പാവം പാവം ആംഗ്രി ബേർഡുകൾ ...


“ഇതുണ്ടാവേണ്ട കാര്യമില്ലായിരുന്നു. അബദ്ധം പറ്റിപ്പോയതാ. ഭർത്താവിനും എനിക്കും ഹയർ സ്റ്റഡീസിന് പോകാനായിരുന്നു ഇഷ്ടം. ഇപ്പോൾ ഒരു രക്ഷയമില്ല, പറഞ്ഞാലും കേൾക്കില്ല. അശ്രീകരം.” അവരുടെ വാക്കുകളിൽ നിരാശയും രോഷവും ആ‍ഞ്ഞ് തിളയ്ക്കുന്നത് എനിക്ക് അനുഭവപ്പെട്ടു. എന്റെ ഇളയ മകളുടെ സ്കൂൾ കായികദിനമായിരുന്നു അന്ന്. മൂന്നുവയസ്സുകാരിയായ അവളുടെ സുഹൃത്തിനെ പറ്റി ആ കുട്ടിയുടെ അമ്മ പറഞ്ഞ വാക്കുകളാണ് മുകളിൽ സൂചിപ്പിച്ചത്. മത്സരങ്ങളിലൊന്നും പങ്കെടുക്കാതെ വാശി പിടിച്ചുകരയുന്ന കുട്ടിയെ ബലം പ്രയോഗിച്ച് മത്സരിപ്പിക്കാനുള്ള പ്രയത്നം വിഫലമായതാണ് അമ്മയെയും അച്ഛനെയും ചൊടിപ്പിച്ചത്. രണ്ടു പേരും നഗരത്തിലെ പ്രധാനപ്പെട്ട ആശുപത്രിയിലെ ഡോക്ടർമാർ. നാല് വർഷമേ ആയിട്ടുള്ളൂ വിവാഹിതാരായിട്ട്. ആദ്യത്തെ വർഷം തന്നെ കുട്ടിയും ജനിച്ചു. അതുകാരണം ജീവിതത്തിന്റെ പ്ലാനിങ്ങൊക്കെ മാറി പോയതിന്റെ വേദനയും വിഷമവും ഇന്നും അവർ കൊണ്ടുനടക്കുകയാണ്. അമ്മയുടെയും അച്ഛന്റെയും കുത്തുവാക്കുകൾ കേട്ട് തഴന്പിച്ചത് കൊണ്ടാകണം ആ മൂന്നുവയസ്സുകാരി തലകുന്പിട്ട് പതിയെ വിതുന്പുന്നത് മാത്രമേ എനിക്ക് കാണാൻ സാധിച്ചുള്ളൂ. 

പ്രതീക്ഷിച്ചത് പോലെ കാര്യങ്ങൾ നടന്നില്ലെങ്കിൽ അതിന് ചുറ്റുമുള്ളതിനെ കുറ്റം പറയുക എന്നിട്ട് സ്വയം പരിതപ്പിക്കുക എന്നത് ഇന്നത്തെ തലമുറയുടെ പ്രത്യേകതയായി മാറുകയാണോ എന്ന ചിന്തയാണ് ഈ സംഭവം എന്നിലുണ്ടാക്കിയത്. സാധാരണക്കാരായ ആളുകൾ ആയിരുന്നില്ല ഇവർ. പഠിച്ച് ഡോക്ടർമാരായ രണ്ട് പേർ. അവർ  സ്വാഭാവികമായും ഒരു ജീവന്റെ വിലയറിയേണ്ടവരാണ്.  അങ്ങിനെയൊരു ജീവനെ സ്വന്തം ഉദരത്തിൽ വളർത്തേണ്ടി വന്നതിന്റെ ഗതികേടാണ് വർഷങ്ങൾ കഴിഞ്ഞിട്ടും ആ കുഞ്ഞിന്റെ മുന്പിൽ നിന്ന് മറ്റുള്ളവരോട് അവർ പറഞ്ഞ് തീർക്കുന്നത്. സത്യത്തിൽ അവരോട് തോന്നിയത് പുച്ഛത്തേക്കാൾ ഏറെ സഹതാപമാണ്. 

