വാഹ് ഭായി വാഹ്...


നമ്മുടെ ഇടയിൽ ഞെട്ടിക്കുന്ന രീതിയിൽ ഓരോ വാർത്തകൾ ഇടയ്ക്ക് വരുന്പോൾ അവ അതുവരെയുള്ള കാഴ്ച്ചപ്പാടുകളെ പോലും മാറ്റിമറിക്കാറുണ്ട്. കഴിഞ്‍ഞ ദിവസം കൊച്ചിയിലെത്തിയപ്പോൾ മുതൽ അത്തരമൊരു രോഗത്തിന് അടിമയായോ എന്ന സംശയത്തിലാണ് ഞാൻ ഇപ്പോൾ. നെടുന്പാശ്ശേരി മുതൽ അൽപ്പം മുന്പ് ഭക്ഷണം കഴിച്ച ഹോട്ടലിൽ വരെ കൈക്കുഞ്ഞുങ്ങളുമായി കാണുന്ന യുവതീയുവാക്കളെ കാണുന്പോൾ എവിടെയൊക്കെയോ രാഹുൽ പശുപാലനെയും രശ്മിയെയും ഓർത്തുപോകുന്നു. ഇനി ഈ കാണുന്നവരും ഓൺലൈൻ കൂട്ടാളികളാണോ എന്ന വൃത്തികെട്ട ചിന്ത എന്നെ വല്ലാതെ പിടികൂടുന്നു.

ഇതാദ്യമായല്ല നമ്മുടെ നാട്ടിൽ ഓൺലൈൻ പെൺവാണിഭമോ, സമാനമായ കുറ്റകൃത്യങ്ങളോ അരങ്ങേറുന്നത്. പക്ഷെ ഇത്തവണ സംഭവിച്ചത് നമ്മുടെ സമൂഹം പൊതുവേ തള്ളികളഞ്ഞ ഒരു സമരത്തിന്റെ പേരിൽ കേരള ജനത അൽപ്പ നാളുകളെങ്കിലും യുവതുർക്കികൾ എന്ന് കരുതി ശ്രദ്ധിച്ച രണ്ടുപേർ ഈ സമൂഹത്തെ വളരെ സ്മാർട്ടായി പറ്റിച്ച ഒരു കാഴ്ച്ചയാണ്. പതിവ് പോലെ നവ മാധ്യമങ്ങളും, വ്യവസ്ഥാപിത മാധ്യമങ്ങളും ചേർന്ന് വളരെ വേഗം കെട്ടിപൊക്കിയ വിഗ്രഹങ്ങളാണ് നമ്മുടെ മുന്പിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉടഞ്ഞുവീണത്. ആ സമരത്തോട് ആഭിമുഖ്യമുള്ളവർ തീർച്ചയായും നമ്മുടെ നാട്ടിൽ ഇപ്പോഴും ധാരാളമുണ്ടാകും. അതിന്റെ പ്രസക്തിയെ പറ്റിയും അവർക്ക് നല്ല ബോധ്യമുണ്ടാകും. അതുകൊണ്ട് തന്നെ സമരത്തെ പറ്റിയല്ല ഇന്ന് തോന്ന്യാക്ഷരത്തിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്. പറയുന്നത് നമ്മുടെ വാർത്താ മാധ്യമങ്ങളിലൂടെ വളരെ ചെറിയ സമയത്തിനുള്ളിൽ ജനങ്ങളുടെ വിശ്വാസ്യത പിടിച്ചുപറ്റുന്നവരുടെ എണ്ണം ദിനം പ്രതി കൂടുന്നതിനെ പറ്റിയാണ്. 

പ്രത്യേകിച്ച് ടെലിവിഷൻ മാധ്യമങ്ങളിലൂടെയാണ് ഇത്തരം അവതാരങ്ങൾ നമ്മുടെ സ്വീകരണ മുറിയിലെത്തുന്നത്. ഇവരുടെ പശ്ചാത്തലം എന്താണെന്ന് പോലും പലപ്പോഴും അന്വേഷിക്കാതെയാണ് ചാനലുകൾ പ്രൈം ടൈം റേറ്റിങ്ങ് വർദ്ധിപ്പിക്കാൻ ഇത്തര
ക്കാരെ നമ്മുടെ മുന്പിലെത്തിക്കുന്നത്. കൂടിവന്നാൽ അവരുടെ പേരും, അവർക്ക് ചാനലുകാർ ചാർത്തി കൊടുക്കുന്ന ഏതെങ്കിലും ഒരു സ്ഥാനവുമാണ് പ്രേക്ഷകരായ നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. ഇവരുടെ ക്രെഡിബിലിറ്റിയോ, ക്വാളിഫിക്കേഷനോ ഒന്നും തന്നെ നമ്മൾ പലപ്പോഴും അറിയാറില്ല. 

