കാത്തിരിക്കേണ്ട വാർദ്ധക്യം...
കൊച്ചി, സത്യത്തിൽ കേരളത്തിലെ ഗൾഫാണെന്ന് മനസ്സിലായത് രണ്ട് ദിവസം മുന്പാണ്. സാധാരണ നല്ല തിരക്കുണ്ടാകാറുള്ള സ്ഥലമാണ് ഇടപ്പള്ളിയും അവിടെയുള്ള ലുലു മാളും. എന്നാൽ കഴിഞ്ഞ ദിവസം ഇവിടേക്ക് ഒരു വൈകുന്നേരം പോയപ്പോൾ തിരക്ക് വളരെ കുറവ്. എന്താ സംഭവം എന്നാലോചിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. ഗാന്ധി ജയന്തിയുടെ അവധിക്കൊപ്പം ശനി, ഞായർ ദിവസങ്ങൾ കൂടി വന്നത് കൊണ്ട് ഇവിടെ താമസിക്കുന്ന മിക്കവരും അവരുടെ നാട്ടിലേയ്ക്ക് പോയിരിക്കുന്നു. കൊച്ചിയിൽ കൊച്ചിക്കാർ കുറവാണെന്നത് സാരം. ഗൾഫിൽ ഒറ്റയടിക്ക് ഒരാഴ്ച്ച അവധി കിട്ടുന്പോൾ നാട്ടിലെത്തുന്നവരുടെ എണ്ണം കൂടി വരുന്നത് പോലെയുള്ള ഒരു സംഭവം ആയിട്ട് ഇതിനെ കാണാം.
എന്തായാലും തിരക്ക് കുറഞ്ഞത് കൊണ്ട് ലുലു മാളിന്റെ അകത്തേയ്ക്ക് വളരെ വേഗം എത്താൻ സാധിച്ചു. വിശാലമായ ആ ഷോപ്പിങ്ങ് മാളിന്റെ അകത്തുകൂടി നടക്കുന്പോൾ അവിടെ കണ്ട മിക്കവരും പ്രായം കൂടിയ ആളുകളാണെന്ന കാര്യം മനസ്സിലായി. കോസ്റ്റാ കോഫിയിൽ ഇരുന്ന് ഹോട്ട് ചോക്ലേറ്റ് നുണയുന്ന, പിസാ ഹട്ടിൽ ഇരുന്ന് ചൂടേറിയ പിസ കഴിക്കുന്ന, കൈകളിൽ വിരലുകൾ കോർത്ത് പ്രണായതുരമായ മനസ്സോടെ ഒന്നിച്ചു നടക്കുന്ന നിരവധി വൃദ്ധ ദന്പതികളെയാണ് ഞാൻ അവിടെ കണ്ടത്. ചിലർ തങ്ങളുടെ മക്കളുടെ കൈകൾ ചേർത്ത് പിടിച്ചാണ് നടക്കുന്നത്. അപ്പോൾ ഞാൻ ആലോചിച്ചത് അതിനടുത്ത ദിവസം ലോകം ആചരിച്ച വയോജന ദിനത്തെ കുറിച്ചാണ്. ഒപ്പം വാർദ്ധക്യത്തെ നമ്മൾ നോക്കി കാണുന്ന രീതികളെ കുറിച്ചും.
വയോജന ദിനം വന്നാൽ നമ്മൾ എല്ലാവരും എഴുതുന്നതും കാണിക്കുന്നതുമൊക്കെ വാർദ്ധക്യസദനങ്ങളെ പറ്റിയും, വയസായവർ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ കുറിച്ചുമാണ്. സത്യത്തിൽ നമ്മുടെ ഇടയിലുള്ള തൊണ്ണൂറ് ശതമാനം വൃദ്ധരും അത്ര വലിയ കഷ്ടപാടിലാണോ ജീവിക്കുന്നത് എന്ന് ചോദിച്ചാൽ അല്ലെന്നേ എനിക്ക് പറയാൻ സാധിക്കൂ. നമുക്കറിയാവുന്ന പത്ത് പേരുടെ മാതാപിതാക്കളുടെ അവസ്ഥ ഒന്നെടുത്തു നോക്കിയാൽ ഇത് മനസ്സിലാകും. ഇവരിൽ എത്ര പേർ മാതാപിതാക്കളെ വൃദ്ധസദനത്തിൽ കൊണ്ട് ചെന്നാക്കുന്നുണ്ടെന്നും, എത്ര പേരെ പരിചരിക്കുന്നില്ലെന്നും ഒന്ന് പഠിച്ചു നോക്കുക. അതിന്റെ കണക്ക് വളരെ കുറവായിരിക്കും എന്നതാണ് എന്റെ അനുഭവം. മക്കൾ വലുതായാൽ നല്ല ജോലി സാധ്യതകൾ വിദേശത്ത് ഉണ്ടെങ്കിൽ അത് നല്ലതാണെന്ന് മനസിലാക്കുന്നവരാണ് ഇന്നത്തെ കാലത്ത് ഭൂരിഭാഗം മാതാപിതാക്കളും. അതിനാണല്ലോ അവരെ അദ്ധ്വാനിച്ച് പഠിപ്പിച്ചതും, അതിന് വേണ്ടി കഷ്ടപ്പെട്ടതും. നേരിട്ട് മാതാപിതാക്കളുടെ സമീപത്ത് ഇരിക്കാൻ സാധിക്കാത്ത മക്കൾ, അവർക്ക് പറ്റാവുന്ന രീതിയിൽ ഹോം നേഴ്സിനെ വെച്ച് അവരെ സംരക്ഷിക്കുന്നുണ്ടെങ്കിൽ അതിൽ ഒരു തെറ്റുമില്ലെന്ന് തന്നെയാണ് എന്റെ തോന്നൽ.
