സഹിക്കാൻ പറ്റാത്ത ചിലത്...


സഹിക്കുക എന്ന പദത്തിൽ തന്നെ തുറന്ന് പറയാൻ പറ്റാത്ത ഒരു വേദനയുണ്ട്. തനിക്ക് താത്പര്യമില്ലാത്ത ഒരു കാര്യത്തെ അംഗീകരിച്ചു കൊണ്ട് ജീവിക്കുക എന്നതാണ് ആ വേദന. ഇന്നത്തെ ലോകത്ത് മനുഷ്യൻ ജനിക്കുന്ന അന്ന് മുതൽ മരിച്ചുപോകുന്ന നിമിഷം വരെ ഈ വേദന കൊണ്ടു നടന്നേ മതിയാകൂ. ബാല്യത്തിൽ ചെയ്യുന്ന കുസൃതിത്തരങ്ങൾക്ക് മാതാപിതാക്കളോ, മുതിർന്നവരോ വഴക്ക് പറയുന്പോൾ തന്റെ ഭാഗം ന്യായീകരിച്ച് അതിനെയൊക്കെ എതിർക്കാൻ തോന്നുമെങ്കിലും മിക്ക കുട്ടികളും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി എല്ലാം സഹിച്ച് ക്ഷമിച്ചിരിക്കും. ഭാര്യാഭർത്താക്കൻമാർ വഴക്കിട്ട് ഒടുവിൽ ചട്ടിയും കലവുമായി മാറുന്പോഴും ആരെങ്കിലും ഒരാൾ എല്ലാം സഹിക്കാൻ തയ്യാറാകും. അതുപോലെ സുഹൃത്തുക്കളുടെ തെറ്റുകൾ ക്ഷമിക്കാനും സഹിക്കാനും നമ്മളെല്ലാവരും തയ്യാറാകുന്നുണ്ട്. ഇങ്ങിനെയുള്ള സാഹചര്യത്തിലും ഇന്ന് നമ്മുടെ രാജ്യത്ത് വളരെ കുറച്ച് പേർ സംസാരിച്ച് കൊണ്ടിരിക്കുന്നത് പരസ്പരം സഹിക്കുന്നതിനെ 

പറ്റിയും സഹിക്കാത്തതിനെ പറ്റിയുമാണ്. അതിന്റെ പേരിൽ കൊലവിളിയും, തെറിവിളിയും നടക്കുന്നു. ബോളിവുഡ് അഭിനേതാക്കളായ ഷാരൂഖ്ഖാനും, അമീർഖാനുമാണ് നമ്മുടെ രാജ്യത്ത് ഭയങ്കര അസഹിഷ്ണുതയാണെന്ന് പറഞ്ഞ് ഒരു പോലെ പിന്തുണയും എതിർപ്പും വാങ്ങിവെയ്ക്കുന്നത്. 

സത്യത്തിൽ ഈ ഒരു വിവാദത്തിലൊക്കെ രാജ്യത്തെ കോടാനുകോടി വരുന്ന സാധാരണക്കാർക്ക് എന്തെങ്കിലും താത്പര്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല. അവനെ സംബന്ധിച്ചിടത്തോളം അന്നന്നത്തെ അന്നമാണ് മുഖ്യം. കഴിഞ്ഞ മൂന്നോ നാലോ മാസമായി രാജ്യം ഗൗരവപരമായി ചർച്ച ചെയ്യുന്നത് കഴിക്കുന്ന ഭക്ഷണത്തെ പറ്റിയും, പരസ്പരം സഹിക്കാൻ പറ്റാത്ത കാര്യങ്ങൾ ചെയ്യുന്നതിനെ പറ്റിയുമൊക്കെയാണ്. നമ്മുടെ രാഷ്ട്രീയക്കാർക്കും വേണ്ടത് ഇതൊക്കെ തന്നെ. അവർ അതിനായി ഓരോ ദിവസവും എന്തെങ്കിലും പുതിയ വിഷയം കണ്ടെത്തി ജനങ്ങളുടെ മനസ്സിൽ വെറുപ്പിന്റെ അഗ്നി തെളിയിക്കുന്നു. ഇവിടെ ജീവിക്കുന്നവരോട് അയൽ രാജ്യങ്ങളിലേയ്ക്ക് പോകാൻ ആവശ്യപ്പെടുന്നു. അവരുടെ മതത്തിന്റെ നിയമങ്ങൾ ഇവിടുത്തെ പാവപ്പെട്ട മനുഷ്യന്റെ തലയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു.  

