അതിഥിദേവോ ഭവ:
തലയിൽ ഭാരമേറിയ പെട്ടികളും പേറി നാട്ടിൻപുറത്തെ ചെമ്മൺപാതകളിലൂടെ കറുത്ത നിറമുള്ള അംബാസിഡർ കാർ പാഞ്ഞുവരുന്പോഴാണ് ആദ്യമായി നമ്മളിൽ പലരും ടാക്സിയെ പരിചയപ്പെട്ടത്. നാട്ടിൻപുറത്ത് ഒരു ഗൾഫുകാരൻ വരുന്പോഴോ, വിവാഹമോ മറ്റ് ചടങ്ങുകൾ നടക്കുന്പോഴോ ആണ് ഇത്തരം ടാക്സികൾ വരാറുള്ളത്. കാലം മുന്പോട്ട് പോയപ്പോൾ ടാക്സി കാറുകളുടെ ഇടയിലൂടെ ഓട്ടോറിക്ഷകൾ നാട്ടിലെന്പാടും സാധാരണയായി. അപ്പോഴും ടാക്സികൾക്ക് തങ്ങളുടെ ഗാംഭീര്യം നഷ്ടപ്പെട്ടില്ല. അംബാസിഡർ കാറുകൾ നിരത്തുകളിൽ നിന്ന് പതി
യെ മാഞ്ഞെങ്കിലും പുതുതലമുറ കാറുകൾ ടാക്സി രംഗത്ത് സജീവമായി. ടാറ്റാ സുമോയും, ക്വാളിസും, സ്കോർപ്പിയോയും, ഇപ്പോ
ൾ കുറച്ച് കാലമായി ഇന്നോവയും ഒക്കെ ഈ രംഗത്തെ കിരീടം വെയ്ക്കാത്ത രാജാക്കൻമാരായി മാറി. ഇന്ന് വലിയൊരു ശതമാനം വീടുകളിലും ഇരുചക്രമോ, നാൽചക്രമോ ആയി ഒരു വാഹനമെങ്കിലും ഉള്ള കാലമാണെങ്കിലും ദൂരയാത്രയക്ക് പോകുന്പോൾ പലരും ടാക്സികളുടെ സഹായം തന്നെയാണ് തേടുന്നത്.
കൊച്ചിയിൽ വന്നതിന് ശേഷമാണ് ആലിൻചുവടുകളിൽ യാത്രക്കാരയെും കാത്ത് ആലസ്യത്തോടെ ചുരുണ്ടുകൂടാറുള്ള കറുത്ത ടാക്സികളുടെ ജീവിതത്തിലേയ്ക്ക് പുതിയൊരു വില്ലൻ കടന്നെത്തിയ വിവരം ഞാനറിഞ്ഞത്. ജീവിതത്തിൽ ഉപ്പ് മുതൽ കർപ്പൂരം വരെ ഓൺലൈൻ ആയപ്പോൾ ടാക്സികളും ന്യൂ ജൻ ആയതാണ് ഇവരെ വലച്ചിരിക്കുന്നത്്. കൊച്ചിയിൽ പ്രധാനമായും ഊബർ, ഓല പിന്നെ മെറു എന്നീ ഓൺലൈൻ ടാക്സികളാണ് ഓടുന്നത്. ഇതിൽ പല തവണ സഞ്ചരിച്ച അനുഭവം എനിക്കുണ്ട്. ഇതുവരെയായി മോശമായ ഒരനുഭവവും നേരിട്ടിട്ടില്ലെന്ന് മാത്രമല്ല പലപ്പോഴും ഓട്ടോറിക്ഷയുടെ ചാർജ്ജ് പോലും ഇവർ വാങ്ങുന്നില്ല എന്നതാണ് സത്യം.
