കാലത്തിനൊപ്പം മാറേണ്ട ചിന്തകൾ...
വിദ്യാഭ്യാസം എന്ന വിഷയത്തെ പറ്റിയാണ് ഇന്ന് തോന്ന്യാക്ഷരത്തിൽ എഴുതുന്നത്. കഴിഞ്ഞ ദിവസം ബഹ്റിനിലെ ഒരു ഹൈസ്കൂൾ വിദ്യാർത്ഥിയോട് സംസാരിക്കാൻ ഇടയായതാണ് ഇത്തരമൊരു വിഷയത്തിലേയ്ക്ക് വീണ്ടും എന്നെ കൊണ്ടെത്തിച്ചിരിക്കുന്നത്. ചില പൊതു ആശങ്കകൾക്ക് അവൻ നൽകിയ ഉത്തരങ്ങളാണ് താഴെ നൽകുന്നത്.
1. ഇന്നത്തെ കുട്ടികൾക്ക് ഒന്നുമറിയില്ല: ആ ധാരണ പരത്താനുള്ള ഉത്തരവാദി ഞങ്ങളാണോ. പഠിപ്പിക്കുന്നതിനിടയിൽ ഒരു ചോദ്യം ചോദിച്ചാൽ പോലും രൂക്ഷമായി നോക്കി അവിടെ ഇരിക്കാനല്ലെ അദ്ധ്യാപകർ ഞങ്ങളോട് പറയുന്നത്. കുട്ടി ചോദ്യം ചോദിക്കുമെന്നും, ആ ചോദ്യത്തെ പേടിയുള്ളവർ അദ്ധ്യാപകനാകാൻ അർഹരല്ലെന്നും ഇവിടെ ആരെങ്കിലും പറയാറുണ്ടോ. അങ്ങനെയുള്ളവരെ അദ്ധ്യാപകരാക്കുന്നതല്ലെ തെറ്റ്. ചോദ്യങ്ങൾ ഉത്തരമെഴുതാൻ വേണ്ടി മാത്രമാണെന്ന ധാരണയല്ലെ പൊതുവെയുള്ളത്. ചോദിക്കുന്ന ചോദ്യത്തെപോലും ചോദ്യം ചെയ്യാനുള്ള അവസരമാണ് സത്യത്തിൽ കുട്ടിക്കു കൊടുക്കേണ്ടത്. ഒരു കുട്ടി മൗനിയാകുന്നുണ്ടെങ്കിൽ അത് വരുന്ന തലമുറയുടെ മരണമാണെന്ന് കൂടി അദ്ധ്യാപകർ മനസ്സിലാക്കണം.
2. രക്ഷിതാക്കളുടെ സ്വപ്നത്തിനുസരിച്ച് കുട്ടികൾ ഉയരുന്നില്ല: ഞങ്ങൾ അടിമകളാണോ. സത്യത്തിൽ ഞങ്ങൾ കുട്ടികൾക്കും സ്വപ്നങ്ങളുണ്ടാകില്ലേ. അത് ചോദിച്ച് മനസ്സിലാക്കാൻ എത്ര രക്ഷിതാക്കളാണ് തയ്യാറാകുന്നത്. നിങ്ങൾ പറയുന്നു, ഡോക്ടറും, എഞ്ചിനീയറുമാകാൻ. എന്റെ താത്പര്യം ഫാഷൻ ഡിസൈനിങ്ങോ, ഡാൻസ് കോറിയോഗ്രാഫിയോ ആയിരിക്കാം. എത്ര രക്ഷിതാക്കൾ ഞങ്ങളുടെ ഈ സ്വപ്നങ്ങൾക്ക് വില കൽപ്പിക്കും. രക്ഷിതാക്കളുടെ സ്വപ്നങ്ങൾ നിറവേറ്റാനുള്ള യന്ത്രങ്ങളല്ല ഞങ്ങളെന്ന് ഇനിയെങ്കിലും മനസ്സിലാക്കൂ. ഞങ്ങൾക്ക് കഴിവുകളണ്ടെന്ന് തിരിച്ചറിയൂ.