പക്ഷെ നമ്മൾ മലയാളികൾക്ക് ഇതൊന്നും അത്ര ദഹിക്കില്ല. നമുക്ക് കാണേണ്ടത് കണ്ണീരും, ദുഃഖവും ഒക്കെയാണ്. എന്നിട്ട് വെറുതെ പരസ്പരം പറഞ്ഞ് സഹതപിക്കാനും നമ്മൾ തന്നെ മുന്നിൽ. നമ്മുടെ മുന്പിൽ വൃദ്ധ ദന്പതികൾ കൈപിടിച്ചു നടക്കുന്പോൾ തന്നെ കപട സദാചാരത്തിന്റെ കന്പിളിപുതപ്പു കൊണ്ട് മൂടിയ മലയാളിക്ക് വയസായിട്ടും ഇവർക്ക് മതിയായില്ലെ എന്ന കുശുന്പാണ് ഉണ്ടാകുന്നത്. അവർ നല്ല വസ്ത്രം ധരിച്ചാൽ, ഒരു സിനിമയ്ക്ക് പോയാൽ, നല്ല വാഹനം ഓടിച്ചാൽ ഒക്കെ ഇതേ ഈർഷ്യയാണ് നമ്മുടെ സമൂഹത്തിനുണ്ടാകുന്നത്. ഇന്നത്തെ കാലത്ത് വാർദ്ധക്യം മാത്രമല്ല, ബാല്യവും, കൗമാരവും, യൗവ്വനവും ഒക്കെ അതിന്റേതായ ശാരീരികവും, മാനസ്സികവുമായ പല പ്രശ്നങ്ങളും നേരിടുന്നുണ്ട്. എന്നാൽ പലപ്പോഴും അതൊക്കെ തൃണവത്കരിച്ചുകൊണ്ട് വാർദ്ധക്യം മാത്രമാണ് ദയനീയമായി പോകുന്നതെന്ന് വിളിച്ചു പറയാൻ നമുക്ക് വലിയ താത്പര്യമാണ്. ഇത് ഒരു കാഴ്ച്ചപ്പാടിന്റെ പ്രശ്നമാണ്. അതുകൊണ്ടാണ് വാർദ്ധക്യം എന്ന വാക്ക് തന്നെ നമ്മിൽ ഭീതിനിറയ്ക്കുന്നത്.
സത്യത്തിൽ വാർദ്ധക്യമാണ് മനുഷ്യജീവിതത്തിലെ ഏറ്റവും രസകരമായ ഘട്ടം എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇഷ്ടമുള്ള ഇടങ്ങളിലേയ്ക്ക് സമയപരിമിതികളുടെ കെട്ടുപാടുകളില്ലാതെ യാത്ര ചെയ്യാനും, പഴയ ചങ്ങാത്തങ്ങളെ തിരികെ വിളിക്കാനും, കേൾക്കാൻ മറന്നു പോയ സ്വരരാഗങ്ങളെ താലോലിക്കാനും ഒക്കെ മനുഷ്യന് ലഭിക്കുന്ന നേരമാണ് വാർദ്ധക്യം. അതുകൊണ്ട് തന്നെ ബാക്കിയെല്ലാത്തിലും ന്യൂ ജൻ ചിന്തകൾ വേണമെന്ന് ആഗ്രഹിക്കുന്ന സമൂഹം വാർദ്ധക്യത്തെ പറ്റിയുള്ള ധാരണകളും മാറ്റേണ്ട സമയമായിരിക്കുന്നു എന്നാണ് എന്റെ തോന്നൽ.