തല പോകാതിരിക്കാൻ...


കേരളത്തിൽ യാത്ര ചെയ്യുന്നവർ ഏറ്റവുമധികം അനുഭവിക്കുന്ന ഒരു പ്രയാസം ട്രാഫിക്കുമായി ബന്ധപ്പെട്ടതാണ്. ഇടുങ്ങിയ റോഡുകളും, ട്രാഫിക്ക് പോലീസിന്റെ എണ്ണക്കുറവും, മതിയായ സിഗ്നലുകൾ ഇല്ലാത്തതുമൊക്കെ സാധാരണ ജനത്തിന്റെ ഒരു ദിവസത്തെപ്ലാനുകൾ മിക്കപ്പോഴും മാറ്റി മറിക്കുന്നുണ്ട്. അതോടൊപ്പം മഴ ചാറിയാലും, വെയിൽ മൂത്താലും പൊട്ടിപൊളിയുന്ന റോഡുകളും നമ്മുടെ നാട്ടിൽ സാധാരണയാണ്. കൊച്ചിയിലെ പ്രധാനപ്പെട്ട ഒരു മേഖലയാണ് കാക്കനാട് മുതൽ നിരവധി ആളുകൾ ജോലി ചെയ്യുന്ന ഇൻഫോപാർക്ക് വരെയുള്ള സ്ഥലം. വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർ പോലും ഇവിടെ വന്ന് ജോലി ചെയ്യുന്നുണ്ട്. എന്നാൽ ഇവിടെയെത്തിപ്പെടാൻ കഠിനം എന്റെ അയ്യപ്പാ എന്ന് പാടേണ്ടി വരും. കഴിഞ്ഞ ആറ് മാസത്തോളമായി ഇവിടേക്കുള്ള മൂന്ന് കിലോമീറ്റർ റോഡ് പൊട്ടിപൊളിഞ്ഞ രീതിയിലാണ്. രാത്രി കുഴികൾ നികത്തും, രാവിലെ ടെലിഫോൺ, വൈദ്യുതി, വെള്ളം തുടങ്ങിയ ഡിപ്പാർട്ടുമെന്റുകാർ വന്നു കുഴികുത്തും. ഈ സ്ഥിതി നേരിട്ട് എന്നും കാണുന്നത് കൊണ്ടാണ് ഇങ്ങിനെ എഴുതാൻ പറ്റുന്നത്.

ഇത്തരം ഗതാഗത പ്രശ്നങ്ങൾ ഉള്ള സ്ഥലത്ത് ഇരുചക്രവാഹനങ്ങളെയാണ് പലരും ആശ്രയിക്കുന്നത്. ഏറെ അപകടസാധ്യതകൾ ഉള്ള വാഹനമാണ് ഇവയെങ്കിലും ചെറിയ ദൂരങ്ങൾ എളുപ്പത്തിൽ താണ്ടാൻ നമ്മുടെ നാട്ടിൽ തത്കാലം ഇതല്ലാതെ മറ്റൊരു വഴിയില്ല. ഇരുചക്ര വാഹനാപകടങ്ങളിലെ മരണനിരക്ക് കുറയ്ക്കുക എന്ന സദുദ്ദേശ്യത്തോടെയാണ് മോട്ടോർ വാഹന നിയമത്തിൽ ഇപ്പോൾ പിൻസീറ്റിൽ ഇരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാണെന്ന നിയമം കൊണ്ടുവന്നത്. അപകടമുണ്ടായാൽ തലയ്ക്ക് മാരകമായ ക്ഷതമുണ്ടാകുന്നതു തടയാൻ വേണ്ടിയാണ് ഇത്്. ഇരുചക്ര വാഹനാപകടങ്ങളുടെ ദാരുണ വാർത്തകളില്ലാതെ ഒറ്റദിവസം പോലും നമ്മുടെ ഇടയിൽ നിന്ന് കടന്നു പോകാറില്ല. സംസ്ഥാനത്ത് ഒരു വർഷമുണ്ടാകുന്ന വാഹനാപകടങ്ങളിൽ മുപ്പത്തഞ്ചു ശതമാനവും ഇരു ചക്രക്കാർ ഉൾപ്പെടുന്നതാണ്. ആയിരക്കണക്കിനു കുടുംബങ്ങളെയാണ് ഇത്തരം അപകടങ്ങൾ തീരാദുഃഖത്തിലും കണ്ണീർക്കയത്തിലും തള്ളിയിടുന്നത്. അതുകൊണ്ട് തന്നെ ഏത് രീതിയിൽ ആയാലും ഇത്തരം നിയമങ്ങൾ വരുന്നതും നടപ്പിലാക്കുന്നതും നല്ലത് തന്നെ.

