ഒന്നായ നിന്നെയിഹ...


‘‘ഓം സഹനാഭവന്തു സഹ നൗ ഭുനക്തു സഹവീര്യം കരവാവഹൈ തേജസ്വിനാവധീ തമസസ്തു മാ വിദ്വിഷാ വഹൈ’’ 

ഉപനിഷത്തിലെ ഈ വാക്കുകളുടെ അർത്ഥം ഇങ്ങിനെയാണ്. നമ്മൾ രണ്ടു പേരും ഒന്നിച്ച് രക്ഷിക്കപ്പെടട്ടെ, നമുക്ക് അന്യോന്യം പോഷണം നൽകപ്പെടട്ടെ, നമുക്കൊന്നിച്ച് വീര്യം ലഭിക്കട്ടെ, നമുക്ക് ഒരു പോലെ തേജസുണ്ടാകട്ടെ, നമ്മുടെ ജീവിതാവസാനം വരെ നമുക്ക് പിണങ്ങാതിരിക്കാം. 

ഇത് ഒരു മഹത്തായ സുവിശേഷമാണ്. ഓരോ കുടുംബത്തിലും മാതാപിതാക്കൾക്ക് തമ്മിൽ പറയാവുന്ന സുവിശേഷം. സഹോദരർ തമ്മിൽ പരസ്പരം ചെയ്യാവുന്ന പ്രതിജ്ഞ, അയൽക്കാരോട് ചേർന്ന് നിന്ന് പറയാവുന്ന കാര്യം. 

ഇന്നിന്റെ ലോകം പലപ്പോഴും ഇരുട്ടിൽ തപ്പിതടയുകയാണ്. ആരെയാണ് ഞാൻ വിശ്വസിക്കേണ്ടതെന്ന് അറിയാതെ, ആരാണ് എന്നെ പരാജയപ്പെടുത്താൻ തുനിഞ്ഞിറങ്ങിയിരിക്കുന്നതെന്ന് അറിയാതെ, എന്റെ കൈ പിടിച്ചുയർത്തുന്നതാരാണെന്നറിയാതെ തപ്പിതടഞ്ഞ് നമ്മുടെയെല്ലാം മനസ് ഇരുട്ടിന്റെ അഗാധ ഗർത്തങ്ങളിൽ വീണുകൊണ്ടിരിക്കുന്നു. ജനിപ്പിച്ച അച്ഛനും, പത്ത് മാസം ചുവന്ന് നൊന്ത് പെറ്റ അമ്മയും, ഒരേ ഉദരത്തിൽ നിന്ന് ഉയിർ കൊണ്ട തന്റെ തന്നെ പാതിയായ സഹോദരനും ഒക്കെ കണക്കുകൾ കൊണ്ട് കഥ പറയുന്ന ഒരു കാലത്താണ് നാം ജീവിച്ചുമൃതിയടയുന്നത്. അത്തരം ഒരു കാലത്ത് അറിവിന്റെ പ്രകാശം ചൊരിയാനായി വിരുന്നെത്തുന്ന വിജയദശമി നാളിന് പ്രത്യേകതകളേറെയുണ്ട്. 

ഭയപ്പാടിന്റേതല്ല, മറിച്ച് സ്നേഹത്തിന്റെയും കരുതലിന്റെയും തലോടലാണ് ഈശ്വരനെന്ന് വിളിക്കപ്പെടുന്ന പ്രപഞ്ചസത്യമെന്ന് തിരിച്ചറിയേണ്ടുന്ന നാളുകളാണ് ഇത്. ഈ ലോകത്തിലെ സർവ്വ ചരാചരങ്ങൾക്കും ഏകമാത്രമായ ഒരു ധന്യതയുണ്ടെന്നും, അത് പരസ്പരമുള്ള ഒത്തുചേരലിലൂടെ മാത്രമേ തിരിച്ചറിയാൻ സാധിക്കൂ എന്ന അറിവിന്റെ പങ്ക് വെക്കലാണ് ഈ നവരാത്രി ദിനങ്ങൾ. 

