പിടികിട്ടുന്നില്ല ഇതെങ്ങോട്ട്...
ഫ്രാൻസിലെ ദുരന്തത്തിൽ മരണപ്പെട്ടവരുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. ഭീകരതയ്ക്ക് ഒരു മതം മാത്രമേ ഉള്ളൂ. അതിന്റെ പേർ കടുത്ത ദുഃഖം നൽകുന്നത് എന്നാണ്. സത്യത്തിൽ ഒരാളെ കൊല ചെയ്യുക എന്നതാണ് ലോകത്തിലെ ഏതൊരു ഭീരുവിനും വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന കാര്യം. പലരും കരുതുന്നത് പോലെ അതിന് വലിയ ധൈര്യമോ, ചിന്തയോ ഒന്നും തന്നെ ആവശ്യമില്ല എന്നാണ് മിക്ക കൊലപാതകികളും കാലത്തിന് മുന്പിൽ തെളിയിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫ്രാൻസിൽ നടന്ന ഭീകരതയെ അപ
ലപിക്കുന്പോൾ തന്നെ നമ്മൾ പലപ്പോഴും മറന്നു പോകുന്നത് ഇ
ന്ന് ലോകമെന്പാടും ഭീകരത എന്ന മതത്തിന്റെ പേരിൽ പരസ്പരം നടക്കുന്ന മൃഗീയമായ കൊലപാതകങ്ങളെ പറ്റിയാണ്. അല്ലെങ്കിൽ അവയെ പറ്റി ചർച്ച ചെയ്യാനോ അപലപിക്കാനോ പോലും നമ്മൾ മെനക്കെടുന്നില്ല. ഈ ഒരു കാര്യമാണ് ഫ്രാൻസ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നമ്മൾ ചിന്തിക്കാനുള്ളത്.
കൊലപാതകങ്ങൾ എവിടെ നടന്നാലും അത് അപലപിക്കാനുള്ള ശക്തിയാണ് ഇന്ന് മനുഷ്യർക്കുണ്ടാകേണ്ടത്. കൂടാതെ ലോകം തന്നെ ഒരു കൊച്ചു ഗ്രാമമായി കാണാനുള്ള മാനസികാവസ്ഥയാണ് നമ്മൾ ഉണ്ടാക്കേണ്ടത്. പ്രവാസ ലോകത്ത് ജീവിക്കുന്പോൾ നമ്മൾ മനസ്സിലാക്കുന്ന വലിയൊരു കാര്യമുണ്ട്. നമ്മളൊക്കെ വിശാലമായി ചിന്തിച്ചാൽ വെറും മനുഷ്യൻ ആണെന്ന കാര്യം. നാട്ടിൽ നിൽക്കുന്പോൾ ഏറ്റവും കടുത്ത ശത്രുവായി നമ്മൾ കരുതിയ അയൽവാസികൾ അങ്ങിനെയല്ലെന്ന് തിരിച്ചറിയുന്നത് ഇവിടെ എത്തുന്പോഴാണ്. അവിടെ ബീച്ചിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും എത്തുന്ന വിദേശ സായിപ്പുകളെ കണ്ടിരുന്ന അതേ കണ്ണിലൂടെയല്ല, അവരെ നമ്മൾ ഇവിടെ എത്തുന്പോൾ കാണുന്നത്. വർണ്ണത്തിന്റെ കടും നിറം കാരണം ദൂരേയ്ക്ക് മനസ് കൊണ്ട് മാറ്റി നിർത്തിയ ആഫ്രിക്കൻ വംശജർ ഇവിടെയെത്തുന്പോൾ നമ്മുടെ തോളത്ത് കൈയിട്ട് നടക്കുന്നു.
