കണ്ണും, ചെവിയും, വായും പൊത്തി...
ഒക്ടോബർ 2, ഗാന്ധിജയന്തി. രാവിലെ ഓഫീസിലേയ്ക്ക് വരുന്ന വഴിയിൽ കളക്ട്രേറ്റിന് മുന്പിൽ എൻ.സി.സി കേഡറ്റുകളുടെ ഒരു ജാഥ പോകുന്നു. മുന്പിൽ ഗാന്ധിജിയുടെ ചിത്രം. നടക്കുന്നവരുടെകയ്യിൽ ഗാന്ധി സൂക്തങ്ങളടങ്ങിയ പ്ലേകാർഡുകൾ. വലിയ മുദ്രാവാക്യം വിളികളൊന്നുമില്ല. മൗന ജാഥ. പോരുന്ന വഴിയിൽ അപൂർവ്വം ചില കടകൾ മാത്രം തുറന്നുകിടക്കുന്നു. ഓഫീസുകൾക്കും അവധിയാണ്. ഏത് സാഹചര്യത്തിലും കർമ്മം ചെയ്യാൻ ആവശ്യപ്പെട്ട ഒരു നേതാവിന്റെ ജന്മദിനത്തിൽ കർമ്മത്തെ മറന്ന് ജനം ആ കർമ്മയോഗിയുടെ ഓർമ്മകൾ പുതുക്കുന്നതും കാലത്തിന്റെ വികൃതിയായി തോന്നി. ഒപ്പം ഇനിയും ഗാന്ധിജിയെ പോലെ മഹാത്മാക്കൾ ജനിക്കരുതേയെന്ന പ്രാർത്ഥനയും മനസ്സിൽ മുഴങ്ങി. കാരണം 365 മഹാത്മാൻമാർ ഈ ഭൂമിയിൽ ജനിച്ചു പോയാൽ പിന്നെനമ്മുടെ നാട്ടിൽ ആരും ജോലി ചെയ്യേണ്ടി വരില്ലല്ലോ.
മഹാത്മാഗാന്ധിജിയെ പോലെയുള്ളവരെ ആദരിക്കാൻ സത്യത്തിൽ നമുക്കറിയില്ല എന്നു തന്നെയാണ് ഇത്തരം കർമ്മങ്ങളിലൂടെ നമ്മൾ ഓരോ ദിവസവും വ്യക്തമാക്കി കൊണ്ടിരിക്കുന്നത്. ജയന്തിയും ചരമദിനവുമൊക്കെ അവധിദിനമാക്കുന്നത് അത്തരം മഹാൻമാരുടെ ജീവിതചര്യയും സന്ദേശങ്ങളും പരസ്പരം പകർത്താനും, പടർത്താനുമായിട്ടാണ്. എന്നാൽ ഇന്ന് അതാണോ സംഭവിക്കുന്നത്. ഗാന്ധിജയന്തി ഒക്ടോബർ 2നായത് കൊണ്ട് കേരളത്തിലെ ബീവറേജുകളിൽ സപ്തംബർ 30ന് വൻ തിരക്കാണ് അനുഭവപ്പെട്ടത് എന്ന് ഒരു സുഹൃത്ത് പറഞ്ഞപ്പോൾ ചിരിപൊട്ടിയത് ഓർക്കുന്നു.
ഇത്തരം ദിനങ്ങളിൽ രാവിലെ രണ്ട് മണിക്കൂറും, വൈകിട്ട് രണ്ട് മണിക്കൂറും മഹാത്മക്കളുടെ ഓർമ്മകൾ പങ്ക് വെയ്ക്കുന്ന ഒരു അവസ്ഥയുണ്ടായിരുന്നുവെങ്കിൽ നമ്മുടെ ഉത്പാദന ക്ഷമത ഏറെ വർദ്ധിക്കുമായിരുന്നു എന്നതാണ് സത്യം. പക്ഷെ നമ്മുടെ രാഷ്ട്രീയ നേതാക്കൾ ഇത് ഒരിക്കലും അനുവദിക്കാൻ പോകുന്നില്ല. കാരണം ഇത്തരം ദിവസങ്ങളിലാണല്ലോ അവർക്ക് ഓടി നടന്ന് പ്രസംഗിക്കാൻ ഒരു അവസരം ലഭിക്കുന്നത്.
ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തരാൻ അനേകായിരം രക്തസാക്ഷികൾക്കൊപ്പം നിന്ന് പോരാടി അതിന്റെ മുൻ നിരയിൽ പ്രവർത്തിച്ച മഹാത്മാഗാന്ധി പകർന്നുതന്ന സന്ദേശം അഹിംസയുടേതും, മതേതര കാഴ്ച്ചപ്പാടിന്റെയും പ്രസക്തിയെ പറ്റിയാണ്. പക്ഷെ സ്വാതന്ത്ര്യാനന്തര ഭാരതത്തിന് വയസ് എഴുപതോടടക്കുന്പോഴേക്കും അത്തരം മൂല്യങ്ങൾ പതിയെ നമ്മെ വിട്ടുപോകുന്നു എന്നതാണ് സത്യം. ഗാന്ധി നമ്മുടെ ആരുമല്ലെന്നും, അദ്ദേഹം നമുക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ഇനി കുറച്ചു കഴിയുന്പോൾ രാജ്യം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹി ഗാന്ധിയായിരുന്നുവെന്നും പറയുന്ന കാലം അതിവിദൂരമല്ല നമ്മുടെ നാട്ടിൽ. ഇതുവരെ പഠിച്ച ചരിത്രമൊക്കെ വളച്ചൊടിച്ചതാണെന്ന ആരോപണം ശക്തമാക്കി അവയെ വികലമാക്കാൻ കഷ്ടപ്പെടുന്നവരുടെ ശക്തി ഒരു ഭാഗത്ത് നന്നായി വർദ്ധിക്കുന്നു. അവരെ നേരിടാൻ കരുത്തും ശേഷിയുമില്ലാത്തവരുടെ എണ്ണവും ദിനംപ്രതി കുറഞ്ഞുവരുന്നു. മദാമയ്ക്കൊപ്പം നൃത്തം ചെയ്യുന്ന ഗാന്ധിജിയുടെ ചിത്രമാണ് നമ്മുടെ ഇടയിൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. താൻ വെറും പച്ചമനുഷ്യനാണെന്ന് എത്രയോ തവണ ആ മഹാത്മാവ് അദ്ദേഹത്തിന്റെ പുസ്തകങ്ങളിലൂടെ നമ്മോട് വിളിച്ചു പറഞ്ഞിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ മഹത്വം അതിനും എത്രയോ മുകളിലായിരുന്നുവെന്ന് ഇന്ന് പലരും മനസ്സിലാക്കുന്നില്ല. അവരോട് അദ്ദേഹവും കാലവും പൊറുക്കട്ടെ. ഒപ്പം ഒരു കാര്യം മാത്രം പറയാം. ഇന്ന് മനുഷ്യകുലത്തെ തന്നെ ആകെ മൊത്തം ഭീതിപ്പെടുത്തുന്ന അതിവേഗ മിസൈലുകളുടെയും, തീവ്രവാദത്തിന്റെയും, മനുഷ്യബന്ധങ്ങളെ തന്നെ ഇല്ലായ്മ ചെയ്യുന്ന ആധുനിക ഗാഡ്ജറ്റുകളുടെയും, ജാതിമതവർഗ്ഗ ചിന്തകൾ സൃഷ്ടിക്കുന്ന വെറുപ്പിൽ നിന്നും വളരെ താമസിയാതെ നാം ഒരു ദിവസം തിരിച്ചു നടക്കേണ്ടി വരും. അന്ന് പൊടിതട്ടിയെടുക്കാൻ ഗാന്ധിയിൻ രാഷ്ട്രമീംമാംസയും ഗാന്ധിയൻ ടെക്നോളജിയും ഗാന്ധിയൻ മാക്രോഎക്കണോമിക്സും ഇപ്പോൾ നമുക്കെവിടെയെങ്കിലും ഒളിപ്പിച്ചു വെക്കാം. അതുവരേക്കും അദ്ദേഹത്തെ പറ്റിയുള്ള വിലകുറഞ്ഞ അപവാദങ്ങൾക്കെതിരെ നമ്മിൽ കുറച്ചു പേർക്കെങ്കിലും ആ കുരങ്ങൻമാരെ പോലെ കണ്ണും ചെവിയും വായും പൊത്തിവെക്കാം.
വാൽകഷ്ണം: ഇന്ന് രാവിലെ ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപ്പിച്ചത് ഒരു ചെണ്ടമേളമായിരുന്നു. താമസിക്കുന്ന കെട്ടിടത്തിനടുത്ത് നിന്ന് ഉയർന്നപൊങ്ങിയ ചെണ്ടമേളം കേട്ടപ്പോൾ ഗാന്ധിജയന്തിയുടെ ആഘോഷമായിരിക്കും എന്ന് മനസ് കരുതി. സന്തോഷത്തോടെ ആ ആഘോഷങ്ങൾ കാണിച്ചുകൊടുക്കാനായി ചെണ്ടമേളത്തിന്റെ ശബ്ദം ഉയർന്ന സ്ഥലത്തേയ്ക്ക് മൂത്ത മകളെയും കൂട്ടി ഞാൻ ചെന്നു. ‘‘അച്ഛാ, ദേ സിനിമയിൽ അഭിനയിക്കുന്ന ആ ആന്റി.’’ മകൾ സന്തോഷത്തോടെ വിളിച്ചുപറഞ്ഞു. പുതുതായി ആരംഭിക്കുന്ന ബ്യൂട്ടി പാർലറിന്റെ ഉദ്ഘാടനത്തിന് പങ്കെടുക്കാൻ എത്തിയ സിനിമതാരമായിരുന്നു അവിടെ. അതിന്റെ ആഘോഷമായിരുന്നു ചെണ്ടമേളം. പതിയെ തിരിഞ്ഞുനടന്നപ്പോൾ, കവലയിൽ ഒരു മൂലയിൽ ഗാന്ധിജിയുടെ ചിത്രം ഉണങ്ങിയ ഒരു മാലയിട്ട് വെച്ചിരിക്കുന്നു. രാവിലെ നമ്മുടെ എം.എൽ.എ വന്നിരുന്നു സാറെ, മാലയിടാൻ... സുഹൃത്തായ ഓട്ടോ ഡ്രൈവറുടെ വാക്കുകൾ മുഴുവൻ കേൾക്കാൻ നിൽക്കാതെ ഞാൻ നടന്നു, മകളുടെ കൈവിരൽ തുന്പ് പിടിച്ച്..