വെളുത്ത ടിഷ്യൂവിന്റെ കറുത്ത അഹങ്കാരങ്ങൾ...
മനുഷ്യൻ ഉണ്ടായ കാലം മുതൽക്ക് അവനുണ്ടായിരുന്ന ഒരു വികാരമായിരിക്കണം തൊട്ടുകൂടായ്മ എന്നത്. തന്നേക്കാൾ കായികമായി ശക്തി കുറഞ്ഞവരെ ആണ് തുടക്കത്തിൽ ഇങ്ങിനെ മാറ്റി നിർത്തിയതെങ്കിൽ പതിയെ അത് നിറം, ഭാഷ, വർഗ്ഗം, ലിംഗം എന്നിങ്ങിനെയുള്ള വിവേചനങ്ങളായി മാറി. അത് ഇന്നും അതിശക്തമായി തുടരുന്നു എന്നതിന്റെ തെളിവുകൾ മാത്രമാണ് കഴിഞ്ഞ ദിവസം ഉണ്ടായ വിവാദം. മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ അവസാന പുസ്തകമായ കാലാതീതത്തിന്റെ പ്രകാശനചടങ്ങിൽ അത് മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്ത എഴുത്തുകാരിക്ക് വേദിയിലിരിക്കുവാനുള്ള അവസരം പ്രസാധകരായ കറന്റ് ബുക്സ് നിക്ഷേധിച്ചു എന്നതാണ് വാർത്ത. അതിന് കാരണമായത് അവിടെ എത്തേണ്ടിയിരുന്ന പ്രമുഖ് സ്വാമി മഠത്തിന്റെ പ്രതിനിധിയായ സ്വാമി ബ്രഹ്മവിഹാരി ദാസ് സ്ത്രീകൾക്കൊപ്പം വേദിയിൽ ഇരിക്കാൻ താത്പര്യപ്പെടുന്നില്ല എന്ന് പ്രസാധകരെ അറിയിച്ചത് കൊണ്ടാണത്രെ.
ശ്രീ അബ്ദുൽ കലാമിനെ പോലും സ്വാധീനിച്ച ഒരു മഠവും അതിലെ അംഗങ്ങളും ഇത്ര മാത്രം അധപതിക്കുമോ എന്ന ചോദ്യം ഈ സംഭവത്തിന് ശേഷം ബാക്കിനിൽക്കുന്നുണ്ട്. പുസ്തകം വിറ്റു പോകാനുള്ള മാർക്കറ്റിംഗ് സ്ട്രാറ്റജിയുടെ ഭാഗമായിട്ട് നടത്തുന്ന സ്പോൺസേർഡ് പ്രമോഷൻ ആണോ ഇത്തരം വാർത്തകൾ എന്നും വ്യക്തമല്ല. അതുകൊണ്ട് തന്നെ ഈ ഒരു വിവാദത്തിന്റെ വിശദ വിവരങ്ങൾക്കായി കുറച്ചു കൂടി കാത്തിരിക്കേണ്ടതായി ഉണ്ട്. എന്നാൽ അതേസമയം വർഗ്ഗീയ ധ്രുവീകരണം അതിവേഗം നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഒരു മണ്ണിൽ അതിന് വേഗത കൂട്ടാൻ അക്ഷരങ്ങളെ കൂടി വലിച്ചിഴച്ചുകൊണ്ട് വന്നിരിക്കുന്ന ഇത്തരൊമൊരു സംഭവം പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തുമെന്നത് ഉറപ്പാണ്.
ഒരു ഹിന്ദു സന്യാസിക്ക് തന്റെയൊപ്പം സ്ത്രീകൾക്ക് ഇരിക്കാൻ പാടിലെന്ന് പറയാൻ എന്ത് അവകാശം എന്ന് ചോദിക്കുന്പോൾ അത് ശാന്തമായി കിടക്കുന്ന ജലാശയത്തിലേയ്ക്ക് ഒരു കല്ലെറിഞ്ഞ് വലിയ ഓളങ്ങൾ സൃഷ്ടിക്കാനുള്ള ആശയത്തിന്റെ ബീജമാണെന്ന് മനസിലാക്കാൻ ഇന്ന് പലർക്കും സാധിച്ചെന്ന് വരില്ല. ഇത്തരം നിലപാടുകൾ ഹിന്ദു മതത്തിൽ മാത്രമല്ലെന്നും, മിക്ക സംഘടിത മതങ്ങളിലും ഇതേ നിലപാട് തന്നെ നിലനിൽക്കുന്നുണ്ടെന്നും എന്ത് കൊണ്ട് ആരും ഇതിനെതിരെ ശബ്ദിക്കുന്നില്ലെന്നുമുള്ള ചോദ്യം നമ്മുടെ സമൂഹത്തിൽ അടുത്ത് തന്നെ ഉയരും. തദ്ദേശഭരണ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന നേരത്ത് മതത്തെയും ജാതിയെയും ഒക്കെ കൂട്ടുപിടിച്ച് കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നടത്തുന്ന പലതരം ശ്രമങ്ങളിൽ ഒന്ന് മാത്രമായിട്ടും ഇന്നലെ നടന്ന സംഭവത്തെ കാണാം. ഇവിടെയൊക്കെ പരീക്ഷണങ്ങൾ നേരിടാൻ പോകുന്നത് മതേതര മൂല്യങ്ങൾക്ക് വേണ്ടി നിലകൊള്ളാൻ ശ്രമിക്കുന്നുവെന്ന് കരുതപ്പെടുന്ന ഇടതുപക്ഷം തന്നൊയിരിക്കും എന്നതിൽ സംശയമില്ല.