3. ഇന്നത്തെ കുട്ടികൾ സ്മാർട്ട് ഫോണിന് അടിമകളാണ്: ശരിയാണ്, ഒരു പരിധിവരെ കുട്ടികൾ മിക്കവരും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരാണ്. എന്നാൽ അതേസമയം കുട്ടികൾക്ക് മാതൃകയാകേണ്ട മുതിർന്നവരും ഇതേ ദിശയിലല്ലേ സഞ്ചരിക്കുന്നത്. അവർക്ക് എപ്പോഴാണ് നമ്മളോട് സംസാരിക്കാൻ സമയം. നിരവധി വാട്സ് ആപ്പ് ഗ്രൂപ്പുകളിലും, ഫേസ് ബുക്ക് ചാറ്റങ്ങിലും കുടുങ്ങിയല്ലെ അവർ ജീവിതം മുന്പോട്ട് കൊണ്ടുപോകുന്നത്. അക്ഷരമറിയാത്ത കുട്ടി പോലും മൊബൈൽ ഫോൺ കൊണ്ട് കളിക്കുന്നു എന്നു പറയുന്പോൾ അവനെ അക്ഷരം പഠിപ്പിക്കാൻ പറ്റിയ ഏറ്റവും നല്ല ഉപകരണം ആ സ്മാർട്ട് ഫോൺ തന്നെയല്ലെ എന്നു കൂടി ചിന്തിച്ചുകൂടെ. അതിന്റെ നല്ല വശങ്ങൾ ഞങ്ങളെ പഠിപ്പിച്ചുകൂടെ. മാത്രമല്ല, നിങ്ങളെന്ത് കൊണ്ടാണ് ഞങ്ങൾ കുട്ടികളൊക്കെ മൊബൈൽ ഫോണിലൂടെ ലഭിക്കുന്ന ആവശ്യമില്ലാത്ത കാര്യങ്ങൾ മാത്രമേ കാണുന്നൂള്ളൂ എന്ന് ചിന്തിക്കുന്നത്. ഇത് നിങ്ങളുടെ ചിന്തയുടെ പ്രശ്നമല്ലേ. മറ്റൊന്ന് നിങ്ങളുടെ പൂർവ്വകാലത്ത് മണലിലാണ് എഴുതി പഠിച്ചിട്ടുണ്ടാകുക. നിങ്ങൾ സ്ലേറ്റിലും. ഞങ്ങൾ ഇപ്പോൾ ടാബിലാണെന്ന വ്യത്യാസം മാത്രം. ഞങ്ങൾ വളരുന്പോൾ ഗൃഹാതുരമായ ഓർമ്മകളിൽ ഈ ടാബും സ്മാർട്ട് ഫോണുമായിരിക്കാം ഉണ്ടാകുന്നത്. അത് കാലം മുന്പോട്ട് പോകുന്പോൾ ഉണ്ടാകുന്ന മാറ്റം മാത്രം.
4. കുട്ടികൾക്ക് പഴയത് പോലെ അച്ചടക്കമില്ല: ശബ്ദമുണ്ടാക്കാതെ, അദ്ധ്യാപകർ എന്ന റേഡിയോ പറയുന്നത് മാത്രം കേൾക്കുന്ന പ്രതികരിക്കാത്ത വിദ്യാർത്ഥികളെയാണോ അച്ചടക്കമുള്ളവർ എന്ന് വിളിക്കേണ്ടത്. അദ്ധ്യാപകർ പാഠപുസ്തകങ്ങളിലെ അറിവുകൾ മാത്രം നൽകുന്പോഴാണ് പലപ്പോഴും ക്ലാസുകൾ ബഹളമയമാകുന്നത്. നല്ലൊരു പ്രസംഗമോ, നൃത്തമോ അല്ലെങ്കിൽ സിനിമ തന്നെയോ കാണുന്പോൾ ആരെങ്കിലും ബഹളമുണ്ടാക്കുമോ. അതുകൊണ്ട് ക്ലാസുകളും നല്ലതായാൽ അവിടെ ശ്രദ്ധാപൂർവ്വം ഇരിക്കുന്നവരുടെ എണ്ണവും വർദ്ധിക്കും.
