കരിവാരിതേയ്ക്കുന്ന കലികാലം...
കാലം വെറും ആവർത്തനങ്ങളാണെന്ന് പറഞ്ഞത് ആരാണെന്ന് അറിയില്ല. പക്ഷെ നൂറ്റാണ്ടുകൾക്ക് മുന്പ് തുടച്ച് നീക്കപ്പെട്ടെന്നു കരുതിയ ചിലത് വല്ലാത്തൊരു ശക്തിയോടെ തിരിച്ചുവരുന്പോൾ അത് ശ്രദ്ധയോടെയും ജാഗ്രതയോടെയും നോക്കി കാണേണ്ട വിഷയം തന്നെയായി മാറുന്നു.
നമ്മുടെ നാട്ടിൽ നേരം ഇരുട്ടി വെളുക്കുന്പോഴേക്കും ചില നിയമങ്ങൾ കർശനമാവുകയാണ്. ഗുലാം അലിയോട് പാടേണ്ട എന്ന് പറഞ്ഞപ്പോൾ ആ നിരോധനം മുംബൈയിൽ മാത്രമാണെന്ന് കരുതി. അല്ല, ഇപ്പോൾ അത് ദില്ലിയിലും കൂടിയാണ്. കരിഓയിൽ ഒരാളുടെ മുഖത്ത് മാത്രം അബദ്ധത്തിൽ വീണതാണെന്ന് കരുതി. അല്ല, അത് മറ്റൊരു മുഖത്തും പതിഞ്ഞിരിക്കുന്നു. ഇനിയും കോരിഒഴിക്കാൻ എത്രയോ കരിഓയിൽ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും കേൾക്കുന്നു. ജീവിതം പുലർത്താൻ ഒരു പശു വേണ്ടിയിരുന്ന കാലത്തിൽ നിന്ന് ജീവിതം തന്നെ ഇല്ലാതാക്കാൻ അതേ പശു മതിയെന്ന അവസ്ഥയിലേയ്ക്കും കാലം എത്തിയിരിക്കുന്നു. വല്ലാത്തൊരു കലികാലം.
ഭാരതമെന്നാൽ ബഹുസ്വരതയുടെ നാടെന്ന് അഭിമാനിച്ചിരുന്ന കാലമുണ്ടായിരുന്നു. വ്യത്യസ്ത വീക്ഷണങ്ങളെ ആദരിച്ചിരുന്ന, പരസ്പരം അംഗീകരിച്ചിരുന്ന ആ കാലത്തിൽ നിന്ന് ഞാൻ മാത്രമാണ് ശരിയെന്നും എന്റെ ശരി അനുസരിക്കണമെന്നും ഭീഷണിപ്പെടുത്തുന്ന അവസ്ഥയിലേയ്ക്ക് നമ്മൾ എത്തിയിരിക്കുന്നു. ഓരോദിവസം പുലരുന്നത് ഹിംസാത്മകമായ വാർത്തകളുമായാണ്. അസഹിഷ്ണതയുടെ കറുത്ത കയ്യൊപ്പുകൾ ചാർത്തിയാണ് അവ നമ്മെ വിളിച്ചെഴുന്നേൽപ്പിക്കുന്നത്. ഭാരതത്തിന്റെ രാഷ്ട്രപതി തന്നെ മൂന്നിടങ്ങളിൽ വെച്ച് ഈ അസഹിഷ്ണുതയെ പറ്റി സൂചിപ്പിച്ചിരിക്കുന്നു എന്നത് ഏറെ പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. വിശാലമായ ഒരു രാജ്യത്തിന്റെ ഹൃദയവേദന തന്നെയാണ് അദ്ദേഹം ഇതിലൂടെ പങ്ക് വെച്ചിരിക്കുന്നത്.
