വേണ്ടത് ആളോഹരി ആനന്ദം


പ്രവാസലോകത്ത് വെള്ളിയാഴ്ച്ചകൾ‍ നമ്മുടെ നാട്ടിലെ ഞായറാഴ്ച്ചകളേക്കാൾ‍ വ്യത്യസ്തമാണ്. പ്രത്യേകിച്ച് ഗൾ‍ഫ് നാടുകളിൽ‍. നാട്ടിലുള്ളവർ‍ക്ക് വാരാന്ത്യ അവധി വന്നാൽ‍ വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളോ, ഒരു ഔട്ടിങ്ങോ ഒക്കെയാണ് പഥ്യം. ഏറെ രാവിലെ മുതൽ‍ ഇതിനായുള്ള ഒരുക്കങ്ങളും ആരംഭിക്കും. എന്നാൽ‍ പ്രവാസലോകത്ത് വ്യാഴാഴ്ച്ചകളുടെ രാത്രിക്ക് ഏറെ ദൈർ‍ഘ്യം കൂടും, അതു പോലെ തന്നെ വെള്ളിയാഴ്ച്ചകളിലെ പ്രഭാതത്തിനും, പലപ്പോഴും പ്രഭാത ഭക്ഷണം പോലും ഒഴിവാക്കി കിടന്നുറങ്ങി, ‘ബ്രെഞ്ചി’ലേക്ക് തെന്നിവീഴും. ഇങ്ങിനെ ജീവിത രീതികളിൽ‍ തന്നെ നിരവധി വ്യത്യാസങ്ങൾ‍ ഈ രണ്ട് സംസ്കാരങ്ങളിലും കാണാൻ‍ സാധിക്കും. 

എന്നാൽ‍ ചിലരുടെ ജീവിതങ്ങൾ‍ എവിടെയായാലും മാറുന്നില്ല. ഇന്ന് കാലത്ത് സിഞ്ചിലെ ഓഫീസിലേയ്ക്കുള്ള വഴിയിൽ‍ ട്രാഫിക്ക് സിഗ്നലിൽ‍ കുടുങ്ങി കിടന്നപ്പോൾ‍ അവിടെ നിലത്തിരുന്നു ഭക്ഷണം കഴിക്കുന്ന ചിലരെ കാണാനിടയായി. ഗൾ‍ഫിന്റെ മോഹിപ്പിക്കുന്ന സന്പന്നതയൊന്നും അവരുടെ മുഖത്ത് കാണാനില്ലായിരുന്നു. അതിൽ‍ ഒരാൾ‍ നാട്ടിലേയ്ക്കാണെന്ന് തോന്നുന്നു ഫോൺ‍ വിളിച്ച് ഉച്ചത്തിൽ‍ സംസാരിക്കുന്നു. അവിടുത്തെ വിശേഷങ്ങൾ‍ അറിയുന്പോൾ‍ ഇടയ്ക്ക് ചിരിക്കുന്നു, ഇടയ്ക്ക് വിഷമിക്കുന്നു. സിഗ്നൽ‍ തുറന്ന് കിട്ടിയപ്പോൾ‍ ഞാൻ‍ ആലോചിച്ചത് കലൂർ‍ േസ്റ്റഡിയത്തിന്റെ മുൻ‍വശം മെട്രോ റെയിലിന് വേണ്ടി ഞായറാഴ്ച്ചകളിലും എല്ലുമുറിയെ ജോലിയെടുക്കുന്ന ബംഗ്ലാദേശ് സ്വദേശികളെ പറ്റിയാണ്. സ്ഥലം മാത്രം മാറുന്നു, മുഖങ്ങളും.

ജാതി, മതം, ആൺ‍-പെൺ‍ വ്യത്യാസം, ദേശം, എന്ന് വേണ്ട പല രീതിയിൽ മനുഷ്യൻ‍ വിഭജിക്കപ്പെട്ടിട്ടുണ്ട്. സ്വന്തമെന്നവകാശപ്പെടുന്ന പലതിനും വേണ്ടി പരസ്പരം പോരടിച്ച് മനസ്സിലും ശരീരത്തിലും ചോരയൊലിപ്പിച്ച് ജീവിതത്തിന്റെ വർ‍ണ്ണാഭ മുഴുവൻ‍ കെടുത്തി കൊണ്ട് മരണത്തിന്റെ ദൂതുമായി വരുന്നവരുടെ എണ്ണവും ദിനം പ്രതി ഈ ലോകത്ത് വർ‍ദ്ധിക്കുന്നു. അങ്ങിനെയുള്ള ഒരു കാലത്ത് ഭൂട്ടാൻ‍ എന്നൊരു രാജ്യം സ്വീകരിച്ചിരിക്കുന്ന നിലപാടുകൾ നമ്മൾ പര്സപരം അറിയേണ്ടതാണെന്ന് കരുതുന്നു. 

