കാര്യങ്ങൾ മാറുന്നുണ്ട്...


തെരഞ്ഞെടുപ്പുകൾ ജനാധിപത്യ സംവിധാനത്തിന്റെ ഉത്സവങ്ങളാണ്. അൽപ്പനേരത്തേക്കെങ്കിലും രാജ്യത്തിന്റെ ഭാഗധേയം നിർണ്ണയിക്കാൻ തങ്ങൾക്കും പങ്കാളിത്തം ലഭിക്കുന്നു എന്ന് ഏത് സാധാരണക്കാരനെയും ഓർമ്മിപ്പിക്കുന്ന അവസരമാണിത്. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നാടിനെയും നാട്ടാരെയും കാണാൻ വീണ്ടുമെത്തുന്ന രാഷ്ട്രീയ മാവേലിമാരുടെ കോമാളിത്തരം കാണാൻ സാധിക്കുന്ന സമയം. നമ്മുടെ നാട്ടിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഈ വേളയിൽ എന്നത്തെയും പോലെ വ്യത്യസ്തകരവും ചിന്തിപ്പിക്കുന്നതുമായ വാർത്തകൾ നമ്മെ തേടിയെത്തുന്നുണ്ട്. അതിൽ ഏറ്റവുമധികം ആകർഷിച്ച ഒരു വാർത്തയെ പറ്റിയാണ് ഇന്ന് തോന്ന്യാക്ഷരം സംസാരിക്കുന്നത്. 

എറണാകുളത്തിനടുത്തുള്ള കിഴക്കന്പലം എന്ന സ്ഥലത്തെപറ്റി പലരും കേട്ടിട്ടുണ്ടാകും. ലോകപ്രശസ്തമായ അന്നാ അലുമിനയത്തിന്റെയും, കീറ്റെക്സ് ഉത്പന്നങ്ങളുടെയും ജന്മദേശമാണ് കിഴക്കന്പലം. ഇവിടെ 2013ൽ ട്വന്റി 20 കിഴക്കന്പലം എന്ന പേരിൽ ഒരു സാംസ്കാരിക സംഘടന രൂപീകരിക്കപ്പെട്ടു. അതിന്റെ തലപ്പത്ത് കീറ്റക്സ് ഗ്രൂപ്പിന്റെ മേധാവികളായ സാ
ബു.എം.ജേക്കബും, ബോബി.എം.ജേക്കബുമാണ് പ്രവർത്തിക്കുന്നത്. 2020ഓടെ കിഴക്കന്പലം പഞ്ചായത്തിനെ സ്വയം പര്യാപ്തമായ ഒരു പഞ്ചായത്തായി ഉയർത്തി കൊണ്ടുവരണം എന്ന ലക്ഷ്യത്തോടെയാണ് സംഘടന ആരംഭിച്ചത്. ഇതിന്റെ ഭാഗമായി  14,000 മുട്ടകോഴികൾ, 2800 താറാവുകൾ‍, 950 മലബാറി ആടുകൾ,  114,000 ജാതിതൈ, 10,000 തെങ്ങ്, ഏഴു ലക്ഷം പച്ചക്കറിതൈ എന്നിവ സൗജന്യമായി വിതരണം ചെയ്തു. കൂടാതെ ഈ കൂട്ടായ്മയുടെ േതൃത്വത്തിൽ −100 ഏക്കർ തരിശുഭൂമിയിൽ പച്ചകറി കൃഷി, 450 ഏക്കറിൽ നെൽ‍കൃഷി എന്നിവയും ചെയ്തു. ഇത് കാരണം ഇവിടെയുള്ളവരെ കഴിഞ്ഞ കുറച്ച് നാളുകളായി വിലക്കയറ്റം വലുതായി ബാധിക്കുന്നില്ല. പച്ചക്കറിയും പലചരക്കും വിപണി വിലയേക്കാൾ പകുതി വിലയ്ക്കാണ് ലഭിക്കുന്നത്. 

