കൈവിടുന്ന മെസ്സേജുകൾ
പേജർ എന്നൊരു ഉപകരണത്തെ നമ്മളിൽ മിക്കവരും ഇന്ന് മറന്നിട്ടുണ്ടാകും. പരസ്പരം സന്ദേശങ്ങൾ അയക്കാൻ സഹായിച്ചിരുന്ന ആ പേജറിന്റെ പിന്നാലെയാണ് കൈവെള്ളയിൽ കൊണ്ടുനടക്കാൻ സാധിക്കുന്ന മൊബൈൽ ഫോണുകൾ നമ്മുടെ ചിന്തകളെ കീഴടക്കിയത്. സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്നതിനോടൊപ്പം തന്നെ സംസാരിക്കാനും സഹായിക്കുന്ന ഉപകരണമായി മൊബൈൽ കടന്നുവന്നപ്പോൾ നമ്മുടെ ശരീരത്തിന്റെ തന്നെ മറ്റൊരു ഭാഗമായി അത് മാറുകയായിരുന്നു.
ഇന്‍റർനെറ്റിന്റെ കടന്നുവരവോടെയാണ് ചാറ്റ് ഗ്രൂപ്പുകളും, അതിനുള്ള സംവിധാനങ്ങളും സജീവമായത്. ഓർക്കൂട്ടിലായിരുന്നു നമ്മൾ പലരും ഹരിശ്രീ കുറിച്ചത്. ഇന്ന് ഓർക്കൂട്ടില്ല. അതിന് ശേഷം ഫേസ്ബുക്ക് എന്ന കപട മുഖ പുസ്തകം പ്രചാരത്തിലായി. ഫേസ്ബുക്കിന് ശേഷം വന്നതാണ് വാട്സ് ആപ്പ് എന്ന സൗജന്യസന്ദേശവാഹകൻ. ഭൂമിക്കു കീഴെ നടക്കുന്ന എന്തിനെ പറ്റിയും അടുപ്പമുള്ള ഒരു കൂട്ടം ആളുകളോട് പങ്കുവെയ്ക്കാനുള്ള ചാറ്റ്് എൻജിൻ പ്ലാറ്റ്ഫോമായ വാട്സ് ആപ്പ് പോലുള്ള സങ്കേതങ്ങൾ വലിയൊരു പരിധി വരെ ഇന്നിന്റെ സമൂഹത്തിന് നൽകുന്ന കൊച്ചു
കൊച്ചു സന്തോഷങ്ങൾ നൽകുന്നുണ്ട്. സുഹൃത്തുക്കൾ മാത്രമല്ല, കുടുംബത്തിലെ മറ്റ് അംഗങ്ങൾ, സഹപ്രവർത്തകർ തുടങ്ങി ആർക്കും ഒരു ഗ്രൂപ്പായി കൂട്ടുകൂടാനും തർക്കിക്കാനും ഇണങ്ങാനും പിണങ്ങാനുമെല്ലാമുള്ള ഇടം ഇവിടെയുണ്ട്. ചിത്രങ്ങൾ, വീഡിയോ, ഓഡിയോ എന്നിങ്ങനെ ആശയവിനിമയത്തിന്റെ എല്ലാ സാധ്യതകളുമുപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ പങ്കുവെയ്ക്കാൻ വാട്സ് ആപ്പിലൂടെ സാധിക്കുന്നു. ഇന്റർനെറ്റ് ചാർജ്ജ് ഒഴിച്ചാൽ തികച്ചും സൗജന്യമാണ് വാട്സാപ്പിന്റെ സേവനം.
ഗുണങ്ങളേറെയുണ്ടെങ്കിലും വാട്സ് ആപ്പിന്റെ ദോഷങ്ങളും വലുതാണ്. കുടുംബ ബന്ധങ്ങളിലേയ്ക്ക് വാട്സ് ആപ്പ് നുഴഞ്ഞുകയറ്റം നടത്തിയാൽ ബന്ധത്തിൽ വിള്ളൽ വീഴുമെന്നുറപ്പാണെന്ന് അനുഭവസ്ഥർ തന്നെ പറയുന്നു. പലരും വാട്സ് ആപ്പ് ഒരുക്കുന്ന തടവറകളിലാണ് താമസം. ഊൺമേശയിലും, കിടപ്പുമുറിയിലും, എന്തിന് ടോയ്ലറ്റിൽ പോലും വാട്സ് ആപ്പ് നിങ്ങളെ അനുഗമിക്കുന്നുണ്ടെങ്കിൽ ഓർക്കുക, നിങ്ങൾ അതിന് അടിമകളായിക്കഴിഞ്ഞിരിക്കുന്നു എന്ന്. താനും താനടങ്ങുന്ന ഗ്രൂപ്പുമായി ഇത്തരക്കാരുടെ ലോകം ചെറുതാകും. വിശാലമായി ചിന്തിക്കാനോ, ചുറ്റും നടക്കു
ന്ന കാര്യങ്ങളെ ശരിയായി വിശകലനം ചെയ്യാനോ ഇവർക്ക് സാധിക്കില്ല. അലസത, മടി, അനാരോഗ്യകരമായ ജീവിത ശൈലി എന്നിവയ്ക്കു വരെ വാട്സ് ആപ്പ് അഡിക്ഷൻ കാരണമാകാം. കൈത്ത
ണ്ടയിലും വിരലിന്റെ അറ്റത്തും വേദന ഉണ്ടാക്കുന്ന ‘വാട്സാപ്പിറ്റിസ്’ എന്ന രോഗമാണ് വാട്സ് ആപ്പ് അടിമകളെ കാത്തിരിക്കുന്ന മറ്റൊരു കെണി. ഇവകൂടാതെ കണ്ണിലെ സ്വാഭാവിക ഈർപ്പം നഷ്ടപ്പെടുന്നതിനും ഇത് കാരണമാകും.
