അല്ലേടോ ചങ്ങാതി...
“കുടുംബസ്നേഹിയായിരുന്നു അവൻ, പക്ഷെ പുതിയ വീട്ടിൽ കേറി കിടക്കാൻ പോലും ദൈവം തന്പുരാൻ സമ്മതിച്ചില്ല. അതിന് മുന്പേ കൊണ്ടുപോയില്ലേ.”
അമ്മച്ചിയുടെ വേദന പെയ്ത് തോരാൻ മടിക്കുന്ന മഴ പോലെ എന്നിലേയ്ക്കും പകർന്നുകൊണ്ടിരുന്നു.
“വിളിച്ചാൽ എപ്പോഴും ടെൻഷന്റെ കാര്യം പറയുമായിരുന്നു. അതൊന്നും സാരമില്ലെന്ന് കുറച്ച് കഴിഞ്ഞാൽ അവൻ തന്നെ പറയുകയും ചെയ്യും. എല്ലാം മാനേജ് ചെയ്യാമെന്ന ധൈര്യമായിരുന്നു. ഇനിയിപ്പോ ഇവർക്ക് ആരാണ് ഉണ്ടാവുക.”
അമ്മച്ചിയുടെ തേങ്ങൽ കുറച്ചു കൂടി ഉയർന്നു. നിർവികാരതയോടെ അമ്മച്ചിയുടെ അരികിൽ ഇരുന്ന അവന്റെ ഭാര്യയും എന്നെ നോക്കി.
ഗൾഫിലുണ്ടായിരുന്ന ഒരു സുഹൃത്ത് മരണപ്പെട്ടതിനെ തുടർന്ന് അവന്റെ വീട്ടിൽ പോയപ്പോൾ ഉണ്ടായ ഒരു സാഹചര്യമാണ് മുകളിൽ വിവരിച്ചത്. നാൽപ്പതിൽ കുറവായിരുന്നു അവന്റെ പ്രായം. ഡിഗ്രി കഴിഞ്ഞയുടൻ ഗൾഫിലേയ്ക്ക് പോയതായിരുന്നു. പിന്നെ നാട്ടിലേയ്ക്ക് വന്നത് നാല് വർഷം കഴിഞ്ഞ്. അപ്പോഴേക്കും വീട്ടുകാർ ചേർന്ന് വിവാഹം നടത്തി കൊടുത്തു. നല്ല വിദ്യാഭ്യാസമുണ്ടായിരുന്നുവെങ്കിലും കുടുംബമഹിമ കാരണം ഭാര്യയെ ജോലിക്ക് വിടാൻ സുഹൃത്തിന്റെ വീട്ടുകാർ സമ്മതിച്ചില്ല. നാല് വർഷങ്ങൾ കൊണ്ട് രണ്ട് കുട്ടികൾ. ഒരാണും ഒരു പെണ്ണും. മാർക്കറ്റിംഗ് ജോലിയായിരുന്നു അവന്. അതിന്റെ ഭാഗമായി എല്ലാ മലയാളി അസോസിയേഷനിലും സജീവമായ പങ്കാളിത്തം ഇദ്ദേഹത്തിനുണ്ടായിരുന്നു. നാട്ടിലാണെങ്കിൽ അറുപത് കഴിഞ്ഞ അച്ഛനും അമ്മയും, പിന്നെ തൊട്ടടുത്ത് താമസിക്കുന്ന പ്രാരബ്ധക്കാരിയായ സഹോദരിയും ഭർത്താവും കുടുംബവും. അത്യാവശ്യം നല്ല നിലയിൽ ജീവിച്ചു പോകാനുള്ള സാഹചര്യമായെന്ന് തോന്നിയപ്പോൾ നാട്ടിൽ പെട്ടന്ന് ഒരു വീട് വെക്കണമെന്ന ആഗ്രഹം മനസിൽ കിളിർത്തു. വളരെ ചെറിയൊരു വീടായിരുന്നു ആദ്യം സുഹൃത്ത് പ്ലാൻ ചെയ്തത്. പക്ഷെ സംഭവം അവതരിപ്പിച്ചപ്പോൾ കുടുംബക്കാരൊക്കെ ചേർന്ന് കളിയാക്കി തുടങ്ങി. അവർക്ക് പുറത്തിറങ്ങി നടക്കേണ്ടതാണത്രെ. നാട്ടുകാർ ഗൾഫുകാരന്റെ വീട് കണ്ട് ഞെട്ടണമത്രെ.
