കുഞ്ചുവിന്റെ മൊഞ്ച്...


ഇവൻ പയ്യന്നൂർക്കാരൻ കുഞ്ചു. പത്ത് വയസ്സേയുള്ളൂ. കഴിഞ്ഞ ദിവസം ഈ മിടുക്കൻ നടത്തിയ ഒരു ഒറ്റയാൾ പോരാട്ടത്തിന് ഫലമുണ്ടായി. പയ്യന്നൂരിലെ കേളോത്ത് പള്ളിക്ക് സമീപം റോഡരികിൽ ഒരു കൂറ്റൻ ചക്കരക്കായ് മരം തണൽ വിരിച്ചു നിന്നിരുന്നു. തൊട്ടടുത്ത സ്ഥലത്തിന്റെ ഉടമ തന്റെ സ്ഥലത്ത് കെട്ടിടം പണിയാൻ തീരുമാനിച്ചു. അപ്പോഴാണ് ഈ മരം കാഴ്ച മറയ്ക്കുമെന്ന് തോന്നിയത്. തുടർന്ന് മരത്തിന്റെ വേരുകൾ ആരുമറിയാതെ അദ്ദേഹം തന്നെ മുറിക്കാൻ‍ തുടങ്ങി. അപകടഭീഷണിയുണ്ടെന്നു പറഞ്ഞ് കളക്ടറുടെ ദുരന്തനിവാരണപദ്ധതിയിൽ പെടുത്തി പിന്നീട് മരം മുറിച്ചു മാറ്റാനായിരുന്നു ലക്ഷ്യം. പക്ഷേ, ആ സമയത്താണ് യാദൃച്ഛികമായി അന്നൂർ ആർഷവിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർ‍ത്ഥി കുഞ്ചു എന്ന ഹൃഷികേശ് ആ വഴി വരുന്നത്. നല്ല പരിസ്ഥിതി ബോധമുള്ള ഈ കൊച്ചു മിടുക്കൻ മരത്തിനെതിരെ നടത്തുന്ന പ്രവർത്തനങ്ങളെ എതിരിടാൻ തന്നെ ഉറച്ചു. പരിസ്ഥിതി പ്രവർത്തകനായ അച്ഛൻ ഭാസ്‌കരൻ‍ വെള്ളൂരിനും സമ്മതം. അങ്ങനെ മരംമുറിക്കെതിരെ ബോർഡെഴുതി കുഞ്ചു സമരം തുടങ്ങി. സമരം കണ്ട് ആളുകൾ‍ കൂടി. ചിലർ മിഠായിയും മറ്റും നൽ‍കി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുഞ്ചു വഴങ്ങിയില്ല. ഒടുവിൽ പി.ഡബ്ല്യു.ഡി. അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയർ‍ തന്നെ സ്ഥലത്തെത്തി. മരം മുറിച്ചവർ‍ക്കെതിരെ നടപടിയെടുക്കാമെന്ന് ഉറപ്പു നൽകുകയും, മരം മുറിച്ചയാൾ‍ക്ക് പി.ഡബ്ല്യു.ഡി പതിനായിരം രൂപ പിഴചുമത്തുകയും ചെയ്തു. പിഴയ്ക്ക് പുറമേ മുറിച്ച മരത്തിന് പകരം 25 വൃക്ഷത്തൈകളും അത് സംരക്ഷിക്കാനുള്ള കൂടുകളും വേണമെന്ന് കുഞ്ചു വാശിപിടിച്ചു. ഒടുവിൽ മരം മുറിച്ചയാൾക്ക് അതും സമ്മതിക്കേണ്ടിവന്നു. ഇവയെല്ലാം കുഞ്ചുവിന് കൈമാറുന്ന ചടങ്ങ് അടുത്തുതന്നെ പയ്യന്നൂരിൽ നടക്കുമെന്ന് അറിയുന്നു. വേരുമുറിഞ്ഞ് അപകടാവസ്ഥയിലായ മരം കഴിഞ്ഞദിവസം കളക്ടറുടെ നിർ‍ദേശപ്രകാരം മുറിച്ചുമാറ്റുകയും ചെയ്തു.