2015 ആയപ്പൊഴേക്കും കിഴക്കന്പലത്ത് 18 കുടിവെള്ള പദ്ധതി, 450 വീടുകളുടെ നിർമ്മാണം എന്നിവയാണ് ഈ സംഘടന പ്രധാനമായും ചെയ്ത് തീർത്തത്. സാംസ്കാരിക പ്രവർത്തനങ്ങളിൽ ഒതുങ്ങിനിൽക്കാതെ ഇവർ രാഷ്ട്രീയരംഗത്തേയ്ക്കും കടന്നതാണ് ഇപ്പോൾ വാർത്തയാകുന്നത്. കിഴക്കന്പലം പഞ്ചായത്തിലെ 19 വാർഡുകളിലും ബ്ലോക്ക് പഞ്ചായത്തിന്റെ മൂന്ന് ഡിവിഷനുകളിലും, ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ട്വന്റി 20 സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. ഇത് മാറി മാറി കിഴക്കന്പലം ഭരിച്ചു കൊണ്ടിരുന്ന ഇടതും വലതു മുന്നണികളിൽ വലിയ അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പ് കാലത്തെ രകസരമായ വാർത്തകളിൽ പ്രധാനം. ഒരു കോർപ്പറേറ്റ് സ്ഥാപനം പിന്തുണ നൽകുന്ന സംഘടന ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെതെരഞ്ഞെടുപ്പിൽ ഇറങ്ങുന്നത് കേരളത്തിൽ ഇതാദ്യമായാണ്. മുന്പ് രണ്ട് മുന്നണികളിൽ നിന്ന് മത്സരിച്ച് ജയിച്ചവരും ഈ സംഘടനയുടെ ബാനറിൽ ഇത്തവണ മത്സരിക്കുന്നുണ്ട്. ഇവരുടെ യോഗങ്ങളിൽ വലിയ ആൾക്കൂട്ടമാണ് ഉണ്ടാകുന്നത്. അതു കൊണ്ട് തന്നെ നല്ലൊരു വിജയപ്രതീക്ഷയും ഇവർ വെച്ചുപുലർത്തുന്നു. എന്നാൽ മുതലാളിമാരും തൊഴിലാളികളും ചേർന്ന് രൂപം നൽകിയ ട്വൻറി20 നാട്ടിൽ അരാഷ്ട്രീയവാദം വളർത്തുന്ന പരിപാടിയാണെന്നാണ് ഇരുമുന്നണി നേതാക്കളും പറയുന്നത്. 

കോർപ്പറേറ്റുകളുടെ രഹസ്യ അജണ്ടകൾ നടപ്പിലാക്കാനാണ് ഇത്തരമൊരു നീക്കം എന്നാരോപിക്കുന്പോൾ തന്നെ നമ്മുടെ രാഷ്ട്രീയക്കാർ മനസ്സിലാക്കേണ്ടത് ഇവിടെയുള്ള ജനങ്ങൾക്ക് വേണ്ടത് കാലഹരണപ്പെട്ട ആശയങ്ങളോ, പരസ്പരം വിദ്വേഷം നിറയ്ക്കലോ, വിടുവായത്തരമോ ഒന്നുമല്ലെന്നാണ്. കിറ്റക്സ് ഗ്രൂപ്പിന്റെ സാബുവും, വിഗാർഡിന്റെ കൊച്ചൗസേപ്പും, ലുലുവിന്റെ യൂസഫലിയും ഒക്കെ ചെയ്യുന്ന നന്മകളെ കേരളത്തിലെ ജനം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. ബുദ്ധി ഉപയോഗിച്ച് പണമുണ്ടാക്കുന്നതിനോടൊപ്പം കുറച്ചെങ്കിലും അവർ നാട്ടുകാർക്ക് തിരികെ കൊടുക്കാൻ ശ്രമിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്.
അതു കൊണ്ട് പ്രിയ രാഷ്ട്രീയക്കാരെ, ഈ മാറ്റം തിരിച്ചറിയുക, കേരളത്തിലെ വോട്ടർമാർ പ്രഫഷണലുകൾ ആവുകയാണ്. പതിയെ പതിയെ, മറ്റ് വഴികൾ ഇല്ലാതെ..

You might also like

Most Viewed