ഒക്കെ വെറുമൊരു ഭ്രാന്തന്റെ സ്വപ്നം...
ഇന്ന് തുലാം ഒന്ന്. ഇന്നാണ് പ്രശസ്തമായ രായിരനെല്ലൂർ മലകയറ്റം. പന്തിരുകുലത്തിലെ പ്രധാനിയായ നാറാണത്ത് ഭ്രാന്തന്റെ പേരിലാണ് ഈ മലകയറ്റം നടക്കുന്നത്. അദ്ദേഹത്തിന് ഈ മലമുകളിൽ വെച്ച് ദേവീദർശനം ലഭിച്ചുവെന്നാണ് ഐതിഹ്യം. പ്രഭാതം മുതൽ പ്രദോഷം വരെ മലമുകളിലേയ്ക്ക് കൂറ്റൻ കല്ലുകൾ ഉരുട്ടികയറ്റുകയും മുകളിലെത്തിയാൽ അവ താഴേക്കിട്ട് ജീവിതത്തെ നോക്കി അട്ടഹസിച്ച് ചിരിക്കുകയും ചെയ്തിരുന്ന നാറാണത്ത് ഭ്രാന്തൻ ബാക്കി വെച്ച ജീവിത ദർശനങ്ങളെയാണ് ഈ ദിനത്തിൽ ഓർത്തെടുക്കുന്നത്. ഈ ഒരു മലകയറ്റത്തിൽ പങ്കെടുക്കുവാൻ നിരവധി ആളുകളാണ് ഇവിടെയെത്തുന്നത്.
നാറാണത്ത് ഭ്രാന്തനെ പറ്റിയുള്ള നിരവധി കഥകൾ നമ്മുടെ ഐതിഹ്യങ്ങളിലുണ്ട്. അതിൽ ചുടല പറന്പിൽ കിടന്നിരുന്ന നാറാണത്ത് ഭ്രാന്തന്നെ ഭയപ്പെടുത്തി അവിടെ നിന്ന് ഓടിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോൾ ഒരു വരം നൽകാൻ തയ്യാറായ ചുടല ഭദ്രകാളിയുടെ കഥ ചെറുപ്പത്തിൽ ഐതിഹ്യമാലയിലൂടെ വായിച്ചത് എന്റെ മനസ്സിലിപ്പോഴും പച്ചപിടിച്ച് നിൽക്കുന്നുണ്ട്. ഞാനെന്നാണ് മരിക്കുന്നതെന്ന നാറാണത്ത് ഭ്രാന്തന്റെ ചോദ്യത്തിന് 36 സംവത്സരവും, 6 മാസവും, 12 ദിവസവും, 5 നാഴികയും 3 വിനാഴികയും കഴിയുന്പോൾ മരിക്കുമെന്ന് കൃത്യമായി കണക്ക് കൂട്ടി ഭദ്രകാളി പറഞ്ഞുകൊടുത്തപ്പോൾ എനിക്കൊരു ദിവസം കഴിഞ്ഞ് മരിച്ചാൽ മതിയെന്നായിരുന്നുവത്രെ നാറാണത്തിന്റെ ആവശ്യം. അത് നടക്കില്ലെന്ന് പറഞ്ഞ് ഭദ്രകാളി കൈമലർത്തിയപ്പോൾ എന്നാൽ പിന്നെ ഒരു ദിവസം മുന്നേ മരിച്ചാലും മതിയെന്നായി നാറാണത്ത് ഭ്രാന്തൻ. അതും പറ്റില്ലെന്ന് പറഞ്ഞ് ഭദ്രകാളി കൈമലർത്തിയപ്പോൾ ഇത്രയും ചെറിയ കാര്യം പോലും ചെയ്യാൻ പറ്റില്ലെങ്കിൽ തന്റെ ഇടത്തേക്കാലിലെ മന്ത് വലത്തേക്കാലിലേക്ക് മാറ്റിക്കൊടുത്താൽ മതിയെന്ന് പറഞ്ഞ് ഭദ്രകാളിയെ ഭ്രാന്തൻ പരിഹസിച്ചുവെന്നാണ് ഐതിഹ്യം. തന്റെ കാലിലെ മന്ത് പൂർണ്ണമായും മാറ്റിക്കൊടുക്കണമെന്ന് ആവശ്യപ്പെടാതിരുന്ന ആ ഭ്രാന്തന്റെ കഥ ആരിലും അതിശയം ജനിപ്പിക്കുന്നതാണ്. മനുഷ്യന്റെ അഹങ്കാരത്തിന് മുകളിലൂടെയായിരുന്നു അദ്ദേഹം കല്ലുകൾ ഉരുട്ടി കയറ്റിയിരുന്നത്. ഏത് നേരത്തും താഴേക്ക് ഉരുണ്ട് വീഴാവുന്ന കല്ല് പോലെയാണ് മനുഷ്യന്റെ ജീവിതമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയ നാറാണത്തിനെ ഭ്രാന്തനെന്ന് വിളിക്കുന്ന നമുക്കല്ലെ സത്യത്തിൽ ഭ്രാന്ത് !
