വേണ്ടത് ഫേസ് റ്റു ഫേസ്


കഴിഞ്ഞ ദിവസം ചെന്നൈയിൽ‍ നിന്ന് വകയിലൊരു ചേച്ചി വിളിക്കുന്നു. ഇവിടെ ഭയങ്കര മഴയാ. കറന്റൊക്കെ പോയി. മൊബൈലിലെ ചാർ‍ജ്ജ് തീരുന്നതിന് മുന്പ് എല്ലാവരെയും വിളിച്ചു പറയുകയാ. ഓക്കെ, ഇതാ ചാർ‍ജ്ജ് തീർ‍ന്നു... ബീപ് ബീപ്... മൊബൈൽ‍ ഫോൺ‍, ഇന്റർ‍നെറ്റ് എന്നിവ നമ്മുടെ ജീവൻ‍ നിലനിൽ‍ക്കാനും, നമ്മൾ‍ ജീവനോടെ ഉണ്ടെന്ന് വ്യക്തമാക്കാനുമുള്ള പ്രധാന ഉപകരണങ്ങളായിട്ട് ഏറെ വർ‍ഷങ്ങളായിരിക്കുന്നു. ഇന്നത്തെ ആധുനികൻ എന്ന് വിളിക്കുന്ന മനുഷ്യൻ‍ ഏറ്റവുമധികം ടെൻ‍ഷനടിക്കുന്നത് അവന്റെ മൊബൈൽ‍ ഫോണിലെ ചാർ‍ജ്ജ് അവസാന ഘട്ടത്തിലെത്തുന്പോഴാണെന്ന് തോന്നും പലപ്പോഴും പലരുടെയും വെപ്രാളം കണ്ടാൽ‍. ഇങ്ങിനെയൊരു അവസ്ഥ ഉണ്ടായിട്ട് ഏകദേശം നാലോ അഞ്ചോ വർ‍ഷമേ ആയിട്ടുള്ളൂ എന്നതാണ് സത്യമെങ്കിലും ഒരിക്കലും നമ്മൾ‍ അതിനെപ്പറ്റി ഓർ‍ക്കാറില്ല. 

സോഷ്യൽ‍ മീഡിയ എന്ന പ്ലാറ്റ്ഫോം വന്നതോടെയാണ് ആർ‍ക്കും എപ്പോൾ‍ വേണമെങ്കിലും പ്രതികരിക്കാം എന്ന സാഹചര്യം ഉണ്ടായത്. ഒന്ന് രണ്ട് രാജ്യങ്ങളുടെ അസ്ഥിത്വം തന്നെ തകർ‍ത്ത് പുതിയ ഭരണകൂടങ്ങൾ‍ വരാൻ തന്നെ ഈ സോഷ്യൽ‍ മീഡിയ കാരണമായി മാറി. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അതുവരേയ്ക്കും വ്യവസ്ഥാപിത മാധ്യമങ്ങളായ പത്രം, റേഡിയോ, ടെലിവിഷൻ‍ എന്നിവയിലൂടെ പുറത്ത് വന്ന വാർ‍ത്തകളെ പൊളിച്ചെടുക്കാനും ആവശ്യത്തിനും അനാവശ്യത്തിനും തിരുത്തലുകൾ‍ വരുത്താനും സോഷ്യൽ‍ മീഡിയകൾ‍ക്ക് ഈ ചെറിയ കാലം കൊണ്ട് തന്നെ സംഭവിച്ചിരിക്കുന്നു. ഇതിൽ‍ തീർ‍ച്ചയായും നല്ലവശമുണ്ട്. എന്നാൽ‍ അതിലേറെ മോശം വശങ്ങളുമുണ്ട് എന്ന് പറയാതിരിക്കാൻ‍ വയ്യ. നമ്മൾ‍ എത്രയോ കാലങ്ങളായി വിശ്വസിച്ച് പോരുന്ന ചരിത്രങ്ങളെയൊക്കെ തമസ്കരിച്ച് കൊണ്ടും, പുതിയ ചരിത്രങ്ങൾ‍ സോഷ്യൽ‍ മീഡിയകളിലെ സംഘടനാശക്തി കൊണ്ട് പടുത്തയർ‍ത്തിയും സാധാരണക്കാരന്റെ ചിന്താഗതികളെ ഇത്തരം ഇടങ്ങൾ‍ വല്ലാതെ മാറ്റി മറിക്കുന്നു. ചരിത്രം എന്നാൽ‍ മിക്കപ്പോഴും സ്തുതിപാടൽ‍ തന്നെയാണ്. അതാത് സമയത്തെ അധികാരകേന്ദ്രങ്ങളെ തൃപ്തിപ്പെടുത്താൻ‍ അന്നുള്ള സേവകർ‍ എഴുതി വെച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് അല്ലെങ്കിൽ‍ രേഖകളാണ് പിന്നീട് ചരിത്രമായി പൊതുസമൂഹം വിലയിരുത്തുന്നത്. അതാണ് വരും തലമുറ പഠിച്ചെടുത്ത് ഹൃദിസ്ഥമാക്കുന്നത്. അതിന് തിരുത്തലുകൾ‍ വേണ്ട എന്നില്ല. പക്ഷെ അത് ശാസ്ത്രീയമായിരിക്കണം. പലപ്പോഴും അതല്ല നമ്മുടെ സോഷ്യൽ‍ മീഡിയകളിൽ‍ സംഭവിക്കുന്നത്. അതുകൊണ്ടാണ് അനാവശ്യമായിട്ടുള്ള പല വിവാദങ്ങളും ചർ‍ച്ചകളും നമുക്കിടയിൽ‍ സജീവമായിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല, പലപ്പോഴും ആശയസമരമായിട്ട് മാത്രം ഇത് ഒതുങ്ങി നിൽ‍ക്കുന്നില്ല. വ്യക്തിപരമായ രീതിയിൽ‍ പരസ്പരം അധിക്ഷേപിക്കുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ‍ അതിവേഗം നീങ്ങികൊണ്ടിരിക്കുന്നു. തീവ്ര വിരുദ്ധ ചിന്താഗതിയുള്ള രാഷ്ട്രീയപാർ‍ട്ടികളുടെ നേതാക്കൾ‍ വരെ പരസ്പരം കണ്ടാൽ‍ സ്നേഹം പങ്ക് വെച്ചിരുന്ന നാടാണ് നമ്മുടേത്. എന്നാൽ‍ ഇന്ന് സോഷ്യൽ‍ മീഡിയകളിലൂടെയുള്ള ആശയസംവാദം കാരണം വ്യത്യസ്ത അഭിപ്രായങ്ങൾ‍ ഉള്ള ആത്മാർ‍ത്ഥ സുഹൃത്തുക്കൾ‍ വരെ കണ്ടാൽ‍ മിണ്ടാത്ത സ്ഥിതി വന്നിരിക്കുന്നു. ഇതിനൊക്കെ ആരാണ് കാരണക്കാരൻ‍ എന്ന് ചിന്തിച്ചാൽ‍ നമ്മളൊക്കെ തന്നെയാണ് എന്ന് മനസ്സിലാകും.

