ഞാൻ, നിങ്ങളിൽ ഒരാൾ


പ്രിയപ്പെട്ട സുഹൃത്തെ, 

അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു അല്ലെ. പറയേണ്ട കാര്യമാണല്ലോ പ്രധാനം. ഞാൻ നിങ്ങളിൽ പലരെയും പോലെ 1970നും 1985നും ഇടയിൽ ജനിച്ച ഒരാളാണ്. നിങ്ങളെ പോലെ തന്നെസംഭവബഹുലമായ ജീവിതത്തിലൂടെയാണ് ഞാനും ഇപ്പോൾ
കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഞാൻ ജനിച്ചപ്പോൾ ഇന്ന് കാണുന്ന പലതും ഉണ്ടായിരുന്നില്ല. അതു പോലെ തന്നെ അന്ന് കണ്ട പലതും ഇന്ന് കാണാനുമില്ല. എന്റെ മാതാപിതാക്കൾ നല്ല അദ്ധ്വാനികളായിരുന്നു. അച്ഛൻ ഒരു സ്വകാര്യ കന്പനിയിൽ 36 വർഷവും, അമ്മ ഒരു സർക്കാർ സ്കൂളിൽ 33 വർഷവും ജോലി ചെയ്തു. രണ്ടു പേരും ഒരിക്കൽ പോലും അവിടങ്ങളിൽ നിന്ന് മാറിയിരുന്നില്ല. ജോലി പോകുമെന്ന ഭയമായിരുന്നു അവർക്ക്. അതു കൊണ്ട് അവർ രണ്ട് പേരും രാവിലെ മുതൽ ചോറും കൂട്ടാനുമെടുത്ത് ജോലി ചെയ്യാൻ പോയി. തിരികെ വരുന്പോൾ അച്ഛന്റെ ൈകയിൽ പരിപ്പുവടയും, അമ്മയുടെ കൈയിൽ കടല മിഠായിയും ഉണ്ടാകും. അത് കൊണ്ട് അവർ ജോലിക്ക് പോകുന്നത് ഞങ്ങൾ മക്കൾക്കും താത്പര്യമുള്ള കാര്യമായിരുന്നു. 

വളർന്നു തുടങ്ങിയപ്പോൾ തന്നെ അച്ഛനും അമ്മയും ഞങ്ങളുടെ ജോലി ഉറപ്പിച്ചിരുന്നു. ഞാൻ സർക്കാർ ഉദ്യോഗസ്ഥൻ, അനിയത്തി ഡോക്ടർ, അനിയൻ എഞ്ചിനീയർ എന്നിവയായിരുന്നു അത്. ഗുളിക തരുന്നത് പോലെ ദിവസം മൂന്ന് നേരം അവർ അത് ഞങ്ങളെ ഓർമ്മിപ്പിച്ചു. നല്ലവണ്ണം പഠിക്കണമെന്ന് അവർ ഞങ്ങളെ ഉപദേശിച്ചു കൊണ്ടിരുന്നു. ഗ്രാമത്തിൽ ആദ്യം ടെലിഫോൺ വന്നത് ഞങ്ങളുെട വീട്ടിലായിരുന്നു. ലൈനുകൾ തിരക്കിലാണെന്ന് കന്പ്യൂട്ടർ ഓർമ്മിപ്പിച്ചപ്പോൾ കുഴപ്പമില്ല, കാത്തിരിക്കാം എന്ന് മറുപടി പറഞ്ഞ മുൻ പട്ടാളക്കാരനായ അമ്മാവൻ ഞങ്ങളുടെ അടുത്ത പറന്പിലായിരുന്നു താമസിച്ചിരുന്നത്. ടേപ്പ് റിക്കാർഡറിൽ സ്വന്തം ശബ്ദം റിക്കാർഡ് ചെയ്തതും, ടെലിവിഷൻ ആന്റിന വീടിന്റെ കൊടിമരം ആയതും,  വി.സി.ആർ ഉപയോഗിച്ച് സിനിമകൾ കണ്ടതും, യുറീക്ക വായിച്ച് ശാസ്ത്രം പഠിച്ചതും, ശാസ്ത്ര നേട്ടങ്ങൾ കാരണം ലോകം മാറി മറയാൻ പോകുന്നതിന്റെ സന്തോഷം പങ്ക് വെച്ചതുമൊക്കെ അതേ കാലത്ത് തന്നെയായിരുന്നു. പ്രണയാതുരമായ കോളേജ് പഠനം കഴിഞ്ഞപ്പോൾ അച്ഛൻ ആഗ്രഹിച്ചത് പോലെ പി.എസ്.എസി എഴുതിയെങ്കിലും പാസായില്ല. അപ്പോഴാണ് അയൽവാസിയുടെ സഹായത്താൽ ഒരു വിസ കിട്ടുന്നത്. എവിടേയ്ക്കാണ് പോകുന്നതെന്നോ, എന്തിനാണ് പോകുന്നതെന്നോ അറിയാതെ ഒരു യാത്ര. ശേഷം പല പല ജോലികളിലായി ഇവിടെ ഒന്നര പതിറ്റാണ്ടായി ജീവിതം. 