ഇനി ബുദ്ധി വളർച്ചയെത്താത്ത നമ്മുടെ സമൂഹത്തെ പറ്റിയും ഒന്ന് ചിന്തിക്കാം. ഇന്നും ഒരു ബസ്സിൽ യാത്ര ചെയ്യുന്പോൾ ഒരു പുരുഷന്റെ സീറ്റിൽ അയാളുടെ അടുത്ത് ഒരു സ്ത്രീ വന്നിരുന്നാൽ അസ്വസ്ഥമാകുന്ന മനസാണ് നമ്മൾ മലയാളികൾക്കുള്ളത്. ആ സ്ത്രീ അത്ര ശരിയല്ലെന്ന് അപ്പോഴേ ഉറപ്പിക്കുന്നു മലയാളി സദാചാര കോമരങ്ങൾ. ഇതിനിടെ വാട്സ്ആപ്പിൽ വന്നൊരു ക്രൂരമായ തമാശ ഓർമ്മ വരുന്നു. അതിങ്ങിനെയാണ്. നമ്മുടെ നാട്ടിൽ പുരുഷന്റെ പേരിനൊപ്പം സ്ഥലപ്പേരുണ്ടെങ്കിൽ അത് ഭയങ്കര സംഭവം. അയാൾ കാരണം ആ നാട് തന്നെ അറിയപ്പെട്ടുവെന്ന് അഭിമാനത്തോടെ നമ്മൾ വിളിച്ച് പറയും. എന്നാൽ അതേസമയം ഒരു സ്ത്രീയുടെ പേരിനൊപ്പം നാടിന്റെ പേര് കൂടിയുണ്ടെങ്കിൽ മലയാളി മനസ് ആദ്യം പറയുക, ആ മനസിലായി... കൂടുതൽ പറയേണ്ട... എന്നായിരിക്കും. ഈ ചിന്തയിൽ നിന്ന് ഇനിയും ഒരടി പോലും മാറാത്ത മലയാളി ആർഷഭാരതത്തെ പറ്റിയും സംസ്കാരത്തെ പറ്റിയും പറയുന്പോൾ തോന്നുന്ന വികാരം പുച്ഛം എന്നു മാത്രം പറഞ്ഞു കൊള്ളട്ടെ.
ഇത്തരമൊരും വിവാദം ഉണ്ടായപ്പോൾ ഓർമ്മ വന്നത് വർണവിവേചനത്തെ പറ്റി ഇപ്പോഴത്തെ സിംബാബ്്വെ പ്രസിഡണ്ട് റോബെർട്ട് മുഗംബെ പറഞ്ഞ വാചകളാണ്. രസകരമായ ആ വരികൾ താഴെ നൽകുന്നു.
വർണവിവേചനം എന്നത് ഒരിക്കലും ഇല്ലാതാകില്ല കാരണം
1. വെളുത്ത കാറുകളിൽ ഇപ്പോഴും കറുത്ത ടയറുകളാണ് ഉപയോഗിക്കുന്നത്.
2. വസ്ത്രം അലക്കുന്പോൾ ആദ്യം കഴുകുന്നത് ഇപ്പോഴും വെളുത്ത തുണികളാണ്.
3. നിർഭാഗ്യത്തെ ഇപ്പോഴും കറുപ്പ് നിറം കൊണ്ടാണ് സൂചിപ്പിക്കുന്നത്, വെളുപ്പ് നമുക്ക് ശാന്തിയുടെയും സമാധാനത്തിന്റെയും നിറമാണ്.
4. വിവാഹത്തിന് നമ്മൾ വെളുത്ത വസ്ത്രങ്ങളും, ശവസംസ്കാര ചടങ്ങുകളിൽ കറുപ്പ് വസ്ത്രങ്ങളുമാണ് നമുക്ക് താത്പര്യം.
5. ബിൽ അടക്കാത്തവർ ഇന്നും ബ്ലാക്ക് ലിസ്റ്റഡ് ആണ്, വൈറ്റ് ലിസ്റ്റഡ് അല്ല. പക്ഷെ ഇങ്ങിനെയൊക്കെയാണെങ്കിലും, ടോയ്ലറ്റിൽ നമ്മൾ ഉപയോഗിക്കുന്നത് വെളുത്ത ടിഷ്യൂവാണെന്നതാണ് എന്റെ ഏക സമാധാനം.
മുഗംബെ പറഞ്ഞത് പോലെ സ്ത്രീകളുടെ നിഴൽ പോലും കണ്ടാൽ വികാരം ഇറങ്ങിയോടും എന്ന് പറയുന്ന മാന്യ പുരുഷ സുഹൃത്തുക്കളെ, നിങ്ങൾ മാറിയിരിക്കാൻ ആവശ്യപ്പെടുന്ന ഈ സ്ത്രീ ജന്മങ്ങളുടെ വയറ്റിൽ നിന്നാണ് ഞാനും നിങ്ങളുമൊക്കെ പുറത്ത് വന്നതെന്ന സമാധാനത്തിൽ തത്കാലം നിർത്തട്ടെ. സ്നേഹത്തോടെ...