ഫേസ്ബുക്ക്, ട്വിറ്റർ‍ തുടങ്ങിയ സോഷ്യൽ‍ മീഡിയകളെ സംബന്ധിച്ച് അതിൽ‍ അംഗങ്ങളാകുന്ന നമ്മൾ‍ ഓരോരുത്തരും സത്യത്തിൽ‍ ഓരോ പ്രൊഡക്ടുകളാണ്. നമ്മൾ‍ ഒരു ചർ‍ച്ച തുടങ്ങി വെയ്ക്കുന്പോൾ‍, നമ്മൾ‍ ഒരു ഫോട്ടോ അതിൽ‍ അപ്്ലോഡ് ചെയ്യുന്പോൾ‍ യത്ഥാർ‍ത്ഥത്തിൽ‍ നമ്മൾ‍ ചെയ്യുന്നത് നമ്മുടെ ചിന്തകളും, നമ്മുടെ സ്വകാര്യമായ നിമിഷങ്ങളും ഈ ലോകത്തിന് മുന്പിൽ‍ തുറന്നുവെയ്ക്കുന്നു എന്നതാണ്. അതിന് ലൈക്കുകൾ‍ കിട്ടുന്പോഴും, അത് ഷെയർ‍ ചെയ്യപ്പെടുന്പോഴും ആ സോഷ്യൽ‍ മീഡിയ പ്ലാറ്റ്ഫോമിന്റെ വരുമാനം കൂടുന്നു. പക്ഷെ ജീവിതത്തിൽ‍ ഒരു എന്റർ‍ടെയിൻ‍മെന്റ് ഉപാധി എന്നതിലുപരി ഇതാണ് ലോകം എന്ന് കരുതുന്പോഴാണ് പലരുടെയും ജീവിതം താറുമാറാകുന്നത്. ലോകമാണ് തറവാട് ഇവിടെ. പക്ഷെ അപ്പോൾ‍ പലരും തറവാടിനെ മറക്കും, തറവാട് അവരെയും.

ഫേസ്ബുക്ക് ഒരു തുറന്ന പുസ്തകമായി നമ്മളിൽ‍ പല ശുദ്ധരും കാണുമെങ്കിലും, സത്യത്തിൽ‍ അത് കപട പുസ്തകമാണ് എന്ന തിരിച്ചറിവാണ് എന്നെ സംബന്ധിച്ചോളം ഓരോ ദിവസവും ഉണ്ടായി വരുന്നത്. വിർ‍ച്വൽ‍ ലോകത്ത് കണ്ണീരൊഴുക്കുന്നവർ‍, സത്യത്തിൽ‍ അവരുടെ ജീവിതത്തിൽ‍ പലരെയും കരയിപ്പിക്കുന്നവരാണ്. ഇവിടെ ചിരിച്ച് കളിച്ച് നടക്കുന്നവർ‍, മിക്കവരും, ഉള്ളിൽ‍ എരിഞ്ഞ് ഇല്ലാതാവുകയാണ്. ഫിലോസഫി പറയുന്നവർ‍ ആത്മഹത്യയ്ക്ക് കയർ‍ത്തുന്പ് നോക്കി നടക്കുന്നു. ജാതീയതയെയും വർ‍ഗ്ഗീയതയെയും ഘോരം ഘോരം എതിർ‍ക്കുന്നവരിൽ‍ പലരുടെയും മനസ്സ് നമ്മൾ‍ വിചാരിക്കുന്നതിനേക്കാൾ‍ വൃത്തിക്കെട്ടതാണ്. വേണ്ടത് ഫേസ്ബുക്കല്ല, ഫേസ് റ്റു ഫേസ് ടോക്കാണ്. മുഖങ്ങൾ‍ മുഖങ്ങളോട് സംസാരിക്കുന്ന ആ നല്ലകാലത്തിനെ ആഗ്രഹിച്ച് കൊണ്ട്, ജീവിതത്തിന്റെ ചാർ‍ജ്ജിനെ പറ്റി മാത്രം വേവലാതിപ്പെടുന്ന ഒരു ലോകത്തെ പറ്റി സ്വപ്നം കണ്ടു കൊണ്ട് സ്നേഹപൂർവ്വം... 

You might also like

Most Viewed