ഹെൽമെറ്റിനുള്ളിൽ ചൂട് കൂടുതലാണ്, മുടികൊഴിച്ചിലുണ്ടാക്കും, പുറത്തുനിന്നുമുള്ള ശബ്ദം കേൾ‍ക്കില്ല, ഭാരം കൂടുതലുള്ളതിനാൽ കഴുത്തുവേദനയുണ്ടാകും, കാഴ്ചയെ ബാധിക്കും തുടങ്ങി നിരവധി കുറ്റങ്ങളാണ് ഈ ജീവൻരക്ഷാ ഉപാധിയെ പറ്റി നമ്മൾ വർഷങ്ങളായി പറഞ്‍ഞുപരത്തുന്നത്. പക്ഷെ ഇതിലൊന്നും വലിയ സത്യങ്ങളില്ല എന്ന് പലതവണ ശാസ്ത്രീയമായി തെളിഞ്ഞതാണ്. യഥാർത്ഥത്തിൽ ഹെൽമെറ്റ് സൂക്ഷിക്കാൻ ഒരു സംവിധാനമില്ലാത്തതാണ് മിക്കവരെയും അലോസരപ്പെടുത്താനുള്ള കാരണമെന്ന് തോന്നുന്നു. ഇതിനുള്ള വഴിയാണ് ഗവൺമെന്റ് കണ്ടത്തേണ്ടത്. ഒരു ഹെൽമെറ്റ് സൂക്ഷിപ്പ് കേന്ദ്രം നാമമാത്രമായ വാടകയിൽ നഗരങ്ങളിലെങ്കിലും പ്രമുഖ സ്ഥലത്ത് ഉണ്ടായാൽ അത് ഏറെ നന്നായിരിക്കും. അല്ലെങ്കിൽ വാഹനങ്ങളിൽ തന്നെ അത്തരമൊരു സംവിധാനമുണ്ടാക്കാൻ നമ്മൾ ശ്രമിക്കേണ്ടതുണ്ട്.

ഈ നിയമം കർക്കശമാക്കുന്നതോടൊപ്പം ഗവൺമെന്റ് മനസ്സിലാക്കേണ്ട ഒരു കാര്യം ഇതുകൊണ്ട് മാത്രം നമ്മുടെ നാട്ടിൽ റോഡപകടങ്ങൾ കുറയില്ല എന്നത് തന്നെയാണ്. ഹെൽമറ്റില്ലാതെ ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവരെ പിടികൂടി പിഴ ചുമത്താൻ വളരെ എളുപ്പമാണ്. രണ്ടു പോലീസുകാരെ റോഡിലിറക്കിനിറുത്തിയാൽ മതി. അതേസമയം ഗതാഗത നിയമങ്ങൾ കുറ്റമറ്റ നിലയിൽ നടപ്പാക്കുക എന്നത് അതീവ ദുഷ്കരമായ ഒരു കാര്യമാണ്. നിയമങ്ങൾ പാലിക്കാനുള്ളവയാണെന്ന ബോധം വാഹനങ്ങളുമായി റോഡിലിറങ്ങുന്നവരിൽ പലർക്കുമില്ല. നിയമം നടപ്പാക്കാനാവശ്യമായ പോലീസ് സേനാംഗങ്ങളും ഇല്ല. സുഗമമായ വാഹനയാത്ര ഉറപ്പാക്കുന്ന നിരത്തുകളും നാട്ടിൽ കുറവാണ്. ഇതൊക്കെ അപകട നിരക്ക് കൂട്ടുന്ന മറ്റ് ഘടകങ്ങളാണ്. സൈക്കിൾ മുതൽ ഇരുപതും മുപ്പതും മീറ്റർ നീളം വരുന്ന കൂറ്റൻ ട്രെയ്‌ലറുകൾ വരെ ഓടേണ്ട നിരത്തുകൾ അപകടമുക്തമാകണമെങ്കിൽ അതു സാദ്ധ്യമാക്കുന്ന ആസൂത്രണവും റോഡ് സുരക്ഷാ നടപടികളും ആവശ്യമാണ്. അത് ചെയ്യുന്നില്ലെങ്കിൽ നാട്ടിലെ ഓരോ വാഹനാപകടങ്ങളിലും പ്രതി ചേർക്കേണ്ടത് ഗതാഗതം, പൊതുമരാമത്ത്, ട്രാഫിക്ക് എന്നീ വകുപ്പുകളുടെ മന്ത്രിമരെയും ഗവൺമെന്റിനെയും കൂടിയാണ്. അപ്പോൾ മാത്രമേ റോഡുകൾ സ‍ഞ്ചാരയോഗ്യമാകൂ!

വാൽകഷ്ണം : പീൻസീറ്റ് യാത്രക്കാർക്ക് ഹെൽമെറ്റ് നിർബന്ധമാക്കിയത് മാലപൊട്ടിക്കാൻ നടക്കുന്നവർക്ക് ഗുണകരമാകും എന്ന വാദം ഉയർന്നിട്ടുണ്ട്. തല പോയാലും മാല പോകാൻ പാടില്ലല്ലോ !!

You might also like

Most Viewed