രാവിലെ എഴുന്നേറ്റ് ഗുഡ്മോണിങ്ങ് പറയുന്നത് മുതൽ ജീവിതത്തിലെ ഓരോ കാര്യങ്ങളും വാട്‌സ് ആപ്പിലിടുന്നവരുടെ എണ്ണം നമ്മുടെ ഇടയിൽ കൂടി വരികയാണ്. ‘എഴുന്നേറ്റു, പല്ലുതേച്ചു,
കുളിച്ചു...’ തുടങ്ങി ഏറ്റവും സ്വകാര്യമായ കാര്യങ്ങൾ വരെ വാട്‌സ്ആപ്പിലൂടെ മെസേജുകളായി കറങ്ങുന്നുണ്ട്. നെറ്റുണ്ടെങ്കിൽ ഫോൺ കൈയിലെടുക്കുന്ന ആർക്കും വാട്സ് ആപ്പ് മെസ്സേജുകൾ കാണാനാവും. അതുകൊണ്ട് തന്നെ ഏറെ ശ്രദ്ധിച്ച് കൈക്കാര്യം ചെയ്യേണ്ട ഒന്നാണ് ഈ വാട്സ് ആപ്പ്. കഴിഞ്ഞ ദിവസം കോഴിക്കോട് ആത്മഹത്യ ചെയ്ത ഒരു പോലീസുകാരനെ പറ്റിയുള്ള വേദനിപ്പിക്കുന്ന വാർത്ത നിങ്ങളും വായിച്ചിരിക്കും. വാട്‌സ്ആപ്പിൽ അറിയാതെ പറ്റിയ ഒരു കൈപ്പിഴയാണ് സ്വന്തം ജീവൻ ഇല്ലാതാക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. തന്റെ മക്കൾ സ്‌കൂൾ വിട്ടു വരുന്നതിനു മുന്പ്, നാണക്കേടുകളില്ലാത്ത ലോകത്തേക്കു പോകാൻ തിടുക്കത്തിലെടുത്ത ആ തീരുമാനം ഒരു മനുഷ്യന്റെ ആത്മാഭിമാനത്തിനും ആത്മഹത്യക്കുമിടയിലുള്ള അതിർവരന്പ് എത്ര നേർത്തതാണെന്നു ഒരിക്കൽ കൂടി ഈ ലോകത്തോടു വിളിച്ചുപറയുന്നു.
വാട്സ് ആപ്പ് വഴി അയയ്ക്കുന്ന മെസ്സേജുകളും ചിത്രങ്ങളും ഓഡിയോയും വീഡിയോയും എല്ലാം നൂറു ശതമാനം സ്വകാര്യമല്ലെന്ന് ഓർക്കാതെയാണ് നമ്മൾ പലതും ഷെയർ ചെയ്യുന്നത്. അതുപോലെ വാട്സ് ആപ്പിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന ചിത്രങ്ങൾ ഓട്ടോമാറ്റിക് ആയി സേവ് ആകുമെന്ന കാര്യം ഓർക്കുക. പല ഗ്രൂപ്പുകളിൽ നിന്നും നമ്മുടെ അനുമതിയില്ലാതെ കടന്നു വരുന്ന ചില ചിത്രങ്ങളും വീഡിയോകളും നമ്മുടെ മക്കളോ പ്രിയപ്പെട്ടവരോ കണ്ടാൽ അതുണ്ടാക്കുന്ന മാനഹാനി ചെറുതായിരിക്കില്ല. എല്ലാവരും കൂടെയുണ്ട് എന്നൊരു ഫീലിങ് ആണ് വാട്സ് ആപ്പ് ഗ്രൂപ്പുകളെ പോലുള്ള സങ്കേതങ്ങൾ നമുക്ക് നൽകുന്നത്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ആ തുണ ഉണ്ടായേക്കണമെന്നില്ല. ജീവനുള്ള സൗഹൃദങ്ങൾക്കാണ് ഏറെ പ്രാധാന്യമെന്നും, യന്ത്രങ്ങൾ മനുഷ്യരുടെ ജീവിതത്തെ മെച്ചപ്പെടുത്താനുള്ളതാണെന്ന് മനസിലാക്കുകയുമാണ് വേണ്ടതെന്ന ഓർമ്മപ്പെടുത്തലോടെ...
വാൽകഷ്ണം: വളരെയേറെ മതബോധം വെച്ചുപുലർത്തുന്ന സുഹൃത്തുക്കളുടെ ഒരു ഗ്രൂപ്പിൽ എങ്ങിനെയോ എന്നെയും കൂട്ടിചേർത്തു. ഒരിക്കൽ അറിയാതെ ഗ്രൂപ്പിന്റെ അഡ്മിനായ കക്ഷി ഞങ്ങൾക്കൊക്കെ അയച്ചത് സോളാർ നായികയുടെ ഗംഭീര പെർഫോമൻസ്. പിന്നീട് ഒരു വേദിയിൽ ഒന്നിച്ചിരുന്നപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് കണ്ട ആ വികാരമുണ്ടല്ലോ, അതൊന്നും ഇവിടെ എഴുതി ഫലിപ്പിക്കാൻ പറ്റില്ലെന്റെ ചങ്ങാതീ...