അതിശയങ്ങൾ അറിയാതെ...


അതിശയങ്ങളുടെ ലോകത്താണ് നമ്മൾ ഇന്ന് ജീവിക്കുന്നതെന്ന് പറയാറുണ്ട്. എന്നാൽ സത്യത്തിൽ അത് ശരിയാണോ എന്ന ചിന്തയാണ് ഇന്നത്തെ തോന്ന്യാക്ഷരത്തിന് കാരണമാകുന്നത്. 

കഴിഞ്ഞ ദിവസം മകളുടെ ജന്മദിനം പ്രമാണിച്ച് എന്താണ് സമ്മാനം വേണ്ടതെന്ന് ചോദിച്ചപ്പോഴാണ് ആ കുഞ്ഞികണ്ണുകളിൽ അതിശയത്തിന്റെ  നക്ഷത്രതിളക്കം സമ്മാനിക്കാൻ പറ്റുന്ന ഒന്നും നമ്മുടെ കൈയിൽ തത്കാലം ഇല്ലെന്ന് മനസ്സിലായത്. അവർക്ക് അതിശയങ്ങളായി നമ്മൾ കുട്ടിക്കാലത്ത് ചിന്തിച്ചിരുന്ന കാര്യങ്ങളൊക്കെ ടിവിയിലും ഇന്റർനെറ്റിലും കണ്ട് പരിചിതമായിരിക്കുന്നു. അതൊന്നും കണ്ടാലോ, വാങ്ങിയാലോ അവർ എക്സൈറ്റഡ് ആകുമെന്ന് നമ്മൾ കരുതുന്നതേ അബദ്ധം.  ജനിക്കുന്പോഴേ ഇലക്ട്രോണിക്ക് യന്ത്രങ്ങളുെട കൂട്ടുകാരായി തീരുന്നവരാണ് ഇന്നത്തെ വലിയൊരു വിഭാഗം കുട്ടികളും. പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ വളരുന്ന കുട്ടികൾ. അതുകൊണ്ട് തന്നെ സാങ്കേതികമായി അവരുടെ ബുദ്ധി പലപ്പോഴും നമ്മൾ മുതിർന്നവരെക്കാൾ കേമമാണ് താനും. എത്രയോ തവണ മൊബൈൽ ഫോണിലെ നമ്മൾ അറിയാത്ത സവിശേഷതകൾ മക്കൾ പറഞ്ഞ് തന്ന് അറിയേണ്ടി വന്ന അനുഭവം എനിക്കും നിങ്ങൾക്കുമൊക്കെയുണ്ടാകാം. അപ്പോഴൊക്കെ ഇവൻ അല്ലെങ്കിൽ ഇവൾ കൊള്ളാട്ടോ എന്ന ആത്മഗതവും നമ്മൾ പുറപ്പെടുവിക്കും. പക്ഷെ ഇങ്ങിനെ ഒരു ഭാഗത്ത് കുട്ടികൾ സാങ്കേതികമായി വളർച്ച നേടുന്പോൾ മറുഭാഗത്ത് അവരിലെ നിഷ്ങ്കളകത വല്ലാതെ കൈമോശം വരുന്നുണ്ടെന്ന് തന്നെയാണ് അടുത്ത കാലത്ത് കേൾക്കുന്ന പല വാർത്തകളും സൂചിപ്പിക്കുന്നത്. 

എറണാകുളത്ത് കഴിഞ്ഞ ദിവസം ഒരു സംഭവം നടന്നു. ആലുവ റെയിൽവെ േസ്റ്റഷനിൽ ബോംബ് വെച്ചതായിട്ടുള്ള ഒരു സന്ദേശം സിറ്റി പോലീസ് കൺട്രോൾ റൂമിലേയ്ക്ക് രാത്രി 11.45ന് വന്നു. തുടർന്ന് ബോംബ് സ്ക്വാഡും പോലീസും ചേർന്ന് േസ്റ്റഷൻ പരിസരം അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പല തീവണ്ടികളെയും തൊട്ടപ്പറുത്തുള്ള േസ്റ്റഷനുകളിൽ രണ്ട് മണിക്കൂറോളം പിടിച്ചിട്ടു. ഒന്നും കിട്ടാത്തതിനെ തുടർന്ന് വിളിച്ച നന്പറിൽ തിരികെ വിളിച്ചപ്പോൾ ഒരു സ്ത്രീയാണ് ആദ്യം ഫോൺ എടുത്തത്. അന്വേഷിച്ചപ്പോൾ അവരുടെ പത്താം ക്ലാസിൽ പഠിക്കുന്ന മകനാണ് വ്യാജ ബോംബ് സന്ദേശം നൽകിയതെന്ന് വ്യക്തമായി. ബോറടി മാറ്റാൻ ടെലിവിഷനിലെ കോമഡി ഷോയിൽ കണ്ട രംഗം അനുകരിച്ചു നോക്കിയതാണത്രെ കക്ഷി. 

