വേണ്ടത് ഗൾഫ് ശ്രീകൾ...
രാവിലെ മുതൽ വാട്സ് ആപ്പിലും ഫേസ്ബുക്കിലും ആശംസകളുടെ പ്രവാഹമാണ്. കേരളത്തിന് ഷഷ്ടിപൂർത്തിയായതിന്റെ ആശംസകൾ. കൗതുകം തോന്നിയ ഒരു കാര്യം ആശംസകൾ ഒക്കെ അയക്കുന്നത് പ്രവാസികളായവർ മാത്രമാണെന്നാണ്. ഞായറാഴ്ച്ച ആയത് കൊണ്ടാകണം നമ്മുടെ നാട്ടിൽ താമസിക്കുന്ന ആരും ഒരു ആശംസയും അയച്ചിട്ടില്ല. പലർക്കും ഇന്ന് കേരള പിറവിയാണെന്ന് അറിയുക തന്നെയില്ല. ഗൾഫിലാണെങ്കിൽ ഇന്ന് പലരും ആഗ്രഹത്തിന് വേണ്ടിയെങ്കിലും മുണ്ടും ഷർട്ടും കസവുസാരിയുമൊക്കെ അൽപ്പനേരത്തേക്കെങ്കിലും ഉടുത്തിട്ടുണ്ടാകും. എന്നാൽ ഇവിടെ അത്തരം കലാപരിപാടികളൊന്നും കാണാനില്ല. ആകെ കൂടി രാവിലെ മുതൽ കേട്ടു തുടങ്ങിയത് ഒന്ന് മാത്രം. നിങ്ങളുടെ വിലയേറിയ വോട്ടുകൾ മറക്കാതെ നിങ്ങളുടെ പ്രിയസ്ഥാനാർത്ഥിക്ക് തന്നെ നൽകി വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക എന്ന കാല് പിടിച്ചുള്ള അപേക്ഷകൾ. ഇവർക്കെന്ത് കേരളം, കേരള പിറവി!
നാട്ടിൽ നിന്ന് പോയവർക്കാണ് സത്യത്തിൽ നാടിന്റെ ഹൃദയസ്പന്ദനങ്ങളെ പറ്റി ഏറ്റവും അധികം താത്പര്യം. അവിടെ താമസിക്കുന്ന ഓരോരുത്തരും നാട്ടിൽ നിന്നുള്ള വാർത്തകൾക്ക് വേണ്ടി ദിശ തിരിച്ചുവെച്ച ഡിഷ് ആന്റിനകൾ പോലെയാണ്. നാട്ടിൽ നിന്നും കേട്ടും കണ്ടും വായിച്ചും ഉള്ള വാർത്തകൾ പരസ്പരം പങ്ക് വെച്ച് ഇടക്കിടെ പാരിജാതം തിരുമിഴി തുറന്നുവെന്ന് ഗൃഹാതുരതയോടെ പാടി നടക്കുന്നവർ. പക്ഷെ ഈ ഗൃഹാതുരമായ ഓർമ്മകൾക്ക് അപ്പുറം എന്തൊക്കെയാണ് പ്രവാസികൾ ചെയ്തതെന്ന് ചിന്തിക്കേണ്ട നേരമാണിത്. എല്ലാ മാസവും ഞെക്കിപിഴിഞ്ഞ് എടുക്കുന്ന ഓരോ ചില്ലി കാശും നാട്ടിലെ പ്രിയപ്പെട്ടവർക്ക് അയച്ചുകൊടുത്ത് ഞാൻ എന്റെ കർമ്മം ചെയ്തു കഴിഞ്‍ഞു എന്നാശ്വസിക്കാൻ മാത്രമേ മിക്കവർക്കും കഴിയുന്നുള്ളൂ. ഇത് മാറേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം പ്രവാസലോകത്തുള്ള സംഘടനകൾക്കും കൂട്ടായ്മകൾക്കും നാട്ടിൽ പല സംരഭങ്ങൾക്കും തുടക്കമിടാൻ സാധിക്കുമെന്ന് ഫേസ്ബുക്കിലൂടെ ഒരു നിർദ്ദേശം ഞാൻ വെച്ചപ്പോൾ നിരവധി പേരാണ് അതിനെ അനുകൂലിച്ചത്. പക്ഷെ പ്രധാനമായും ചില പ്രശ്നങ്ങളാണ് ഇതിന് തടസമായി പറഞ്ഞത്. ഒന്ന് കേരളത്തിൽ വ്യവസായങ്ങൾ രക്ഷപ്പെട്ടില്ല. തുടങ്ങുകയാണെങ്കിൽ തന്നെ എവിടെ, എന്ത് തുടങ്ങും. പിന്നെ ഇത്തരം പ്രവർത്തനങ്ങൾ ആരംഭിക്കാൻ ആരാണ് നേതൃത്വം നൽകുക, മൂലധനം എങ്ങിനെ സമാഹരിക്കും എന്നതാണ് മറ്റൊരു ചോദ്യം.