ഇതിനിടയിൽ കുടുംബമായി, കുട്ടികളായി. മൂത്ത മകൻ ഇപ്പോൾ ഡിഗ്രിക്ക് ചേരാനായി. ഇപ്പോഴും ഒന്നും തീരുമാനിച്ചിട്ടില്ല. എന്റെ അച്ഛൻ ചോദിച്ചത് പോലെ സർക്കാർ ഉദ്യോഗസ്ഥനാകുന്നോ എന്ന് ഇതിനിടെ വെറുതെ ചോദിച്ചപ്പോൾ ഐപാഡിൽ നിന്ന് തലയെടുക്കാതെ ‘‘വാട്ട് എ ക്രേസി ഡാഡി’’ എന്ന മുഖഭാവം. അവന് അവന്റെ പാഷനെ പിന്തുടാരാണത്രെ താത്പര്യം. പാഷൻ എന്ന് വെച്ചാൽ നമ്മുടെ ഭാഷയിൽ തെണ്ടിതിരിഞ്ഞു നടപ്പ്. മകളാണെങ്കിൽ അടുത്ത മാസം സ്കൂളിൽ നിന്ന് ദുബൈയിലേയ്ക്ക് സ്റ്റഡി ടൂർ പോകുന്നതിന്റെ തിരക്കിലും. അവളുടെ പ്രായത്തിൽ കുറച്ചകലെയുള്ള അന്പലത്തിൽ ഉത്സവത്തിന് പോയതിന് എനിക്ക് കിട്ടിയ അടിക്കുള്ള പ്രതികാരമാണ് ആ യാത്ര.  

കുറച്ചൊക്കെ നൊസ്റ്റാൾജിയ മനസ്സിലുണ്ടെങ്കിലും നാട്ടിലെ ചൂടും, റോഡിലെ കുഴിയും സഹിക്കാൻ പറ്റില്ല. എസി ഇല്ലാതെ ഇപ്പോ തീരെ പറ്റുന്നില്ല. എന്താ ഒരു ചൂട്. അതു കൊണ്ട് യാത്ര അധികം നാട്ടിലേയ്ക്കില്ല. പിന്നെ ടിവിയിൽ എപ്പോഴും കേരളം കണ്ടുകൊണ്ടിരിക്കുകല്ലെ. പ്രായമായ അമ്മയോട് സ്കൈപ്പിൽ എന്നും സംസാരിക്കാറുണ്ട്. അവിടെ മാവ് പൂത്തതും, തേങ്ങിൽ കയറാൻ ആളെത്തിയതും, ഒറീസക്കാരനെ കൊണ്ട് തെയ്യം കെട്ടിച്ചതും ഒക്കെ അമ്മ വിശദീകരിക്കാറുണ്ട്. അതുകൊണ്ട് കുഴപ്പമില്ല. ഇത്തവണ ഇവിടെ ഓണാഘോഷത്തിന് എത്ര പേരാ നാട്ടിൽ നിന്ന് വന്നത്. പ‍ഞ്ചവാദ്യവും, താലപ്പൊലിയും, ഒപ്പനയും, ഒന്നും പറയേണ്ട എല്ലാം അതിഗംഭീരം. പിന്നെ ഫേസ്ബുക്കിൽ ഞാൻ ഭയങ്കര ആക്ടീവാ. എല്ലാത്തിലും കേറി അഭിപ്രായം പറയും. ഇവിടെ ആര് വന്നാലും അവർക്കൊപ്പം ഫോട്ടോ ഇടും. അതു കൊണ്ട് ജനങ്ങൾക്കൊക്കെ എന്നെ പറ്റി വലിയ മതിപ്പാ. 

ഇപ്പോ പിന്നെ നാട്ടിലും ഗൾഫിലും നമ്മുടെ രാഷ്ട്രീയം തിളച്ചുമറിയുകയല്ലെ. ആരുടെ കൂടെ നിൽക്കണം എന്ന കൺഫ്യൂഷനിലാ. എല്ലായിടത്തും സുഹൃത്തുക്കൾ ഉണ്ട്. ഇപ്പോ പണ്ടത്തെ പോലെ അല്ല. അഭിപ്രായങ്ങൾ ഒന്നും തുറന്ന് പറയാൻ പറ്റില്ല. ക്വട്ടേഷൻ തന്ന് കാല് ഒടിച്ചേക്കും, അല്ലെങ്കിൽ തല്ലി കൊന്നേക്കും. പിന്നെ നമ്മുടെ കൈയിലാണെങ്കിൽ വെറുതെ പ്രതിഷേധിക്കാൻ തുരുന്പ് പിടിച്ച അക്കാദമി പുരസ്കാരങ്ങൾ ഒന്നും കൈയിൽ ഇല്ലതാനും. നിങ്ങളും ഏകദേശം ഇങ്ങിനെയൊക്കെ തന്നെയാണോ. എവിടേക്കാണ് പോകുന്നതെന്നറിയാതെ, ആർക്കൊപ്പമാണെന്നറിയാതെ,  വെറുതെ ഓടി കൊണ്ടിരിക്കുന്ന ഘടികാര സൂചികൾ പോലെ..    

സ്നേഹപൂർവം 

ഞാൻ (നിങ്ങളിൽ ഒരാൾ തന്നെ) 

You might also like

Most Viewed