ഒഴിവുസമയങ്ങൾ ...
കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയ്ക്കടുത്തുള്ള തണ്ണീർച്ചാൽ പാർക്കിൽ പോകുവാനും കുറച്ചു നേരം ഇരിക്കുവാനും ഇടയായി. അവധിയായതിനാൽ നല്ല തിരക്കുണ്ടായിരുന്നു. നല്ല വൃത്തിയുള്ള ചെറിയൊരു പാർക്കാണ് തണ്ണീർച്ചാലിലേത്. കുട്ടികൾക്ക് കളിക്കാനും മുതിർന്നവർക്ക് സ്വസ്ഥമായി നടക്കാനും സൗകര്യമുള്ള സ്ഥലം. എറണാകുളം നഗരത്തിൽ ആളുകൾക്ക് വേണ്ടി തണ്ണീർചാലിന് പുറമേ അടുത്തകാലത്ത് സുഭാഷ് പാർക്കും മോടി പിടിപ്പിച്ചിട്ടുണ്ട്. ബഹ്റിനടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും സാധാരണമായി കണ്ടിട്ടുള്ള കാര്യമാണ് ഇത്തരത്തിലുള്ള ചെറിയ പാർക്കുകൾ. നമ്മുടെ നാട്ടിൽ പക്ഷെ ഇതിന്റെ എണ്ണം തുലോം കുറവാണ്. ഉണ്ടെങ്കിൽ തന്നെ പലതും ശോചനീയമായ വിധത്തിലുമാണ്. കുട്ടികൾക്ക് കളിക്കാൻ വെച്ചിരിക്കുന്ന ഊഞ്ഞാലും മറ്റ് കളിപ്പാട്ടങ്ങളിലും തുരുന്പ് പിടിച്ച് അതിൽ കയറാൻ പോലും സാധിക്കാത്ത അവസ്ഥയാണ് പലയിടത്തുമുള്ളത്.
തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വേളയിൽ പോലും ഓരോ വാർഡിലും ഇത്തരം ചെറിയ മനോഹരമായ പാർക്കുകൾ നിർമ്മിക്കുവാനും, അത് നന്നായി നിലനിർത്തുവാനും മുൻകൈയെടുക്കാമെന്ന വാഗ്ദാനമെങ്കിലും മിക്ക സ്ഥാനാർത്ഥികളും അവരുടെ പ്രചരണപത്രികകളിൽ പോലും പറയുന്നില്ല എന്നതാണ് സത്യം. വികസനോന്മുഖമായ ഒരു സമൂഹത്തിൽ ഇത്തരം പാർക്കുകൾ എത്ര മാത്രം ആവശ്യമാണെന്ന് ഇന്നും നമ്മുടെ ജനപ്രതിനിധികൾ തിരിച്ചറിഞ്ഞിട്ടില്ല എന്നത് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. നമ്മുടെ ജനങ്ങൾക്ക് ഇത്തരം സ്ഥലങ്ങളിൽ പോകാൻ ഏറെ താത്പര്യമാണ് എന്നതിന്റെ തെളിവുകളാണ് വലിയ തുക കൊടുത്താണെങ്കിലും അമ്യൂസ്മെന്റ് പാർക്കുകളിൽ എത്തുന്നവരുടെ എണ്ണം. ഓരോ ദിവസവും നിരവധി പേരാണ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ സ്വകാര്യ അമ്യൂസ് മെന്റ് പാർക്കുകളിൽ എത്തുന്നത്. ഇത് സാധാരണക്കാരന് കൂടി ലഭിക്കേണ്ടതുണ്ട്.