കുഞ്ചുവിനെ പറ്റി ഇത്രയും എഴുതാനുള്ള കാര്യം, മുതിർന്നവരെന്ന് അവകാശപ്പെടുന്ന വളരെയധികം സുഹൃത്തുക്കൾ സമീപ കാലത്ത് അവരുടെ ചിന്തകളിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങളെ ദൂരെ നിന്നും വീക്ഷിക്കുന്പോഴാണ്. വളരെയധികം തുറന്ന ചിന്താഗതിയും, സ്വതന്ത്രമായ മനസ്സുമുണ്ടായിരുന്ന ഇവരിൽ പലരിലും ഇന്ന് ജാതീയതയുടെയും, വർഗ്ഗീയതയുടേയും വിഭാഗീയതയുടേയും നിറം മറനിക്കീ പുറത്ത് വന്നു കൊണ്ടിരിക്കുന്നു. ഒരു പാത്രത്തിൽ ഉണ്ടവർ പോലും ആ കാര്യം മറക്കുന്നു, അല്ലെങ്കിൽ മറന്നതായി അഭിനയിക്കുന്നു. ഈ മാറ്റം ഒരു പ്രത്യേക മതത്തിൽപ്പെട്ടവരെകുറിച്ചോ, വർഗ്ഗത്തിൽ പെട്ടവർക്കോ മാത്രമായി ഒതുങ്ങുന്നതല്ല എന്നുകൂടി സൂചിപ്പികട്ടെ.

അഹം ബ്രഹ്മാസ്മിക്കും, അനൽ ഹഖിനും, പരസ്പരം നല്ലത് വരട്ടെ എന്ന പ്രാർത്ഥനയ്ക്കും പകരം എന്റെ മുന്പിൽ നീയാരെടാ എന്ന ചിന്തയും കൊണ്ട് നടക്കുന്ന ഇത്തരം പന്പര വിഡ്ഢികളോട്പത്ത് വയസുകാരൻ കുഞ്ചുവിനെ കണ്ടെങ്കിലും നന്നാകാൻ അപേക്ഷ. നമ്മുടെ ഇടയിൽ ഇന്ന് സജീവമായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെക്കാൾ വലിയ പ്രശ്നങ്ങൾ നില‍നിൽക്കുന്നുണ്ട് എന്ന യാഥാർത്ഥ്യത്തിന് നേരയൊണ് ഇത്തരം ആളുകൾ കൊഞ്ഞനം കുത്തുന്നത്. പൊട്ടിപൊളിഞ്ഞ റോഡുകൾ മുതൽ, കുഞ്ഞുകുട്ടികളുടെ പീഢനം വരെ. തൊഴിൽ ഇല്ലാത്ത ചെറുപ്പക്കാർ മുതൽ എരിയുന്ന വയറിന് ആശ്വാസമേകാൻ തുണിയഴിക്കുന്ന സഹോദരിമാർ വരെ.

ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടിട്ടുള്ള ഇത്തര പ്രശ്നങ്ങളെയൊക്കെ തമസ്കരിച്ചു കൊണ്ട് രാവിലെ മുതൽ കിടക്കപായയിൽ‍ എത്തുന്നത് വരെ പിന്തിരിപ്പൻ ആശയങ്ങൾ കൊണ്ട് ആരുടെ വായിൽ മണ്ണിടാനാണ് ഇവർ ശ്രമിക്കുന്നത് ? ഭക്ഷണം കഴിക്കുന്നതിലും, കിടന്നുറങ്ങുന്നതിലും, ശ്വസിക്കുന്നതിലും, പ്രണയിക്കുന്ന
തിലുമൊക്കെ ഞാൻ ചെയ്യുന്നത് തന്നെ നീയും ചെയ്യണമെന്ന് വാശിപിടിച്ച് കൊലവിളി നടത്തുന്നത് ഇവർക്ക് ഏത് സ്വർഗ്ഗം കിട്ടാനാണ്? നിങ്ങളുടെ മക്കൾക്ക് ഭാവിയിൽ ഇതാണോ ആവശ്യം? ഇങ്ങിനെയൊക്കെ ചോദിച്ചുപോയാൽ തെറിവിളിയായി, കൊലവിളിയായി.

ഒരു മാങ്ങയ്ക്ക് കല്ലെറിഞ്ഞ് വീഴ്ത്താൻ പറ്റാത്തവർ മാവ് മുഴുവനും പിടിച്ചുകുലുക്കി അതിലുള്ള എല്ലാ മാങ്ങയെയും താഴെ എത്തിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. ഇതൊക്കെ വാരികുഴികളാണെന്ന് തിരിച്ചറിയാതെ കൊലകൊന്പൻമാർ വരെ ദിവസവും വീണുകൊണ്ടിരിക്കുന്ന കാഴ്ച്ചകൾക്കിടയിലും, കുഞ്ചുവെന്ന ബാലൻ ആശ്വാസം നൽകുന്നു എന്ന് പറയേണ്ടിയിരിക്കുന്നു!!

You might also like

Most Viewed