തുണിയഴിച്ച് നാണം കെട്ട്...


ഇത് ഒരു പോൺ സൈറ്റിൽ വികാരങ്ങൾ ജനിപ്പിക്കാനായി ഇടുന്ന  നഗ്നചിത്രമല്ല. ആർഷഭാരതത്തിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ വസ്ത്രാക്ഷേപത്തിന്റെ ദൃശ്യമാണ്. ഇതൊക്കെ കണ്ടിട്ടും, കേട്ടിട്ടും അന്ധനായ ധൃതരാഷ്ട്രരുടെ സഭയിൽ പാഞ്ചാലിയുടെ തുണി ദുശാസനൻ വലിച്ചൂരിയപ്പോൾ തല കുനിച്ച ഭീഷ്മ പിതാമഹന്റെ അതേ വേദന പങ്ക് വെക്കാനെ നമുക്കും ഇപ്പോൾ സാധിക്കുന്നുള്ളൂ. ഒരു മനുഷ്യന്റെ തുണിയുരിയുക എന്ന് പറഞ്ഞാൽ അദ്ദേഹം അത്രമാത്രം നാണം കെട്ടു എന്നാണ് നമ്മൾ അർത്ഥമാക്കുന്നത്. അഖിലേഷ് യാദവിന്റെ യു.പി ആയാലും, മോഡിയുടെ ഡിജിറ്റൽ ഇന്ത്യയായാലും നമ്മുടെ നാട്ടിൽ ജാതീയതയും, വിഭാഗീയതയും, തൊട്ടുകൂടായ്മയുമൊക്കെ ദിനംപ്രതി വർദ്ധിക്കുന്നതിന്റെ ഉദാഹരണങ്ങളായി മാത്രമേ ഇത്തരം സംഭവങ്ങളെ കാണാൻ സാധിക്കൂ എന്ന് പറയാതെ വയ്യ. ഇതൊക്കെ അങ്ങ് ഉത്തർപ്രദേശിലെ നടക്കൂ എന്ന് വീന്പിളക്കുന്ന സമൂഹമായിരുന്നു കുറച്ച് കാലം മുന്പ് വരെ നമ്മൾ മലയാളികളുടേത്. എന്നാൽ ഇന്നത്തെ അവസ്ഥ കാണുന്പോൾ അതിവേഗം പിന്പോട്ട് പാഞ്‍ഞുകൊണ്ടിരിക്കുന്ന, വിവേകാനന്ദൻ പറഞ്ഞ ഭ്രാന്താലയമാകാൻ കേരളത്തിനും അധികം കാലം കാത്തിരിക്കേണ്ടി വരില്ല എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. 

അസഹിഷ്ണുതയാണ് ഏതൊരു തരം ഫാസിസത്തിന്റെയും ആദ്യ ലക്ഷണം. കേവലം മതങ്ങൾക്കോ അവരുടെ നേതാക്കൾക്കോ മാത്രമല്ല, രാഷ്ട്രീയ വിശ്വാസങ്ങൾക്കോ അവരുടെ നേതാക്കൾക്കോ ഇത്തരം ഒരു മനോഭാവം കടന്നുവരാം. ഞാനാണ് ശരി, നിങ്ങളൊക്കെ തെറ്റാണ് എന്ന ആ ചിന്ത ആ നേതാക്കളുടെ മനസ്സുകളിൽ നിന്ന് അവരുടെ ആരാധക മനസ്സുകളിലേയ്ക്ക് കാട്ടുതീ പോലെ പടരുന്നു. പിന്നെ കാര്യങ്ങൾ എളുപ്പമാണ്. താൻ ആരാധിക്കുന്ന, അല്ലെങ്കിൽ വിശ്വസിക്കുന്നതിനെതിെര ആരും ഒന്നും പറയുന്നത് ശരിയല്ലെന്നും, അതിനെ എതിർക്കുന്നവരെ നിശബ്ദരാക്കി നിർത്തണമെന്നും ഈ അടിമകൾ ഉറപ്പിക്കും. തീവ്ര കമ്മ്യൂണിസ്റ്റ് പാർട്ടികൾ മുതൽ വർഗ്ഗീയ പാർട്ടികൾ വരെ ഇതേ രീതിയാണ് പിന്തുടരുന്നത്. 

