മാമാങ്കം തീരുന്പോൾ...


നമ്മുടെ നാട്ടിൽ മറ്റൊരു തെരഞ്ഞെടുപ്പ് മഹോത്സവം കൂടി കഴിഞ്‍ഞിരിക്കുന്നു. സാധാരണക്കാരായ പാവം പ്രജകൾക്ക് അൽപ്പമെങ്കിലും തല ഉയർത്താൻ കിട്ടുന്ന അപൂർവ്വ സന്ദർഭമാണല്ലോ ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ. കണ്ടാൽ തിരിഞ്ഞുനോക്കാത്ത രാഷ്ട്രീയക്കാർ കാല് പിടിക്കാൻ വരുന്ന അപൂർവ്വ നേരം. ആ അവസരമാണ് ഇനിയൊരു തെരഞ്ഞെടുപ്പ് വരുന്നത് വരേയ്ക്കും കഴിഞ്ഞിരിക്കുന്നത്. പാർട്ടികളായ പാർട്ടികളൊക്കെ ഇത്തവണത്തെ തദ്ദേശ ഭരണതെരഞ്ഞെടുപ്പിൽ സജീവമായ പങ്കാളിത്തം വഹിച്ചിരുന്നു. 92ലെത്തിയ പ്രതിപക്ഷ നേതാവും, അതിവേഗം കുതിക്കുന്ന മുഖ്യമന്ത്രിയും ഒക്കെ പാറശ്ശാല മുതൽ മഞ്ചേശ്വരം വരെ പ്രചരണ പ്രവർത്തനങ്ങൾക്കായി ഓടിയെത്തി.  

കുറച്ച് നാളേക്കെങ്കിലും നമ്മുടെ വിലയേറുന്നത് വോട്ടിന് വേണ്ടിയുള്ള അനൗൺസ്മെന്റുകളിലൂടെ മനസ്സിലാക്കി കോരിത്തരിച്ചവരാണ് നമ്മളൊക്കെ. തെരഞ്ഞെടുപ്പ് കാലത്ത് എവിടെ തിരിഞ്ഞു നോക്കിയാലും അവിടെല്ലാം നന്നായി ചിരിക്കുന്ന സ്ഥാനാർത്ഥികളെയാണ് നമുക്ക് കാണാൻ സാധിക്കുക. പ്രത്യേകിച്ച് തദ്ദേശഭരണ തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥികളെ കൊണ്ട് നിറയും നാടും നഗരവും. അവരൊക്കെ കഴിഞ‍്ഞ ദിവസം വരെ നമ്മോട് ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആരോടും പകയും വിദ്വേഷവും ഇല്ലാത്തത് പോലെ മുന്പിൽ ആര് വന്ന് നിന്നാലും അന്വേഷണത്തിന്റെ കെട്ടഴിച്ച് അവർ നമ്മെ വിസ്മയഭരിതരാക്കി. എങ്ങോട്ട് പോകുന്നുവെന്നും, കണ്ടിട്ട് എത്ര നാളായെന്നും, വീട്ടിൽ എല്ലാവർക്കും സുഖമാണോയെന്നും കൈ കയറി പിടിച്ച് അവർ അന്വേഷിച്ചു.  നമ്മളൊക്കെ ഈ നാടിന് ആവശ്യമുള്ള മനുഷ്യരാണെന്ന് ഇടയ്ക്കിടെ ഈ സ്ഥാനാർത്ഥികൾ നമ്മെ ഓർമ്മിപ്പിച്ചു.

തെര‍ഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥികൾ മാത്രമല്ല, പ്രവർത്തകരും ഉഷാറാകും. അത്യാവശ്യം മലയാളം പറയാനും പ്രസംഗിക്കാനും കഴിവുണ്ടെങ്കിൽ അനൗൺസറായിട്ടെങ്കിലും ഈ കാലത്ത് പത്ത് കാശുണ്ടാക്കാൻ സാധിക്കും. പ്രിന്റിങ്ങ് പ്രസ്സുകൾ, ഡിസൈനർമാർ, ഓഡിയോ റെക്കാർഡിങ്ങ് സ്റ്റുഡിയോ, അവിടെയുള്ള ജോലിക്കാർ, ടാക്സി ഡ്രൈവർമാർ, ഹോട്ടൽ നടത്തിപ്പുകാർ എന്നിവർക്കൊക്കെ തെരഞ്ഞെടുപ്പ് കാലം ചാകര കാലം തന്നെയാണ്. ഇങ്ങിനെ സമൂഹത്തിന്റെ നാനാ തുറയിൽപ്പെട്ടവർക്ക് ആഘോഷിക്കാൻ പറ്റുന്ന മറ്റൊരു നല്ലൊരു ഉത്സവകാലം നമ്മുടെ നാട്ടിൽ ഇല്ല എന്നു തന്നെ പറയാം.

ഇനിയുള്ള കുറച്ച് നാളുകൾ പൂരം കഴിഞ്ഞ പ്രതീതിയാണ് ഉണ്ടാവുക. ഇന്നലെ വരെ കാണുന്പോഴോക്കെ വിശേഷം ചോദിച്ച് അടുത്തുകൂടിയവർ ഇനി കണ്ടാൽ അറിയാത്ത ഭാവത്തിൽ നടന്നുനീങ്ങുന്നത് കാണുന്പോൾ ഇഞ്ചിതിന്ന കുരങ്ങന്റെ അതേ അവസ്ഥ
യിലാകും വീണ്ടും പൊതുജനം. പ്രകടന പത്രികയിൽ പറഞ്ഞ ഒരു വാഗ്ദാനവും പാലിച്ചില്ലെങ്കിലും ഏറ്റവും കുറഞ്ഞത് ഇവർക്ക് തെര‍ഞ്ഞെടുപ്പ് വേളയിൽ മുഖത്ത് ഫിക്സ് ചെയ്തിരുന്ന ആ ചെറുപുഞ്ചിരിയെങ്കിലും തുടരാവുന്നതാണ്. അത് വിലയേറിയ വോട്ട് ചെയ്ത് വിജയപ്പിച്ച സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഏറെ വിലയേറിയ കാര്യമായിരിക്കും. എന്തായാലും താഴെ കൊടുത്ത ചിത്രം കഴിഞ്ഞു പോയ തെരഞ്ഞെടുപ്പിനെ പറ്റി എല്ലാം വ്യക്തമാ
ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ ഒന്നും പറയാനില്ല !! 

You might also like

Most Viewed