ഇതൊക്കെ നമ്മോട് വിളിച്ച് പറയുന്ന കാര്യം, നമ്മളൊക്കെ രക്തയോട്ടമുള്ള, ഹൃദയമിടിപ്പുള്ള, തലച്ചോറുള്ള വെറും ശരീരങ്ങൾ മാത്രമാണെന്നാണ്. ഈ ശരീരങ്ങളെ നില നിലർത്താനും, അവയെ പരസ്പരം ഇല്ലാതാക്കാനുമാണ് ലോകം ഇന്ന് പരക്കം പായുന്നത്. ഇതിനിടയിൽ മനസ് എന്നൊരു കാര്യത്തെ പറ്റി നമ്മൾ മറന്നുപോകുന്നു. മനനം ചെയ്യേണ്ട മനുഷ്യൻ അവന്റെ ചിന്തകളെ പലയിടത്തും പണയപ്പെടുത്തുന്നു. അവന്റെ ശരീരത്തെ പലയിടത്തും കോർത്തിടുന്നു. ആ ഇടങ്ങളെ ജാതി, മതം, ദേശം, വർണ്ണം, വർഗ്ഗം എന്നൊക്കെ പേരിടുന്നു. അങ്ങിനെ പരസ്പരം വിഭജിച്ച് സ്വയം കത്തിയെരിയുന്പോൾ മനസ് തന്നെ നമുക്ക് നഷ്ടമാകുന്നു. അതു കൊണ്ടാണ് ഒരിടത്തെ കൊലപാതകങ്ങളെ കാണുന്പോൾ നമ്മൾ വേദനിക്കുന്നതും, മറ്റൊരിടത്തെ കൊലപാതകങ്ങളെ നമ്മൾ കാലത്തിന്റെ ആവശ്യകതയായി കാണുന്നതും.
ആസുരത നിറഞ്ഞു നിൽക്കുന്ന ഈ കാലത്തും നമ്മുടെ ജീവിതത്തിൽ ക്രൂരമായ ചിരി പരത്തുന്ന ചില കാര്യങ്ങളുണ്ട്. അതിൽ ചിലത് ഇന്ന് ലോകം മുഴുവൻ തപസ് ചെയ്യുന്ന സോഷ്യൽ മീഡിയകളിലെ ചില കോപ്രായത്തരങ്ങൾ കാണുന്നതാണ്. പാരീസിലെ കൊലപാതക പരന്പരയിൽ പ്രതിഷേധിച്ച് ഫേസ് ബുക്കിലെ പ്രൊഫൈൽ പിക്ച്ചർ മാറ്റുന്നതിൽ തീരുന്നു നമ്മുടെ ഐക്യദാർഢ്യവും, മനുഷ്യനെന്ന നിലയിലുളള സഹാനുഭൂതിയും. കൂടി വന്നാൽ നാല് സ്റ്റാറ്റസ് മെസേജ് കൂടി നൽകും. പൊതുവേ നമ്മുടെ ചിന്തകൾക്ക് തന്നെ സത്യത്തിൽ തകരാറുകൾ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ. തെറ്റുകളെയാണ് ഇന്നത്തെ ലോകം പരസ്പരം വിലയിരുത്തുന്നത്. നേട്ടങ്ങളെ അല്ല എന്നതാണ് ഖേദകരം. കുടുംബങ്ങളിൽ പോലും അത്തരം അവസ്ഥകൾ ഉണ്ടാകുന്പോൾ നമ്മൾ പ്രതീക്ഷിക്കേണ്ടത് എന്താണ്. ഇവിടെ പതിവ് പോലെ സൂര്യൻ ഉദിക്കുന്നു, ചന്ദ്രനും നക്ഷത്രങ്ങളും ആകാശത്ത് അണിനിരക്കുന്നു. കാലത്തിന് മാറ്റമുണ്ടാകുന്നില്ല, എന്നാൽ നമ്മുടെ കോലം അതിവേഗം മാറി കൊണ്ടിരിക്കുന്നു, പിടികിട്ടുന്നില്ല ഇതെങ്ങോട്ട്...