കുട്ടികളെ വളർത്താൻ താത്പര്യമില്ലാത്തവർ ഒരിക്കലും കുട്ടികൾക്ക് ജന്മം നൽകാനും ശ്രമിക്കരുത് എന്നാണ് എന്റെ അഭിപ്രായം. ഒരച്ഛനും അമ്മയ്ക്കും നൽകാൻ കഴിയുന്ന സ്നേഹവും പരിലാളനകളുമൊന്നും മറ്റൊരാൾക്കും അതേ അളവിൽ നൽകാൻ സാധിക്കില്ല. മാതാപിതാക്കൾ അഥവാ രക്ഷിതാക്കൾ ആവുക എന്നത് വലിയൊരു ഉത്തരവാദിത്വമാണ്. ഈ ഉത്തരവാദിത്വം എന്താണെന്ന് പോലും മനസ്സിലാക്കാതെയാണ് പലരും പലപ്പോഴും പ്രായത്തിന്റെ പക്വതയില്ലായ്മയിൽ മാതാപിതാക്കളായി തീരുന്നത്. തങ്ങളുെട നല്ല ജീവിതത്തിനിടയിൽ സ്വർഗ്ഗത്തിലെ കട്ടുറുന്പായി മക്കൾ മാറി തുടങ്ങിയാൽ അവിടെ സ്നേഹത്തിന് പകരം ശത്രുത ജനിക്കുന്നു. ചെറുപ്രായത്തിൽ തന്നെ മക്കളെ ഇത്തരത്തിൽ മാറ്റി നിർത്തി ശത്രുക്കളാക്കിയാൽ ഭാവിയിൽ അവരെന്തായി തീരുമെന്നോ, അവർക്ക് മാതാപിതാക്കളോടുള്ള സമീപനം എന്തായി തീരുമെന്നോ പ്രത്യേകിച്ച് പറയേണ്ടതില്ല. 

ശൈശവത്തിൽ അവരുടെ മനസ്സിൽ മറ്റ് വിഗ്രഹങ്ങൾ കയറാത്ത നേരത്ത് മാതാപിതാക്കൾ തന്നെയാണ് അവരുടെ ലോകം. അവരുടെ അതിർത്തികൾ ആ കൈവിരൽതുന്പുകൾ എത്തുന്നിടം വരെ മാത്രമാണ്. ആ നേരത്ത് കുഞ്ഞുങ്ങളെ അകറ്റി നിർത്തുന്നത് ഏറ്റവും വലിയ തെറ്റുകളിൽ ഒന്ന് തന്നെയാണ്. 

മുന്പൊരിക്കൽ തോന്ന്യാക്ഷരത്തിൽ ഇതേ വിഷയത്തെ പറ്റി എഴുതിയിരുന്നത് ഓർക്കട്ടെ. അന്ന് പറഞ്ഞത് തന്നെ ഇന്നും പറയുന്നു. ഒരു ചെറിയ വാഹനമോടിക്കാൻ പോലും ലൈസൻസും ടെസ്റ്റും ഒക്കെ പാസാകേണ്ട ഇന്നത്തെ ലോകത്ത് ഒരു മനുഷ്യ ജീവനെ സമൂഹത്തിന് ഗുണം ചെയ്യുന്ന രീതിയിൽ വളർത്തിയെടുക്കാൻ ആർക്കും തന്നെ പരീക്ഷയോ, ടെസ്റ്റോ ഇല്ല. ചില വിഭാഗം ആളുകൾ പ്രീ മാര്യജ്  കൗൺസിലിങ്ങ് ചെയ്യുന്നുണ്ട് എന്ന  കാര്യം മറക്കുന്നില്ല. അത്തരം നല്ല കാര്യങ്ങൾ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേയ്ക്കും എത്തേണ്ടതിന്റെ ആവശ്യകതയാണ് മുകളിൽ സൂചിപ്പിച്ച സംഭാഷണം വ്യക്തമാക്കുന്നത്. 

വാൽകഷ്ണം: കഴിഞ്ഞ ദിവസം തീവണ്ടിയിൽ സഞ്ചരിക്കാൻ ഇടയായപ്പോൾ വാശി പിടിച്ചു കരയുന്ന ഒരു കുഞ്ഞിന്റെ കരച്ചിൽ നിർത്താൻ വേണ്ടി കണ്ടാൽ നല്ല വിദ്യാഭ്യാസമുള്ള അമ്മ കൊടുത്തത് തന്റെ സ്മാർട്ട് ഫോണായിരുന്നു. ആംഗ്രി ബേർഡ് കളിച്ചു കൊണ്ട് കുട്ടി സ്വസ്ഥമായി. വനിതാ മാസിക വായിച്ച് അമ്മയും... 

You might also like

Most Viewed