സാമൂഹ്യവിമർശകൻ, വക്കീൽ, മനുഷ്യാവകാശ പ്രവർത്തകൻ, വിദ്യാർത്ഥി നേതാവ്, പൊതുകാര്യ പ്രസക്തൻ എന്നീ തരത്തിലുള്ള വ്യത്യസ്തകരമായ തസ്തികകളാണ് ഇത്തരക്കാർക്ക് ടെലിവിഷൻ അവതാരകർ നൽകാറുള്ളത്. ഉള്ളതും ഇല്ലാത്തതുമായ സംഘടനകളുടെ ബാനറിലും ഇവർ നമ്മുടെ സ്വീകരണമുറിയിലെത്തുന്നു. ഇവർ നിർത്താതെ സംസാരിക്കുന്പോൾ നമ്മൾ ചെവിയോർക്കുന്നു, ആർപ്പ് വിളിക്കുന്നു, കുറ്റം പറയുന്നു. എന്നാൽ ഇവരിൽ മിക്കവരും പൊയ്മുഖങ്ങളാണെന്ന് തിരിച്ചറിയുന്പോഴേക്കും കാലം ഏറെ വൈകിപോകുന്നു. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് രാഹുൽ പശുപാലൻ, രശ്മി എന്ന വ്യക്തികൾ. 

ഇതേപറ്റി പറയുന്പോൾ പണ്ട് കേട്ടൊരു തമാശക്കഥ ഓർമ്മ വരുന്നു. ഒരു ഉറുദു കവിസമ്മേളനം നടക്കുകയാണ്. കവി ഉച്ചത്തിൽ ചൊല്ലുന്നു, രണ്ട് സാരി, നാല് ബ്ലൗസ്. ഉടനെ കാണികൾ വാഹ് വാഹ് ചൊല്ലി പ്രോത്സാഹനം ചൊരിഞ്ഞു. അടുത്ത വരികൾ ഇതായിരുന്നു, രണ്ട് പാന്റ്, നാല് ഷർട്ട്. അപ്പോഴും വാഹ് വാഹ് വിളി ഉയർന്നുകൊണ്ടേയിരുന്നു. മൂന്നാമത്തേത്, രണ്ട് നിക്കർ, നാല് ബനിയൻ എന്നായിരുന്നു. അപ്പോഴേക്കും വാഹ് വിളികൾ കൊണ്ട് മുങ്ങി പോയി ആ ഓഡിറ്റോറിയം. അന്നേരമാണ്  കവി ഒരു കാര്യം തിരിച്ചറിഞ്ഞത്. താൻ വായിക്കുന്നത് കവിതയല്ല, മറിച്ച തുണി അലക്കാൻ കൊടുത്തയിടത്ത് നൽകിയ ലിസ്റ്റാണെന്ന്. അപ്പോഴും അവിടെയുള്ള കാണികൾ വാഹ് വാഹ് വിളിക്കുകയായിരുന്നു. കഥയറിയാതെ കവിയുടെ ആട്ടം കണ്ടും കേട്ടും കൊണ്ടിരിക്കുകയായിരുന്നു. 

നമ്മുടെ ദൈനംദിന ജീവിതത്തിൽ പലതും ഇങ്ങിനെ തന്നെയാണ്. നമ്മളും കഥയറിയാതെ വാഹ് വാഹ് വിളിച്ചു കൊണ്ടിരിക്കുന്നു. നമ്മളെക്കാൾ മിടുക്കർ നമ്മളെ പറ്റിച്ചു കൊണ്ട് മുന്നേറുന്നു. നാളെ ഒരു ദിവസം രാഹുൽ പശുപാലനും, രശ്മി നായരും ചേർന്ന് ഒരു ഓൺലൈൻ റിയാലിറ്റി ഷോയുമായി ചാനലുകളിൽ വന്നാൽ പോലും നമ്മൾ അത്ഭുതപ്പെടേണ്ടതില്ല, കാരണം ഇതൊക്കെ കച്ചവടമാണ്, വലിയ വലിയ കൂട്ടുകച്ചവടം!!

You might also like

Most Viewed