എങ്കിലും എന്റെ സാറെ
അങ്ങിനെ രാഷ്ട്രീയ കേരളത്തിൽ മറ്റൊരു അവരോഹണം കൂടി നമ്മൾ കണ്ടുകഴിഞ്ഞു. പാലാക്കാരൻ മാണി സാർ അധികാരത്തിന്റെ മധുരക്കസേരയിൽ നിന്ന് ഏറെ കാലത്തെ ശ്രമഫലമായി താഴേയ്ക്ക് ഇറങ്ങിയിരിക്കുന്നു. ഒരു ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞത് പോലെ മാണിസാർ മന്ത്രിക്കസേരയെ പ്രണയിച്ചത് പോലെ ഒരു മൊയ്തീനും ഒരു കാഞ്ചനയെയും പ്രണയിച്ചിട്ടില്ല എന്ന രീതിയിലാണ് അദ്ദേഹം കുറേ കാലമായി ആ കസേരയിൽ അള്ളിപിടിച്ചിരുന്നത്. എന്തായാലും അടുത്ത തെരഞ്ഞെടുപ്പിന് ആറ് മാസങ്ങൾക്ക് മുന്പെങ്കിലും മന്ത്രി സ്ഥാനം രാജി വെയ്ക്കാൻ അദ്ദേഹം കാണിച്ച മഹാമനസ്കത അഭിനന്ദനാർഹം തന്നെ. കൈക്കൂലി വാങ്ങിയെന്ന ആരോപണമാണ് അദ്ദേഹത്തിനെതിരെ ഉയർന്നത്. എന്നാൽ അതേസമയം കൈക്കൂലി വാങ്ങിക്കുന്നതിനൊപ്പം തന്നെ കൈക്കൂലി നൽകുന്നതും തെറ്റല്ലേ എന്നൊരു സംശയം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അങ്ങിനെയാണെങ്കിൽ കെ.എം മാണി എന്തെങ്കിലും രീതിയിൽ ശിക്ഷിക്കപ്പെട്ടാൽ അതിന്റെ പകുതി ശിക്ഷ കൈക്കൂലി നൽകി എന്ന് സ്വയം വിളിച്ചുപറയുന്ന ബിജു രമേശിനും കൂടി അവകാശപ്പെട്ടതല്ലെ.
കാരണം കൈക്കൂലി എന്നത് ഒരു കാര്യം നടത്തി തരാൻ വേണ്ടി കൊടുക്കേണ്ടതിനേക്കാൾ കൂടുതൽ പണം അനധികൃതമായി നൽകേണ്ടി വരുന്ന അവസ്ഥയാണ്. ഇന്ന് ബിജു രമേശ് പറഞ്ഞു കൊണ്ടിരിക്കുന്ന ധാർമ്മികതയുടെ ഒരംശമെങ്കിലും ഈ കൈക്കൂലി കൊടുക്കുന്ന നേരത്ത് ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന് അന്ന് തന്നെ നിലവിലെ വ്യവസ്ഥിതി അനുസരിച്ച് വിജിലൻസിന്റെയോ ആന്റി കറപ്ഷൻ ബ്യൂറോയുടെയോ അതുമല്ലെങ്കിൽ കേന്ദ്ര തലത്തിലുള്ള അന്വേഷണ ഏജൻസികളുടെയും അറിവോടെ ഈ കൈക്കൂലി കൈമാറാമായിരുന്നു. എങ്കിൽ അന്ന് തന്നെ കെ.എം മാണി എന്ന രാഷ്ട്രീയക്കാരൻ വർഷങ്ങളായി നടത്തിവരുന്നെന്ന് പറയപ്പെടുന്ന അഴിമതികൾ പുറത്ത് കൊണ്ടുവരാമായിരുന്നു.
ഈ ഒരു വിഷയം കൂടി ഈ നേരത്ത് സജീവമായി കേരള സമൂഹം ചർച്ച ചെയ്യേണ്ട കാര്യമാണ്. നമ്മുടെ നാട്ടിൽ അഴിമതി വളരെയധികം കൂടിയപ്പോഴാണ് തമ്മിൽ ഭേദം തൊമ്മൻ എന്ന രീതിയിൽ കേന്ദ്രസർക്കാർ തന്നെ മാറിയത്. പക്ഷെ അഴിമതി പോലെ തന്നെ ഇന്ത്യ പോലെയൊരു രാജ്യത്ത് വർഗ്ഗീയതയും ഏറെ അപകടകാരിയാണെന്ന തിരിച്ചറിവാണ് സമീപകാലത്ത് നമ്മുടെ നാട്ടിൽ ഉണ്ടായിരിക്കുന്നത്.
പുതിയ കാലത്ത് അഴിമതിയെ തടയാൻ നമ്മുടെ നാട്ടിൽ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ഓഡിറ്റിങ്ങ് നിലവിൽ വരേണ്ടതുണ്ട്. ഉദാഹരണത്തിന് ഒരു റോഡ് പണി നടക്കുകയാണെങ്കിൽ അവിടെ ഒരു ബോർഡിൽ ആ പ്രൊജക്ടുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ നൽകണം. എപ്പോഴാണ് പ്രൊജക്ട് ആരംഭിക്കുന്നതെന്നും, എപ്പോൾ അത് തീരുമെന്നും, എത്രയാണ് ഇതിന് അനുവദിച്ചിരിക്കുന്ന ഫണ്ടെന്നും, ആരാണ് ഈ പ്രൊജക്ടിന് ഉത്തരവാദിയെന്നും വ്യക്തമായി ഇവിടെ നൽകണം.
മുന്പ് നമ്മുടെ നാട്ടിൽ നടന്ന ജനകീയാസൂത്രണ പരിപാടിക്ക് ഇത്തരത്തിലുള്ള സ്വഭാവമുണ്ടായിരുന്നു. അന്നത്തെ പാളിച്ചകൾ മനസ്സിലാക്കി തിരുത്തി ഇത്തരത്തിൽ സാധാരണക്കാർക്ക് കൂടി കാര്യങ്ങൾ മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ മുന്പോട്ട് കൊണ്ടു പോകാൻ പറ്റുന്ന ഇച്ഛാശക്തിയുള്ള ഗവൺമെന്റും സംവിധാനവുമാണ് നമ്മുടെ നാടിന് ആവശ്യം. അങ്ങിനെ ഒരു സംവിധാനം എന്നെങ്കിലും നമ്മുടെ നാട്ടിൽ വരുമെന്ന പ്രതീക്ഷയോടെ...