കേരളം ഇത്തരമൊരു ചിന്തയുടെ കളിതട്ടായിരുന്നില്ല അൽപ്പം കാലം മുന്പ് വരെ. സാംസ്കരികമായി ഉന്നതനിലവാരം വെച്ചു പുലർത്തിയിരുന്നു മിക്കവരും. അത് മാറി തുടങ്ങിയത് നമ്മുടെ നാട്ടിലെ ഇടതുപക്ഷത്തിന് ആദ്യം സൂചിപ്പിച്ചത് പോലെ ഫാസിസത്തിന്റെ ചുവ പടർന്നു തുടങ്ങിയപ്പോഴാണ്. തൊഴിലാളികളും പാവപ്പെട്ടവരും നെഞ്ചിലേറ്റി നടന്ന നേതാക്കൻമാർക്ക് ഞാനാണ് അധികാരം എന്ന അഹംഭാവം വരാൻ തുടങ്ങിയപ്പോൾ നമ്മുടെ കാലിടറി എന്നതാണ് സത്യം. എതിരെ ശബ്ദിച്ചാൽ 52 വെട്ടായിരിക്കും ഫലം എന്ന് ആ നേതാക്കൾ ഉറക്കെ വിളിച്ചു പറഞ്ഞുതുടങ്ങിയപ്പോൾ എത്രയോ കാലം പതുങ്ങിയിരുന്ന ചിലർക്ക് മാളത്തിൽ നിന്ന് പുറത്തിറങ്ങാനും തങ്ങളാണ് ഭേദം എന്നു കുറേ പേരെയെങ്കിലും വിശ്വസിപ്പിക്കാനും കഴിഞ്ഞിരിക്കുന്നു. 

ഇവരെ എതിർക്കാൻ ഇടതുപക്ഷം പക്ഷെ ഇന്ന് സ്വീകരിച്ചു കൊണ്ടിരിക്കുന്ന സമരരീതികൾ തീർച്ചയായും പരിഹാസ്യമാണ്. ചുംബനസമരം പോലെയുള്ള സമരങ്ങളെ തള്ളികളഞ്ഞ സമൂഹമാണ് നമ്മുടേത് എന്ന് സമീപകാലത്ത് തെളിഞ്ഞ കാര്യമാണ്. അവിടെ ബീഫ് ഫെസ്റ്റിവൽ നടത്തി വിപ്ലവം ഉണ്ടാക്കാം എന്നു കരുതുന്നത് തികഞ്ഞ മൗഢ്യമാണ്. എന്നാൽ അതേ സമയം ഒരു നേരത്തേ ഭക്ഷണം പോലും ലഭിക്കാത്ത തെരുവിന്റെ മക്കൾ ഇപ്പോഴും നമ്മുടെ ഓരോ നഗരത്തിലും പിച്ച തെണ്ടുന്നു. അവരുടെ കൈ ചേർത്ത് പിടിച്ച്, ഒരു ഉരുള ചോറ് കൊടുത്താൽ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടു പോയ മനുഷ്യത്വം തിരിച്ചുവന്നിരിക്കുന്നുവെന്ന് സാധാരണ മനുഷ്യർക്കെങ്കിലും ആശ്വസിക്കാമായിരുന്നു. 

ഇനിയെങ്കിലും ഇവിടെ വേണ്ടത് ശാസ്ത്രബോധമുള്ള, നവ ആശയങ്ങൾ ജനങ്ങളിലേയ്ക്ക് പകർത്താൻ കഴിവുള്ള, ലോകത്തിന്റെ ഗതിവേഗങ്ങൾ തിരിച്ചറിയാൻ പറ്റുന്ന  ഒരു കൂട്ടം നല്ല നേതാക്കളാണ്.  കാരണം തെരുവ് നാടകങ്ങൾ കളിച്ച് ജനങ്ങൾക്ക് ആഗോളവത്കരണത്തെ പറ്റിയും, വർഗീയതയെ പറ്റിയും ക്ലാസെടുത്തവർ ഇന്ന് ഫേസ്ബുക്കിലൂടെ മായായുദ്ധം നടത്തി സ്വയം ചാവേറുകൾ ആകുന്പോൾ പിടയുന്ന മനസ്സുകൾ നമ്മുടെ നാട്ടിൽ ധാരാളമുണ്ടെന്ന് ദയവ് ചെയ്ത് തിരിച്ചറിയണം. അവർ ഇപ്പോൾ ശരിക്കും തുണിയഴിച്ച് നിൽക്കുകയാണ്, ഒന്നു പറയാൻ ആകാതെ... പകച്ച്, പരിഭ്രമിച്ച്, വേദനിച്ച്...

You might also like

Most Viewed