ആ കുട്ടി സൂചിപ്പിച്ച ബോറഡി തന്നെയാണ് ഇന്ന് നമ്മുടെയിടയിലെ മിക്ക കുട്ടികളുടെയും ശത്രു. വർത്തമാനം പറയാൻ തുടങ്ങുന്ന കാലം മുതൽ കുട്ടികൾക്ക് ബോറഡിക്കാൻ തുടങ്ങുന്നു. എന്ത് ചെയ്യണമെന്നോ, എന്ത് കാണണമെന്നോ, എന്ത് പറയണമെന്നോ അറിയാതെ ഒരു ബാല്യം അവർ വെറുതെ അങ്ങ് ജീവിച്ചു തീർക്കുന്നു. ഭക്ഷണം കഴിച്ചും, അതിന്റെ ക്ഷീണം ഉറങ്ങിത്തീർ‍ത്തും അവർ ബോറടിച്ചുകൊണ്ടിരിക്കുന്നു. ഒരു ചെറിയ കുട്ടിക്ക് പോലും ഒരു പുതിയ കളിപ്പാട്ടം വാങ്ങി കൊടുത്താൽ അഞ്ച് മിനിട്ട് നേരം മാത്രമാണ് ഒരാവേശം കാണാൻ സാധിക്കുന്നത്. പണ്ടൊക്കെ അങ്ങ് നീലാകശത്ത് ദൂരെ എവിടെയെങ്കിലും ഒരു വിമാനത്തിന്റെ മുരൾച്ച കേട്ടാൽ നമ്മൾ വീടിന്റെ ഏത് കോണിൽ നിന്നും പുറത്തേക്കിറങ്ങി നോക്കുമായിരുന്നു. ഇന്ന് അതിവേഗ ജെറ്റ് വിമാനം മുന്പിൽ വെച്ചുകൊടുത്താൽ തന്നെ നമ്മുടെ കുട്ടികൾക്ക് യാതൊരു ഭാവഭേദവും ഉണ്ടാകുന്നില്ല. ഇങ്ങിനെ ഒന്നുകിൽ ‍‍‍‍‍‍‍‍വികാരരഹിതമായി അല്ലെങ്കിൽ വളരെ പെട്ടന്ന് വികാരങ്ങൾ മാറി മറിഞ്ഞു വരുന്ന ഒരു പുതിയ തലമുറയെയാണ് വലിയൊരളവിൽ നാം പൊതുവെ കണ്ടുവരുന്നത്. 

ഇതിന് അപവാദങ്ങൾ ഇല്ലെന്നില്ല. വളരെ ബുദ്ധിമുട്ടി  ജീവിതം മുന്പോട്ട് തള്ളി നീക്കുന്ന മാതാപിതാക്കൾ മക്കളെ ധാരാളിത്തം പഠിപ്പിച്ചും, ഒരു ബുദ്ധിമുട്ടും അറിയിക്കാതെയും വളർത്തുന്പോഴാണ് ഈ ഒരു പ്രശ്നം പൊതുവെ നേരിടേണ്ടി വരുന്നത്. അങ്ങിനെ ചെയ്യുന്നവർ തന്നെയാണ് നമ്മുടെ ഇടയിൽ മിക്കവരും എന്ന കുറ്റബോധത്തോടെ, അതിശയങ്ങൾ സമ്മാനിക്കാൻ പറ്റാത്ത സങ്കടത്തോടെ.. !!

You might also like

Most Viewed