എന്റെ അനുഭവത്തിൽ ഇതിലെ ഡ്രൈവർമാർക്കൊക്കെ പൊതുവായി ഉള്ള ഒരു നല്ല സ്വഭാവം ജോലി ചെയ്യണമെന്ന മനസാണ്. ഒപ്പം അത്യാഗ്രഹികളോ, പിടിച്ചുപറിക്കാരോ ഇവരുടെ ഇടയിൽ തീരെയില്ല. ഓടിക്കാൻ ടാക്സി പെർമിറ്റുള്ള കാറും കൊമേർഷ്യൽ ഡ്രൈവിംഗ് ലൈസൻസും ഉള്ള ഏതൊരാൾക്കും ഇതിന്റെ ഡ്രൈവറാകാം. മൊബൈൽ ഫോണിലൂടെ വരുന്ന മെസേജുകൾക്ക് അനുസരിച്ച് ഓട്ടം പോയാൽ മതി. ഇന്നിനി ഓട്ടം വേണ്ടെന്ന് തോന്നിയാൽ ലോഗൗട്ട് ചെയ്യാം. യാത്ര ചെയ്യുന്നവർ ക്യാഷ് ആയി പേ ചെയ്താൽ പണം ഉടനടി കയ്യിൽ വാങ്ങാം. കാർഡ് ആണെങ്കിൽ യാത്രക്കാരും കന്പനിക്കാരും തമ്മിൽ നേരിട്ട് ബന്ധപ്പെടും. ഒപ്പം ഡ്രൈവറുടെ അക്കൗണ്ടിൽ പണവുമെത്തും. സത്യത്തിൽ ഈ ഒരു സംവിധാനത്തിലൂടെ ഡ്രൈവർ, യാത്രക്കാരൻ, കന്പനി എന്നിവരൊക്കെ ഒരേ പോലെ ഹാപ്പിയാണ്. പക്ഷെ ഇപ്പോൾ ഓൺലൈൻ കാറുകൾ ഉയർത്തുന്ന വെല്ലുവിളി കാരണം പരന്പരാഗത ഡ്രൈവർമാരുടെ കൂടെ പോകാൻ മിക്ക യാത്രക്കാരും ഇപ്പോൾ തയ്യാറാകുന്നില്ല. അതിന്റെ പേരിൽ യൂണിയനുകളുടെ സഹായത്തോടെ സാധാരണ ടാക്സി ഡ്രൈവർമാർ ഓൺലൈൻ ടാക്സി ഡ്രൈവർമാരെ ദേഹോപദ്രവം ചെയ്തും ഭീഷണിപ്പെടുത്തിയും കാര്യങ്ങൾ വഷളാക്കിവരികയാണ്.
ഓൺലൈൻ ടാക്സി ഡ്രൈവർമാർ പെട്ടെന്നൊരു ദിവസം ആകാശത്തുനിന്ന് പൊട്ടിവീണതല്ലെന്ന് ദയവ് ചെയ്ത് യൂണിയനുകൾ മനസ്സിലാക്കണം. ഇന്ന് ഇവരെ എതിർക്കുന്ന ആളുകളുടെ കൂടെ തന്നെ ടാക്സിസ്റ്റാൻഡിലും ട്രാവൽസുകളിലുമൊക്കെ ഊഴം കാത്ത് കിടന്ന് വണ്ടിയോടിച്ച് നടന്നവർ തന്നെയാണിവരും. പക്ഷെ അവർ കാലത്തിന് അനുസരിച്ച് മാറാൻ തയ്യാറായി. ഏറ്റവും മികച്ച സേവനം പരമാവധി നല്ല വിലയിൽ ലഭിക്കണമെന്നത് ഏതൊരു ഉപഭോക്താവിന്റെയും പ്രധാനപ്പെട്ട ലക്ഷ്യമാണ്. അത് നൽകാൻ മനസ് കാണിക്കുന്നതിന് പകരം ഒരേ ജോലി ചെയ്യുന്നവർ പരസ്പരം കൊന്പുകോർത്താൽ അത് നഷ്ടങ്ങൾ മാത്രമായിരിക്കും ഉണ്ടാക്കുക.
കൊച്ചി പോലുള്ള നഗരത്തിലേയ്ക്ക് പലപല ആവശ്യങ്ങൾക്കായി ദിനംപ്രതി ജനം ഒഴുകുകയാണ്. മെട്രോയും എണ്ണമറ്റ മൾട്ടിപ്ലക്സുകളും മാളുകളുമായി നഗരം കുതിക്കാൻ പോകുന്ന വരും നാളുകളിൽ ഈ ഒഴുക്ക് അനുസ്യൂതം തുടരുകയും ചെയ്യും. അപ്പോൾ പിന്നെ ‘അതിഥിദേവോ ഭവഃ’ എന്ന ആപ്തവാക്യം മനസ്സിലുരുവിട്ട് മാന്യമായ ചാർജ്ജ് ഈടാക്കി, പുഞ്ചിരിയോടെ ഇവിടെ വരുന്നവരെ സ്വീകരിച്ചാൽ പുറം ലോകം പറയുക, ഈ നാടിന്റെ നന്മയെ കുറിച്ചാവും, തീർച്ച !!