നാറാണത്ത് ഭ്രാന്തൻ ഒരു കെട്ടുകഥയോ, കേവലം ഐതിഹ്യമോ ആകാം. എങ്കിലും അദ്ദേഹത്തിന്റെ ആ കഥകൾ മുന്പോട്ട് വെച്ച ദർശനങ്ങൾ ഏത് കാലത്തിലും പ്രസക്തമാണ്. ഓരോ നാടിനും ഇത്തരം ചില ദാർശനികരുണ്ടാകും. പലപ്പോഴും ഇവരെ മറക്കുന്പോഴാണ് ആ നാടിന്റെ പൈതൃകം തന്നെ കെട്ടുപോകുന്നത്. നാറാണത്ത് ഭ്രാന്തന്റേത് പോലെയുള്ള ഇത്തരം ദർശനങ്ങൾ നമ്മുടെ പുതിയ തലമുറയെ കൂടി സ്വാധീനിക്കാൻ പറ്റുന്നവയാണ്. എല്ലാ മനുഷ്യ മനസ്സിലും അവന്റെ ജീവിത വഴികളിൽ ഏതോ സ്ഥലകാലരാശിയിൽ ഇത്തരമൊരു ഭ്രാന്തനുണ്ട് എന്ന തിരിച്ചറിവും അന്വേഷണവുമാണ് നാറാണത്ത് ഭ്രാന്തൻ എന്ന കഥാപാത്രം.
നമ്മുടെ ഓരോ നാട്ടിൻ പുറങ്ങളിലും ജാതിമത വ്യത്യാസങ്ങളില്ലാതെ ഇത്തരം ദാർശനിക സ്വഭാവമുള്ള കഥകളും കഥാപാത്രങ്ങളും കണ്ടേക്കാം. എന്നാൽ ഇന്നിന്റെ തിരക്കേറിയ ലോകത്ത് ആ പഴയ നന്മകളെ ഓർത്തെടുക്കാനോ, അവയെ പരസ്പരം പങ്ക് വെക്കാനോ നമുക്ക് സാധിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. പുസ്തകങ്ങളെ അലമാരയിൽ പൊടിപിടിച്ചിരിക്കാൻ അനുവദിച്ചുകൊണ്ട് പകലന്തിയോളം ഫേസ് ബുക്ക് സാഹിത്യം വായിച്ചിരിക്കാൻ സമയം കണ്ടെത്തുന്ന നമുക്ക് ആ ദാർശനികരെ അറിയാൻ സാധിക്കുന്നില്ല. അല്ലെങ്കിലും ഇന്ന് നമ്മുടെ വിരലുകൾ മറിച്ചു നോക്കുന്നത് പുസ്തകതാളുകളെ അല്ലല്ലോ മറിച്ച് വെറ്റിലയിൽ ചുണാന്പ് തേക്കുന്നത് പോലെ ടച്ച് സ്ക്രീൻ ടാബുകളെയും, മൊബൈൽ ഫോണുകളെയുമല്ലെ. അതു കൊണ്ടായിരിക്കാം നാറാണത്ത് ഭ്രാന്തൻ എന്ന് പറയുന്പോൾ ഇന്ന് നമ്മളിൽ പലരും ഓർക്കുന്നത് പ്രിയകവി മധുസൂധനൻ നായരുടെ ആ വരികൾ മാത്രമാകുന്നത്.
“പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ..
നിന്റെ മക്കളിൽ ഞാനാണു ഭ്രാന്തൻ ....