സാധാരണ മനുഷ്യന് മുകളിൽ മതത്തിന്റെ കാവലാളൻമാർ എന്ന് സ്വയം അവകാശപ്പെടുന്നവർ വല്ലാതെ പിടിമുറുക്കുവാൻ വെപ്രാളപ്പെടുന്ന കാഴ്ച്ചകളാണ് ദിനം പ്രതി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. നിന്റെ വിശ്വാസം ഞാൻ പറയുന്ന രീതിയിൽ തന്നെയായിരിക്കണം സഞ്ചരിക്കേണ്ടത് എന്ന് വിധിക്കുന്ന കാട്ടാള നീതിയിലേയ്ക്ക് മനുഷ്യത്വം യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഭഗവദ്ഗീതയിൽ ഏറ്റവുമധികം തവണ ആവർത്തിച്ചിട്ടുള്ള വാക്ക് അപി−−− ച അഥവാ മറ്റേതും എന്ന സമ്മത വാക്യമാണ്. എന്റേതിൽ നിന്നും അന്യമായതിന് ഒരിക്കലും ഒരിടത്തും സാധുതയില്ല എന്ന പിടിവാശി അവിടെയില്ല. ആ സമ്മതബോധമാണ് ദുർബ്ബലതയുടെ പാതയിലേയ്ക്ക് നടന്നുനീങ്ങി കൊണ്ടിരിക്കുന്ന മതമൗലികവാദികൾ ദിനം പ്രതി നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. 

മതത്തിന് വേണ്ടി മദം പൊട്ടുന്നവരെ പറ്റി അറിവിന്റെ അഗ്നി പടർത്തുന്ന ഈ വിജയദശമി നാളിൽ ചിന്തിക്കുന്പോൾ ഓർത്തു പോകുന്നത് ഒമർഖയാമിന്റെ വരികൾ മാത്രം. 

വാതിൽക്കലെത്തി ഞാൻ താക്കോൽ ലഭിച്ചില്ല. അപ്പുറത്തുണ്ടത്രെ മറനീക്കാനാവില്ല ഇത്തിരി വാഗ്വാദം, ഒത്തിരി ശബ്ദങ്ങൾ എല്ലാം ഒടുങ്ങുന്പോൾ ഞാനില്ല നീയില്ല !!

ഇങ്ങിനെ ഞാനും നീയും ഏറ്റമുട്ടുന്പോൾ ഞാൻ തന്നെയാണ് നീ എന്നും നീ തന്നൊണ് ഞാനെന്നുമുള്ള തത്വം നമ്മുടെ ഇടയിൽ നിന്ന് അപ്പൂപ്പൻ താടി പോലെ കാറ്റിൽ നിലയില്ലാതെ പറക്കുകയാണ്. എവിടെയെങ്കിലും ആ മഹാദർശനങ്ങൾ തട്ടി താഴെ വീഴുമെന്നും, അവിടെയൊരായിരം പുതുനാന്പുകൾ പൊട്ടിമുളക്കുമെന്നും സ്വപ്നം കണ്ട് അതുവരേക്കും നമുക്ക് ആശിച്ചിരിക്കാം.  കാരണം ഓരോ കാലത്തും ഈ ഭൂമിയിൽ ഇരുട്ട് വല്ലാതെ പരക്കുന്പോൾ നവദർശനങ്ങളുടെ വെളിച്ചമേകാൻ പ്രവാചകൻമാരുണ്ടായിട്ടുണ്ട്. കാത്തിരിക്കാം അറിവിന്റെ, സ്നേഹത്തിന്റെ, പങ്ക് വെക്കലിന്റെ പാഠം പഠിപ്പിച്ച അത്തരം മഹാമനീഷികളെ... 

You might also like

Most Viewed