ഇതൊക്കെ കാണുന്പോൾ ചോദിച്ചു പോകുന്നത് ഇന്ത്യ പോലെയൊരു വികസ്വര രാജ്യം നിലവിൽ ചർച്ച ചെയ്യേണ്ടത് യുവാക്കളുടെ ഇടയിലെ തൊഴിലില്ലായ്മയും, ഓരോ നഗരത്തിലും കുന്നൂകൂടുന്ന മാലിന്യത്തെ കുറിച്ചും, പലയിടങ്ങളിലും രൂക്ഷമാകുന്ന ജല ദൗർലഭ്യത്തെ പറ്റിയും, ആരോഗ്യരംഗത്ത് നടക്കുന്ന പകൽ കൊള്ളകളെ പറ്റിയും, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതകളെ കുറിച്ചുമൊക്കെയല്ലെ എന്നാണ്. നമ്മുടെ നാട്ടിൽ വിദ്യാഭ്യാസ രംഗത്ത് നേരിടുന്ന അപചയങ്ങളും, വയോജനങ്ങൾക്ക് അനുഭവിക്കേണ്ടി വരുന്ന നിരാശകളും, സ്ത്രീകളും പിഞ്ചുമക്കളും നേരിടുന്ന പീഢനങ്ങളും, തുടങ്ങി നമ്മുടെ കൺമുന്പിൽ അരങ്ങേറുന്ന നിരവധി പ്രശ്നങ്ങളെ പറ്റിയൊക്കെ ഗൗരവമായി ചർച്ച ചെയ്യേണ്ടുന്നയിടത്താണ് നഴ്സറിയിൽ പോകുന്ന ചെറിയ കുട്ടികളെ പോലെ എന്തിനൊക്കെയോ വേണ്ടി സോഷ്യൽ മീഡിയയിലും അല്ലാതെയും പരസ്പരം ചർച്ച ചെയ്ത് ശത്രുത കൂട്ടികൊണ്ടിരിക്കുന്നതും വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതും. നമ്മുടെ നാട്ടിലെ മാധ്യമങ്ങൾക്കും ഇതിൽ വലിയ പങ്കുണ്ടെന്ന് തുറന്ന് പറയാതിരിക്കാൻ വയ്യ. പത്രങ്ങളാകട്ടെ, ചാനലുകളാകട്ടെ മുഴുവൻ സമയവും എഴുതുകയും, സംസാരിക്കുകയും ചെയ്യുന്നത് മനുഷ്യസമൂഹത്തിന് തന്നെ യാതൊരു ഗുണവുമില്ലാത്ത കാര്യങ്ങളെ പറ്റിയാണ്. പെണ്ണുകൂട്ടി കൊടുക്കുന്നവനും, മദ്യവ്യവസായിയും, കള്ള പണക്കാരനും, കൈക്കൂലി വാങ്ങുന്നവനും, സമൂഹത്തിന് വേണ്ടി അഞ്ച് പൈസയുടെ ഉപകാരം ചെയ്യാത്തവനുമൊക്കെയാണ് നമ്മുടെ ൈവകുന്നേരങ്ങളിൽ സ്വീകരണ മുറിയിലെ ചാനൽ ചർച്ചകളിൽ അവന് തോന്നുന്ന ആഭാസത്തരം പറയുന്നത്. 

ഈ രാജ്യം അടുത്ത പത്ത് വർഷം കൊണ്ട് എന്താകുമെന്നോ,
ഇവിടെ ജനിക്കുന്ന ഓരോ കുട്ടിയും ഇനിയും എത്ര കോടി രൂപയ്ക്ക് കടക്കാരനാകുമെന്നോ ചിന്തിക്കാതെ പലരും പരസ്പരം ഓരിയിടുന്പോഴും മനസ് പാടുന്നത് സാരെ ജഹാം സെ അച്ഛാ എന്ന് മാത്രമാണ്. അതിന് കാരണക്കാരാകുന്നത് രാഷ്ട്രീയക്കാരല്ല മറിച്ച് അതിർത്തിയിൽ രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ സുബിനേഷ് എന്ന ചെറുപ്പക്കാരനെ പോലെയുള്ളവരും,  കോഴിക്കോട് നടന്ന അപകടത്തിൽ ജാതിയോ, മതമോ, ഭാഷയോ ഒന്നും നോക്കാതെ രണ്ട് പേരുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച് സ്വന്തം ജീവിതം പോലും ബലി കഴിച്ച നൗഷാദിനെയോ പോലെയുള്ളവരുമാണ്. കാരണം ഇവർ വീണ്ടും വീണ്ടും തെളിയിക്കുന്നു ഇന്ത്യയെന്നത് എന്താണെന്ന്! ആദരാഞ്ജലികളോടെ...

You might also like

Most Viewed