തന്റെ സാന്പത്തിക ചുറ്റുപാട് നന്നായി അറിഞ്ഞിട്ട് പോലും ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി താൻ പദ്ധതിയിട്ടതിനേക്കൾ ഇരട്ടി വലുപ്പത്തിലുള്ള വീട് നിർമ്മിക്കാൻ സുഹൃത്തിന് സമ്മതിക്കേണ്ടി വന്നു. തറ കെട്ടിയപ്പോൾ തന്നെ കൈയിലുണ്ടായിരുന്ന പണം തീർന്നിരുന്നു. ഒന്ന് രണ്ട് മാസത്തോളം ജോലി നടക്കാതിരുന്നപ്പോൾ നാട്ടിൽ നിന്ന് നിന്നും വീണ്ടും ഫോൺ വിളി വന്നുതുടങ്ങി. തറ കെട്ടി നിർത്തിയോ എന്നാണ് നാട്ടുകാരുടെയും ബന്ധക്കളുടെയും ചോദ്യം. തുടർന്ന് ഫോൺവിളിയും പരാതിയും സഹിക്കവയ്യാതെ അന്യായ പലിശക്കാണെങ്കിലും സുഹൃത്ത് ലോൺ എടുത്തു. അതു വരെ ശീലമില്ലാതിരുന്ന ക്രെഡിറ്റ് കാർഡുകളും സ്വന്തമാക്കി. ഇതോടു കൂടി സ്വസ്ഥമായിരുന്ന ആ ജീവിതം മാറി മറിഞ്ഞു. ശന്പളം വാങ്ങിക്കുന്നത് തന്നെ ചിലവുകൾ നടത്താൻ മാത്രമായി. കഷ്ടപ്പാടുകൾ വർദ്ധിച്ചപ്പോൾ ഭാര്യ ജോലിക്ക് പോകാമെന്ന് പറഞ്ഞപ്പോൾ സുഹൃത്ത് സമ്മതിച്ചെങ്കിലും ബന്ധുക്കളും, നാട്ടുകാരും അഭിമാന പ്ര
ശ്നം പറഞ്ഞ് വീണ്ടും രംഗത്തെത്തിയതോടെ അതും നടന്നില്ല.
അസോസിയേഷൻ പ്രവർത്തനങ്ങളിലൊക്കെ സജീവമായിരുന്നവെങ്കിലും സത്യത്തിൽ അദ്ദേഹത്തിന് സുഹൃത്തുക്കളും കുറവായിരുന്നു. ഞങ്ങൾ വളരെ അപൂർവമായേ കണ്ടിരുന്നുള്ളൂ. എങ്കിലും ഫേസ്ബുക്ക് പോലുള്ള ഇടങ്ങളിൽ ഇടയ്ക്കൊക്കെ അദ്ദേഹം എന്റെ വാതിൽ തട്ടി വരുമായിരുന്നു. അപ്പോഴൊക്കെ പലപ്പോഴും തന്റെ ഹൃദയവേദനകൾ അദ്ദേഹം എന്നോട് പങ്ക് വെച്ചിരുന്നു. ഒടുവിൽ ഒരു ദിവസം ഗ്യാസ് ട്രബിൾ ആണെന്ന് കരുതി ശ്രദ്ധിക്കാതെ വെച്ചിരുന്ന നെഞ്ച് വേദനയാണ് ഹൃദയാഘാതത്തിന്റെ രൂപത്തിൽ അദ്ദേഹത്തിന്റെ ജീവനെടുത്തത്. പറക്കമുറ്റാത്ത കുട്ടികളെയും, പണി തീരാത്ത വീടിനെയും ജോലിയില്ലാത്ത ഭാര്യക്ക് നൽകി അദ്ദേഹം ഭൂലോകം വിട്ടു പോയി.
“എല്ലാ ശരിയാകും, ഭയപ്പെടാതിരിക്കൂ” എന്ന മരണവീട്ടിലെ നിർജ്ജീവമായ ആശ്വാസവചനങ്ങൾ പതിവ് പോലെ പറഞ്ഞ് ആ അമ്മച്ചിയുടെ കൈ പിടിച്ച് യാത്ര പറയുന്പോൾ ഓർമ്മ വന്നത് എഫ്.ബി മെസഞ്ചറിൽ സുഹൃത്തുമായി അവസാനമായി ചാറ്റ് ചെയ്തപ്പോൾ നാട്ടുക്കാർ എന്ന് പറയുന്ന വർഗത്തിനോട് അദ്ദേഹത്തിനുണ്ടായ ദേഷ്യത്തെ പറ്റിയായിരുന്നു. അതിങ്ങിനെയായിരുന്നു.
“നാട്ടുക്കാർക്കും, ബന്ധുക്കൾക്കും വേണ്ടിയാണല്ലോ ഓരോ മലയാളിയും ജീവിച്ചു മരിക്കുന്നത്. ഒരു വീട് എടുക്കണമെങ്കിൽ, ഒരു വിവാഹം കഴിക്കണമെങ്കിൽ, ഒരു ജോലി ചെയ്യണമെങ്കിൽ ഒക്കെ നമ്മുക്ക് നാട്ടുക്കാരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും നോക്കണം. ഓരോ വീടും നാട്ടിൽ നിർമ്മിക്കുന്നതിന്റെ ഉദ്ദേശം തന്നെ താമസിക്കുക എന്നതല്ല, മറിച്ച് പാലുകാച്ചലിന് വരുന്നവരെ ഒന്ന് ഞെട്ടിക്കുക എന്നതാണ്. നമ്മുടെ വിവാഹവും, പിറന്നാളും, മരണവും ഒക്കെ ഇതേ പോലെ തന്നെ. അപ്പോൾ പിന്നെ ഇതിനിടയിൽ നമ്മുടെ ടെൻഷനൊക്കെ എന്ത് വില, അല്ലേടോ ചങ്ങാതി”...!!