5. സിനിമകളും സീരിയലുകളും വഴിതെറ്റിക്കുന്നു: സംശയമാണ്. അതിലും എത്രയോ ഇരട്ടിയാണ് സ്വന്തം മാതാപിതാക്കളെയും അദ്ധ്യാപകരെയും കണ്ട് വഴി തെറ്റുന്നത്. മക്കളുടെ വിജയത്തിന് വേണ്ടി അരങ്ങിലും അണിയറയിലും പരസ്പരം പൊരുതുന്ന മാതാപിതാക്കളെയാണ് ഞങ്ങൾ ദിവസവും കാണുന്നത്. ഫേസ് ബുക്ക് പോലുള്ള ഇടങ്ങളിൽ പോലും അവർ പരസ്പരം കൊന്പ് കോർക്കുന്നു. അദ്ധ്യാപകരും ഈ കാര്യത്തിൽ വ്യത്യസ്തരല്ല.
6. നിങ്ങളുടെ കാര്യങ്ങൾ അന്വേഷിക്കാനാണല്ലോ പി.ടി.എകൾ പ്രവർത്തിക്കുന്നത്: ആണോ, എനിക്ക് സംശയമുണ്ട്. കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായതെന്ന് പറയുന്നത് പോലെ രക്ഷിതാക്കളാണോ, അദ്ധ്യാപകരാണോ വലുത് എന്ന രീതിയിൽ ചർച്ചകളും വാദഗതികളും അരങ്ങേറുന്ന ഒരു സംവിധാനമായിട്ടാണ് പലപ്പോഴും പി.ടി.എകൾ മാറാറുള്ളത്. ഞങ്ങൾ കുട്ടികളുടെ ആവശ്യങ്ങളോ, അവകാശങ്ങളോ തിരിച്ചറിയാൻ ഇവർ മിക്കപ്പോഴും തയ്യാറാകുന്നില്ല. ഞങ്ങളെ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ ഗുണനിലവാരം അളക്കാനോ, അല്ലെങ്കിൽ അവരുടെ ക്വാളിഫിക്കേഷൻ അറിയാനോ എത്ര സ്കൂൾ മാനേജ്മെന്റുകൾ അവസരം നൽകുന്നുണ്ട്. അത് ചോദിക്കാൻ ചെന്നാൽ ഞങ്ങൾ അഹങ്കാരികൾ എന്നും താന്തോന്നികളെന്നും വിളിക്കപ്പെടും.
അവൻ നിർത്താതെ പറഞ്ഞു കൊണ്ടിരുന്നു. ഒപ്പം ചേട്ടൻ ഇതൊക്കെ പത്രത്തിലൂടെ അറിയിക്കണമെന്നും. അവന് ആരോടും ശത്രുതയൊന്നുമില്ല. മറിച്ച് കുറച്ചു കൂടി കാര്യങ്ങൾ നന്നായാൽ കൊള്ളാമെന്ന അഭിപ്രായം മാത്രം. അൽപ്പസ്വൽപ്പം എഴുത്തും വായനയും ഒക്കെയുള്ള ആ കുട്ടി പറഞ്ഞ ചില കാര്യങ്ങൾ മാത്രമേ ഇവിടെ എഴുതിയിട്ടുള്ളൂ. ഇനിയും ഏറെയുണ്ട്. പക്ഷെ നമ്മളും മനസ്സിലാക്കുക, ആരവങ്ങൾ ഉള്ള സ്ഥലം തന്നെയാകണം വിദ്യാലയങ്ങൾ, അല്ലെങ്കിൽ അത് വെറും തടവറ മാത്രമായി തീരും, ഉറപ്പ്.