ഈ ചോദ്യങ്ങൾക്കും തടസങ്ങൾക്കും നമുക്ക് തന്നെ സ്വയം ഉത്തരം കണ്ടുപിടിക്കാൻ സാധിക്കും. നമ്മുടെ നാട്ടിൽ ഇപ്പോൾ തൊള്ളായിത്തിലധികം ഗ്രാമ പഞ്ചായത്തുകളുണ്ട്. ഓരോ പഞ്ചായത്തിലും ഏറ്റവും കുറഞ്ഞത് പത്ത് വാർഡുകളെങ്കിലും ഉണ്ടാകും. അതായത് 9000 വാർഡുകൾ. ഈ ഒന്പതിനായിരം വാർഡുകളിലും ഗൾഫിലെ പല കൂട്ടായ്മകളും ഒരു സംരഭമെങ്കിലും തുടങ്ങുകയാണെങ്കിൽ അതുണ്ടാക്കുന്ന ജോലി സാധ്യതകളും, വരുമാനവും നമ്മുടെ പ്രതീക്ഷയ്ക്കപ്പുറമാകും. ഓണത്തിനും ക്രിസ്തുമസിനും പെരുന്നാളിനും ഒത്തുകൂടുന്ന സംഘടനകൾ മുതൽ ദിവസവും പരിപാടികൾ നടത്തുന്ന വലിയ സമാജങ്ങൾ വരെ ഗൾഫ് നാടുകളിൽ ഉണ്ട്. കുറഞ്ഞത് 100 അംഗങ്ങളെങ്കിലും ഉള്ള ഒരു സംഘടനയിലെ ഓരോ അംഗവും പതിനായിരം രൂപ ഓഹരിയായി നിക്ഷേപിച്ചാൽ പത്ത് ലക്ഷം രൂപ മൂലധനമുള്ള ഒരു സംരംഭം ആരംഭിക്കാം. ജൈവകൃഷി മുതൽ, പശുവളർത്തൽ മുതൽ, ഹൈപ്പർമാർക്കറ്റും, വാട്ടർ തീം പാർക്കും ഒക്കെ ഇത്തരത്തിൽ നമ്മുടെ നാട്ടിൽ കൊണ്ടുവരാം. കേരളത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് നമ്മൾ തന്നെ നാഴികയ്ക്ക് നാൽപ്പത് വട്ടം പറഞ്ഞുകൊണ്ടിരുന്നാൽ ഇവിടെ ഒന്നും നടക്കില്ല. എം.എ യൂസഫലി ലുലുമാൾ പണിതത് കേരളത്തിൽ തന്നെയാണ്. കൊച്ചൗസേഫ് ചിറ്റിലപ്പള്ളി വീഗാലാന്റ് ഉണ്ടാക്കിയതും ഈ കേരളത്തിൽ തന്നെ. എന്നിട്ടും നിക്ഷേപം നടത്താൻ വ്യക്തിപരമായി ഭയമുണ്ടെങ്കിൽ ഒരു സംഘമായി നിങ്ങൾ കടന്നു വരൂ. ആരും ഉപദ്രവിക്കില്ല.
കുടുംബശ്രീ എന്ന പദ്ധതി കാരണം കേരളത്തിൽ ഇന്ന് ജോലി ചെയ്യുന്നത് നിരവധി വീട്ടമ്മമാരാണ്. ഇതു പോലെ ഗൾഫ് ശ്രീ എന്ന പേരിലെങ്കിലും എത്രയും പെട്ടന്ന് നമ്മുടെ പ്രവാസി കൂട്ടായ്മകൾ അവരുടെ കേരളത്തിലെ തലതൊട്ടപ്പൻമാരുടെ സഹായത്തോടെ ചെറുകിട വ്യവസായ യൂണിറ്റുകൾ ആരംഭിച്ചാൽ ഭാവിയെ പറ്റി ചിന്തിച്ച് വല്ലാതെ തലപുണ്ണാക്കേണ്ട കാര്യമില്ല. സമാധനത്തോടെ ഏത് സാഹചര്യത്തെയും നേരിടാൻ പറ്റും, തീർച്ച!!