നിത്യചൈതന്യയതിയുടെ മാനവീയത മറന്ന മതങ്ങൾ എന്നൊരു കുറിപ്പ് ഓർമ്മവരുന്നു. അതിങ്ങനെയാണ്. “മതേതര്വതം അസാധ്യമാക്കുന്ന ആയത്തുള്ളമാരും മതത്തിന് വേണ്ടി കൊല്ലുകയും മരിക്കുകയും ചെയ്യുന്ന ഗോഡ്സെമാരും എന്നും മാനവികതയുടെ ശത്രുക്കളായിരിക്കും. അവർ എന്നെങ്കിലും പൊതുമനസാക്ഷിയുടെ വക്താക്കളായി രംഗപ്രവേശം ചെയ്യുന്പോൾ മതം രാഷ്ട്രീയതയുടെ ഇരുന്പ്ചട്ടയും പടവാളും അണിഞ്ഞ് മുന്പോട്ട് വരും. അവരുടെ മനുഷ്യദ്രോഹപരമായ സംഹാരശക്തിക്ക് അപ്പോൾ ഏറ്റവുമധികം പിന്തുണ നൽകുന്നത് ഒന്നിലും അഭിപ്രായം രൂപീകരിച്ചിട്ടില്ലാത്ത ഭീരുക്കളുടെ ഭൂരിപക്ഷമായിരിക്കും. ദൈനംദിനജീവിതത്തിൽ അവർ മതാഭിമാനമുള്ളവരോ, അൽപ്പമാത്രമായ വിശ്വാസം പോലും ഉള്ളവരോ അല്ല. എന്നാലും മതരാഷ്ട്രീയത്തിൽ അവർ മൂകസാക്ഷികളായി ചേർന്ന് പങ്കാളിത്തം നൽകുന്നു.”
ഇതാണ് ഏറ്റവും സങ്കടകരം. നമ്മുടെ നാട്ടിൽ ഭീരുക്കളുടെ എണ്ണം വല്ലാതെ വർദ്ധിക്കുന്നു. സ്വതന്ത്രമായ സ്വന്തം ചിന്തകളെ പോലും പണയപ്പെടുത്തി, കേവലം അർത്ഥത്തെ മാത്രം കാമിച്ച് അസ്ഥിത്വം പോലും ഇല്ലാതാക്കുന്ന ഇവരെ കാണുന്പോൾ ഹാ കഷ്ടം എന്നല്ലാതെ എന്ത് ചെയ്യാൻ, എന്ത് പറയാൻ. ഇവർ പാൽ കട്ടുകുടിക്കുന്ന പൂച്ചയെ പോലെ സത്യത്തിന് നേരെ കണ്ണടച്ചിരിക്കുന്പോൾ നമ്മുടെ നാട് കൂടുതൽ ഇരുട്ടിലേയ്ക്ക് നീങ്ങി കൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ താഴെ പറയുന്ന ചില സംഭാഷണങ്ങൾ ഇനിയും നമ്മുടെ നാട്ടിൽ ആവർത്തിച്ചേക്കാം എന്ന മുന്നറിയിപ്പ് മാത്രം ഇവിടെ നൽകട്ടെ.
ഇവൻ ദക്ഷിണേന്ത്യക്കാരനാണ്. ദേവഭാഷ അറിയാത്തവൻ. നമ്മുടെ കൂട്ടത്തിൽ കൂട്ടരുത്. മുറിയും കൊടുക്കരുത്. വേണമെങ്കിൽ റോഡിൽ കിടന്നോട്ടെ. വല്ല എച്ചിലും പെറുക്കി തിന്നോട്ടെ,
അശ്രീകരം!
കറുത്ത കുട്ടിയെ എന്തിനാണ് അസംബ്ലിയുടെ മുൻവശത്ത് നിർത്തുന്നത്. അവനെ അവിടെ നിന്ന് മാറ്റി നിർത്തിക്കൂടെ അദ്ധ്യാപകർക്ക്. അല്ലെങ്കിൽ തന്നെ അവന്റെ നിറം കാണുന്പോൾ അറപ്പാകുന്നില്ലെ ഇവർക്ക്. ഒരു ഐശ്വര്യവുമില്ലാത്ത നിറം, കറുപ്പ് !!
ഇതൊരിക്കലും അനുവദിക്കാനാവില്ല. അത്രയും ശബ്ദമാണ് ഈ കൂർക്കംവലിയ്ക്ക്. എന്തിനാണ് ഇയാളുടെ കൂർക്കംവലി കാരണം ഞങ്ങളുടെ ഉറക്കം നശിപ്പിക്കുന്നത്. ഏറ്റവും നല്ലത് ഇയാളെ തന്നെ ഇല്ലാതാക്കുന്നതല്ലെ. കുറഞ്ഞത് ആ കൂർക്കംവലി നിൽക്കുമല്ലോ!!!