വൈകുന്നേരം ജോലി കഴിഞ്ഞ് തളർന്ന് വീട്ടിലെത്തുന്നവർക്ക് ഇത്തരത്തിലൊരു പാർക്ക് വീടിനടുത്തുണ്ടെങ്കിൽ വലിയൊരു വിഭാഗം ജനങ്ങളെങ്കിലും അവിടെയെത്തുമെന്നത് ഉറപ്പാണ്്. ഒന്ന് സ്വതന്ത്രമായി നടക്കാനോ, വ്യായാമം ചെയ്യാനോ, പ്രിയപ്പെട്ടവരുമായി ഒത്തുകൂടാനോ ഒക്കെ ഈ പാർക്കുകൾ നമ്മെ സഹായിക്കും. ടെലിവിഷൻ പെട്ടികളുടെ മുന്പിൽ കണ്ണീർ സീരിയലുകൾ കണ്ടും, ഉപ്പിനും ചുണാന്പിനും കൊള്ളാത്ത രാഷ്ട്രീയ ഗീർവാണങ്ങൾ കേട്ടും, അതുമല്ലെങ്കിൽ സോഷ്യൽ നെറ്റ് വർക്കിന്റെ വലയിൽ പെട്ട് കൈവിരലുകൾ താഴോട്ടും മേലോട്ടും മാറി മാറി ഉരച്ചും നാല് ചുമരുകൾക്കിടയിൽ ജീവിതം പെയ്ത് തീർക്കുന്നവർക്ക് അത് വലിയൊരാശ്വാസമാകും. സ്വന്തം വീട്ടിലുള്ളവരോട് തന്നെ ഹൃദയം തുറന്ന് സംസാരിക്കാതെ, വാട്്സ് ആപ്പിലൂടെ കാര്യങ്ങൾ ചുരുക്കി പറയുന്ന ഒരു സാഹചര്യമാണ് ഇന്ന് നമ്മുടെ നാട്ടിലും ഉള്ളത്. വായ തുറന്നാൽ എന്തൊക്കെയോ നഷ്ടമാകുമെന്ന വേവലാതി ഉള്ളത് പോലെ തോന്നും പലരെയും കണ്ടാൽ. താഴിട്ട് പൂട്ടിവെച്ച അത്തരം മനസുകളെ തുറന്നു വിടാനും നല്ല പാർക്കുകൾക്ക് സാധിക്കും.
ഇത്തരം പാർക്കുകൾ സെൽഫ് ഫിനാൻസ് രീതിയിൽ വളരെ എളുപ്പത്തിൽ നടത്താൻ സാധിക്കും. സർക്കാർ സ്ഥലം അനുവദിക്കുകയാണെങ്കിൽ പാർക്കിലേയ്ക്കുള്ള പ്രവേശനത്തിനായി നാമമാത്രമായ തുക വാങ്ങുന്നതിനോടൊപ്പം സർക്കാറിന്റെ സഹായവും, ഫുഡ് കോർട്ടുകളും ചെറിയ കടകളും അനുവദിച്ചാൽ ലഭിക്കുന്ന വാടകയും കൊണ്ട് ഒരു പാർക്ക് വൃത്തിയായി നിലനിർത്താനുള്ള വരുമാനം ലഭിക്കും. പാർക്കിൽ ചെറിയൊരു ഓപ്പൺേസ്റ്റജ് കൂടിയുണ്ടെങ്കിൽ ആ പ്രദേശത്തുള്ള ആളുകളുടെ ബർത്ത് ഡേ പാർട്ടി മുതൽ അൽപ്പം വലിയ ആഘോഷങ്ങളും, സെമിനാറുകളും വരെ ഇത്തരം പാർക്കുകളിൽ തന്നെ നടത്താവുന്നതേയുള്ളൂ. സെക്യൂരിറ്റിക്ക് മുതൽ ഹെൽപ്പർമാർ വരെയുള്ള പുതിയ തൊഴിൽ തസ്തികകളും ഇവിടെയുണ്ടാക്കാം. അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യമാണ് നമ്മുടെ നാട്ടിലെ ഉള്ള പാർക്കുകളിലെ പ്രധാന പ്രശ്നം. മറ്റൊന്ന് ടോയ്ലറ്റുകളിലെ വൃത്തിയില്ലായ്മയാണ്. ഇതിനൊക്കെ വേണ്ടത് വളരെ കൃത്യമായ ബോധവത്കരണമാണ്. നല്ല പാർക്കുകൾ അതിനുള്ള വേദിയാക്കാൻ സാധിക്കും. അതു കൊണ്ട് തന്നെ എന്റെ വാർഡിലും നല്ലൊരു പാർക്ക് എന്നത് നമ്മുടെ വരാനിരിക്കുന്ന പുതിയ ജനപ്രതിനിധികളുടെ ലക്ഷ്യങ്ങളിൽ ഒന്നാകട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു. കാരണം നാടിന് വേണ്ടത് മാനസികരോഗികളെ മാത്രമല്ല, മനസിന് സന്തോഷം തരുന്നവരെ കൂടിയാണ് !!