ഈ രാജ്യത്തിന്റെ പ്രവേശന കവാടത്തിൽ എഴുതിവെച്ചരിക്കുന്നത് സന്തോഷം എന്നാൽ അവസ്ഥ മാത്രമല്ല മറിച്ച് ഒരിടം കൂടിയാണെന്നാണ്. ഇവിടെ ഗവൺ‍മെന്റ് കണക്കിലെടുക്കുന്നത് ആളോഹരി വരുമാനമല്ല, മറിച്ച് ആളോഹരി ആനന്ദമാണ്. ഈ രാജ്യത്ത് പഠിപ്പിക്കുന്നത് തുറന്ന് ചിരിക്കാനാണ്. പണം ഉണ്ടാക്കലല്ല ജീവിതത്തിന്റെ പരമപ്രധാനമായ ലക്ഷ്യമെന്നും സമൂഹത്തിന്റെ എല്ലാ തലങ്ങളിലേയ്ക്കും ആനന്ദത്തിന്റെ അലകൾ എത്തിക്കുന്നതിലാണ് കാര്യമെന്നും ഇവർ പറയുന്നു. വൻ‍ ബാങ്ക് നിക്ഷേപങ്ങളിലൊന്നും ഈ രാജ്യത്തുള്ള ജനങ്ങൾ വിശ്വസിക്കുന്നില്ല. സൗജന്യ ആരോഗ്യ സംരക്ഷണവും, വിദ്യാഭ്യാസവും സർ‍ക്കാർ‍ നൽ‍കും. പട്ടിണിയില്ലെന്ന് ഉറപ്പാക്കും. ഭൂമിയില്ലാത്തവന് ഭൂമി പതിച്ച് നൽ‍കും. ഇവിടെ കൃഷി ചെയ്ത് സന്തോഷമായി ജീവിക്കാം. ആരും ആരുടെയും മുന്പിൽ കൈനീട്ടേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ ഭിക്ഷക്കാരുമില്ല. വിഷമോ കീടനാശിനിയോ ഇവിടെ ലഭ്യമല്ല. മദ്യം എത്ര വേണമെങ്കിലും വാറ്റിയെടുക്കാം. നന്നായി മദ്യം വാറ്റാനാറിയുന്ന പെൺ‍കുട്ടികളെയാണ് പുരുഷന്‍മാർ ജീവിത സഖിയാക്കുന്നത്. ആണിനും പെണ്ണിനും ഇഷ്ടം തോന്നിയാൽ ഒന്നിച്ച് താമസിക്കാം. കുട്ടികൾ ജനിച്ചാൽ ദന്പതിമാരായി സമൂഹം പരിഗണിക്കും. സ്ത്രീധനമോ, പുകവലിയോ ഇല്ല. രോഗികളും ആശുപത്രികളും വളരെ കുറവ്. മാതാപിതാക്കളെ മക്കൾ സംരക്ഷിക്കും. ഭരിക്കുന്ന രാജാവിന് സ്വന്തമായി ഒന്നുമില്ല. അദ്ദേഹം എല്ലാത്തിനും മേൽ‍നോട്ടം വഹിക്കുന്ന അധികാരി മാത്രം.

ജീവിതയാത്രയിൽ ചുകന്ന സിഗ്നലുകളിൽ കുടുങ്ങി കിടക്കുന്പോൾ ചുറ്റുപാടും നോക്കികഴിഞ്ഞാൽ തന്നെ നമ്മുടെ യാത്ര എത്രയോ സുഗമമാണെന്ന് തിരിച്ചറിയും. അല്ലാതെ എനിക്ക് ശേഷം പ്രളയം എന്ന ചിന്തിച്ച് മനസ്സും ശരീരവും ഒരുപോലെ നശിപ്പിച്ചാൽ അതിന്റെ കൂടെ നിൽ‍ക്കാൻ‍ സ്വന്തം നിഴൽ പോലും ബാക്കിയാവില്ലെന്ന ഓർ‍മ്മപ്പെടുത്തലോടെ..

You might also like

Most Viewed