാൻ കഴിയാത്ത അവസ്ഥയിലുമായി. ഏതു നേരവും തിക്കും, തിരക്കുമായി തല ഉയർത്തി നിന്ന ഒരു നഗരം മഴക്കെടുതിയിൽ പകച്ചു നിന്നപ്പോൾ ഇന്ത്യയും ഈ ലോകവും അക്ഷരാർത്ഥത്തിൽ കുറച്ച് നേരത്തേക്കെങ്കിലും വല്ലാതെ ഭയന്നു എന്നത് സത്യമാണ്.
ചെന്നൈ നഗരത്തിൽ താമസിക്കുന്നവരിൽ നല്ലൊരു ഭാഗം ജനങ്ങൾ കേരളം ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നും ജോലിതേടിയും, തൊഴിൽ ചെയ്തും അവിടെ കൂടിയവരാണ്. നമുക്ക് ഓരോരുത്തർക്കും അവിടെ ബന്ധുക്കൾ ഉണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലൊക്കെ അവരെ വിളിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടവരിൽ ഞാനും നിങ്ങളും ഒക്കെ ഉണ്ട്. മൊബൈൽ ഫോണിന്റെ ബാറ്ററി തീരുന്നുവെന്ന പ്രിയപ്പെട്ടവരുടെ ഒടുവിലെ ആ മെസേജ് നോക്കി ഇപ്പോഴും നെടുവീർപ്പിടുന്നവരും ധാരാളം. ഇവിടെ ദുരിതമഴ പെയ്തപ്പോൾ അവിടെയുള്ള എല്ലാ ആരാധനാലയങ്ങളും പൊതുസമൂഹത്തിനായി തുറക്കപ്പെട്ടത് ജാതിമതരാഷ്ട്രീയ തിമിരം ബാധിച്ചവരുടെ കണ്ണുതുറപ്പി
ക്കേണ്ട സംഭവമാണ്. ഒരു അപകടം വന്നാൽ ജാതിമതരാഷ്ട്രീയ ഭേദമന്യേ ആരും എവിടെയും അഭയം തേടുമെന്ന ആ തിരിച്ചറിവാണ് ഇന്നത്തെ ലോകത്തിന് ആവശ്യം. അതോടൊപ്പം ചെന്നൈയുടെ ദുരിതത്തിൽ കൈത്താങ്ങാകാൻ ഈ ലോകം മുഴുവനും ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാഴ്ച്ചയും മനുഷ്യസ്നേഹികളെ സന്തോഷിപ്പിക്കുന്ന ഒന്നാണ്.
പ്രകൃതി ദുരന്തങ്ങൾ ആരുടേയും കുത്തകയല്ലെന്ന് തിരിച്ചറിയേണ്ട നേരമാണിത്. ചെന്നൈയിലെ മഴയ്ക്ക് പിന്നാലെ കൊച്ചിയിൽ ചെറുതായി മഴ ചാറിയെന്ന് ടെലിവിഷനിൽ വാർത്തകൾ നിറഞ്ഞപ്പോൾ ഓഫീസിലെ സഹപ്രവർത്തകന് അദ്ദേഹത്തിന്റെ നാട്ടിൽ നിന്നും പരിഭ്രാന്തിയോടെയുള്ള ഫോൺവിളി വന്നത് ഓർത്തുപോകുന്നു. മനുഷ്യൻ തന്റെ ആവശ്യങ്ങൾക്കായി പ്രകൃതിയെ അതിക്രമിക്കുന്പോൾ എന്നെങ്കിലും ഒരിക്കൽ അത് തിരിച്ചടിക്കും എന്നതിന് തെളിവാണ് ഈ ദുരന്തങ്ങളൊക്കെ. ഇത്തരം ദുരന്തങ്ങളാണ് മനുഷ്യത്വമാണ് ഈ ലോകത്ത് ഏറ്റവും വലുതെന്നു നമ്മെ പഠിപ്പിക്കുന്നത്. എന്തൊക്കെ നേടി എന്ന് നമ്മൾ അഹങ്കരിച്ചാലും ഒരു മഴയ്ക്കോ, കാറ്റിനോ, ഭൂമി കുലുക്കത്തിനൊ നമ്മളെ തെരുവിൽ എത്തിക്കാൻ നിമിഷങ്ങൾ കൊണ്ട് കഴിയുമെന്ന് മനസ്സിലാക്കുക. ഈ പ്രകൃതിയില്ലെങ്കിൽ നമ്മൾ ആരും ഒന്നുമല്ലെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു കൊണ്ട് ചെന്നയിലെ ജനങ്ങൾക്ക് വേണ്ടി, പ്രാർത്ഥിച്ച് കൊണ്ട്...