നാടും നന്നാകും, നാട്ടുകാരും...

അങ്ങിനെ തൽക്കാലം കാവിലെ പാട്ടുമത്സരം കഴിഞ്ഞിരിക്കുന്നു. വീണ്ടും എല്ലാം നമുക്ക് മറക്കാം. പതിവ് പോലെ അടുത്ത ആറ് മാസത്തേയ്ക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പും കാത്ത് കഴുതകളായി മാറാം. എന്തായാലും ഇവിടെ ഈ മത്സരത്തിന്റെ വലിയൊരു വിശകലനത്തിന് മുതിരുന്നില്ലെങ്കിലും ഈ ഫലം നമ്മെ ഓർമ്മിപ്പിക്കുന്ന ചില യാഥാർത്ഥ്യങ്ങൾ മാത്രം പറയാം.
എൽ.ഡി.എഫിന്റെ നില ഇത്തവണ മെച്ചപ്പെട്ടതിന്റെ പ്രധാന കാരണം പ്രചരണത്തിന്റെ കുന്തമുനയായി 92ാം വയസ്സിലും കേരളം മുഴുവൻ ഓടിനടന്ന് ചെറുപ്പക്കാരെക്കാൾ ഉശിരോടെ രംഗത്ത് എത്തിയ വി.എസ് അച്യുതാനന്ദനും, അദ്ദേഹത്തിന്റെ പിന്നിൽ ഐക്യത്തോടെ അണിനിരക്കാൻ സന്മനസ് കാണിച്ച മറ്റ് നേതാക്കളുമാണെന്ന് നിസംശയം പറയാം. തെരഞ്ഞെടുപ്പിന് തൊട്ടുമുന്പ് വരെ വെള്ളാപള്ളി നടേശനുമായുള്ള കൂട്ടുകെട്ട് ബി.ജെ.പിക്ക് വൻ നേട്ടം സമ്മാനിക്കുമെന്ന് വിമർശകർ പോലും കരുതിയിരുന്നിടത്ത് നിന്നാണ് വി.എസ് വളരെ പെട്ടന്ന് കാര്യങ്ങളെ കീഴ്മേൽ മറിച്ചത്. തന്റെ മകനെ പറ്റി അവസാന നിമിഷത്തിൽ ഉയർന്ന അഴിമതി ചർച്ചകൾ വരെ ഇദ്ദേഹത്തെ തീരെ വിഷമിപ്പിച്ചില്ല. വിമർശകരോട് ആവുന്നതൊക്കെ നിങ്ങൾ ചെയ്തു നോക്കൂ എന്ന വെല്ലുവിളിയാണ് അദ്ദേഹം നടത്തിയത്. അതിൽ ഒരു നായകന്റെ സ്വരഭാവങ്ങളൊക്കെ പ്രതിഫലിച്ചിരുന്നു.
കോൺഗ്രസ്സ് സത്യത്തിൽ ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ നേരിട്ടത് പ്രത്യേക മുദ്രാവാക്യങ്ങളോ അജണ്ടകളോ ഒന്നുമില്ലാതെയാണ്. ബി.ജെ.പിയും എൽ.ഡി.എഫും നടത്തുന്ന ഏറ്റുമുട്ടലിനിടയിൽ തങ്ങൾ സ്വാഭാവികമായും മാറിനിന്നാൽ തനിയെ വിജയിച്ച് പൊയ്ക്കോളും എന്നൊരു ധാരണയാണ് അവരുടെ നേതാക്കന്‍മാർക്കുണ്ടായത്. അതോെടൊപ്പം യു.ഡി.എഫിലെ കേരള കോൺഗ്രസ്സും, ലീഗും പതിവ് പോലെ തങ്ങളെ ജയിപ്പിച്ചോളും എന്നൊരു തോന്നലും ഇവർക്കുണ്ടായിരുന്നു. അത് പൊളിഞ്ഞ് പാളീസായി എന്ന് പറയാം. പിന്നെ പാർട്ടിയിൽ തന്നെ എന്നുമുള്ള അനൈക്യവും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്. അവസാന നിമിഷം മാണിക്ക് നേരെയുണ്ടായ ആരോപണങ്ങളും, അതിനെ ന്യായീകരിക്കാൻ ഉമ്മൻ ചാണ്ടി നടത്തിയ ശ്രമങ്ങളുമൊക്കെ പരിഹാസ്യമാവുകയാണുണ്ടായത്. സത്യത്തിൽ കുറേ പേർ നായകർ ആകാനുള്ള ശ്രമമാണ് യു.ഡി.എഫിൽ പ്രത്യേകിച്ച് കോൺഗ്രസ്സിൽ നടന്നത്. ആളു കൂടിയാൽ പാന്പ് ചാകില്ലെന്ന് പറഞ്ഞത് പോലെയായി ഇവിടുത്തെ കാര്യങ്ങൾ.
ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തേക്കാൾ മികച്ച നേട്ടങ്ങൾ ഈ തെരഞ്ഞെടുപ്പിൽ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. പക്ഷെ പ്രതീക്ഷിച്ച വിജയം നേടിയോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് മാത്രമേ പറയാൻ സാധിക്കു. തെരഞ്ഞെടുപ്പിന് മുന്പ് സോഷ്യൽ മീഡിയകളിലൂടെ വളരെ ശക്തമായ പ്രചരണമാണ് ബി.ജെ.പി നടത്തിയത്.
അതോടൊപ്പം എസ്.എൻ.ഡി.പി പോലെയുള്ള വലിയൊരു സാമുദായിക ശക്തിയുടെ പിന്തുണയും കൂടി നേടിയപ്പോൾ ബി.ജെ.പിയുടെ നില ഇതിലും മെച്ചപ്പെടും എന്ന് തന്നെയാണ് നിരീക്ഷകർ കരുതിയത്. എന്നാൽ അതുണ്ടായില്ല. പക്ഷെ ബി.ജെ.പിയോട് കേരളം വെച്ചു പുലർത്തിയിരുന്ന തൊട്ടുകൂടായ്മ നയം വളരെയധികം ഇല്ലാതായിട്ടുണ്ടെന്ന് തീർച്ചയായും അവർക്ക് അവകാശപ്പെടാം. കാരണം മിക്കയിടത്തും സ്ഥാനാർത്ഥികളെ നിർത്താനെങ്കിലും ഇവർക്ക് കഴിഞ്ഞിരിക്കുന്നു. ഒപ്പം ഇത്തവണ ബി.ജെ.പിക്ക് സ്വന്തമായി ഒരു ടെലിവിഷൻ ചാനൽ ഉണ്ടായത് അവർക്ക് ഗുണം ചെയ്തുവെന്ന് തന്നെ പറയാം.
പൊതുവെ നോക്കിയാൽ മനസ്സിലാകുന്ന മറ്റൊരു കാര്യം വനിതാ സംവരണം മിക്ക പാർട്ടികൾക്കും തലവേദനയായിട്ടുണ്ടെന്ന താണ്. വീടിന് പുറത്തേയ്ക്ക് ഇറങ്ങാൻ സാഹചര്യം അനുവദിക്കാത്തവരെ പോലും സ്ഥാനാർത്ഥികളായി കൊണ്ടുനടക്കേണ്ട ഗതികേട് സംവരണം കാരണം മിക്ക പാർട്ടികൾക്കും ഉണ്ടായി. എൽ.ഡി.എഫിൽ അത് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചില്ലെങ്കിലും, യു.ഡി.എഫിന് തീർച്ചയായും അടി പറ്റിയൊരു മേഖല ഇത് തന്നെയായിരുന്നു. ഭർത്താവിന്റെ ഫോട്ടോ വെച്ച് മത്സരിച്ച സ്ഥാനാർത്ഥികളെയും ഈ തെരഞ്ഞെടുപ്പ് കണ്ടു. അതുപോലെ ഇ.കെ നായനാരുടെയും, എം.വി ആറിന്റെയും മക്കൾ തോറ്റത് ചൂണ്ടികാണിക്കുന്നത് മക്കൾ രാഷ്ട്രീയത്തോട് പൊതുവേ കേരളത്തിന് താത്പര്യമില്ലെന്ന് തന്നെയാണ്.
മുന്പൊരിക്കൽ തോന്ന്യാക്ഷരത്തിൽ തന്നെ കിഴക്കന്പലത്ത് മത്സരിക്കുന്ന ട്വന്റി ട്വന്റി പാർട്ടിയെ പറ്റി എഴുതിയത് ഓർക്കുന്നുണ്ടാകുമല്ലോ. അവർ ഈ തെരഞ്ഞെടുപ്പിൽ ജയിച്ചത് തീർച്ചയായും ആഹ്ലാദകരമാണ്. വരുന്ന നാളുകളിൽ വെറുമൊരു സാധാരണ രാഷ്ട്രീയപാർട്ടിയായി അവർ അധഃപ്പതിച്ചില്ലെങ്കിൽ തീർച്ചയായും വരുംകാലങ്ങളിൽ അനുകരിക്കാനുള്ള മാതൃകയാവുമെന്നത് ഉറപ്പ്.
ഇതിൽ നിന്നൊക്കെ മനസ്സിലാകുന്ന കാര്യം കേരളത്തിലെ എൺപത് ശതമാനം പേരും ഇപ്പോഴും വർഗ്ഗീയമായി ചിന്തിക്കാൻ ആഗ്രഹിക്കുന്നവരല്ല. നാടിന് നന്മ വരുത്തുമെന്ന് കരുതുന്നവരുടെ കൂടെ നിൽക്കാൻ തന്നെയാണ് ജനം ഇപ്പോഴും ആഗ്രഹിക്കുന്നത്. പലപ്പോഴും അതിനായി അവർ നോക്കുന്നത് പാർട്ടി കൊടിയുടെ നിറം മാത്രമല്ല, മറിച്ച് സ്ഥാനാർത്ഥിയുടെ ഗുണം കൂടിയാണ്. ഈ ഒരു സത്യം നമ്മുടെ ജനനേതാക്കൾ മനസ്സിലാക്കിയാൽ നാടും നന്നാകും, നാട്ടുക്കാരും നന്നാകും. !!